Image

പാമൊലിന്‍ കേസ് : കണ്ണന്താനത്തിന്റെ ഹര്‍ജി തള്ളി

Published on 28 October, 2011
പാമൊലിന്‍ കേസ് :  കണ്ണന്താനത്തിന്റെ ഹര്‍ജി തള്ളി
കൊച്ചി: പാമൊലിന്‍ കേസില്‍ പുന:രന്വേഷണം ആവശ്യപ്പെട്ട് അല്‍ഫോണ്‍സ് കണ്ണന്താനം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കേണ്ട കാര്യമില്ലെന്നും കേസില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടം ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വ്യക്തിപരമായ ആരോപണമില്ലെന്ന് നിരീക്ഷിച്ച കോടതി 20 വര്‍ഷത്തിന് ശേഷം അദ്ദേഹത്തെ പ്രതി ചേര്‍ക്കേണ്ടതുണ്ടോ എന്ന് ചോദിച്ചു. പാമൊലിന്‍ ഇറക്കുമതി ചെയ്തതിന്റെ ഉത്തരവാദിത്തം ധനമന്ത്രിയില്‍ മാത്രം ആരോപിക്കാനാകില്ല. അങ്ങിനെ വരുമ്പോള്‍ എല്ലാ മന്ത്രിമാരെയും പ്രതി ചേര്‍ക്കേണ്ടേയെന്നും കോടതി ചോദിച്ചു. മുമ്പ് രണ്ട് തവണ കുറ്റപത്രം ഫയല്‍ ചെയ്തപ്പോഴും ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ത്തിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പാമൊലിന്‍ ഇറക്കുമതിക്കാലത്ത് സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ എക്‌സ് ഓഫീഷ്യോ ഡയറക്ടറായിരുന്നു താനെന്നും അഴിമതി ഉണ്ടെന്ന് സൂചന കിട്ടിയപ്പോള്‍ത്തന്നെ ചെയര്‍മാനെ രേഖാമൂലം അറിയിച്ചിരുന്നുവെന്നും കണ്ണന്താനം ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ തന്നെ സ്ഥലം മാറ്റുകയാണ് ചെയ്തത്. ടി.എച്ച്.മുസ്തഫയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് കേസില്‍ തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കുറ്റപത്രം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവില്ല. അതിനാല്‍ മുഖ്യമന്ത്രിക്ക് സ്വാധീനമില്ലാത്ത മറ്റേതെങ്കിലും ഏജന്‍സി അന്വേഷിക്കുകയാണ് വേണ്ടതെന്നായിരുന്നു കണ്ണന്താനത്തിന്റെ ഹര്‍ജിയിലെ ആവശ്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക