Image

`ഹേ,ഹേ,ഹോ,ഹോ' കോണ്‍സുലേറ്റിനു മുന്നില്‍ വീട്ടുജോലിക്കാരുടെ പ്രകടനം

Published on 21 December, 2013
 `ഹേ,ഹേ,ഹോ,ഹോ' കോണ്‍സുലേറ്റിനു മുന്നില്‍ വീട്ടുജോലിക്കാരുടെ പ്രകടനം
ന്യൂയോര്‍ക്ക്‌: `ഹേ,ഹേ,ഹോ,ഹോ' പരിഹാസശബ്‌ദം മുഴക്കി ഒരുപറ്റം തൊഴിലാളികള്‍, ഭൂരിപക്ഷവും വനിതകള്‍. മന്‍ഹാട്ടനിലെ ഫിഫ്‌ത്ത്‌ അവന്യൂവിനു സമീപമുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ തമ്പടിച്ച അവര്‍ വീട്ടുജോലിക്കാരുടെ കദന കഥകള്‍ പറഞ്ഞു. സംഗീത റിച്ചാര്‍ഡിനു പിന്തുണ പ്രഖ്യാപിക്കുകയും ഡപ്യൂട്ടി കോണ്‍സല്‍ ജനറലായിരുന്ന ഡോ. ദേവയാനി ഖോബ്രഗഡേയ്‌ക്കെതിരേ ശക്തമായ നടപടികള്‍ ആവശ്യപ്പെടുകയും ചെയ്‌തു.

നാഷണല്‍ ഡൊമിസ്റ്റിക്‌ വര്‍ക്കേഴ്‌സ്‌ അലയന്‍സിന്റെ നേതൃത്വത്തില്‍ ഒട്ടേറെ സംഘടനകളുടെ പ്രതിനിധികളും വീട്ടു ജോലിക്കാരുമാണ്‌ റാലിക്കെത്തിയത്‌. അറുപതില്‍പ്പരം പേര്‍. കുറ്റം ചെയ്‌ത ഡോ. ദേവയാനിക്ക്‌ ഇന്ത്യയും മാധ്യമങ്ങളും പിന്തുണ നല്‍കുന്നതില്‍
അവര്‍ വിസ്‌മയം പ്രകടിപ്പിച്ചു. അവര്‍ ഇരയുടെ രോദനം കേള്‍ക്കാന്‍ അവര്‍  അഭ്യര്‍ത്ഥിച്ചു. ഡോ. ദേവയാനിയെ അറസ്റ്റ്‌ ചെയ്‌ത രീതിയും വിവസ്‌ത്രയാക്കി പരിശോധിച്ചതുമൊന്നും തങ്ങള്‍ അംഗീകരിക്കുന്നില്ല. പക്ഷെ അതിനോടുള്ള പ്രതിക്ഷേധത്തില്‍ ഒരു വീട്ടുവേലക്കാരിയെ പീഡിപ്പിച്ച കാര്യം മുങ്ങിപ്പോകാന്‍ പാടില്ല- പ്രധാന സംഘാടക യൊമാര വെലസ്‌ പറഞ്ഞു.

`ഇന്ത്യാ ഗവണ്‍മെന്റ്‌ ഡോ. ദേവയാനിയെ സംരക്ഷിക്കുന്നത്‌ ലജ്ജാകരമാണ്‌. സംഗീതയും ഇന്ത്യന്‍ പൗരന്‍ തന്നെയല്ലേ?' വെസ്റ്റ്‌ ബംഗാളില്‍ നിന്നു വന്ന നീലോല്‍പല്‍ ദാസ്‌ ചോദിച്ചു. ഹോട്ടല്‍ ജീവനക്കാരനാണ്‌ ദാസ്‌. പ്രതിക്ഷേധത്തില്‍ പങ്കെടുത്ത മറ്റൊരു ഇന്ത്യക്കാരനായ സുബാഷിഷ്‌ ബറുവ ഇത്‌ സംഗീത പ്രശ്‌നം മാത്രമല്ലെന്നു പറഞ്ഞു. ഗ്രീന്‍ കാര്‍ഡും മറ്റും മോഹിപ്പിച്ച്‌ ആളുകളെ കൊണ്ടുവന്ന്‌ ഇവിടെ ചൂഷണം ചെയ്യുന്നു. ചൂഷണത്തിനെതിരേയുള്ള നടപടിയാണ്‌ അമേരിക്ക എടുത്തത്‌. മറ്റൊരു രാജ്യത്തെ നിയമം ലംഘിച്ച ഡോ. ദേവയാനിയെ ഇന്ത്യ സംരക്ഷിക്കുന്നത്‌ ലജ്ജാകരമാണ്‌- ബറുവ പറഞ്ഞു. ബുറുവയും ഹോട്ടല്‍ ജീവനക്കാരനാണ്‌.

ഇന്ത്യക്കാരായി ഇവരെ മാത്രമാണ്‌ അറുപതില്‍പ്പരം പേര്‍ പങ്കെടുത്ത റാലിയില്‍ കണ്ടത്‌. ബംഗ്ലാദേശില്‍ നിന്നു വന്ന നഹര്‍ ആലം 15 വര്‍ഷം മുമ്പ്‌ ഇതേ സ്ഥലത്തുവന്ന്‌ അഞ്ചുമണിക്കൂര്‍ കാത്തുനിന്നത്‌ അനുസ്‌മരിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥന്റെ വീട്ടുവേലക്കാരി സഹായാഭ്യര്‍ത്ഥനയുമായി കരഞ്ഞപേക്ഷിച്ചപ്പോള്‍ എത്തിയതാണ്‌. പക്ഷെ കാത്തുനിന്നിട്ടും അവരെ കാണാനായില്ല. ഉദ്യോഗസ്ഥര്‍ അവരെ കയ്യോടെ ഇന്ത്യയിലേക്ക്‌ മടക്കി അയച്ചു. അവരുടെ ചിത്രം കണ്ടപ്പോള്‍ ശരീരത്തില്‍ മാംസപേശികള്‍ പോലും ഇല്ലെന്ന്‌ തോന്നി.

താനും വീട്ടുജോലിക്കാരിയായിരുന്ന കാര്യം അവര്‍ അനുസ്‌മരിച്ചു. ബേസ്‌മെന്റിലെ മുറിയില്‍
ഹീറ്റില്ലാതെ വിറച്ചാണ്‌ ജീവിച്ചത്‌. തിരിഞ്ഞുനോക്കാന്‍ ഒരാളുമില്ലായിരുന്നു.

ഇന്ത്യയ്‌ക്കോ, നയതന്ത്ര പരിരക്ഷയ്‌ക്കൊ ഒന്നും തങ്ങള്‍ എതിരല്ല. പക്ഷെ നയതന്ത്രപരിരക്ഷയെ തെറ്റു ചെയ്യാനുള്ള ലൈസന്‍സായി കാണരുത്‌.

വീട്ടുവേല ഒരു ജോലിയായി ജനങ്ങള്‍ കാണുന്നില്ല എന്നതാണ്‌ അടിസ്ഥാന പ്രശ്‌നമെന്നു യൊമാര വെലസ്‌ പറഞ്ഞു. അത്‌ അംഗീകരിക്കാനാവില്ല. മറ്റേത്‌ ജോലിയും പോലെ അഭിമാനകരമായ ജോലി തന്നെയാണിത്‌.

വീട്ടുവേലക്കാരിയായതില്‍ അഭിമാനമുണ്ടെന്നു പറഞ്ഞ മറ്റൊരു സ്‌ത്രീ എന്തു ജോലി ചെയ്യാനും തനിക്ക്‌ മടിയില്ലെന്നു പറഞ്ഞു. പക്ഷെ ആക്ഷേപവും അപമാനവും പറ്റില്ല. അംഗീകരിക്കുകയുമില്ല. വീട്ടുവേലക്കാരിയും ആരുടെയെങ്കിലും അമ്മയും സഹോദരിയുമൊക്കെയാണ്‌.

എ-3 വിസയില്‍ വീട്ടുവേലക്കാരെ കൊണ്ടുവന്ന്‌ നയതന്ത്രജ്ഞര്‍ ചൂഷണം ചെയ്യുന്നത്‌ അമേരിക്കയൊട്ടാകെ നടക്കുന്നുണ്ടെന്നു പ്രാസംഗികര്‍ ചൂണ്ടിക്കാട്ടി. സംഗീതയുടെ അനുഭവം ഒറ്റപ്പെട്ടതല്ല. ചൂഷകരായ നയതന്ത്രജ്ഞര്‍ ലജ്ജിക്കണം.

നേപ്പാളികളുടെ സംഘടനയായ `അധികാറിന്റെ' പ്രതിനിധി പ്രാര്‍ത്ഥന ഗുരുഗും ഡോ. ദേവയാനിയെ അറസ്റ്റ്‌ ചെയ്‌ത രീതിയെ അപലപിച്ചു. പക്ഷെ അത്‌ സംഗീതയുടെ കാര്യം മറക്കാനുള്ള ന്യായീകരണമല്ല.

റാലിയില്‍ പങ്കെടുത്തതില്‍ സന്തോഷമുണ്ടെന്ന്‌ പറഞ്ഞ AFL- CIO പ്രതിനിധി ബ്രന്‍ഡന്‍ ഗ്രിഫിത്ത്‌ ന്യൂയോര്‍ക്കിലെ ഒരു മില്യന്‍ തൊഴിലാളികളുടെ പിന്തുണ വാഗ്‌ദാനം ചെയ്‌തു.

വീട്ടുവേലക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, സംഗീതയ്‌ക്കും നാട്ടിലുള്ള അവരുടെ കുടുംബത്തിനും നഷ്‌ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും റാലി ആവശ്യപ്പെട്ടു.

വീട്ടുവേലക്കാര്‍ ജനങ്ങളില്‍ നിന്ന്‌ ഒറ്റപ്പെട്ട്‌ ജോലി ചെയ്യുന്നവരാണെന്ന്‌ വര്‍ക്കേഴ്‌സ്‌ അലയന്‍സിന്റെ വക്താവ്‌ ടിഫനി വില്യംസ്‌ ചൂണ്ടിക്കാട്ടി. അവര്‍ പ്രതിക്ഷേധവുമായി പുറത്തിറങ്ങുന്നത്‌ അത്ര സാധാരണ സംഭവമല്ല. അവരെ ഹീറോയായി കണക്കാക്കുന്നതിനു പകരം പലപ്പോഴും വില്ലന്മാരായിട്ടാണ്‌ മാതൃരാജ്യവും മാധ്യമങ്ങളും ചിത്രീകരിക്കുന്നത്‌. സംഗീതയുടെ കാര്യത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടത്‌ അവരെ ചൂഷണം ചെയ്‌ത ഉദ്യോഗസ്ഥയിലാണ്‌- അവര്‍ പറഞ്ഞു. നിയമം ശക്തമായിത്തന്നെ നടപ്പിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
 `ഹേ,ഹേ,ഹോ,ഹോ' കോണ്‍സുലേറ്റിനു മുന്നില്‍ വീട്ടുജോലിക്കാരുടെ പ്രകടനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക