Image

നിത്യതയിലേക്ക്

ത്രേസ്യാമ്മ തോമസ് നാടാവള്ളില്‍ Published on 29 October, 2011
നിത്യതയിലേക്ക്
നിഴലും നിലാവും
തലച്ചായ്ച്ചുറങ്ങുന്ന നിത്യതയിലേക്ക്
എന്നെ. എന്നാണു കൂട്ടിക്കൊണ്ടു പോവുക?
ഘരിതാഭമായ പകലുകളിലും
രാഗാര്‍ദ്രമായ സന്ധ്യകളിലും
ഞാന്‍ നിന്നെയാണു കാത്തിരിക്കുന്നത്..
ഒരു ചുവടു മുന്‍പിലോ
ഒരു ചുവടു പിന്‍പിലോ
നീയുണ്ടെന്നതും…
നീ എന്റെ ഉള്ളിലിരുന്നും വിങ്ങുന്നതും
എനിക്കറിയാം…
നിന്റെ ഉടയാട കാറ്റിലുലയുന്ന
നേരിയ മര്‍മ്മരം…
നിന്റെ ചെങ്കോല്‍…
മഴവില്ലായി ഇമിയാകെ പടരുന്നത്..
നിന്റെ മുഖപടലം തട്ടിയെത്തുന്ന
ഇളം തെന്നല്‍
എന്നെത്തഴുകിക്കടന്നു പോകുന്നത്…
എല്ലാം…എല്ലാമെനിക്കറിയാം
എങ്കിലും….എന്റെ നഗ്നനേത്രങ്ങള്‍ക്ക് എന്തിനാണു നീ അഗോചരമാകുന്നത്?
അവിടെ…ഏഴല്ല എഴുനൂറു വര്‍ണ്ണങ്ങളാല്‍
മേഘമാലകള്‍ ആകാശത്തെ മറയ്ക്കുന്നുണ്ടോ?
മേഘങ്ങള്‍ കണ്ണീരു വര്‍ഷിക്കില്ല…?
അലകടലുകള്‍ അലറുകില്ല…?
നിത്യമായ ശാന്തതയില്‍ …..
എനിക്കവിടെ പാറിനടക്കാമോ?
ഇവിടെ….ഇവിടെ…..
ഈ മടുപ്പിക്കുന്ന ഏകാന്തതയില്‍
കല്ലും മണ്ണും നിറഞ്ഞ ഇടവഴികളില്‍
കരിയിലപോലും അനങ്ങുന്നില്ല….
പക്ഷികള്‍ പാടുന്നില്ല…..
അനങ്ങാം പാറകളില്‍ …..
ഏകാന്തതയുമായി ഞാന്‍ പ്രണയത്തിലാണ്…
എങ്കിലും….എനിക്കതിനെ പിരിയാതെ വയ്യ.
നിഴലും നിലാവും തലച്ചായ്ച്ചുറങ്ങുന്ന
മഴയും പുഴയും ശാന്തമായൊഴുകുന്ന
നിത്യതയിലേക്ക്….
എന്നെ…എന്നെ….
എന്നാണു കൂട്ടിക്കൊണ്ടു പോവുക….?
നിത്യതയിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക