Image

വെല്‍ഡണ്‍ സന്ധ്യ...

Published on 13 December, 2013
വെല്‍ഡണ്‍ സന്ധ്യ...
സിപിഎമ്മിന്റെ വഴിപാട്‌ സമരങ്ങള്‍ക്കൊണ്ട്‌ കേരളം പൊറുതി മുട്ടിയിരിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ തിരുവനന്തപുരത്ത്‌ സന്ധ്യ എന്ന വീട്ടമ്മയുടെ പ്രതികരണം. കഴിഞ്ഞ ദിവസം എല്‍.ഡി.എഫ്‌ ക്ലിഫ്‌ ഹൗസ്‌ ഉപരോധം നടത്തുമ്പോള്‍ പോലീസ്‌ ബാരിക്കേഡ്‌ കെട്ടി റോഡ്‌മാര്‍ഗം തടഞ്ഞിരുന്നു. ഈ സമയം സ്‌കൂട്ടറിലെത്തിയ സന്ധ്യ തന്റെ സഞ്ചാര സ്വാതന്ത്രം തടഞ്ഞതിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ളവരോട്‌ രോഷം കൊള്ളുകയും പ്രതികരിക്കുകയും ചെയ്‌തു. സംഭവം മാധ്യമങ്ങള്‍ പകര്‍ത്തി ചാനലുകളിലും പത്രങ്ങളിലും എത്തിച്ചതോടെ സന്ധ്യ ഒരു വീര നായിക തന്നെയായി. വ്യവസായി കൊച്ചൗസേപ്പ്‌ ചിറ്റിലപ്പള്ളി സന്ധ്യക്ക്‌ അഞ്ചു ലക്ഷം പാരിതോഷികവും പ്രഖ്യാപിച്ചു.

കൊച്ചൗസേപ്പ്‌ ചിറ്റിലപ്പള്ളി ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ കാരണവുമുണ്ട്‌. സിപിഎമ്മിന്റെ സമരം കൊണ്ട്‌ ഏറെ ബുദ്ധിമുട്ടിയിട്ടുള്ള വ്യവസായിയാണ്‌ കൊച്ചൗസേപ്പ്‌. നോക്കുകൂലിയെന്ന ഗൂണ്ടാപ്പിരിവ്‌ കാരണം സ്വന്തം ഗോഡൗണിലേക്ക്‌ സാധനങ്ങള്‍ സ്വയം ഇറക്കിയ ചരിത്രമുണ്ട്‌ കൊച്ചൗസേപ്പിന്‌. അങ്ങനെയുള്ള കൊച്ചൗസേപ്പ്‌ സന്ധ്യക്ക്‌ ഐക്യദാര്‍ഡ്യം പ്രഖാപിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. എന്നാല്‍ ഏറ്റവും രസകരമായ വസ്‌തുത കേരളത്തിലെ സോഷ്യല്‍ മീഡിയയിലും പൊതുവില്‍ നാട്ടിടങ്ങളിലും സന്ധ്യയുടെ പ്രതികരണത്തോട്‌ വലിയ പിന്തുണ തന്നെയാണ്‌ ഉയര്‍ന്ന്‌ കേള്‍ക്കുന്നത്‌. നാട്ടുകാരെ ദുരത്തിലാക്കുന്ന സമരക്കാരെ കൈയ്യോടെ നേരിട്ടതിന്‌ സന്ധ്യക്ക്‌ അഭിനന്ദനങ്ങളുടെ പ്രവാഹമാണ്‌ എങ്ങും.

ഇവിടെ ഒരു പ്രസക്തമായ ചോദ്യമുണ്ട്‌. എന്തിനാണ്‌ ഒരു രാഷ്‌ട്രീയ പാര്‍ട്ടി സമരം ചെയ്യുമ്പോള്‍ അതിനെതിരെ ജനവികാരം ഉയരുന്നത്‌. ഉത്തരം വളരെ ലളിതമാണ്‌. പ്രസ്‌തുത പാര്‍ട്ടി സമരം ചെയ്യുന്നത്‌ ജനത്തിന്‌ വേണ്ടിയാണെന്ന്‌ ജനത്തിന്‌ തോന്നുന്നതേയില്ല. മറിച്ച്‌ വെറും ഒത്തുകളിയും അതിനെ തുടര്‍ന്നുള്ള വെറും പൊറോട്ടു നാടകവുമാണ്‌ ഇടതുപക്ഷ സമരങ്ങളെന്ന്‌ ജനം തിരിച്ചറിയുന്നു. ജനകീയ വിഷയങ്ങള്‍ ഏറെയുണ്ടായിട്ടും സമീപകാലത്തെങ്ങും ആവിശ്യത്തിന്‌ ഒരു സമരം സംഘടിപ്പിക്കാന്‍ കഴിയാത്ത വെറും വഴിപാടു സമരങ്ങള്‍ മാത്രം നടത്തുന്ന സിപിഎമ്മിന്റെ മുഖത്തടിക്കുക തന്നെയാണ്‌ സന്ധ്യയെന്ന വീട്ടമ്മയുടെ പ്രതികരണം.

ഇങ്ങനെ നോക്കുമ്പോള്‍ തിരുവനന്തപുരത്തെ സന്ധ്യയുടെ പ്രതികരണത്തിന്‌ പലതുണ്ട്‌ മാനങ്ങള്‍. സമരാഭാസങ്ങള്‍ക്കൊണ്ട്‌ പൊറുതിമുട്ടിച്ചാല്‍ ഇനി സമരക്കാരെ, അത്‌ ഇടതായാലും വലതായാലും ഇനി കാവിപ്പാര്‍ട്ടിയായാലും, ജനം തെരുവില്‍ നേരിടുമെന്നതാണ്‌ ഒന്നാമത്തെ കാര്യം. രണ്ട്‌ അരാഷ്‌ട്രീയതെന്ന്‌ കമ്മ്യൂണിസ്റ്റുകാരടക്കം കളിയാക്കി വിളിക്കുന്ന സാധാരണക്കാരന്റെ രാഷ്‌ട്രീയം എവിടെയും പൊങ്ങിവരുന്നു എന്നതിന്റെ തെളിവാണ്‌ സന്ധ്യയുടെ രോഷപ്രകടനം. അങ്ങ്‌ ഡെല്‍ഹിയില്‍ ആം ആദ്‌മി പാര്‍ട്ടിയെ വിജയത്തിന്റെ വെള്ളിത്തേരില്‍ എത്തിച്ചത്‌ സന്ധ്യയെപ്പോലെ രോഷം ഉള്ളില്‍പ്പേറുന്ന ജനലക്ഷങ്ങളാണ്‌. ഇന്ന്‌ ഇതേ രോഷം ഇവിടെയും കണ്ടു. ഇനിയിത്‌ ഇന്ത്യയിലെമ്പാടുമായി കാണുമെന്നത്‌ ഒരു സ്വപ്‌നം മാത്രമാവില്ല ശരിയാവും.

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയോട്‌ ഒന്ന്‌ മാത്രമേ പറയാനുള്ളു. കാലം മാറുന്നു. സമരാഭാസങ്ങളും പൊറോട്ടു നാടകങ്ങളുമൊക്കെ കണ്ടാല്‍ ജനത്തിന്‌ മനസിലാകും. ഇനിയെങ്കിലും ഇത്തരം തട്ടിപ്പുകള്‍ നിര്‍ത്തി സ്വയം തിരുത്തുകയും യഥാര്‍ഥ്യ രാഷ്‌ട്രീയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുക.

അല്ലെങ്കില്‍ തന്നെ സമീപകാലത്ത്‌ എന്ത്‌ സമരമാണ്‌ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഈ ഇടതുപക്ഷം നടത്തിയത്‌, നടത്തി വിജയിപ്പിച്ചിട്ടുള്ളത്‌. ഡല്‍ഹിയിലിരുന്ന്‌ തമ്പുരാക്കന്‍മാര്‍ പെട്രോളിന്‌ വില കൂട്ടുന്നതിന്‌ ഇങ്ങ്‌ കേരളത്തില്‍ ഹര്‍ത്താല്‍ മാമാങ്കം. ഗ്യാസിന്‌ വിലകൂട്ടിയതിന്‌ ഇങ്ങ്‌ കേരളത്തില്‍ റോഡിലെല്ലാം അടുപ്പുകൂട്ടി പൊങ്കാലയിട്ട്‌ ചിക്കന്‍ഫ്രൈ ഉണ്ടാക്കി തിന്നുക... ഇങ്ങനെ കാര്യവും കഥയുമില്ലാത്ത സമരങ്ങളുടെ ചരിത്രം മാത്രമേയുള്ളു ഇന്ന്‌ ഇടതുപക്ഷത്തിന്‌.

ഏറ്റവും അവസാനം സെക്രട്ടറിയേറ്റ്‌ ഉപരോധിച്ച്‌ ഇപ്പോ മുഖ്യമന്ത്രിയെ താഴെയിറക്കും എന്ന്‌ പറഞ്ഞ്‌ അരലക്ഷത്തോളം പാര്‍ട്ടിക്കാരെ തിരുവനന്തപുരത്ത്‌ കൊണ്ടെത്തിച്ചിട്ട്‌ എന്താണ്‌ സംഭവിച്ചത്‌. പോയത്‌ പോലെ തിരിച്ചിങ്ങ്‌ പോന്നു. ലാവ്‌ലിന്‍ കേസിലും ടി.പി കേസിലുമൊക്കെ ഏതാണ്ട്‌ ധാരണ വന്നപ്പോള്‍ തിരിച്ചു പോന്നു എന്ന്‌ പറയുന്നതാവും ഉചിതം.

അതിനു ശേഷം ലാവ്‌ലിന്‍ കേസില്‍ കോടതയില്‍ നിന്ന്‌ പിണറായി വിജയന്‌ അനുകൂലമായി പരാമര്‍ശം വന്നപ്പോള്‍ ഈ സിപിഎം കാണിച്ചു കൂട്ടിയ ബഹളം എന്തൊക്കെയാണ്‌. കേരളത്തിലങ്ങോളം ഇങ്ങോളം പിണറായി വിജയന്‍ ഓടി നടന്ന്‌ സ്വീകരണങ്ങള്‍ വാങ്ങുന്നു. ഇവിടെ ലാവ്‌ലിന്‍ കേസ്‌ ഇനിയും നിലനില്‍ക്കുന്നു എന്നോര്‍ക്കണം. ആ കേസില്‍ ഒരു തുടരന്വേഷണത്തിനും ഉന്നത കോടതിയിലേക്കുള്ള തുടര്‍ നടപടികള്‍ക്കും ഇനിയും സാധ്യതയുണ്ട്‌. അങ്ങനെയിരിക്കെ ഒരു കേസില്‍ കോടതിയില്‍ നിന്നും അനുകൂല പരാമര്‍ശമുണ്ടായി എന്നതിന്‌ ഇത്രത്തോളം ബഹളം വെക്കാനെന്തിരിക്കുന്നു. വെറും മുന്നാംകിട മാര്‍ക്കറ്റിംഗ്‌ തന്ത്രങ്ങള്‍ ഉപയോഗിച്ച്‌ രാഷ്‌ട്രീയ ലാഭം നേടുന്ന ഒരു കളി മാത്രമാണ്‌ പിണറായി വിജയന്റെ ലാവ്‌ലിന്‍ വിജയം എന്ന്‌ മനസിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. കമ്മ്യൂണിസ്റ്റ്‌ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടി ഇങ്ങനെ വ്യക്തികേന്ദ്രീകൃത പരിപാടികള്‍ നടത്തുന്നത്‌ എന്ത്‌ നയത്തിന്റെ അടിസ്ഥാനത്തിലാണ്‌.

ഇനിയിപ്പോള്‍ ജനസമ്പര്‍ക്ക പരിപാടിയിലെ കരിങ്കൊടി പ്രയോഗത്തിന്റെ കാര്യമെടുക്കാം. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന ജില്ലാകളിലെ പ്രധാന നഗരം അന്നേ ദിവസം പോലീസ്‌ ബാരിക്കേഡ്‌ കൊണ്ട്‌ ബ്ലോക്ക്‌ ചെയ്യും. ഈ ബ്ലോക്ക്‌ ചെയ്യുന്ന നഗരവീഥികളിലൂടെയൊന്നും ജനത്തിന്‌ സഞ്ചരിക്കാന്‍ കഴിയില്ല. ഈ തടയാന്‍ വരുന്ന ഇടതുപക്ഷക്കാരന്‌ വിശേഷാല്‍ സിപിഎംകാരന്‌ നന്നായി അറിയാം ബാരിക്കേഡ്‌ കടന്ന്‌ പോകാന്‍ കഴിയില്ല എന്ന്‌. എങ്കിലും അവരെല്ലാം പതിവ്‌ പോലെ ബാരിക്കേഡിന്‌ അപ്പുറം വന്ന്‌ ഹാജര്‍ വെക്കും. ഉടനെ പോലീസ്‌ നാടുമുഴുവന്‍ ബന്ദ്‌ ചെയ്‌ത്‌ വാഹനങ്ങളും തടയും. നാട്ടുകാരെ ആവോളം ബുദ്ധിമുട്ടിക്കും. ഒരു ഉളുപ്പുമില്ലാതെ നേതാക്കള്‍ ഈ സമരാഭാസങ്ങള്‍ക്ക്‌ തീകൊളുത്തുമ്പോള്‍ സാധാരണ ജനം ബുദ്ധിമുട്ടുകയാണ്‌ എന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌.

സമരത്തിനെതിരെയുള്ള പ്രതികരണം എന്ന നിലയില്‍ സന്ധ്യയെ പ്രശംസിക്കുമ്പോള്‍ തന്നെ സമരക്കാര്‍ സന്ധ്യക്ക്‌ നേരെ പ്രകടിപ്പിച്ച രോഷവും ചര്‍ച്ച ചെയ്യേണ്ടതാണ്‌. ഇവിടെ വിഷയം സ്‌ത്രീവിരുദ്ധതാണ്‌.

സന്ധ്യ എന്ന വീട്ടമ്മക്ക്‌ ഈ നാട്ടിലെ ഭരണഘടന അനുവദിച്ചു നല്‍കിയ സഞ്ചാര സ്വാതന്ത്രം ഉപയോഗിക്കാനുള്ള എല്ലാ അവകാശവുമുണ്ട്‌. സിപിഎം സമരത്തിന്‌ ഇറങ്ങിയത്‌ പോലെ ആ വീട്ടമ്മ നടത്തിയതും ഒരു സമരം തന്നെയാണ്‌. വഴിനടക്കാനുള്ള അവകാശത്തിന്‌ വേണ്ടിയൊരു സമരം. അപ്പോള്‍ അവരെ അനുകൂലിക്കുകയല്ലേ വേണ്ടത്‌. എന്നാല്‍ അതിനു പകരം മാനവികതയുടെ വക്താക്കളായ കമ്മ്യൂണിസ്റ്റുകള്‍ ചെയ്‌തത്‌ എന്താണ്‌. നീ സോളാര്‍ സരിതയുടെ ആളാണോടി എന്ന്‌ ചോദിച്ച്‌ സന്ധ്യയോട്‌ തട്ടിക്കയറി. അവരെ അപമാനിച്ചു. സമരം പൊളിക്കാന്‍ വന്നേക്കുന്നോടി എന്ന്‌ ചോദിച്ച്‌ അധിക്ഷേപിച്ചു. സന്ധ്യ ചോദിച്ചത്‌ തന്നെയാണ്‌ ശരി, ഇതാണോ കമ്മ്യൂണിസ്റ്റുകാരുടെ മാന്യത. ഭൂരിപക്ഷം കമ്മ്യൂണിസ്റ്റുകാരന്റെ ഉള്ളിലും അടിഞ്ഞു കൂടിയിരിക്കുന്നത്‌ ഒരു പുരുഷാധിപത്യ സമൂഹത്തിന്റെ ചപലതകള്‍ മാത്രമാണെന്നതിന്റെ തെളിവാണ്‌ സന്ധ്യക്ക്‌ നേരെ കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ ആക്രോശം.

എന്നാല്‍ ഇതിനൊരു മറുവശവുമുണ്ട്‌. സന്ധ്യ നടത്തിയത്‌ ഒരു ഒറ്റയാള്‍ ജനകീയ മുന്നേറ്റമാണ്‌. നാടിന്റെ മുഖ്യമന്ത്രിയെ വലിയ പോലീസ്‌ സുരക്ഷക്ക്‌ നടുവിലും കല്ലെറിഞ്ഞ പുള്ളികളാണ്‌ സമരം നടത്തുന്നത്‌. ഇവര്‍ തന്നെയാണ്‌ ടി.പി ചന്ദ്രശേഖരനെ തുണ്ടം തുണ്ടമായി വെട്ടിയരിഞ്ഞ കേസിലെ കുറ്റാരോപിതര്‍. ഇവര്‍ തന്നെയാണ്‌ അരിയില്‍ ഷുക്കൂറിനെ പരസ്യ വിചാരണ നടത്തി അരിഞ്ഞ്‌ തള്ളിയെന്ന്‌ ജനം വിശ്വസിക്കുന്നവര്‍... ചുരുക്കിപ്പറഞ്ഞാല്‍ എവിടെയും എപ്പോഴും ഒളിലൊരു കൊടിസുനി സംഘത്തെ സൂക്ഷിക്കുന്ന ഒരു മാഫിയാ പാര്‍ട്ടി. ആ പാര്‍ട്ടിയോട്‌ നേര്‍ക്ക്‌ നേരെ നിന്ന്‌ കൊമ്പു കോര്‍ത്ത സന്ധ്യ ഒരു വീരനായിക തന്നെയാണ്‌. ഈ മാഫിയയുടെ തെമ്മാടിത്തരങ്ങള്‍ ഒരു നേരംമ്പോക്ക്‌ പോലെ ആസ്വദിക്കുന്ന കേരളത്തിലെ ആണ്‍ സമൂഹത്തില്‍ നിന്ന്‌ ഇവര്‍ക്കെതിരെ ഒരു ശബ്‌ദവും ഉയരാന്‍ പോകുന്നില്ല. അതിന്‌ ഒരു പെണ്ണിന്റെ ശബ്‌ദം തന്നെ വേണ്ടി വന്നു.

സന്ധ്യയുടെ രോഷപ്രകടനത്തിന്‌ ഒരു കാര്യം ശ്രദ്ധേയമായിരുന്നു. ക്ലിഫ്‌ ഹൗസ്‌ ഉപരോധത്തിന്‌ വേണ്ടി സിപിഎം നൂറുരൂപ പിരിവ്‌ നടത്തിയിരുന്നു എന്ന്‌ സന്ധ്യ ആരോപിക്കുന്നു. എന്റെ വീട്ടിലും വന്നു നൂറുരൂപ പിരിവിന്‌ എന്ന്‌ സന്ധ്യ പറയുമ്പോള്‍ സിപിഎം നേതാക്കള്‍ അവരുടെ മുഖത്ത്‌ നോക്കാതെ വലിയുകയാണ്‌. സമരത്തിന്റെ പേരില്‍ പിരിവിനിറങ്ങുന്നവരെ മലയാളി ഇനി കൈനീട്ടി അടിക്കുമെന്ന്‌കൂടി ഓര്‍മ്മിക്കുക.

വീണ്ടും അരാഷ്‌ട്രീയ വാദികളുടെ രാഷ്‌ട്രീയത്തിലേക്ക്‌ വരാം. ഇവിടെയുള്ള പാര്‍ട്ടികളെല്ലാം അതാത്‌ കാലങ്ങളില്‍ രാഷ്‌ട്രനിര്‍മ്മാണത്തില്‍ തങ്ങളുടേതായ പങ്ക്‌ വഹിച്ചവരാണ്‌. എന്നാല്‍ ഓരോ രാഷ്‌ട്രീയ പാര്‍ട്ടിയും അവരുടെ ചരിത്രപരമായ ദൗത്യം നിര്‍വഹിച്ച്‌ കഴിയുമ്പോള്‍ പിന്‍വലിയുകയോ പുതിയ ദൗത്യങ്ങളിലേക്ക്‌ നവീകരിക്കപ്പെടുകയോ വേണം. അങ്ങനെയൊന്നിന്‌ നമ്മുടെ രാഷ്‌ട്രീയക്കാരും പാര്‍ട്ടികളും തയാറാവത്തതുകൊണ്ടാണ്‌ ആം ആദ്‌മി എന്ന പുതിയ പാര്‍ട്ടി ജനിച്ചത്‌.

ആം ആദ്‌മി പാര്‍ട്ടി ഡെല്‍ഹിക്ക്‌ പിന്നാലെ ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്‌ ഹരിയാനയെയാണ്‌. എന്നാല്‍ ആം ആദ്‌മി പാര്‍ട്ടിയോട്‌ പറയാനുള്ളത്‌ നിങ്ങള്‍ ആദ്യം ലക്ഷ്യം വെക്കേണ്ടത്‌ കേരളമാണ്‌. ഇവിടെ നിങ്ങളെ പിന്തുണയ്‌ക്കാന്‍ ഒരുപാട്‌ സന്ധ്യമാര്‍ തീര്‍ച്ചയായും ഉണ്ടാകും.
വെല്‍ഡണ്‍ സന്ധ്യ...
Join WhatsApp News
JOY 2013-12-13 22:11:31
'ALL COLOURS' SALAM SANDYA. GOOD JOB. WE KERALITES, NO, THE WHOLE INDIANS ARE WITH YOU.
WELCOME MORE AND MORE........ SANDYAS.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക