Image

വാര്‍ദ്ധക്യത്തിന്റെ ദുഃഖം

Thodupuzha K.Shankar Published on 18 December, 2013
വാര്‍ദ്ധക്യത്തിന്റെ ദുഃഖം

വാര്‍ദ്ധ്യക്യത്തിന്റെ നാമം ഞാന്‍ വരാന്‍ തുടങ്ങുമ്പോള്‍ 
പ്രാര്‍ത്ഥിച്ചെന്‍ വരവിനെ തടയുന്നെല്ലാവരും !
എത്രയോ വട്ടം വരാനുദ്യമിച്ചാലും , കഷ്ടം 
മിത്രമായ്  കാണാതെന്നെ ശത്രുവായ് കരുതുന്നു !

ഭൂമിയില്‍ വാടും ജീവജാലങ്ങക്കനവാര്യന്‍ 
വൈവിധ്യം വരുത്തുന്നോന്‍ ഭീതിയാണെന്നെക്കണ്ടാല്‍ !
നരയായ് മുടിയില്‍ ഞാന്‍ വരുവാനൊരുമ്പെട്ടാല്‍ 
കറുത്ത ചായം പൂശിയെന്‍ രൂപം മറയ്ക്കുന്നു !

കണ്ണിന്റെ കാഴ്ചയല്പം കുറഞ്ഞാലുടന്‍ തന്നെ 
കണ്ണാടി ധരിച്ചെല്ലാം കാണുമാറാക്കുന്നല്ലോ !
ദന്തങ്ങള്‍ ക്ഷയിപ്പിച്ചുകൊഴിച്ചാല്‍ കപടമാം 
ദന്തത്തില്‍ നിരവച്ചാ പോരായ്മ തീര്‍ക്കുന്നല്ലോ !

അംഗങ്ങള്‍ക്കഴകല്പം കുറഞ്ഞാലിക്കാലത്താ 
സങ്കടം പോക്കാനുള്ള ശാലകളനേകങ്ങള്‍ !
കരളും ഹൃദയവും വൃക്കയും ക്ഷയിച്ചെന്നാല്‍ 
കഴിയും വേഗമൊക്കെ മാറ്റി വയ്ക്കുന്നു മര്‍ത്യന്‍ !

ബധിരനായാല്‍ കേള്‍ക്കാന്‍ യന്ത്രങ്ങള്‍ ഘടിപ്പിപ്പൂ 
ബാധിക്കില്ലതുമൂലം ബധിരത്വമേ പിന്നെ !
കഷണ്ടി വന്നാല്‍ ക്ഷണം വിഗ്ഗുകല്‍ ധരിക്കുന്നു
കഷ്ടമാണോര്‍ത്താലെന്റെ കര്‍ത്തവ്യം മുടങ്ങുന്നു !

അര്‍ബുദരൂപത്തില്‍ ഞാനെത്തിയോലതു പോക്കി
ആയുസ്സു നീട്ടാനിനനു വൈദ്യ ശാസ്ത്രത്തിനാവും !
അരുകില്‍ വരാനെത്രയെത്ര ഞാന്‍ ശ്രമിയ്ക്കിലും 
വരുവാനാവാനെന്നും പടിവാതില്ക്കല്‍ നില്പൂ !

നരച്ചമുടയെന്നുമൊന്നൊന്നായ് പിഴുതാലും
വരുമോ മൂഢാ നിന്റെ യവ്വനം വീണ്ടും ചൊല്ലൂ !
വെറുതേ വിലപ്പെട്ട നേരം തീ പാഴാക്കിലും
വരും ഞാനിന്നല്ലെങ്കില്‍ നാളെയെന്‍ നാടരൂപത്തില്‍ !

മനുഷ്യാ, നിന്‍ മെയ്യില്‍ ഞാന്‍ വരുത്തും മാറ്റങ്ങള്‍ നീ 
മറയ്ക്കാന്‍ ശ്രമിയ്ക്കിലും മാറ്റുവാന്‍ കഴിയുമോ !
വാര്‍ദ്ധ്യക്യമാമെന്‍ കൃത്യം നിര്‍വ്വഹിച്ചെന്നാലല്ലേ,
വര്‍ദ്ധിയ്ക്കു പ്രായത്തിന്റെ പക്വത യഥോചിതം !


വാര്‍ദ്ധക്യത്തിന്റെ ദുഃഖം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക