Image

ദാവീദിന്റെ രണ്ടു മുഖങ്ങള്‍ ( കവിത - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ )

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്കു് Published on 21 December, 2013
ദാവീദിന്റെ രണ്ടു മുഖങ്ങള്‍ ( കവിത - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ )


ദാവീദിന്റെ രണ്ടു മുഖങ്ങള്‍ 
     എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്കു്
 Yohannan.elcy@gmail.com

പത്രാധിപക്കുറിപ്പ് : 'സാഹിത്യപ്രതിഭ' എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ രചിച്ച 'ദാവീദിന്റെ രണ്ടു മുഖങ്ങള്‍' എന്ന ഖണ്ഡകാവ്യം കഴിഞ്ഞ ഏഴാഴ്ചകളായി പ്രസിദ്ധീകരണം തുടങ്ങിയിട്ട് . ഇ മലയാളിയില്‍ക്കൂടി എല്ലാ ശനിയാഴ്ചയും ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നു. 
 ദാവീദും അബീഗയിലും

                     (8)

ഒന്നെത്തിനോക്കിടാം കര്‍മ്മേലിലേക്കിനി
ദീനവിരുദ്ധന്‍ നാബാലിനേയും,

നാബാലിന്‍ പത്‌നിയായ് തദ്ദേശേ വാണത്
'അബീഗേലാ'ഖ്യയാം ദൈവദാസി.

തംുഗമാം സൗന്ദര്യം കൊണ്ടവളൂഴിയില്‍
മങ്ങാതെ പൊന്‍പ്രഭ തൂകിനിന്നു,

മാനവസൗന്ദര്യം കൊണ്ടുമാ തയ്യലാള്‍
മാനവരാശിക്കു മാതൃകയായ്,

വീടിനു ദീപമായ്  തത്ര ജീവിച്ചവള്‍
നാടിനു പ്രാണനും, റാണിയുമായ്,

കര്‍മ്മരംഗത്തിലും മുന്നിട്ടുനിന്നവള്‍
ധര്‍മ്മനിരതയായെന്നുമെന്നും !

ദാവീദിന്‍ ദൂതരെ നാബാല്‍ നിന്ദിച്ചതും 
നിര്‍വ്വിവേകത്തോടെ വര്‍ത്തിച്ചതും,

നാബാലിന്‍ ജായ, 'യബീഗയില്‍' കേട്ടുടന്‍,
സംഭ്രമപ്പെട്ടവള്‍ കമ്പിതയായ്,

ദാവീദിനോടു തന്‍ ഭര്‍ത്താവു ചെയ്തത് 
ഭാവിക്കാപത്തു വരുത്തുമെന്നും,

ദാവീദിന്നോടരാടി ജയിക്കുവാന്‍
ഭൂവിതിലാരുമേയില്ലയെന്നും,

നാബാലാകട്ടെ തല്‍ നാമം ധ്വനിക്കുംപോല്‍
വിഭ്രാന്തന്‍ തന്നെന്നറിഞ്ഞുകൊണ്ടും,

ഭാവിയെയോര്‍ത്തവളാപത്തകറ്റുവാന്‍
ഭവ്യമാം മാര്‍ഗ്ഗവും കണ്ടുവേഗം,

ആയതിലേക്കഭികാമ്യമാം സര്‍വ്വവും
ആയാസപ്പെട്ടവള്‍ കണ്ടുവച്ചു,

ഒട്ടേറെ പണ്ടങ്ങള്‍, ഭോജ്യപദാര്‍ത്ഥങ്ങള്‍
പട്ടുടയാടകളെന്നിവയും,

ചൂടോടെയന്നവള്‍ സംഭരിച്ചെത്രയും
പാടുപെട്ടെങ്കിലും വേണ്ടതുപോല്‍.

'അത്തിയട', 'വട', 'തേന്‍കട്ട', 'വീഞ്ഞി'വ
പ്രത്യേകമായവള്‍ ശേഖരിച്ചു,

തന്നംഗരക്ഷകരൊത്താ മീന്‍കണ്ണിയാള്‍
പിന്നങ്ങു യാത്രയായ് ആര്‍ത്തയായി. 

                (തുടരും)

( കവിത - എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ )
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക