Image

ചില ക്രിസ്‌തുമസ്സ്‌ ചിന്തകള്‍ (ജി. പുത്തന്‍കുരിശ്‌)

Published on 16 December, 2013
ചില ക്രിസ്‌തുമസ്സ്‌ ചിന്തകള്‍ (ജി. പുത്തന്‍കുരിശ്‌)
എന്തെഴുതണമെന്നും ഏവിടെ തുടങ്ങണമെന്നും അറിയില്ല.
ആരായിരുന്നവന്‍? എന്തായിരുന്നവന്റെ ജന്മ ലക്ഷ്യം?
പലര്‍ക്കും പല വ്യാഖ്യായാനങ്ങളാണ്‌
ദൈവപുത്രനാണെന്നും, അല്ല ഒരു മനുഷ്യനാണെന്നുമുള്ള
വാദമുഖങ്ങള്‍ നിലനില്‌ക്കുന്നു.
ആരായാലെന്താ? ഒരു മനുഷ്യസ്‌നേഹിയായിരുന്നു.
തന്നെപോലെതന്നെ മറ്റുള്ളവരേയും
സ്‌നേഹിക്കണമെന്ന്‌ ആഹ്വാനം ചെയ്‌ത മനുഷ്യസ്‌നേഹി.
സ്വന്തജീവനെപ്പോലും മറ്റുള്ളവര്‍ക്കുവേണ്ടി ത്യജിച്ച മനുഷ്യസ്‌നേഹി
അദ്ധ്വാനിക്കുന്നവരേയും ഭാരം ചുമക്കുന്നവരെക്കുറിച്ചും
അവന്‍ ആകുല ചിത്തനായിരുന്നു.
അവനില്‍ കാരുണ്യം ഉണ്ടായിരുന്നു.
അവന്റെ പിന്‍ഗാമികളില്‍ പോലുംകാണാത്ത കാരുണ്യം.
അവന്‍ പാപികളെ രക്ഷിക്കാന്‍ വന്നതാണോ?
എന്തോ? എനിക്കറിയില്ല.
സഹജീവികള്‍ ആഹാരം ഇല്ലാതെ കഷ്‌ടപ്പെടുമ്പോള്‍ അവരെ കരുതാതെ,
നഗ്‌ന്ദരായിരിക്കുമ്പോള്‍ അവരെ ഉടുപ്പിക്കാതെ,
രോഗിയായിരിക്കുമ്പോള്‍ സന്ദര്‍ശിക്കാതെ,
തടവിലായിരിക്കുമ്പോള്‍ കാണാതെ,
ആ വഴിയരികില്‍ കിടന്ന ശമരിയാക്കാരനെ
അവഗണിച്ച്‌ ഓടിപോയ പുരോഹിതനെപ്പോലെ നാം ചെയ്യുന്നുവെങ്കില്‍,
അതാണ്‌ പാപം എങ്കില്‍, ആ നിര്‍വചനത്തിന്റെ
അര്‍ത്ഥത്തെ നാം ഉള്‍ക്കൊണ്ട്‌ ജീവിത കാഴ്‌ചപ്പാടുകളെ തിരുത്തേണ്ടിയിരിക്കുന്നു.
ഒരു പരിഷ്‌ക്കര്‍ത്താവെന്ന നിലയില്‍ ഞാന്‍ അവനെ ഇഷ്‌ടപ്പെട്ടു.
ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു
വ്യവസ്ഥിതിയെക്കുറിച്ച്‌ അവന്‍ സംസാരിച്ചു.
ഭൂമിയില്‍ എങ്ങനെ സ്വര്‍ഗ്ഗം സൃഷ്‌ടിക്കാമെന്ന്‌
അവന്‍ വാക്കുകള്‍ക്കെണ്ടും പ്രവര്‍ത്തികള്‍ക്കൊണ്ടും കാട്ടിതന്നു.
സാമ്പത്ത്‌ എങ്ങനെ വര്‍ദ്ധിപ്പിക്കണമെന്നും
അലസന്മാരുടെ ഗതിയെന്തായിരിക്കുമെന്നുമൊക്കെ
അവന്‍ താലന്തിന്റെ ഉപമയിലൂടെ നമ്മള്‍ക്ക്‌ ഉപദേശിച്ചുതന്നു.
മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ ധര്‍മ്മമായ
ക്ഷമയുടെ മര്‍മ്മമാണ്‌ അവന്‍,
`ഞങ്ങളുടെ കടക്കാരോട്‌ ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതുപോലെ
ഞങ്ങളുടെ കടങ്ങളും ദോഷങ്ങളും ക്ഷമിക്കണെ'
എന്ന പ്രാര്‍ത്ഥനയിലൂടെ നമ്മളുടെ മുന്നില്‍ അനാവരണം ചെയ്‌തത്‌.
`സ്വര്‍ഗ്ഗത്തിലെപോലെ ഭൂമിയിലുമാകേണമെ' എന്ന ആ
പ്രാര്‍ത്ഥനയുടെ ഭാഗം, മരണാനന്തരം സ്വര്‍ഗ്ഗ ജീവിതം
സ്വപ്‌നം കണ്ടിരിക്കുന്നവര്‍ക്ക്‌ ഒരു വെല്ലുവിളിയാണ്‌.
ചരിത്രത്തെ രണ്ടായി വിഭജിച്ച ഈ മനുഷ്യന്‍
ഭൂമിയില്‍ ജീവിച്ചിരുന്നുവോ എന്ന്‌ വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു.
ടോള്‍സ്റ്റോയിയുടേയും ഗാന്ധിജിയുടേയും, മാര്‍ട്ടിന്‍ ലൂതര്‍കിങ്ങിന്റേയും,
മതര്‍ തെരസായുടേയും, മണ്ഡേലയുടേയുമൊക്കെ ജവിതത്തെ മാറ്റിമറിച്ച
ഈ മനുഷ്യന്റെ തത്വസംഹിതകളും പഠനങ്ങളും
ശവക്കല്ലറയില്‍ കുഴിച്ചുമൂടിയാലും പുനരുദ്ധരിക്കാന്‍ കഴിവുള്ളതുമാണ്‌
ഒരു മതത്തിന്റേയും ഉപജ്‌ഞാതാവല്ലാത്ത ഇവന്റെ വശ്യമായ പഠനങ്ങള്‍
ജാതിമത വര്‍ഗ്ഗ വര്‍ണ്ണ ചിന്തകളില്ലാതെ ആര്‍ക്കും, ക്രിസ്‌തുമസ്സ്‌ കാലങ്ങള്‍ക്കപ്പുറം,
ഏതുകാലത്തും പിന്‍തുടരാവുന്നതുമാണ്‌.
ചില ക്രിസ്‌തുമസ്സ്‌ ചിന്തകള്‍ (ജി. പുത്തന്‍കുരിശ്‌)ചില ക്രിസ്‌തുമസ്സ്‌ ചിന്തകള്‍ (ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക