Image

ദേവയാനി ഖൊബ്രഗഡെ പ്രശ്‌നം : എല്ലാ പ്രജകള്‍ക്കും തുല്യ നീതി

ഫിലിപ്പ് മാരേട്ട് Published on 19 December, 2013
ദേവയാനി ഖൊബ്രഗഡെ പ്രശ്‌നം : എല്ലാ പ്രജകള്‍ക്കും തുല്യ നീതി
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെയെ അമേരിക്കയില്‍ അറസ്റ്റ് ചെയ്യപ്പെട്ടതും അമേരിക്കന്‍ അധികൃതര്‍ ദേവയാനി ഖൊബ്രഗഡെയെ കൈകാര്യം ചെയ്ത രീതിയും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ചൂടുവാര്‍ത്തയായി മാറികൊണ്ടിരിക്കുന്നു.

ദേവയാനി ഖൊബ്രഗഡെയെ കൈകാര്യം ചെയ്ത രീതിയെ അനുകൂലിച്ചും പ്രതികൂലിച്ചും മുള്ള വാര്‍ത്തകള്‍ പ്രമുഖ അമേരിക്കന്‍ മാധ്യമങ്ങളിലും, ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമങ്ങളിലും പ്രത്യേക പരിഗണനയോടെ പ്രസിദ്ധീകരിക്കപ്പെടുന്നു.

അമേരിക്കയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെപ്പോലും ഉലയ്ക്കാവുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് അമേരിക്കയുടെയും. ഇന്ത്യയുടെയും, പ്രവാസി ഇന്ത്യക്കാരുടെയും ഭാഗത്തുനിന്നും പുറപ്പെടുന്നത്. ദേവയാനിയെ തുണിയുരിഞ്ഞ് പരിശോധിച്ചു(സ്ട്രിപ് സെര്‍ച്ച്) എന്നതാണ് ഇന്ത്യയെ തന്നെ അപമാനിച്ചു എന്ന വിധം ഗൗരവത്തോടയാണ് കേന്ദ്രഗവണ്‍മെന്റ് കാണുന്നത്.

ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാം എന്ന കാര്യത്തില്‍ എന്റെ ചില അഭിപ്രായങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു.

ലോകത്തിലെ ശക്തമായ ജനാധിപത്യ രാജ്യങ്ങളിലൊന്നായിട്ടാണ് ഇന്ത്യ അറിയപ്പെടുന്നത് ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങള്‍ തന്നെ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ നേതൃത്വം നല്‍കുന്ന ഭരണസംവിധാനമെന്നാണ് ജനാധിപത്യരാജ്യം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അതൊടൊപ്പം ഇന്ത്യ ഒരു മതേതരത്വ രാജ്യമാണെന്നും സ്വയം പ്രഖ്യാപിക്കുന്നു. ജാതി, മതം, വര്‍ഗം, വര്‍ണ്ണം, സാമ്പത്തികനില, സാമൂഹ്യനില എന്നിവയൊന്നും കണക്കിലെടുക്കാതെ എല്ലാ പ്രജകള്‍ക്കും തുല്യനീതിയും തുല്യ അവസരവും നല്‍കണമെന്നാണ് ജനാധിപത്യ സംവിധാനവും മതേതരത്വ പദവിയും കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അവിടെ ദേവയാനിയും ദേവയാനിയുടെ വീട്ടുജോലിക്കാരിയും അതുപോലെ ഇന്ത്യക്കാരായ പണക്കാരും പട്ടിണി പാപങ്ങളും ഒരേ നിയമത്തിന് വിധേയപ്പെടേണ്ടതുണ്ട്. എന്നാല്‍ ഇവിടെ ദേവയാനി നയതന്ത്ര പ്രതിനിധി എന്നതിനാല്‍ അവരെ വെറുതെ വിടണമെന്ന് കേന്ദ്രഗവണ്‍മെന്റും പ്രവാസി ഇന്ത്യക്കാരില്‍ ചിലരും ആവശ്യപ്പെടുന്നത് ഞങ്ങളെപ്പോലുള്ളവരെ അത്ഭുതപ്പെടുത്തുന്നു. എന്റെ അഭിപ്രായത്തില്‍ കേന്ദ്രഗവണ്‍മെന്റ് ചെയ്യേണ്ടകാര്യം അമേരിക്കന്‍ ഗവണ്‍മെന്റുമായി അനുരജ്ഞന ചര്‍ച്ച നടത്തുകയും അതുവഴി ദേവയാനിയെ ഇന്ത്യയിലേക്ക് തിരിച്ചുവിളിക്കുകയും അവിടെയോ മറ്റേതെങ്കിലും രാജ്യത്തിലേക്കോ പുനര്‍നിയമനം നടത്തണമെന്നതാണ്… സ്വന്തം അധികാരവും പദവിയും ഇനിയൊരിക്കലും ദുര്‍വിനയോഗം ചെയ്യരുതെന്ന ശക്തമായ താക്കീതും ദേവയാനിക്ക് നല്‍കണം. അതൊടൊപ്പം വീട്ടുജോലിക്കാരിയുടെയും കുടുംബത്തിന്റെയും മേലുള്ള നിയമനടപടികളും പിന്‍വലിക്കണം.

വിദേശങ്ങളില്‍ സേവനം ചെയ്യുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ വീട്ടുജോലിക്കായി ആള്‍ക്കാരെ കൊണ്ടുപോകുന്നതും അതുപോലെ അവര്‍ക്ക് നല്‍കുന്ന സേവന വേതനവ്യവസ്ഥകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെല്ലാം കേന്ദ്രഗവണ്‍മെന്റിനെ രേഖാ മൂലം അറിയിക്കണെന്നുമുള്ള നിയമം കൊണ്ടുവരാനും കേന്ദ്രഗവണ്‍മെന്റ് തയ്യാറാകണം.

ഇനിയും അമേരിക്കന്‍ ഗവണ്‍മെന്റ് ചെയ്യണമെന്ന് ഞാന്‍ കരുതുന്ന കാര്യം കൂടെ ഇവിടെ രേഖപ്പെടുത്തുന്നു. അമേരിക്ക സ്വയം അഭിമാനിക്കുന്ന മാന്യതയും പദവിയും മറ്റു രാജ്യങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന സത്യം മനസ്സിലാക്കാന്‍ അമേരിക്കയ്ക്കും സാധിക്കണം. പരസ്പരം അംഗീകരിക്കാനും ബഹുമാനിക്കാനും അമേരിക്കയുടെ ഭാഗത്തുനിന്നും ശ്രമം ഉണ്ടാകണം. ഈ സംഭവം തിരിച്ചാണ് സംഭവിച്ചിരുന്നതെങ്കില്‍ തെറ്റു ചെയ്യുന്നതോ അങ്ങനെ ആരോപിക്കപ്പെടുന്നതോ ആയ അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയെ 24 മണിക്കൂറിനകം അമേരിക്കയില്‍ സര്‍വവിധ ബഹുമതിയോടുംകൂടെ മടങ്ങിയെത്തുമായിരുന്നു. ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയ ഹെഡ്‌ലി പോലും ഇന്ത്യന്‍ അധികൃതരുടെ കൈയില്‍ നിന്നും ഒരു ശിഷയും അനുഭവിക്കാതെ അമേരിക്കയില്‍ മടങ്ങിയെത്തുകയായിരുന്നു. എന്നാല്‍ അമേരിക്കന്‍ ജയിലുകളില്‍ കുറ്റമാരോപിക്കപ്പെട്ട് പീഡനമനുഭവിക്കുന്ന ഭാരതീയര്‍ക്കുവേണ്ടി സ്വരമുയര്‍ത്താന്‍ ഇന്ത്യാ ഗവണ്‍മെന്റോ വര്‍ഷാവര്‍ഷം അമേരിക്കയില്‍ പര്യടനം നടത്തുന്ന മന്ത്രിശ്രേഷ്ഠന്‍മാരോ തയ്യാറാകുന്നില്ല എന്നത് വേദനാജനകമാണ്.
ഈ പ്രശ്‌നം എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടട്ടെ എന്ന് ആശംസിക്കുന്നു. അതുവഴി ലോക രാഷ്ട്രങ്ങള്‍ക്കു മുമ്പില്‍ തലയുയര്‍ത്തി പിടിച്ചു നില്‍ക്കാന് ഇന്ത്യക്കും അമേരിക്കയ്ക്കും സാധിക്കട്ടെ.
ഫിലിപ്പ് മാരേട്ട്


ദേവയാനി ഖൊബ്രഗഡെ പ്രശ്‌നം : എല്ലാ പ്രജകള്‍ക്കും തുല്യ നീതി
Join WhatsApp News
Matt 2013-12-20 15:54:51
I just want to bring a point to your attention. When we talk about hourly wage, we should also take in to consideration that the maid gets lavish accommodation; food, medical insurance coverage and yearly travel to India and back. When you add all these, it is more than $10.00 an hour. As Mr. Philip said, if it was an American maid, this would have never happen. Cavity search to a female diplomat is to humiliate that person's country and it's citizens.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക