Image

ഹൈഡ്ര മാഗ്നിപാപ്പിലേറ്റ (അഷ്‌ടമൂര്‍ത്തി)

Published on 20 December, 2013
ഹൈഡ്ര മാഗ്നിപാപ്പിലേറ്റ (അഷ്‌ടമൂര്‍ത്തി)
തലക്കെട്ടു കണ്ടിട്ട്‌ പേടിയ്‌ക്കണ്ട. അത്‌ ഒരു സൂക്ഷ്‌മജീവിയുടെ പേരാകുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 12.12.2013-ലെ `മംഗളം' പത്രത്തിലേയ്‌ക്ക്‌ കടക്കാം: `ശുദ്ധജലതടാ കത്തിലെല്ലാം കാണപ്പെടുന്ന ജീവിയാണ്‌ ഹൈഡ്ര മാഗ്നിപാപ്പിലേറ്റ. 10 മില്ലീ മീറ്റര്‍ മാത്രമാണ്‌ ഈ ജീവിയ്‌ക്കു നീളം.' എന്താണ്‌ ഈ പത്തു മില്ലീമീറ്ററുകാരനേപ്പറ്റി വാര്‍ത്ത വരാന്‍ കാരണം എന്നാണെങ്കില്‍ ബാക്കി കൂടി കേട്ടോളൂ: `മരണത്തെ തോല്‍പ്പിയ്‌ക്കാന്‍ ശാസ്‌ത്രജ്ഞര്‍ സൂക്ഷ്‌മജീവിയ്‌ക്കു പിന്നാലെ. 46 ജീവിവര്‍ക്ഷങ്ങളെ നിരീക്ഷിച്ച ശേഷമാണ്‌ ദക്ഷിണ ഡെന്‍മാര്‍ക്ക്‌ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ ഹൈഡ്ര മാഗ്നിപാപ്പിലേറ്റ എന്ന സൂക്ഷ്‌മജീവിയേക്കുറിച്ചു പഠിയ്‌ക്കാന്‍ തീരുമാനിച്ചത്‌. ഈ ജീവിയുടെ ജീനുകള്‍ മരണത്തെ തോല്‍പ്പിയ്‌ക്കാന്‍ സഹായിയ്‌ക്കുമെന്നാണ്‌ പ്രതീക്ഷ. പ്രായത്തിന്റെ ആക്രമണം ഇല്ലാത്തതാണ്‌ ഇതിന്റെ പ്രത്യേകത. പ്രായമേറുന്നതനുസരിച്ച്‌ കോശങ്ങളുടെ നാശവും ഉണ്ടാകുന്നില്ല. പ്രായം കൂടുന്നതനുസരിച്ച്‌ കരുത്തേറുന്ന ഓക്‌ മരങ്ങളും ആയുര്‍ദൈര്‍ഘ്യം കൂടുതലുള്ള ആമകളും നിരീക്ഷണത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രായം കൂടുംതോറും മരണസാദ്ധ്യത കുറയുന്ന മാഗ്നിപാപ്പിലേറ്റയുടെ ജീനുകളുടെ രഹസ്യം തിരിച്ചറിഞ്ഞാല്‍ മനുഷ്യന്‍ മരണത്തെ തോല്‍പ്പിയ്‌ക്കുമെന്നാണ്‌ ഗവേഷകരുടെ വിശ്വാസം.' `ആരും മരിയ്‌ക്കില്ല, ആ രഹസ്യം കണ്ടെത്തിയാല്‍' എന്ന ചെറിയ വാര്‍ത്ത അവസാനിയ്‌ക്കുന്നത്‌ അങ്ങനെയാണ്‌.

പത്രം തുടര്‍ന്നു വായിയ്‌ക്കാന്‍ തോന്നിയില്ല. `ഗോട്ടിമാല' എന്ന വാക്കു കണ്ട്‌ സഞ്‌ജയന്റെ വായന നിന്നുപോയതുപോലെയായി എനിയ്‌ക്കു മാഗ്നിപാപ്പിലേറ്റ. പത്രം തുറന്നു പിടിച്ച്‌ ഞാന്‍ കസേരയില്‍ ഇരുന്നുപോയി.

ശരിയ്‌ക്കു പറഞ്ഞാല്‍ എനിയ്‌ക്ക്‌ ഒന്നു കരയാനാണ്‌ തോന്നിയത്‌. പാവം മരണം. രംഗബോധമില്ലാത്ത കോമാളി, അനവസരത്തില്‍ കയറി വരുന്ന വിരുന്നുകാരന്‍, ക്രൂരഫലിതക്കാരന്‍.... എന്തെല്ലാം ചീത്ത വാക്കുകള്‍ കേട്ടതാണ്‌! ഒടുവില്‍ ആ മരണം തന്നെ മരിയ്‌ക്കാന്‍ പോവുകയാണ്‌. മരണത്തെ തോല്‍പ്പിച്ച്‌ അമരന്മാര്‍ ലോകം മുഴുവന്‍ നിറയാന്‍ പോവുകയാണ്‌.

മരണമില്ലാത്തവരെ നമ്മള്‍ ചിരഞ്‌ജീവികള്‍ എന്നു പറയുന്നു. നമ്മുടെ കണക്കില്‍ ടി ജീവികള്‍ ആകെ ഏഴാണ്‌. `അശ്വത്ഥാമാ ബലിര്‍വ്യാസോ ഹനുമാന്‍ശ്ച വിഭീഷണഃ/കൃപാ പരശുരാമശ്ച സപ്‌ത തേ ചിരജീവിനഃ' എന്നാണല്ലോ പുരാണം. വേണമെങ്കില്‍ നടന്‍ ചിരഞ്‌ജീവിയേക്കൂടി കൂട്ടാം. എന്നാലും എട്ടേ ആവൂ. അങ്ങനെയിരിയ്‌ക്കുമ്പോഴാണ്‌ സകലമാനവരേയും ചിരഞ്‌ജീവികളാക്കാനുള്ള ബൃഹത്‌ഗവേഷണപദ്ധതി വരുന്നത്‌.

മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ക്കു തന്നെ മരണം തരണം ചെയ്യാനുള്ള ശ്രമങ്ങള്‍തുടങ്ങിയിട്ടുണ്ടാവണം. മരണത്തേക്കുറിച്ചുള്ള ഭീതി അകറ്റുകയായിരുന്നു ഒരു വഴി. മരണംഉടുപ്പു മാറുന്നതു പോലെയാണ്‌, ജീവന്‍ ശരീരം വെടിഞ്ഞാലും ആത്മാവ്‌ മരിയ്‌ക്കുന്നില്ലഎന്നു തുടങ്ങി മരണം നമ്മള്‍ക്കു പുല്ലാണ്‌ എന്നു വരെ തത്വജ്ഞാനം വിളമ്പുക. പക്ഷേ എത്ര വായിച്ചിട്ടും പറഞ്ഞിട്ടും എന്താ, മരണഭയം നമ്മുടെ ഒപ്പം തന്നെ ഒട്ടിനിന്നു. `മരിയ്‌ക്കാന്‍ എനിയ്‌ക്ക്‌ ഒരു പേടിയുമില്ല, അത്‌ എപ്പോള്‍ വേണമെങ്കിലും വന്നോട്ടെ, ഞാന്‍ സ്വാഗതം ചെയ്യും' എന്നൊക്കെ വീമ്പിളക്കുന്നവനും കാലന്‍ അടുത്തു വന്നാല്‍ ചെവിയില്‍ സ്വകാര്യമായി `ഞാന്‍ തന്നെ വേണമെന്ന്‌ നിര്‍ബ്ബന്ധമുണ്ടോ, എന്റെ അനിയന്‍ ഔസേപ്പുട്ടി പോരേ' എന്നു ചോദിയ്‌ക്കും. മരിയ്‌ക്കുകയേ ഉള്ളു എന്ന്‌ ഉറപ്പു വരുമ്പോഴാണ്‌ നമ്മുടെ ധൈര്യം അപ്പടി ചോര്‍ന്നു പോവുക. അപ്പോഴാണ്‌ ഒരു മിനിട്ടു കൂടി ജീവിച്ചാല്‍ തരക്കേടില്ല എന്നും തോന്നുക. `കൊതി തീരും വരെ ഇവിടെ ജീവിച്ചു മരിച്ച വരുണ്ടോ'എന്ന്‌ വയലാര്‍ കവി ഉറക്കെച്ചോദിച്ചപ്പോള്‍ `ഇല്ല' എന്ന്‌ സ്വകാര്യമായിട്ടെങ്കിലും സമ്മതിച്ചവരാണല്ലോ നമ്മള്‍.

ഇതുവരെ ആരും മരിയ്‌ക്കാത്ത ഏതെങ്കിലും വീട്ടില്‍നിന്ന്‌ ഒരു കടുകുമണി കൊണ്ടുവരാന്‍ ശ്രീബുദ്ധന്‍ പറഞ്ഞത്‌ മരണം അനിവാര്യമാണ്‌ എന്ന പാഠം പഠിപ്പിയ്‌ക്കാനാണ്‌. അതു നമുക്കു നല്ലവണ്ണം ബോധ്യമുള്ളതുമാണ്‌. അതുകൊണ്ട്‌ മരണം കഴിയുന്നത്ര നീട്ടിക്കൊണ്ടുപോവുക എന്ന നയമാണ്‌ നമ്മള്‍ സ്വീകരിച്ചത്‌. അതിനു വേണ്ടിയാണല്ലോ നമ്മള്‍ മുക്കിനു മുക്കിനു ആശുപത്രികള്‍ പണിയുന്നതും രാവിലെ നേര്‍ത്തെ തന്നെ ടോക്കണെടുത്ത്‌ അവിടെ കാത്തുനില്‍ക്കുന്നതും. മരണം ഇല്ലെന്നു വന്നാല്‍പ്പിന്നെ എന്തിന്‌ ആശുപത്രികള്‍, മരുന്നുകടകള്‍? മരിയ്‌ക്കുകയില്ല എന്നുറപ്പുണ്ടെങ്കില്‍ ഓപ്പറേഷനും സ്‌കാനിങ്ങും എക്‌സ്‌റേയും ഒന്നും വേണ്ടല്ലോ. ഡോക്ടര്‍മാര്‍ക്ക്‌ വീട്ടിലിരുന്ന്‌ ടിവി കണ്ട്‌ സമയം പോക്കേണ്ടിവരും. ലക്ഷങ്ങളും കോടികളും മുടക്കി വൈദ്യഭാഗം പഠിയ്‌ക്കാന്‍ പിന്നെ ആരുമുണ്ടാവില്ല. സ്വാശ്രയ-പരാശ്രയമെഡിക്കല്‍ കോളേജുകളൊക്കെ അടച്ചുപൂട്ടാം.

മരണമില്ലാതായാല്‍ ഷട്ടറിടേണ്ടി വരുന്ന വേറെ ചില കടക്കാരുമുണ്ട്‌. ആദ്യം പൂട്ടിപ്പോവുക ശവപ്പെട്ടിക്കച്ചവടക്കാര്‍ തന്നെയാവും. ഒപ്പം തന്നെ പൂക്കച്ചവടക്കാരുടെ വിറ്റുവരവിലും മാന്ദ്യമുണ്ടാവും. പൂവിന്റെ വലിയൊരു ഭാഗം റീത്തുണ്ടാക്കാനാണല്ലോ ഉപയോഗിയ്‌ക്കുന്നത്‌. ഭേദപ്പെട്ട ഒരു മനുഷ്യന്‍ മരിയ്‌ക്കുമ്പോള്‍ ആയിരക്കണക്കിനു റീത്തുകളാണ്‌ ആവശ്യം വരുന്നത്‌. ആരും മരിയ്‌ക്കില്ലെങ്കില്‍പ്പിന്നെ ആര്‍ക്കു വേണം റീത്ത്‌? മന്ത്രിമാര്‍ക്കും പണി കുറയും. മരിയ്‌ക്കാന്‍ കിടക്കുന്നവരെ ചെന്നു കാണുകയോ ധനസഹായംപ്രഖ്യാപിയ്‌ക്കുകയോ മരിയ്‌ക്കുമ്പോള്‍ ഞെട്ടുകയോ വേണ്ടല്ലോ. ഔദ്യോഗിക ഹുമതികളോടെയുള്ള സംസ്‌കാരവും വേണ്ട. മരിച്ചവനെ വേണ്ടവിധം ആദരിച്ചില്ല എന്നു പറഞ്ഞ്‌ബഹളമുണ്ടാക്കുന്ന സ്ഥിരം സാംസ്‌കാരികനായകന്മാര്‍ക്ക്‌ സംസ്‌കാരം പ്രകടിപ്പിയ്‌ക്കാന്‍വിഷയം വേറെ വല്ലതും കണ്ടുപിടിയ്‌ക്കേണ്ടി വരും.

സംസ്‌കാരത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ്‌. ഇപ്പോള്‍ അച്ഛനേയും അമ്മയേയും വയസ്സുകാലത്ത്‌ പരിചരിയ്‌ക്കുന്നതില്‍ക്കൂടുതല്‍ വിഷമമാണ്‌ അവര്‍ മരിച്ചാല്‍ ഒന്നു സംസ്‌കരിയ്‌ക്കാന്‍. പുരയിടങ്ങള്‍ കുറവായതുകൊണ്ട്‌ സ്വന്തം മണ്ണില്‍ അന്തിയുറങ്ങാന്‍ ഇപ്പോള്‍ അധികമാര്‍ക്കും കഴിയാറില്ല. അതുകൊണ്ട്‌ ആരെങ്കിലും മരിച്ചാല്‍ ശ്‌മശാനം തേടി ഓട്ടം തുടങ്ങും. അപ്പോഴാണ്‌ ശ്‌മശാനം നടത്തിപ്പുകാരുടെ തനിനിറം വെളിപ്പെടുക. ആരാണ്‌ മരിച്ചത്‌, എങ്ങനെയാണ്‌ മരിച്ചത്‌, എന്തിനാണ്‌ മരിച്ചത്‌, ഏതു ജാതിക്കാരനാണ്‌ എന്നു തുടങ്ങി നൂറായിരം ചോദ്യങ്ങള്‍. അതൊക്കെ കേട്ടാല്‍ വെറുതെ മരിയ്‌ക്കേണ്ടായിരുന്നു എന്ന്‌ മരിച്ചവനു തന്നെ തോന്നിപ്പോവും. ഒന്നു വന്നോട്ടെ മാഗ്നിപാപ്പിലേറ്റ. കാണാം അവര്‍ ഈച്ചയാട്ടി ഇരിയ്‌ക്കുന്നത്‌. ശ്‌മശാനങ്ങളിലൊക്കെ ശരിയ്‌ക്കും ശ്‌മശാനമൂകതയാവും. എഴുത്തുകാരുടെ കാര്യവും കുറച്ച്‌ കഷ്ടമാവും. `എല്ലാ കഥകളും മരണത്തില്‍ അവസാനിയ്‌ക്കുന്നു, അതു മാറ്റി വെച്ചു കഥ പറയുന്നവനാവട്ടെ നല്ല കഥാകാരനുമല്ല' എന്ന്‌ മഹാനായ ഒരെഴുത്തുകാരന്‍ പറഞ്ഞിട്ടുണ്ട്‌. അത്‌ ഹൈഡ്ര മാഗ്നിപാപ്പിലേറ്റ വരുന്നതിനു മുമ്പാണ്‌. മരണമില്ലെങ്കില്‍പ്പിന്നെ വല്ല രസവുമുണ്ടോ കഥകള്‍ക്ക്‌? പ്രതിസന്ധി അവിടെയും തീരില്ല. സാധാരണ ഒരെഴുത്തുകാരന്‍ മരിയ്‌ക്കുമ്പോള്‍ അയാളുടെ പേരില്‍ അര ഡസന്‍ പുരസ്‌കാരങ്ങളെങ്കിലും ആരെങ്കിലുമൊക്കെയായി ഏര്‍പ്പെടുത്തുന്നത്‌ നമ്മുടെ ഒരു പതിവാണ്‌. അതുകൊണ്ടുള്ള മെച്ചം അവാര്‍ഡുകള്‍ക്ക്‌ ക്ഷാമമില്ലാതായി എന്നതാണ്‌. ആരുടെയൊക്കെയോ പേരിലുള്ള എന്തെങ്കിലുമൊക്കെ പുരസ്‌കാരങ്ങള്‍ ഉള്ളതുകൊണ്ടാണ്‌ വലിയ മുട്ടില്ലാതെ എഴുത്തുകാര്‍ ജീവിച്ചുപോവുന്നത്‌. ഇനി ആരും മരിയ്‌ക്കില്ലെങ്കില്‍ ആരുടെ പേരിലാണ്‌ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുക? എന്തു കിട്ടുമെന്നു വെച്ചാണ്‌ ഒരാള്‍ സാഹിത്യകാരനാവുക?

രാഷ്ട്രീയക്കാരുടെ കാര്യം അതിലേറെ കഷ്ടമാണ്‌. അവരുടെ പ്രധാനപ്പെട്ട ഒരായുധമാണ്‌ ഇല്ലാതാവുന്നത്‌. രക്തസാക്ഷികളെയാണ്‌ ഉദ്ദേശിച്ചത്‌. മാസത്തില്‍ രണ്ടു ശവങ്ങളെങ്കിലും കിട്ടിയില്ലെങ്കില്‍പ്പിന്നെ എന്തിന്റെ പേരിലാണ്‌ ബമ്പും ഹര്‍ത്താലും നടത്തുക?അതു മാത്രമോ? നിരാഹാരം എന്ന സമരമുറ തന്നെ ഉപേക്ഷിയ്‌ക്കേണ്ടി വരില്ലേ? മരണംവരെ നിരാഹാരം എന്നു ഭീഷണിപ്പെടുത്താന്‍ പറ്റുമോ? ഇനി നിരാഹാരം കിടക്കുന്നവര്‍വെറുതെ അങ്ങനെ ചെരിഞ്ഞുകിടക്കുമെന്നല്ലാതെ അവരെ ആരു തിരിഞ്ഞു നോക്കാനാണ്‌? കുറേ ദിവസം പട്ടിണി കിടക്കാമെന്നല്ലാതെ അത്തരം സമരമുറകള്‍ കൊണ്ട്‌ ഒരുപ്രയോജനവുമില്ലാതാവില്ലേ? ഈ ഗവേഷണം വിജയിയ്‌ക്കുന്നതിനു മുമ്പേ തന്നെഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം കിട്ടിയതു ഭാഗ്യം.

ആഘോഷങ്ങള്‍ക്കും ഒരറുതിയാവും. പ്രത്യേകിച്ചും പിറന്നാളാഘോഷങ്ങള്‍ക്ക്‌.അറുപതും എണ്‍പത്തിനാലുമൊന്നും ഒരു വയസ്സല്ലല്ലോ പിന്നെ. ആയിരം, രണ്ടായിരംഎന്നിങ്ങനെ എത്ര വേണമെങ്കിലും ആവാം. ഉദ്യോഗത്തില്‍നിന്നു വിരമിയ്‌ക്കുന്ന പ്രായംഏതായാലും കൂട്ടേണ്ടിവരും. അമ്പത്തിയെട്ടിലും അറുപതിലുമൊക്കെ വിരമിച്ച്‌ വീട്ടിലിരുന്നിട്ട്‌ എന്തു ചെയ്യാനാണ്‌? ഇതു കേള്‍ക്കുമ്പൊഴേ യുവജനസംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങും എന്ന്‌ അറിയാതെയല്ല ഇതു പറയുന്നത്‌. അല്ലെങ്കില്‍ എന്തു യുവജനസംഘടനകള്‍? ഇപ്പോഴത്തേപ്പോലെ നാല്‍പതു വയസ്സൊന്നുമാവില്ലല്ലോ യുവാവിന്റെ പ്രായപരിധി.അത്‌ ആയിരമോ പതിനായിരമോ ഒക്കെആവാം. അപ്പോള്‍ വിരമിയ്‌ക്കുന്ന പ്രായവുംഅതിനനുസരിച്ച്‌ കൂട്ടണം. വിരമിയ്‌ക്കുകയേ വേണ്ട എന്നു പറയാമെങ്കിലും അയ്യായിരംവയസ്സൊക്കെയുള്ള യുവാക്കള്‍ക്ക്‌ അവസരം കൊടുക്കുന്നതല്ലേ അതിന്റെ മര്യാദ? അല്ലെങ്കില്‍ അവര്‍ തെണ്ടിപ്പോവില്ലേ?

ഗവേഷണം തീരാന്‍ എത്ര കാലം പിടിയ്‌ക്കുമെന്ന്‌ വാര്‍ത്തയിലില്ല. അതുകൊണ്ട്‌ഇപ്പോള്‍ ജീവിച്ചിരിയ്‌ക്കുന്നവരുടെ ആയുസ്സിന്റെ കാര്യം തീരുമാനമായിട്ടില്ല. എന്നാല്‍ഇത്‌ പെട്ടെന്ന്‌ നടപ്പായാലോ? അമ്പതും അറുപതും വയസ്സായിട്ടും കോളേജില്‍ പഠിയ്‌ക്കുകയും പ്രേമിച്ചു നടക്കുകയും ചെയ്യുന്ന മോഹന്‍ലാലിനും മമ്മൂട്ടിയ്‌ക്കും ഇനിഅതില്‍ ലജ്ജ തോന്നേണ്ട കാര്യമില്ല. (ഇപ്പോള്‍ത്തന്നെ അവര്‍ക്കു ലജ്ജയുണ്ടോ എന്നത്‌വേറെ വിഷയം.) അയ്യായിരം വയസ്സു വരെയൊക്കെ ഈ വേഷം ആടാം. കാമുകിയ്‌ക്ക്‌തൊള്ളായിരം വയസ്സേ ആവാന്‍ പാടുള്ളു എന്ന്‌ നിര്‍ബ്ബന്ധം പിടിയ്‌ക്കാം. ഇരുപതിനായിരംമുതല്‍ അര ലക്ഷം വരെ വയസ്സുള്ള കാണികള്‍ക്ക്‌ അതൊക്കെ ഇഷ്ടപ്പെടും എന്നുറപ്പിയ്‌ക്കാം.

ഇത്തരം ചിന്തകള്‍ക്കിടയിലും ഞാന്‍ പത്രം യാന്ത്രികമായി മറിച്ചുനോക്കുന്നുണ്ടായിരുന്നു. നോക്കിയപ്പോള്‍ പതിനൊന്നാം പേജ്‌ എത്തിയിരിയ്‌ക്കുന്നു. മംഗളത്തിലെ ചരമപ്പേജ്‌. പതിവു പോലെ കുറേ ചിരിയ്‌ക്കുന്ന മുഖങ്ങളുണ്ട്‌. മേമ്പൊടിയായി `ഗൃഹനാഥനെതൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി', `ആദിവാസിയുവാവ്‌ വാഹനാപകടത്തില്‍ മരിച്ചു',`ടിപ്പര്‍ ലോറി കയറി വിമുക്തഭടന്‍ മരിച്ചു', `ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണ്‌ മരിച്ചു',
`മൂന്നു യുവാക്കളുടെ മരണം നാടിനെ കണ്ണീരിലാഴ്‌ത്തി' എന്നു തുടങ്ങി പ്രത്യേകവാര്‍ത്തകളുമുണ്ട്‌. മുഴുവനും വിസ്‌തരിച്ചു വായിച്ചു.

അപ്പോഴാണ്‌ ഓര്‍ത്തത്‌. ഹൈഡ്ര മാഗ്നിപാപ്പിലേറ്റ യാഥാര്‍ത്ഥ്യമായാല്‍ ഈ പേജ്‌വേണ്ടി വരില്ലല്ലോ. ഇപ്പോള്‍ ആകെ വിശ്വാസത്തോടെ വായിയ്‌ക്കാവുന്ന ഒരു പേജുള്ളത്‌ഇതാണ്‌. അതില്ലാതാവും എന്ന്‌ ആലോചിച്ചപ്പോള്‍ ഒരു സുഖവും തോന്നിയില്ല. അല്ലെങ്കില്‍ എത്ര വിരസമായിരിയ്‌ക്കും അല്ലേ ഈ മരണമില്ലാത്ത ലോകം?
ഹൈഡ്ര മാഗ്നിപാപ്പിലേറ്റ (അഷ്‌ടമൂര്‍ത്തി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക