Image

കാര്‍ഷികോല്‍പാദനത്തില്‍ യു.എ.ഇ 50 ശതമാനം സ്വയംപര്യാപ്‌തം

Published on 29 October, 2011
കാര്‍ഷികോല്‍പാദനത്തില്‍ യു.എ.ഇ 50 ശതമാനം സ്വയംപര്യാപ്‌തം
ദുബായ്‌: കാര്‍ഷികോല്‍പാദന രംഗത്ത്‌ യു.എ.ഇ 50 ശതമാനം സ്വയംപര്യാപ്‌തത കൈവരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ആഭ്യന്തര ഉപയോഗത്തിനുള്ള മൊത്തം കാര്‍ഷിക ഉല്‍പന്നങ്ങളുടെ 50 ശതമാനവും രാജ്യത്ത്‌ തന്നെ ഉല്‍പാദിപ്പിക്കുന്നതായി അറബ്‌ ഗള്‍ഫ്‌ രാജ്യങ്ങളുടെ സഹകരണ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയേറ്റ്‌ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച്‌ പഴവര്‍ഗങ്ങളുടെ ഉല്‍പാദനത്തില്‍ രാജ്യം 36 ശതമാനം സ്വയം പര്യാപ്‌തമാണ്‌. കൃഷിയിലുണ്ടായ വ്യാപനമാണ്‌ കൂടുതല്‍ ഉല്‍പാദനത്തിന്‌ കാരണമായത്‌. പ്രതിദിനം 40,143 ടണ്‍ പഴ വര്‍ഗങ്ങളാണ്‌ രാജ്യത്ത്‌ ഉല്‍പാദിപ്പിക്കുന്നത്‌.

പച്ചക്കറികളുടെ ഉല്‍പാദനത്തില്‍ ഈ വര്‍ഷം വന്‍ വര്‍ധനവുണ്ട്‌. ആഭ്യന്തര ഉപയോഗത്തിനുള്ള പച്ചക്കറികളുടെ 60 ശതമാനം ഇവിടെ ഉല്‍പാദിപ്പിക്കുന്നുണ്ട്‌. തക്കാളി, മത്തന്‍, വഴുതന തുടങ്ങിയ ഇനങ്ങളാണ്‌ രാജ്യത്ത്‌ കൂടുതലായി ഉല്‍പാദിപ്പിക്കുന്നത്‌.

പ്രതിദിനം 7,19,756 ടണ്‍ പച്ചക്കറികള്‍ ഇവിടെ ഉല്‍പാദിപ്പിക്കുന്നുണ്ട്‌. ഗോതമ്പ്‌ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിന്‌ കഴിഞ്ഞ വര്‍ഷം പദ്ധതിയിട്ടിരുന്നെങ്കിലും കാര്യമായ മെച്ചമുണ്ടായില്ല. ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 0.4 ശതമാനം ഗോതമ്പ്‌ മാത്രമാണ്‌ ഇവിടെ ഉല്‍പാദിപ്പിക്കുന്നത്‌. രാജ്യത്ത്‌ മൊത്തം 21 മില്യണിലേറെ ഈന്തപനകളാണുള്ളത്‌. ഇതില്‍ നിന്ന്‌ 277 ടണ്‍ ഈത്തപ്പഴമാണ്‌ ഉല്‍പാദിപ്പിക്കുന്നത്‌. ഇത്‌ ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 82 ശതമാനം വരും. മല്‍സ്യ, മാംസാദികളുടെയും പാലിന്‍െറയും ഉല്‍പാദനത്തിലും വന്‍ മുന്നേറ്റം പ്രകടമാണ്‌.

രാജ്യത്ത്‌ മൊത്തം 74,172 ഹെക്ടര്‍ കൃഷിഭൂമിയാണുള്ളത്‌. ഇതില്‍ 68,440 ഹെക്ടര്‍ സ്ഥിരമായി കൃഷി ചെയ്യുന്ന ഭൂമിയാണ്‌. 70,000 തൊഴിലാളികളാണ്‌ ഇവിടെ കാര്‍ഷികവൃത്തിയിലേര്‍പ്പെടുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക