Image

ഡല്‍ഹിയില്‍ ആര്‍ക്കും ഭരിക്കെണ്ട (കൈരളി ന്യൂയോര്‍ക്ക്‌)

Published on 14 December, 2013
ഡല്‍ഹിയില്‍ ആര്‍ക്കും ഭരിക്കെണ്ട (കൈരളി ന്യൂയോര്‍ക്ക്‌)
കരയ്‌ക്കു നിന്നു വഞ്ചി വലിക്കുക വളരെ എളുപ്പമാണ്‌. `എന്നെ ആ ഇന്ദ്രപ്രസ്ഥത്തില്‍ ഒരു ദിവസം ഇരുത്തിയാല്‍ മതി ഞാന്‍  രാജ്യത്ത്‌ സ്വര്‍ണ്ണം വിളയിക്കും', എന്നു വീമ്പെടിച്ചവരെല്ലാം ഇപ്പോള്‍ രാഹുകാലവും ശനിദിശയുമെല്ലാം മാറിയിട്ടും ഭരണം ഏറ്റെടുക്കാന്‍ മടിക്കുന്നു. തൊടാന്‍ ധൈര്യം പോര. പറഞ്ഞു വരുന്നത്‌ കഴിഞ്ഞ ആഴ്‌ച നടന്ന തെരഞ്ഞെടുപ്പിനെ പറ്റിയാണ്‌ .

ശരിയാണ്‌, നൂറു ശതമാനം ശരിയാണ്‌ . ഉള്ളിക്കു വിലകൂടി. പെട്രോളിനു വിലകൂടി, മണ്ണെണ്ണയ്‌ക്ക്‌ വില കൂടി .അങ്ങനെ മനുഷ്യന്റെ നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വിലകുടി. ഞങ്ങള്‍ക്കൊരവസരം തന്നാല്‍ നാളെ ഉള്ളിയുടെ വില പകുതിയായി കുറക്കും. ഹേ കുറയ്‌ക്കുമോ - തീര്‍ച്ചയായും കുറയ്‌ക്കാം, മണ്ണെണ്ണയുടെയോ? മണ്ണെണ്ണ ഫ്രീ യായി ലഭിക്കും. ഇലക്‌ട്രിസിറ്റിയോ? അതും ഫ്രീ. അഴിമതിയോ? ചൂലുകൊണ്ടടിച്ചു പടിക്കു പുറത്താക്കും. പൊള്ള വാഗാദനങ്ങള്‍ കേട്ട്‌ തലക്കു മത്തുപിടിച്ച സമ്മതിദായകര്‍ റാം റാം ജി എന്ന്‌ ഉറക്കെ പാടിക്കൊണ്ട്‌ ബിജെപിയെയും എഎപിയെയും  ജയിപ്പിച്ചു.

ഇപ്പോള്‍ എന്തുണ്ടായി? ഡല്‍ഹിയില്‍ ആര്‍ക്കും ഭരിക്കെണ്ട. കാണിച്ചുതരാം എന്നു പറഞ്ഞതൊക്കെ കാണിക്കാന്‍ ശ്രമിച്ചാല്‍ വരാന്‍ പോകുന്ന പാര്‍ലമന്റ്‌ തെരഞ്ഞെടുപ്പില്‍ പൊള്ള വാഗ്‌ദാനക്കാരെ തെരുവിലെറിയുമോ എന്നൊരു ശങ്ക.

കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന്‌ നിരവധി തെറ്റുകളുണ്ട്‌. ഒന്ന്‌ കോണ്‍ഗ്രസ്‌ ഒറ്റക്കല്ല ഭരിക്കുന്നത്‌. അണ്ടനും അടകോടനും മാവേല്‍ നിന്നു വീണവനുമെല്ലാം ഭരണയന്ത്രത്തില്‍ ചവുട്ടികയറിയിട്ടുണ്ട്‌, തമ്പുരാന്‍ കര്‍ത്താവ്‌ ശിഷ്യരെ തെരഞ്ഞെടുത്തതു പോലെയാണ്‌ യു.പി.എ!

ഒരുത്തന്‍ എന്തു കാണിച്ചു കൊടുത്താലും വിശ്വസിക്കില്ല, മറ്റൊരുത്തന്‍ എങ്ങനെ അല്‍പം ചില്ലറ ഉണ്ടാക്കാം എന്ന്‌ ആലോചിക്കുന്നവന്‍. വേറൊരുത്തന്‌ ആകെ സംശയം. ഇങ്ങനൊരു ഗ്രൂപ്പുമായിട്ടാണ്‌ കോണ്‍ഗ്രസ്‌ ഭരണത്തിനിറങ്ങിയിരിക്കുന്നത്‌. അപ്പോള്‍ തീര്‍ച്ചയായും ഉള്ളി പൂഴ്‌ത്തിവെയ്‌ക്കുന്നവനും, മണ്ണെണ്ണ പൂഴ്‌ത്തിവെയ്‌ക്കുന്നവനുമെല്ലാം അതിലുണ്ടാകും. ഒടുവില്‍ പിടിക്കപ്പെടുമ്പോള്‍ അവന്‍ അഴിയെണ്ണുന്നുമുണ്ട്‌. 2.ജി സ്‌പെക്‌ട്രം അതിനുദാഹരണം തന്നെ. പക്ഷേ എല്ലാം രാഷ്‌ട്രീയവല്‍ക്കരിച്ച്‌ അധികാരം എങ്ങനെയും കൈവശമാക്കണമെന്ന പ്രതിപക്ഷത്തിന്റെ ദുരുദ്ദേശം മനസ്സിലാക്കാനുള്ള വിവേകം സമ്മതിദായകര്‍ ക്കില്ലെങ്കില്‍? പൊള്ളയായ വാഗ്‌ദാനങ്ങള്‍ക്കു പിന്നാലെ നിശ്ചയമായും അവര്‍ പായും. അതിന്‌ ഏറ്റവും നല്ല ഉദാഹരണമാണ്‌ ഡല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പ്‌. മറ്റു സംസ്ഥാനങ്ങള്‍ ബിജെപിയുടെ തട്ടകമായിരിക്കെ അവിടെ അവരുടെ വിജയം അത്ഭുതപ്പെടാനില്ല. പക്ഷെ 31 സീറ്റു കിട്ടിയ ബിജെപ്പിക്കും 28 സീറ്റു കിട്ടിയ ഏ.എപിയ്‌ക്കും ഡല്‍ഹി ഭരിക്കാന്‍ താല്‍പര്യമില്ലെന്ന്‌ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥം? അര്‍ത്ഥം മറ്റൊന്നുമല്ല, പൊള്ളയായ വാഗ്‌ദാനങ്ങള്‍ നല്‍കി, സമ്മതിദായകരെ വഞ്ചിച്ച്‌ വിജയം കൈവരിച്ചവര്‍ക്ക്‌, വാഗ്‌ദാനത്തിന്റെ അമ്പതു ശതമാനാമെങ്കിലും നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ വരാന്‍ പോകുന്ന പാര്‍ലമന്റ്‌ തെരഞ്ഞെടുപ്പില്‍ ഇന്നു കേട്ട തരംഗങ്ങള്‍ അപസ്വരങ്ങളായി മാറും. ആ ഒരു ദയനീയാവ്‌സഥ ഒഴിവാക്കാന്‍ ഞങ്ങള്‍ക്കു ഭൂരിപക്ഷമില്ല, കുതിരക്കച്ചവടത്തിനില്ല, ഇങ്ങനെയുള്ള മുട്ടായുക്തികള്‍ പടച്ചു വിടുന്നു.

അതേ സമയം ഡിഎംകെ യു.പി.എയില്‍ നിന്നും പിരിഞ്ഞ ശേഷം മന്മോഹന്‍ സിംഗ്‌ മജോറിറ്റി ഇല്ലാതെയാണ്‌ ഭരിക്കുന്നത്‌. അധികാര സോപാനങ്ങള്‍ക്കുപരി രാജ്യ സ്‌നേഹമാണ്‌ അദ്ദേഹത്തിനു വലുത്‌. ആര്‍ക്കെങ്കിലും മന്ത്രിസഭയെ താഴെയിറക്കണമെന്നുണ്ടെങ്കില്‍ ചെയ്‌തുകൊള്ളുക. ജനങ്ങള്‍ക്കുവേണ്ടി സാധിക്കുന്നതെല്ലാം ചെയ്യുക മാത്രമാണ്‌ കടമ. ഈ ഒരു കാഴചപ്പാടില്‍ ഭരണം നടത്തുന്നവര്‍ക്ക്‌ പ്രതിസന്ധികള്‍ പ്രശ്‌നമല്ല. ഇവിടെ സ്ഥിതി വിശേഷം മറിച്ചാണ്‌. പൊള്ളയായ വാഗ്‌ദാനങ്ങള്‍ നല്‍കിയാണ്‌ തെരഞ്ഞെടുപ്പില്‍ ജയിച്ചത്‌. അങ്ങനെയിരിക്കെ `ചൂലു'മായി നില്‍ക്കുന്ന ഒരു രാഷ്‌ട്രീയ പാര്‍ട്ടിയോട്‌ എങ്ങനെ പിന്തുണ ചോദിക്കാന്‍ സാധിക്കും.

വാഗ്‌ദാനങ്ങള്‍ നിറവേറ്റാന്‍ സാധിച്ചില്ലെങ്കില്‍ കുറ്റി ചൂലുമായി നില്‍ക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടി വെറുതെ വിടുമോ? കോണ്‍ഗ്രസിന്റെ ഭാഗത്ത്‌ ്‌നിന്ന്‌, അല്‌പം വിശാല മനസ്‌കത ഉണ്ടെങ്കില്‍, തുരുപ്പു കാര്‍ഡ്‌ ഇട്ടു കളിക്കാന്‍ പറ്റിയ അവസരമാണ്‌. പുതിയ എഎപി പാര്‍ട്ടിയെ പുറത്തുനിന്നു പിന്താങ്ങുക, അത്രമാത്രം.. അവരും എന്താണ്‌ അത്ഭുതം സൃഷ്‌ടിക്കാന്‍ പോകുന്നതെന്ന്‌ മനസ്സിലാക്കാമല്ലൊ. ഉള്ളി വില കുറക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കാമല്ലോ!

ഈ ഒരു നീക്കം കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായാല്‍ - ഒരു പരിധി വരെ കോണ്‍ഗ്രസിന്റെ മുഖച്ഛായ വീണ്ടെടുക്കാനും സാധിക്കും. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം - ഒരു പരീക്ഷണ ഘട്ടത്തില്‍ കൂടിയാണ്‌ കടന്നു പോകുന്നത്‌. ഇനിയും അഞ്ചു മാസമുണ്ട്‌ . വേണമെങ്കില്‍ തിരിച്ചുവരാം. .കുഭകോണ വിഷയങ്ങളായ കല്‍ക്കരിയും സപെക്‌ട്രവും മറ്റു വിവാദ വിഷങ്ങളും, സമയബന്ധിതമായി, കുറ്റം ചെയ്‌തവരെ ശിഷിക്കാന്‍ തയ്യാറാകണം. ക്രിമിനല്‍സ്‌ എതു തരമെങ്കിലും ആകട്ടെ, വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാന്‍ ഒരിക്കലും തയ്യാറാകരുത്‌.

പ്രവാസികളെ പിഴിയുന്നതിനു പകരം കുംഭകോണക്കാരെ അര്‍ദ്ധശങ്കയ്‌ക്കിടം നല്‍കാതെ ശിക്ഷിക്കന്നതില്‍ വിമുഖത കാട്ടരുത്‌. രാഹുല്‍ ഗാന്ധിയാണ്‌ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെങ്കില്‍ അദ്ദേഹത്തെ കൂടുതല്‍ പ്രൊജക്‌ട്‌ ചെയ്യാന്‍ കോണ്‍ഗ്രസ്‌ തയ്യാറാകണം.

കേരളത്തിലും ചെറിയൊരു മാറ്റം അനുവാര്യമാണ്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മാറ്റി, വി.എം. സുധീരനെ മുഖ്യമന്ത്രിയാക്കുക. അതുവഴി കോണ്‍ഗ്രസിലിന്നുള്ള ഗ്രൂപ്പുപോരിന്‌ അറുതിയുാകും. ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ മുങ്ങാനുള്ള സാധ്യതയാണ്‌ കൂടുതല്‍. അങ്ങനെയിരിക്കെ പ്രതിച്ഛായ നഷ്‌ടപ്പെട്ടവരെയൊക്കെ മാറ്റി അപസ്വരങ്ങള്‍ കഴിവതും ഒഴിവാക്കിക്കൊണ്ട്‌ തെരഞ്ഞെടുപ്പ്‌ ഗോദായില്‍ ഇറങ്ങുന്നതായിരിക്കും ഉത്തമം.
ഡല്‍ഹിയില്‍ ആര്‍ക്കും ഭരിക്കെണ്ട (കൈരളി ന്യൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക