Image

ചൊവ്വയിലേക്ക്‌ ഒരു യാത്ര (നര്‍മ്മഭാവന: ജെസി ജിജി)

Published on 15 December, 2013
ചൊവ്വയിലേക്ക്‌ ഒരു യാത്ര (നര്‍മ്മഭാവന: ജെസി ജിജി)
രാവിലെ പത്രം തുറന്നു നോക്കിയപ്പോള്‍ കണ്ട ഒരു വാര്‍ത്തയില്‍ കണ്ണുംനട്ട്‌, ജോസുകുട്ടി തുറന്ന വായ്‌ അടയ്‌ക്കാന്‍ മറന്ന്‌ അങ്ങനെ നില്‍ക്കുമ്പോള്‍ ആണ്‌ ശ്രീമതി കടന്നുവന്നത്‌.

`അല്ല മനുഷ്യാ, നിങ്ങള്‍ എന്താ ഇങ്ങനെ അന്തംവിട്ടു കുന്തം വിഴുങ്ങിയതുപോലെ നില്‍ക്കുന്നത്‌? ഇതാ ചായ. എനിക്ക്‌ അടുക്കളയില്‍ ഒരു നൂറുകൂട്ടം പണി കിടക്കുന്നു. പിന്നെ ആ വായ്‌ ഒന്നടച്ചുവെക്ക്‌, അല്ലെങ്കില്‍ ഈച്ച കയറും'.

`എടീ നീ ഇതു കണ്ടോ? എവിടെ....വിവരം ഉള്ളവരോട്‌ പറഞ്ഞിട്ടല്ലേ കാര്യമുള്ളൂ. റിട്ടയര്‍മെന്റ്‌ നാട്ടില്‍ തന്നെ വേണം എന്നുള്ളത്‌ അവളുടെ ഒരു ആഗ്രഹം ആയിരുന്നല്ലോ. എന്നിട്ടെന്താ, അവള്‍ ഇവിടെ ഏതുനേരവും അടുക്കളയില്‍ പാത്രങ്ങളോടും തവികളോടും മല്ലയുദ്ധം തന്നെ. തനിക്കാണേല്‍ ഇവിടെ ഒരു നേരമ്പോക്കും ഇല്ല.

ഹോ....എത്ര സുന്ദരം ആയിരുന്നു അമേരിക്കയില്‍ ആയിരുന്നപ്പോള്‍....എന്തു ചെയ്യാനാ ഇവിടെ വന്നുകിടന്ന്‌ ശിഷ്‌ടകാലം അനുഭവിക്കാന്‍ തന്നെ വിധി.

ജോസുകുട്ടി ആരായിരുന്നെന്നാ വിചാരം. ലക്ഷങ്ങള്‍ വിലയുള്ള ഒരു ബംഗ്ലാവും പിന്നെ തരക്കേടില്ലാത്ത ഒരു ജോലിയും ഒക്കെയായി ഒരു ചെറിയ പ്രഭുവായി വാഴുകയായിരുന്നു. അന്നക്കുട്ടിയാണെങ്കില്‍ രണ്ടു ഷിഫ്‌റ്റ്‌ ജോലി ചെയ്‌ത്‌ സാമ്പത്തികം ഒന്നുകൂടി മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു. അങ്ങനെ തരക്കേടില്ലാതെ പോകുമ്പോഴാ, അസോസിയേഷനില്‍ ചേരാന്‍ എല്ലാവരും കൂടി നിര്‍ബന്ധിച്ചു. അങ്ങനെ മെമ്പര്‍ഷിപ്പും എടുത്തു.

കുറ്റം പറയരുതല്ലോ. പിറ്റെ വര്‍ഷം തെരഞ്ഞെടുപ്പില്‍ എല്ലാവരും കൂടി നിര്‍ബന്ധിച്ച്‌ പ്രസിഡന്റും ആക്കി.

എന്തായിരുന്നു, സിനിമാ നടന്മാരുടേയും നടിമാരുടേയും കൂടെ ഒക്കെ ഫോട്ടോ എടുത്ത്‌, അതൊക്കെ പത്രങ്ങള്‍ക്ക്‌ അയച്ചുകൊടുത്ത്‌....അപ്പോള്‍ ഒരു ഗമയൊക്കെ ഉണ്ടായിരുന്നു. സ്റ്റേജില്‍ ഒക്കെ കയറി മൈക്കില്‍ ഒക്കെ ഒന്ന്‌ കസറി നിലവിളക്ക്‌ ഒക്കെ തെളിയിച്ച്‌, പിന്നെ രണ്ട്‌ ലാര്‍ജും അടിച്ച്‌...ഒരു അടിച്ചുപൊളി തന്നെ ആയിരുന്നു.

പക്ഷെ, പിറ്റെകൊല്ലം അവന്മാര്‌ ഇങ്ങനെ കാലുമാറുമെന്നു കരുതിയോ, പിന്നത്തെ കൊല്ലം ഒരു സ്ഥാനവും കിട്ടിയില്ല. എന്നാല്‍ പിന്നെ സന്തമായി ഒരു അസോസിയേഷന്‍ അങ്ങ്‌ തുടങ്ങാമെന്നുവെച്ചു. കുറച്ചു കാശൊക്കെ പൊടിച്ചു. എല്ലാം ഒന്ന്‌ കരയ്‌ക്ക്‌ അടുത്തെന്ന്‌ കരുതിയതാ. അപ്പോള്‍ കൂടെയുണ്ടായിരുന്ന ഡേവിഡ്‌ ഒരു നല്ല പാര പണിതു.

ദേ കിടക്കുന്നു ഡിം....കൂടെ കൂടിയവന്മാരൊക്കെ ഒരു രാത്രി പുലര്‍ന്നപ്പം മറുകണ്ടം ചാടി.

കയ്യിലെ കാശും പോയി. ശ്രീമതിയുടെ വായിലിരുന്നതും വയറു നിറയുവോളം കേട്ടു. കാശ്‌ അവളുടേതുംകൂടിയാണല്ലോ.

പിന്നെ ശ്രീമതി അങ്ങ്‌ തീരുമാനിച്ചു. ഇനിയത്തെ പ്രവര്‍ത്തനം ഒക്കെ അങ്ങ്‌ നാട്ടില്‍ മതിയെന്ന്‌. അപ്പോഴേയ്‌ക്കും ബാങ്ക്‌ ബാലന്‍സ്‌ ഒക്കെ ഓഹരി സൂചിക പോലെ കുത്തനെ അങ്ങ്‌ ഇടിഞ്ഞിരുന്നു. ദോഷം പറയരുതല്ലോ ഒറ്റ പുത്രന്‍കൂടി നന്നായി സഹായിച്ചിട്ടാണ്‌ ബാങ്ക്‌ ബാലന്‍സ്‌ അത്രയും താഴെ കൊണ്ടുവരാന്‍ പറ്റിയത്‌. അവനു വേണ്ടതൊക്കെ അവന്‍ അടിച്ചുമാറ്റി ഒരു മദാമ്മയുടെ കൂടെ അങ്ങ്‌ പോയി.

ശ്രീമതി ഒറ്റ പുത്രി ആയതുകൊണ്ടും അവളുടെ പിതാമഹന്‍ നല്ല അദ്ധ്വാനി ആയിരുന്നതിനാലും അങ്ങ്‌ കാഞ്ഞിരപ്പള്ളിയില്‍ ഒരു ആറേഴു ഏക്കര്‍ റബ്ബര്‍ തോട്ടം ഉള്ളതിനാല്‍ നാട്ടില്‍ വന്നപ്പോള്‍ ജീവിക്കാനായി. എന്നാലും ഈ നാട്ടിലെ ജീവിതം എന്നു പറയുന്നതേ അത്ര എളുപ്പം ഒന്നല്ല.

സാധനങ്ങളുടെ വില ഒക്കെ അങ്ങ്‌ റോക്കറ്റ്‌ പോലെയല്ലേ കുതിക്കുന്നത്‌. റബ്ബര്‍ വെട്ടാനാണെങ്കില്‍ ആളെയും കിട്ടാനില്ല.

അല്ല....പറഞ്ഞുപറഞ്ഞു പത്രത്തിലെ വാര്‍ത്ത എന്താണെന്നു പറഞ്ഞില്ലല്ലോ. അല്ലേ?

ചൊവ്വാഗ്രഹത്തില്‍ ഇങ്ങു ഭൂമിയിലെപ്പോലെ ജീവിക്കാന്‍ വേണ്ടുന്നതൊക്കെ ഉണ്ടെന്നു നിങ്ങള്‍ കുറെ നാളായി കേള്‍ക്കുന്നതല്ലേ? ഇപ്പോള്‍ ഇതാ ആദ്യ ബാച്ച്‌ ആള്‍ക്കാര്‍ ചൊവ്വയില്‍ എത്തയത്രേ. പിന്നെ മറ്റൊരു വിശേഷംകൂടിയുണ്ട്‌. അതില്‍ പത്തുമലയാളികള്‍ ആണത്രേ.

ഈ റബ്ബര്‍ തോട്ടം ഒക്കെ വിറ്റിട്ട്‌ അങ്ങ്‌ ചൊവ്വയില്‍ പോയാല്‍ ഒരു അസോസിയേഷന്‍ ഒക്കെ ഉണ്ടാക്കാനുള്ള സ്‌കോപ്പ്‌ ഒക്കെയുണ്ടേ. പിന്നെ എനിക്കാണെങ്കില്‍ പ്രസിഡന്റ്‌ ആകാന്‍ നല്ല അര്‍ഹതയുമുണ്ട്‌.

യേത്‌???അമേരിക്കയില്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ഒക്കെ ആയ അനുഭവജ്ഞാനം എനിക്കില്ലേ. അപ്പോള്‍ മറ്റവന്മാര്‍ ഒക്കെ വരുന്നതിനുമുമ്പേ അങ്ങനെത്തിയാല്‍ പിന്നെ ഞാനാരാ....

`എടിയേ അന്നക്കുട്ടീ നി ഇങ്ങുവന്നേ'

`എന്താ ഇങ്ങനെ കിടുന്നു തൊള്ള കീറുന്നത്‌. ഞാന്‍ വരുവാ'...

`നീ ഈ വാര്‍ത്ത കണ്ടോ? നമുക്കും ചൊവ്വയില്‍ പോകാം, ഈ സ്ഥലം ഒക്കെ നമുക്ക്‌ അങ്ങ്‌ കൊടുക്കാമെടീ. അങ്ങ്‌ എത്തിയാല്‍ പിന്നെ നീ ആരാ. അസോസിയേഷന്‍ പ്രസിഡന്റിന്റെ ഭാര്യയല്ലേ.'...

`അതേയ്‌. ഇതൊന്നു പിടിച്ചേ'. അന്നക്കുട്ടി നീട്ടിയ കയ്യിലേക്ക്‌ നോക്കി ജോസുകുട്ടി അന്തം വിട്ടു. `ഇതെന്താടീ'..

`അയ്യേ നിങ്ങള്‍ക്കു മനസിലായില്ലേ. ഇതിനു റബ്ബര്‍ കത്തി എന്നു പറയും. പിന്നെ ആ കൂടയുംകൂടി എടുത്തോ. വെട്ടുകാരന്‍ ഇനിമുതല്‍ വരില്ല. സമയം ഇല്ലെന്ന്‌. പണ്ട്‌ റബ്ബര്‍ വെട്ടിയ പരിചയം ഒക്കെ ഇല്ലേ...അതും അല്ല ഇനി ചൊവ്വയില്‍ റബ്ബര്‍ ഉണ്ടെങ്കില്‍ അവിടെ റബ്ബര്‍ വെട്ടാന്‍ ആളും ആകുമല്ലോ....അസോസിയേഷന്‍ പോലും....'

ചവിട്ടി കുതിച്ചു അകത്തോട്ടുപോയ അന്നക്കുട്ടി തിരിച്ചുവരുന്നതിനു മുമ്പ്‌ പോയില്ലെങ്കില്‍ കളി കാര്യം....പാവം ജോസുകുട്ടി....ഇതാ ചൊവ്വയില്‍ നിന്നും റബ്ബര്‍ മൂട്ടിലേക്ക്‌.....
ചൊവ്വയിലേക്ക്‌ ഒരു യാത്ര (നര്‍മ്മഭാവന: ജെസി ജിജി)ചൊവ്വയിലേക്ക്‌ ഒരു യാത്ര (നര്‍മ്മഭാവന: ജെസി ജിജി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക