Image

മാറ്റവും പ്രവാസിയുടെ മതിഭ്രമവും

ജോസ് കണിയാലി Published on 30 October, 2011
മാറ്റവും പ്രവാസിയുടെ മതിഭ്രമവും
സോമര്‍സെറ്റ് (ന്യൂജേഴ്‌സി) : പ്രകാശം കേരളത്തിലാണ്. ഇരുട്ട് അമേരിക്കയിലും. വളരാന്‍ മടിക്കുന്ന അമേരിക്കന്‍ മലയാളികളുടെ മനസ്സിലെ മതിഭ്രമമാണ് കേരള സംസ്‌കാരം ആകെ തകര്‍ന്നു എന്ന ചിന്താഗതി.
'കേരളം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍; പ്രകാശം അകലെയാണോ?' എന്ന ചര്‍ച്ചയിലാണ് ഞെട്ടിക്കുന്ന വെളിപാടുമായി ഇന്ത്യയില്‍നിന്നെത്തിയ മാധ്യമപ്രവര്‍ത്തകര്‍ അണിനിരന്നത്. കേരളമാകെ നിറഞ്ഞിരിക്കുന്ന അസ്വസ്ഥതയ്ക്ക് പരിഹാരമാകാന്‍ മാധ്യമങ്ങള്‍ക്ക് എന്തുചെയ്യാനാവും എന്ന ചോദ്യമാണ് പുതിയ ചിന്താധാരയ്ക്ക് വഴിതെളിച്ചത്.
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സമ്മേളനമായിരുന്നു വേദി. ജോസ് തുമ്പയില്‍ ആമുഖപ്രസംഗം നടത്തി.
ഇതൊരു ചോദ്യമല്ല; നിഗമനമാണെന്ന് ഏഷ്യാനെറ്റ് ബിസിനസ് മേധാവി ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു. കേരളം അസ്വസ്ഥമാണെന്നാണ് നിഗമനം, എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍, മാധ്യമങ്ങള്‍, സൃഷ്ടിക്കുന്ന ധാരണയെപ്പോലെ അസ്വസ്ഥതയൊന്നും കേരളത്തിലില്ല. മാധ്യമങ്ങളില്‍ വരുന്നതൊന്നും പൂര്‍ണ്ണമായി വിശ്വസിക്കാനും പാടില്ല.
ഇത് ചോദ്യം ചെയ്ത കോരസണ്‍ വര്‍ഗീസ് വ്യക്തിയും സമൂഹവും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം കേരളത്തില്‍ അറ്റുപോയി എന്നു ചൂണ്ടിക്കാട്ടി. അര നൂറ്റാണ്ടുമുമ്പത്തെ കേരളമല്ല ഇപ്പോഴത്തേത്. ജാതി, മത സ്വാധീനം വര്‍ദ്ധിച്ചുവരുന്നു. പണ്ട് പെരുന്നാളിനും ഉത്സവത്തിനുമൊക്കെ ജാതിമതഭേദമന്യേ ആളുകള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇത്തവണ നാട്ടില്‍പോയപ്പോള്‍ ഉത്സവപ്പറമ്പിലെത്തിയപ്പോഴുള്ള അനുഭവം ഹൃദ്യമായിരുന്നില്ല.
ബ്രിട്ടാസിന്റെ അഭിപ്രായത്തോട് ജോണ്‍ സി. വര്‍ഗീസ് യോജിച്ചപ്പോള്‍ കേരളത്തിലിപ്പോള്‍ ആര്‍ക്കും ആരെയും വെട്ടിക്കൊല്ലാവുന്ന സ്ഥിതിയുണ്ടെന്ന് സജി പോള്‍ ചൂണ്ടിക്കാട്ടി. മോഡറേറ്ററായ ഡോ. എം.വി. പിള്ളയും കണ്ണടച്ച് ഇരുട്ടാക്കുന്നതില്‍ കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടി.
കേരളത്തിലെ സ്ഥിതി ആകെ ശോഭനമാണെന്ന് താന്‍ പറഞ്ഞില്ലെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. പക്ഷേ അമേരിക്കയിലിരുന്ന് കേരളത്തില്‍ ആകെ പ്രശ്‌നമാണെന്ന് ചിന്തിക്കുന്നത് ശരിയല്ല. 50 വര്‍ഷം മുമ്പത്തെ കേരളം തന്നെ വേണമെന്ന് വാശിപിടിക്കാമോ? ഗൃഹാതുരത്വം പലരെയും പിടിവിടാതെ പിന്തുടരുന്നു. ചിലര്‍ പറയും പണ്ടത്തെ എസ്.എസ്.എല്‍.സി.ക്കാര്‍ ഭയങ്കര കേമന്മാരാണെന്ന്. സത്യത്തില്‍ പഴയ എസ്.എസ്.എല്‍.സി.ക്കാരേക്കാള്‍ പത്തിരട്ടി വിജ്ഞാനം ഇപ്പോഴത്തെ എസ്.എസ്.എല്‍.സി.ക്കാരനുണ്ട്.
കേരളം മാത്രമല്ല നിങ്ങളും മാറിയെന്ന് ബ്രിട്ടാസ് പറഞ്ഞു. അതുകൊണ്ടാണല്ലോ ഇങ്ങോട്ടുപോന്നതും; ഈ സാഹചര്യത്തില്‍ ജീവിക്കുന്നതും. എന്നിട്ടും കേരളം മാത്രം മാറരുത് എന്ന് ശഠിക്കുന്നത് ശരിയല്ല. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും അവയെ അതിജീവിക്കുവാനുള്ള കരുത്ത് മലയാളികള്‍ക്കുണ്ട്.
ഇത്തരം ഒരവസ്ഥ വന്നത് മാധ്യമങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ടാണോ അതോ കുറ്റകൃത്യങ്ങളും മറ്റും എണ്ണത്തില്‍ പെരുകിയതുകൊണ്ടാണോ? എന്നായിരുന്നു അടുത്ത ചോദ്യം.
മലയാളിയും ആഗോള പൗരനാണെന്നും മറ്റുതലങ്ങളില്‍ സംഭവിക്കുന്നതൊക്കെ അവിടെയും അനുരണനം ഉണ്ടാകുമെന്നും മലയാള മനോരമ ഡല്‍ഹി ബ്യൂറോ ചീഫ് ഡി. വിജയമോഹന്‍, കേരള കൗമുദിയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഡി. ജോജോ, സൂര്യാ ടിവി എഡിറ്റര്‍ റോയി മാത്യു എന്നിവരുടെ പാനല്‍ ചൂണ്ടിക്കാട്ടി. പെരുമ്പാവൂരില്‍ പോക്കറ്റടിക്കാരനാണെന്ന് പറഞ്ഞ് ആളെ തല്ലിക്കൊന്നത് മാധ്യമങ്ങളില്‍ വരാതെ എങ്ങനെ അറിയുമെന്ന് അവര്‍ ചോദിച്ചു.
ഇവിടെ കരുതുന്ന അരക്ഷിതാവസ്ഥയൊന്നും കേരളത്തിലില്ല. ഭാര്യയെ തല്ലിയാല്‍ നടപടി വന്നെന്നിരിക്കും. പണ്ടത്തെ സ്ഥിതിയാകെ മാറി- സൂര്യ ടി.വി. എഡിറ്റര്‍ റോയി മാത്യു ചൂണ്ടിക്കാട്ടി. മൂല്യശോഷണമൊക്കെ ആഗോളതലത്തില്‍ ഉണ്ടാകുന്നതാണ്. അത് കേരളത്തിലും സംഭവിച്ചുകൂടാതെയില്ല.
കേരളത്തില്‍ മാത്രം പാടില്ല എന്നുപറയുന്നതില്‍ അര്‍ത്ഥമില്ലെന്ന് സംവിധായകന്‍ ആര്‍. ശരത്തും ചൂണ്ടിക്കാട്ടി. പല മാറ്റങ്ങളും ആദ്യമുണ്ടാകുന്നത് അമേരിക്കയിലാണ്. അതു പിന്നെ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിക്കുന്നു. ഡേറ്റിംഗ് ഒക്കെ ഇവിടെയാകാം, പക്ഷേ അവിടെ പാടില്ല എന്ന ചിന്താഗതിയിലും പിശകുണ്ടെന്ന് പാനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.
കേന്ദ്ര-കേരള സര്‍ക്കാരുകളില്‍നിന്ന് അമേരിക്കന്‍ മലയാളി എന്തൊക്കെയാണ് പ്രതീക്ഷിക്കുന്നതെന്ന ചര്‍ച്ചാ വിഷയം വന്നപ്പോള്‍ കേരളത്തില്‍ ചെല്ലുമ്പോള്‍ അനുഭവപ്പെടുന്ന അരക്ഷിതാവസ്ഥ പലരും ചൂണ്ടിക്കാട്ടി. വിമാനമിറങ്ങി വീട്ടിലെത്താന്‍ ബന്ദും ഹര്‍ത്താലും കാരണം പലപ്പോഴും പറ്റാതെ വരും. നാട്ടിലെ സ്വത്തുക്കള്‍ മറ്റുള്ളവര്‍ തട്ടിയെടുക്കുന്ന സ്ഥിതി വരുന്നു. റോഡുകളും വൈദ്യുതിയുമൊക്കെ നാട്ടില്‍ പ്രശ്‌നമാണ്. കുന്നുകൂടുന്ന മാലിന്യങ്ങളും പ്രശ്‌നംതന്നെ.
അമേരിക്കന്‍ മലയാളികള്‍ എല്ലാവരും സമ്പന്നന്മാരാണെന്ന തെറ്റിദ്ധാരണ സര്‍ക്കാരിനും നാട്ടുകാര്‍ക്കുമുണ്ടെന്ന് അനിയന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി. പക്ഷേ മിക്കവരും സാധാരണക്കാരാണ്. അമേരിക്കന്‍ മലയാളി രണ്ടാം തരം പൗരന്മാരായി കാണുന്നു എന്നതും ഖേദകരമാണ്.
ആളുകള്‍ കൂടുന്നതനുസരിച്ച് സംഘടനകളും പെരുകുന്നതില്‍ അസ്വാഭാവികത ഇല്ലെന്ന് ഫോമാ പ്രസിഡന്റ് ബേബി ഊരാളില്‍ പറഞ്ഞു. കൂടതല്‍ സംഘടന കൊണ്ട് കൂടുതല്‍ പേര്‍ക്ക് പ്രയോജനം കിട്ടേണ്ടതാണ്. മാത്രമല്ല ഇതൊരു ഫീ കണ്‍ട്രി ആണുതാനും. അഞ്ചുലക്ഷം മലയാളികളുള്ളപ്പോള്‍ 68 സംഘടനകളുമുണ്ടെന്ന് ജോണ്‍ സി. വര്‍ഗീസ് ചൂണ്ടിക്കാട്ടി. അവ തമ്മില്‍ ആരോഗ്യകരമായ മത്സരം നല്ലതാണ്.
പക്ഷേ ഒരാള്‍ തന്നെ 17 സംഘടനകളില്‍ അംഗവും ഭാരവാഹിയുമൊക്കെയായി പ്രവര്‍ത്തിക്കുന്ന അവസ്ഥയുണ്ടെന്നും അനിയന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി. ഒരേ സ്ഥലത്തുതന്നെ പല സംഘടനകളും വരികയും ഒരേ ദിവസം തന്നെ അവര്‍ ഓണാഘോഷം സംഘടിപ്പിക്കുകയും ചെയ്താല്‍ മലയാളികളുടെ ഐക്യമല്ല അവിടെ കാണുന്നതെന്നും ജേക്കബ് റോയി ചൂണ്ടിക്കാട്ടി. പലരും സ്വന്തം താല്പര്യങ്ങള്‍ക്കുവേണ്ടിയാണ് സംഘടന ഉണ്ടാക്കുന്നത്.
സെക്കുലര്‍ സംഘടനകള്‍ ഭിന്നിച്ച് തളരുമ്പോള്‍ ജാതിമത സംഘടനകള്‍ ശക്തിപ്പെടുന്ന പരിതാപകരമായ അവസ്ഥ ജെ. മാത്യു ചൂണ്ടിക്കാട്ടി. ജാതി മത സംഘടനകള്‍ ആഘോഷിക്കുന്ന ഓണം തന്നെ ഉദാഹരണായി അദ്ദേഹം ചൂണ്ടിക്കാട്ടി. കുരിശ് ധരിച്ച മഹാബലി, മഞ്ഞവസ്ത്രം ധരിച്ച മഹാബലി- അങ്ങനെ മഹാബലിക്കുപോലും പല സംഘടനകള്‍ക്കനുസരിച്ച് മാറ്റം വരുന്നു.
കേരളത്തിനുപുറത്തുള്ള മലയാളികളെല്ലാം പ്രവാസികളാണെന്ന് ഡി. വിജയമോഹന്‍ ചൂണ്ടിക്കാട്ടി. അവരുടെ പ്രശ്‌നങ്ങളൊക്കെ ഭിന്നമാണ്. പല കാര്യങ്ങളിലും രാഷ്ട്രീയ നേതൃത്വം അനുകൂല നിലപാട് സ്വീകരിച്ചാല്‍ത്തന്നെ ഉദ്യോഗസ്ഥര്‍ അത് നടപ്പില്‍ വരുത്തുന്നില്ല എന്നതാണ് സ്ഥിതി.
സാങ്കേതിക രംഗത്ത് കേരളത്തിലുണ്ടാകുന്ന മാറ്റം സംവിധായകന്‍ ശരത് എടുത്തുപറഞ്ഞു. നൂതന സാങ്കേതിക വിദ്യകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തിലുമെത്തും. ഫോണിന്റെ കാര്യത്തിലായാലും, കമ്പ്യൂട്ടറിന്റെ കാര്യത്തിലായാലും ഇതുതന്നെ സ്ഥിതി.

റിപ്പോര്‍ട്ട് : ജോസ് കണിയാലി


മാറ്റവും പ്രവാസിയുടെ മതിഭ്രമവും മാറ്റവും പ്രവാസിയുടെ മതിഭ്രമവും മാറ്റവും പ്രവാസിയുടെ മതിഭ്രമവും മാറ്റവും പ്രവാസിയുടെ മതിഭ്രമവും മാറ്റവും പ്രവാസിയുടെ മതിഭ്രമവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക