Image

ചൂലാണ് പക്ഷം (കവിത : ശ്രീകുമാര്‍ പുരുഷോത്തമന്‍)

ശ്രീകുമാര്‍ പുരുഷോത്തമന്‍ Published on 18 December, 2013
ചൂലാണ് പക്ഷം  (കവിത : ശ്രീകുമാര്‍ പുരുഷോത്തമന്‍)

പക്ഷമില്ലാതെത്തുന്ന ചൂലിന്‍  പ്രഹരമേറ്റ്
പക്ഷപ്രതിപക്ഷങ്ങള്‍  വീണിതാ ഞരങ്ങുന്നു
ജനതതന്‍ സഹനത്തിന്  അതിരുണ്ടെന്ന്  സുനിശ്ചിതം
അളമുട്ടിയാല്‍  ചേരയും  കടിച്ചീടുമെന്നോര്‍ക്കണം  
 
ഡല്‍ഹിദര്‍ബാറില്‍  യോഗം  കൂടി  കക്ഷികള്‍
ചൂലിന്‍  മഹത്വത്തെ കണക്കറ്റു  കളിയാക്കി
ലവലേശം സംശയം വേണ്ട,ഫേസ്ബുക്കില്‍ ചത്തൊടുങ്ങും 
ഗതികിട്ടാ   പ്രേതങ്ങളായ്  അലയുമീ  ആദ്മികള്‍

പക്ഷം  പിടിച്ചില്ലേല്‍  രക്ഷയില്ലാ  രാജ്യത്ത്
ജനങ്ങല്‍തന്‍ പക്ഷം  പേറി ആദ്മികള്‍  പിറക്കുന്നു
രാഷ്ട്രീയ തിമിരത്തിന്‍  സുബോധം  നഷ്ടപ്പെട്ടോര്‍
ക്കന്യമാണീ രാഷ്ട്രീയം ജനതതന്‍ പ്രതിഷേധം  

ഇളകും  സിംഹാസനത്തില്‍  ഇറുകിപ്പിടിച്ചിരിക്കുന്നോര്‍
കൊടിവച്ച  കാറില്ലെങ്കില്‍ ജീവിതം നഷ്ടപ്പെട്ടോര്‍ 
അനുചര  വൃന്ദത്താല്‍  വലയം  ചെയ്യപ്പെട്ടോര്‍
അറിയില്ലവരൊരിക്കലും  ചേരിതന്‍  തുടിപ്പിനെ

പരശതം  വര്‍ഷങ്ങളായ്  ജന്മശാപം ചുമക്കുന്നോര്‍
ക്കൊരു കൈത്തിരി  വേണം  നാളയെ  പുല്‍കീടുവാന്‍
വയറിന്‍ മര്‍മ്മരമല്ല , വിശപ്പിന്‍  വിളിയാണത് 
അരവയര്‍  നിറയ്ക്കാനുള്ള  ഒടുക്കത്തെ  അത്യാര്‍ത്തിയും

കക്ഷിക്കതീതമായ്  യുവതതന്‍  പ്രതിഷേധം
സടകുടഞ്ഞെഴുന്നെല്‍ക്കും  നാളത്തെ ഭാരതത്തില്‍
പ്രതികരിക്കും  ജനതതി  ചൂലുമായെത്തീടുമ്പോള്‍
അഴിമതിക്കോമരങ്ങള്‍ കടപുഴകി വീണീടും

രാഷ്ട്രീയ  പുഴുക്കുത്തിന്‍  മാറാല  എരിച്ചീടാന്‍
ചൂലൊരു  ശൂലമായ്  മാറട്ടെ  രാജ്യത്താകെ
തകരട്ടെ  മാമൂലുകള്‍  ഉണരട്ടെ  രണഭൂമി
ഉദിക്കട്ടെ  ഭാരതാംബ  ഒരു  പുത്തനുണര്‍വോടെ   ...

ചൂലാണ് പക്ഷം  (കവിത : ശ്രീകുമാര്‍ പുരുഷോത്തമന്‍)
Join WhatsApp News
വിദ്യാധരൻ 2013-12-18 05:00:46
ചൂലിൻ പ്രയോഗത്താൽ ഓടുകില്ലീ കള്ളന്മാർ 
ചൂല് കത്തിച്ചവർ ചൂട്ടാക്കി  മോഷ്ടിക്കും 
പോകണം നമ്മൾക്ക്  ഉലക്കയുമായിനി 
അടിച്ചോടിക്കുവാൻ രാജ്യസഭാക്കുള്ളിൽ നിന്നും 
കള്ളൻന്മാർ കൊള്ളക്കാർ പെണ്‍വാണിഭക്കാർ പിന്നെ
താറു പാച്ചി മൂത്ത് നരച്ച കിളവന്മാർ 
അടിച്ചോടിക്കണം ഇവൻമ്മാരെ ഒക്കയും 
ഉലക്ക പ്രയോഗത്താൽ ഇനി ഒട്ടും വൈകാതെ 


 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക