Image

ഒരു ആചാര്യന്റെ ഓര്‍മ്മ- (ലേഖനം: ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 13 December, 2013
ഒരു ആചാര്യന്റെ ഓര്‍മ്മ- (ലേഖനം: ജോണ്‍ വേറ്റം)
ആരാണ് മതങ്ങളെ ഉളവാക്കിയത്? അനുഷ്ഠാനങ്ങളും ആരാധനകളും മാത്രമാണോ അവയെ വളര്‍ത്തിയത്? ലോകത്തിന്റെ ദയനീയതലങ്ങളില്‍ കഷ്ടതകളെ അഴിച്ചുവിട്ട യുദ്ധങ്ങള്‍ക്കും, അന്ധതപകര്‍ന്ന അന്ധവിശ്വാസങ്ങള്‍ക്കും, ജീര്‍ണ്ണിച്ച അനാചാരാങ്ങള്‍ക്കും, മാരകമായ വിഭാഗീയതയ്ക്കും, അടിമത്തം മറച്ചുവച്ച അനീതയ്ക്കും എതിരേ പോരാടാന്‍, ജീവിതം സമര്‍പ്പിച്ച കര്‍മ്മയോഗികള്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ വികസിത പുരോഗതിക്കു സഹായിച്ചു എന്ന് പുണ്യപുരാതനമായ ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ തെളിയിക്കുന്നു.

ജീവിതം ശുദ്ധിചെയ്തു നീതിമാനും നിഷ്‌കളങ്കനും ദയാലുവും സ്‌നേഹിതനുമാകുവാന്‍ ബുദ്ധിയുപദേശിച് വിശുദ്ധന്മാര്‍ ശ്രേഷ്ഠരാണെന്ന വാസ്തവം ഓര്‍ക്കുന്നവരും അവരുടെ സേവനങ്ങളെ അനുകരിക്കുവാന്‍ ശ്രമിക്കുന്നവരും ബഹുലമാണ്. എങ്കിലും, മരിച്ചവരെ ഓര്‍ക്കുന്നതും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതും അവരുടെ മധ്യസ്ഥതക്കായി അപേക്ഷിക്കുന്നതും അര്‍ത്ഥശൂന്യമെന്നു കരുതുന്നവരും വിരളമല്ല. എന്നാല്‍, ആത്മാവിനെ സംബന്ധിച്ച ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും അപൂര്‍ണ്ണതയാണ് പ്രസ്തുത ധാരണയുടെയോ വ്യാഖ്യാനത്തിന്റെയോ കാരണമെന്ന് മറ്റുള്ളവര്‍ വിശ്വസിക്കുന്നു.

അനുസ്മരണകളില്‍ അധിഷ്ഠിതമായ അനുഷ്ഠാനങ്ങളുമായി നിലകൊള്ളുന്നവയാണ് യഹൂദ ക്രൈസ്തവ ഇസ്ലാം മതങ്ങള്‍. മറ്റ് മതങ്ങളുടെയും സമുദായങ്ങളുടെയും ആരാധനാക്രമങ്ങളിലും അനുബോധനം കാണാം. ക്രിസ്തുമതത്തിലെ വിശുദ്ധ കുര്‍ബാനയുടെ അടിസ്ഥാനം, അനുസരണത്തോടുകൂടിയ ദിവ്യമായ അനുസ്മരണമാണ്. യേശു പെസഹാപ്പെരുന്നാള്‍ ദിവസം രാത്രിയില്‍ അപ്പം എടുത്തുവാഴ്ത്തി നുറുക്കി തന്റെ ശിഷ്യന്മാര്‍ക്ക് കൊടുത്തു. ഇത് നിങ്ങള്‍ക്കുവേണ്ടി നല്‍കുന്ന എന്റെ ശരീരമാകുന്നു; എന്റെ ഓര്‍മ്മയ്ക്കായി ഇതുചെല്ലുവില്‍ എന്നുപറഞ്ഞു. അപ്രകാരം തന്നെ പാനപാത്രവും കൊടുത്തു. ഈ പാനപാത്രം നിങ്ങള്‍ക്കുവേണ്ടി ചൊരിയുന്ന എന്റെ രക്തം കൊണ്ടുള്ള പുതിയ നിയമമാകുന്നു എന്നും മൊഴിഞ്ഞു.(ലുക്കൊ. 22: 19-20) അങ്ങനെ, ഭൂമിയില്‍ പുതിയനിയമം സ്ഥാപിച്ച യേശുവിന്റെ ഉപദേശത്തെ ആധാരമാക്കിയുള്ള ഓര്‍മ്മ ലോകമെങ്ങും നിത്യവും ആചരിക്കപ്പെടുന്നു. ഇപ്പോഴും, മുന്നേറുന്ന നവീകരണം ഇതിന്റെ നല്‍കപ്പെടുന്ന രീതികളില്‍ മാറ്റം വരുത്തുന്നുമുണ്ട്. എന്നാലും, വിശുദ്ധകുര്ബാന ദിവ്യമായ അനുഭവമാണെന്നവിശ്വാസം ലോകവ്യാപകമായി.

ഇന്ന്, സകലമതങ്ങളുടെയും ആരാധനാക്രമങ്ങളില്‍ അംശമായിട്ടോ പൂര്‍ണ്ണമായിട്ടോ അനുസ്മരണം കാണപ്പെടുന്നു. അനുസ്മരണം മാനവസംസ്‌ക്കാരത്തിന്റെ സമ്പുഷ്ടഭാഗമാണെന്നും കരുതപ്പെടുന്നു. നന്മകളില്‍ ജീവിച്ചു സത്യത്തിനുവേണ്ടി മരിച്ച രക്തസാക്ഷികളേയും, ലോകത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ ത്യാഗപൂര്‍വ്വം സേവനം അനുഷ്ഠിച്ച പ്രതിഭകളേയും ആധുനികത ആദരവോടെ ഓര്‍ക്കുന്നു. ഈ ഘട്ടത്തില്‍ അനുസ്മരണം ഉത്സവമായിമാറുന്നുവെങ്കിലും.

വാങ്ങിപ്പോയ ആചാര്യന്മാരുടെയും വിശുദ്ധന്മാരുടെയും ഓര്‍മ്മയ്ക്കായി അവരുടെ ചരമദിനത്തില്‍ നടത്തുന്ന ചടങ്ങാണ് ക്രൈസ്തവരുടെ ഓര്‍മ്മപ്പെരുന്നാള്‍. പരേതര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് അതിന്റെ മുഖ്യഭാഗം. നിങ്ങളോട് ദൈവവചനം പ്രസംഗിച്ച് നിങ്ങളെ നടത്തിയവരെ ഓര്‍ത്തുകൊള്ളുവിന്‍; അവരുടെ ജീവിതഫലം പരിഗണിച്ച് അവരുടെ വിശ്വാസം അനുകരിക്കുവിന്‍ (എബ്ര.13:7), നീതിമാന്റെ ഓര്‍മ്മ അനുഗ്രഹമാകുന്നു(സദൃശ10:7) എന്ന ബൈബിള്‍ വാക്യങ്ങള്‍ സുറിയാനി- കത്തോലിക്കാസഭകളില്‍ ഓര്‍മ്മപ്പെരുന്നാളിന് വഴിവിളക്കുകളായി. വിശ്വാസികള്‍ അവരുടെ ബന്ധുക്കളുടെ ചരമദിനത്തില്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന ചൊല്ലിക്കയും അതിനോടനുബന്ധിച്ച് കബറിടത്തില്‍ ധൂപപ്രാര്‍ത്ഥന നടത്തിക്കുകയും ചെയ്യുന്നു.

കേരളത്തിലും പ്രത്യേകിച്ച് നോര്‍ത്തമേരിക്കയിലെ രണ്ട് ഓര്‍ത്തഡോക്‌സ് ഭദ്രാസനങ്ങളിലെ പള്ളികളിലും അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ ഒന്നാം ചരമവാര്‍ഷികം ആഘോഷിക്കുന്ന വേളയാണിത്. ദീര്‍ഘകാല പരിചയത്തിലൂടെ തിരുമേനി നല്‍കിയ നല്ലപാഠങ്ങളെ സ്‌നേഹാദരങ്ങളോടെ ഇപ്പോള്‍ ഓര്‍ക്കുന്നു.  AD 1992-ല്‍ അമേരിക്കന്‍ ഭദ്രാസനത്തിന്റെ അധിപനായി ന്യൂയോര്‍ക്കില്‍ എത്തിയ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ ജീവിതസാഹചര്യത്തിലേക്ക് നോക്കിയവര്‍ കണ്ടത് എന്താണ്? അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥസേവനത്തിന്റെ പ്രാരംഭഘട്ടം വിവിധകാരണങ്ങളാല്‍ സുഖദമായിരുന്നില്ല. എങ്കിലും, ആത്മീയ വെളിച്ചം തളിച്ചു ശക്തമായ കര്‍മ്മധീരതയുടെ ആ വേള വേറിട്ടുനില്‍ക്കുന്ന ധനികതയും നിസ്സഹകരണവും സ്വാധീതയും സംഘടിച്ച് തിരുമേനിയുടെ അധികാരാവകാശങ്ങള്‍ക്കെതിരെ പോരാടിയപ്പോള്‍ അദ്ദേഹം ഭയക്കുകയും പിന്‍വാക്കുകയും ചെയ്തില്ല. ഉറച്ച ദൈവവിശ്വാസത്തോടും ഉടയാത്തപ്രത്യാശയോടും കൂടി മുന്നോട്ടുപോയി.

സഹനവഴിയിലൂടെയായിരുന്നു യാത്ര. പ്രാര്‍ത്ഥനയും ധ്യാനവുമായിരുന്നു ആയുധങ്ങള്‍. ക്രമേണ, വിവേചനത്തെ വേരോടെ പിഴുതെറിഞ്ഞു. മറന്നും മാപ്പ്‌കൊടുത്തും നിരപ്പും സമാധാനവും സ്ഥാപിച്ചു. അങ്ങനെ, ഭദ്രാസനത്തിന്റെ പ്രവര്‍ത്തന വീഥികളെ വിശാലബന്ധുരമാക്കി. അഭിവന്ദ്യ സക്കറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ കരംഗ്രഹിച്ച് അപൂര്‍വ്വസ്‌നേഹത്തിലൂടെ മുന്നോട്ടുപോയി.

ദൈവത്തിലുള്ള സമ്പൂര്‍ണ്ണസമര്‍പ്പണത്തിന്റെയും ദൈവസന്നിധിയിലേക്കുയരുന്ന നിരന്തരസ്തുതിയുടെയും കൃതജ്ഞതയുടെയും ഭക്തിയുടെയും നിദര്‍ശനമായിരുന്നു ബര്‍ണബാസ് തിരുമേനി. സത്യവിശ്വാസത്തിന്റെയും സുവിശേഷദൗത്യത്തിന്റെയും അപ്പൊസ്തലാധികാരത്തിന്റെയും നിഷ്ഠകളെ അദ്ദേഹം ജാഗ്രതയോടെ നിറവേറ്റി. എല്ലാ ഗുണങ്ങളുടെയും വാസനികേതനമാണ് പൗരോഹിത്യം എന്ന ഓര്‍മ്മയോടെ, ആദ്ധ്യാത്മികതയാണ് കാനോനികനിയമത്തിന്റെ ലക്ഷ്യമെന്നു പഠിച്ച മെത്രാപ്പോലീത്തായുടെ പെരുമാറ്റച്ചിട്ടയും ജീവിതരീതിയും കൃത്യനിഷ്ഠയും ശ്രേഷ്ഠമായിരുന്നു. ദൈവജനശുശ്രൂഷക്കുവേണ്ടി തെരഞ്ഞെടുക്കപ്പെട്ടസ്ഥാനത്തിന് പൂര്‍ണ്ണയോഗ്യനും വിശ്വാസി സമൂഹത്തിന് സമ്മതനുമായി സഭാപര പാരമ്പര്യത്തില്‍ ഉറച്ചുനിന്നു ഉപാസകനായിരുന്നു തിരുമേനി.

സ്വര്‍ഗ്ഗീയപിതാവിന്റെ ഇഷ്ടമനുസരിച്ചു ജീവിക്കുകയെന്നതാണ് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനുള്ള സുപ്രധാനമാര്‍ഗ്ഗമെന്ന് തന്റെ പ്രസംഗങ്ങളിലൂടെയും ഗ്രന്ഥങ്ങളിലൂടെയും അദ്ദേഹം ജനങ്ങളോട് ഉപദേശിച്ചു. തിരുസഭയുടെ ദൗത്യം ശുശ്രൂഷിക്കുക എന്നതാണെന്ന് വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും പ്രകടമാക്കി. വേദപണ്ഡിതനായിരുന്ന മെത്രാപ്പോലീത്ത, ആത്മീയപരിജ്ഞാനം പകരുന്ന അനവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. മതപരവും സഭാസംബന്ധവുമായ വിഷയങ്ങളെക്കുറിച്ചു അറിവ് നല്‍കുന്നതിന് സ്വീകരിച്ച പ്രബോധനപരിപാടികളില്‍ ഒന്നായിരുന്നു ഗ്രന്ഥരചന. പാപത്തില്‍നിന്നും പിന്തിരിഞ്ഞ് വിശ്വാസപൂര്‍വ്വം ദൈവത്തിങ്കലേക്ക് വരുന്നതിന് മാനസാന്തരം നല്‍കുന്ന അനുതാപത്തിന്റെയും അനുരഞ്ജനത്തിന്റെയും ധന്യമായ അനുഭവത്തിലേക്കുനയിക്കുന്ന വിദഗ്‌ദ്ധോപദേശം ഉള്‍ക്കൊള്ളുന്നവയാണ് തിരുമേനിയുടെ ഗ്രന്ഥങ്ങള്‍.

കഠിനമായ നിഷ്ഠകളുമായി ദൈവഹിതം തേടി ജീവിച്ച മെത്രാപ്പോലീത്തയുടെ ആരാധനാജീവിതം വൈദികലോകത്തിന് മാതൃകയാണ്. ആദ്ധ്യാത്മികത ദൈവാരാധന ദൈവശാസ്ത്രം ഭരണസംവിധാനം എന്നിവയില്‍ അദ്ദേഹം പ്രവീണത നേടി. അനാരോഗ്യം വൃദ്ധതയും ഏറെ അലട്ടിയെങ്കിലും, വിശുദ്ധകുര്‍ബാന ഒഴിവാക്കുവാന്‍ തിരുമേനി ഇഷ്ടപ്പെട്ടില്ല. ദൈവസ്‌നേഹമായിരുന്ന അദ്ദേഹത്തിന്റെ ആത്മാവിന്റെ പോഷകം.

അനുസ്മരണയുടെ കൃതജ്ഞതാ കീര്‍ത്തനങ്ങള്‍ മുഴങ്ങുന്ന ഈ നേരത്ത്, വിശുദ്ധന്മാരുടെ കൂട്ടത്തില്‍ കാലംചെയ്ത മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ നാമവും ചേര്‍ക്കപ്പെടുമെന്ന വിശ്വാസം വളരുന്നു. ദൈവകൃപയുടെ കരങ്ങള്‍ അതിന് അനുഗ്രഹം നല്‍കട്ടെ!


ഒരു ആചാര്യന്റെ ഓര്‍മ്മ- (ലേഖനം: ജോണ്‍ വേറ്റം)
Join WhatsApp News
Korason 2013-12-13 13:06:09
You spelled it very beautifully..glorious literature...impeccable .Korason
benny 2013-12-14 06:32:42

A new Gandhi!... a new Mandela... see this New York Times article by Thomas Freidman...http://www.nytimes.com/2013/12/11/opinion/friedman-why-mandela-was-unique.html?_r=0
Yes, let us ask this question -- "Why Barnabas Thirumani is Unique?"!!!!.... He graciously forgave powerful people who humiliated him -- like Manadela, like Gandhi!... and moved on... Remember the farewell party we all hosted honoring His Grace’s departure to Kerala.. Thirumani left the podium like an Emperor who conquered the world just with love and simplicity! Compare this with the day thirumani first landed in New York in 1992!...
Yes, uniqueness!.. but, the very simple tools were unconditional love and forgiveness!....  Hope this be an inspiration and model to all of us, especially all the dioceses in North America..... 



മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക