Image

അജ്‌മാനില്‍ രണ്ട്‌ സ്ഥലത്ത്‌ വന്‍ അഗ്നിബാധ: വന്‍ നാശനഷ്‌ടം

Published on 28 October, 2011
അജ്‌മാനില്‍ രണ്ട്‌ സ്ഥലത്ത്‌ വന്‍ അഗ്നിബാധ: വന്‍ നാശനഷ്‌ടം
ഷാര്‍ജ: അജ്‌മാനിലെ വ്യത്യസ്‌ത പ്രദേശങ്ങളിലുണ്ടായ രണ്ട്‌ അഗ്‌നിബാധകളില്‍ വന്‍ നാശനഷ്ടം. എമിറേറ്റിലെ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്‌ളാസ്റ്റിക്‌ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയിലും അല്‍ഹിലിയോ ഭാഗത്ത്‌ തൊഴിലാളികള്‍ താമസിക്കുന്ന കാരവനിലുമാണ്‌ അഗ്‌നിബാധയുണ്ടായത്‌. പകല്‍ സമയത്തായിരുന്നു രണ്ട്‌ സംഭവങ്ങളും.

പ്‌ളാസ്റ്റിക്‌ ഫാക്ടറിയിലുണ്ടായ അഗ്‌നിബാധയില്‍ വിലപിടിപ്പുള്ള നിരവധി വസ്‌തുക്കള്‍ കത്തി നശിച്ചു. ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിലെ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്‌. തീപടരുന്നത്‌ കണ്ട്‌ തൊഴിലാളികള്‍ ഇറങ്ങിയോടിയതിനാല്‍ ആളപായമുണ്ടായില്ല. സിവില്‍ ഡിഫന്‍സ്‌ മേധാവി ബ്രിഗേഡിയര്‍ സാലിഹ്‌ മത്‌റൂശിയുടെയും കേണല്‍ മുഹമ്മദ്‌ ജുമൈറയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ എത്തിയ അഗ്‌നിശമന വിഭാഗം മൂന്ന്‌ മണിക്കൂര്‍ കഠിന പ്രയത്‌നം ചെയ്‌താണ്‌ തീ നിയന്ത്രണ വിധേയമാക്കിയത്‌. ഇത്‌ കാരണം തൊട്ടടുത്ത്‌ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക്‌ തീ പടര്‍ന്നില്ല.

പ്‌ളാസ്റ്റിക്‌ ഉല്‍പന്നങ്ങളില്‍ നിന്ന്‌ പടര്‍ന്നുപിടിച്ച തീ ഗോളങ്ങള്‍ പ്രദേശമാകെ കറുത്തപുക പടലങ്ങള്‍ തീര്‍ത്തു. ഫാക്ടറിക്ക്‌ അകത്തുണ്ടായിരു ഗ്യാസ്‌ സിലിണ്ടര്‍ പൊട്ടിയ ശബ്ദം കേട്ട്‌ പരിസരത്തെ സ്ഥാപനങ്ങളില്‍ നിന്ന്‌ ആളുകള്‍ പുറത്തേക്കോടി.

അല്‍ ഹിലിയോ ഭാഗത്ത്‌ നിര്‍മാണ തൊഴിലാളികള്‍ താമസിക്കുന്ന കാരവനിലുണ്ടായ അഗ്‌നിബാധയില്‍ ഏതാനും തൊഴിലാളികള്‍ക്ക്‌ പൊള്ളലേറ്റു. ആരുടേയും പരിക്ക്‌ ഗുരുതരമല്‌ളെന്നാണ്‌ പ്രാഥമിക വിവരം. സിവില്‍ ഡിഫന്‍സുകാര്‍ കൃത്യസമയത്ത്‌ തീ അണച്ചത്‌ കാരണം വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. സംഭവ സമയം ഇന്ത്യക്കാരടക്കം നിരവധി തൊഴിലാളികള്‍ ഇതിനകത്ത്‌ ഉണ്ടായിരുന്നു. തലനാരിഴക്കാണ്‌ വന്‍ ദുരന്തം ഒഴിവായതെന്ന്‌ തൊഴിലാളികള്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക