Image

പിന്തുടര്‍ന്ന കണ്ണുകള്‍ (കഥ:ആലീസ്‌ മാത്യു)

Published on 22 December, 2013
പിന്തുടര്‍ന്ന കണ്ണുകള്‍ (കഥ:ആലീസ്‌ മാത്യു)
കയ്യില്‍ കെട്ടിയിരുന്ന വാച്ചിലേക്കും ഭിത്തിയില്‍ ഘടിപ്പിച്ചിരുന്ന ക്ലോക്കിലേക്കും മാറി മാറി നോക്കി കണ്ണുകള്‍ കഴച്ചു. എങ്ങനെ എങ്കിലും ഒന്ന്‌ നാല്‌ മണിയായാല്‍ മതിയായിരുന്നു കോളേജില്‍ നിന്നും ഇറങ്ങി ഓടാന്‍. കാരണം ഈ വീക്കെന്‍ഡിനല്‍ ഞങ്ങള്‍ക്ക്‌ വിരുന്നുകാര്‍ ഉണ്ട്‌. വളരെ കാലങ്ങള്‍ക്കു ശേഷം എന്റെ ക്ലാസ്‌മേറ്റും കുടുംബവും വരുന്നു. നൊടിയിടയില്‍ എനിക്ക്‌ ഒരൂ മുപ്പതു വയസ്‌ കുറഞ്ഞത്‌ പോലെ തോന്നി. അന്ന്‌ കോളേജില്‍ ഞങ്ങള്‍ കാട്ടികുട്ടിയ കൊപ്പരങ്ങള്‍ ഒക്കെ ഒരു നിമിഷം ഓര്‍ത്തപ്പോള്‍ ചുണ്ടില്‍ ഒരു കള്ളച്ചിരി വിടര്‍ന്നു .

ലഞ്ചു ബ്രേക്ക്‌ സമയത്ത്‌ നീണ്ട ഒരു ലിസ്റ്റ്‌ ഉണ്ടാക്കി, എന്തൊക്കെ പലഹാരങ്ങള്‍ ഉണ്ടാക്കണം, ഉച്ചയൂണിനും അത്താഴത്തിനും എന്തൊക്കെ വിഭവങ്ങള്‍ വേണം. കോളേജില്‍ നിന്നും വരുന്ന വഴിക്ക്‌ തന്നെ ഏതൊക്കെ കടയില്‍ കയറി, എന്തൊക്കെ വാങ്ങണം എന്നൊരു ലിസ്റ്റും തയ്യാറാക്കി. ഉച്ച കഴിഞ്ഞുള്ള ഫാക്കല്‌റ്റി മീറ്റിംഗുകളില്‍ പറഞ്ഞതൊന്നും എന്റെ തലയില്‍ കയറിയില്ല. കാരണം, എന്റെ കൂട്ടുകാരിയെയും കുടുംബത്തെയും കൊണ്ട്‌ ചുരുങ്ങിയ സമയത്തിനുള്ളില്‍ എവിടെയൊക്കെ ചുറ്റാന്‍ പോകണം എന്ന ചിന്തയിലായിരുന്നു ഞാന്‍.

മീറ്റിംഗ്‌ കഴിഞ്ഞയുടനെ ഞാന്‍ ഇറങ്ങി വേഗം നടന്നു. അതിനിടയില്‍ ഭര്‌ത്താവിനെ വിളിച്ചു പറഞ്ഞു ഞാന്‍ ഷോപ്പിംഗ്‌ കഴിഞ്ഞേ വരികയുള്ളുവെന്ന്‌. ഞാന്‍ നേരെ ഇന്‍ഡ്യന്‍ സ്‌റ്റോറില്‍ പോയി.. പ്രത്യേകിച്ചും അവിയല്‍, സാമ്പാര്‍, കാളന്‍ മുതലായവ ഉണ്ടാക്കാനുള്ള സാധനങ്ങള്‍ അവിടെ നിന്നെ കിട്ടുകയുള്ളൂ. ആ കടയില്‍ ചെന്നപ്പോള്‍ ഒരു പെരുനാളിനുള്ള ആളുണ്ട്‌. കാരണം വെള്ളിയാഴ്‌ച വൈകുന്നേരത്തെ കാര്യങ്ങള്‍ പ്രത്യേകിച്ചും പറയേണ്ടതില്ലല്ലോ. നന്നേ പാട്‌ പെട്ടു ഒരു ട്രോളി കിട്ടുവാന്‍. ഞാന്‍ വേഗം എന്റെ നീണ്ട ലിസ്റ്റ്‌ എടുത്ത്‌ ഇടം വലം നോക്കാതെ സാധനങ്ങള്‍ ഓരോന്നായി ട്രോളിയില്‍ എടുത്തു വെച്ചുത്തുടങ്ങി.ഞാന്‍ പ്രത്യേകിച്ചും ആരെയും ശ്രദ്ധിക്കാനും മിനക്കെട്ടില്ല. കാരണം എത്രയും വേഗം വീട്ടില്‍ ചെന്നിട്ടു വേണം പലഹാരങ്ങളും ഭക്ഷണവും പാകപ്പെടുത്താന്‍. എങ്കിലും, സാധനങ്ങള്‍ എടുത്തുകൊണ്ടിരുന്ന അവസ്സരത്തില്‍, ആരോ എന്നെ സൂക്ഷിച്ചുനോക്കുന്നതായി എനിക്ക്‌ തോന്നി. ഞാന്‍ ചുറ്റും നോക്കിയപ്പോള്‍ നീണ്ട്‌മെലിഞ്ഞു, താടിയും നീട്ടി, മുടി ആണെങ്കില്‍ ട്രിം ചെയ്‌തിട്ട്‌ കുറഞ്ഞത്‌ രണ്ടു മാസമെങ്കിലും ആയിക്കാണും, ഒരു മധ്യവയസ്‌കന്‍ എന്നെ നോക്കുന്നു. ഞങ്ങള്‍ രണ്ടു പേരും കണ്ണില്‍ കണ്ണില്‍ നോക്കി. എനിക്ക്‌ ഒരു ഊഹവും കിട്ടിയില്ല, അയാള്‍ ആരാണെന്ന്‌. അതിനാല്‍ ഞാന്‍ എന്റെട കണ്ണുകളെ വേഗം പിന്‍വലിച്ചുവീണ്ടും ഷോപ്പിംഗ്‌ തുടര്‍ന്നു . പക്ഷെ എന്റെ മനസ്സില്‍ അയാള്‍ ആരായിരിക്കും എന്നത്‌ ഒരു ചോദ്യചിഹ്നം പോലെ നിലനിന്നു. എങ്ങോ ഏതോ ഒരു നേരിയ പരിചയം ഉള്ളതുപോലെ തോന്നുകയും ചെയ്‌തു. അതൊന്നും ആലോചിക്കുവാന്‍ സമയം ഇല്ലാഞ്ഞതിനാല്‍ വേഗം ഞാന്‍ അവിടെ നിന്നും മാറി മറ്റൊരു സെക്ഷനില്‍ പോയി സാധനങ്ങള്‍ തിരഞ്ഞുകൊണ്ടിരുന്നു. അപ്പോള്‍ വീണ്ടും ആരോ എന്നെ നോക്കുന്നതു പോലെ തോന്നി. ഞാന്‍ തിരിഞ്ഞു നോക്കി. അതേ ആള്‍ തന്നെ എന്നെ സൂക്ഷിച്ചു നോക്കുന്നു. ഈ സമയത്ത്‌ ഞാന്‍ നോക്കിയപ്പോള്‍ അയാളുടെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി വിടരാന്‍ കൊതിക്കുന്നതുപോലെ തോന്നി. ഞാന്‍ വളരെ വേഗം അവിടെ നിന്നും മാറിപ്പോയി. അയാള്‍ എന്നെത്തന്നെ പിന്തുടരുകയാണെന്ന്‌ തോന്നിയപ്പോള്‍ ആകെ ഒരു പരിഭ്രാന്തി തോന്നിത്തുടങ്ങി. ആരായിരിക്കും ഇയാള്‍?

കോളേജിലേ സഹപാഠിയായിരുന്നോ? കോളേജില്‍ പഠിക്കുന്ന കാലത്ത്‌ ഞാന്‍ ഒരു ചെറിയ സുന്ദരിയായിരുന്നു എന്ന്‌ ആളുകള്‍ പറയുമായിരുന്നു. അന്നൊക്കെ ആണ്‍കുട്ടികള്‍ കമന്റ്‌ അടിച്ചാല്‍, നിന്ന്‌ കരയാന്‍ അല്ലാതെ ഒന്നും തിരിച്ചു പോലും പറയാന്‍ കഴിഞ്ഞിട്ടില്ല. അന്ന്‌ ആരെങ്കിലും സൂക്ഷിച്ചുനോക്കിയാല്‍ എത്രയും വേഗം ഓടി ഒളിക്കുമായിരുന്നു. വീട്ടിലറിഞ്ഞാലുള്ള പ്രത്യാഘാതം ഓര്‍ത്ത്‌ ആരെയും നോക്കാനും ശ്രമിച്ചിട്ടില്ല. അതൊക്കെ പണ്ടത്തെ കാര്യം. ഈ വയസ്സാന്‍ കാലത്ത്‌ അങ്ങിനെ ഒരു പേടിയുടെ ആവശ്യം ഇല്ലല്ലോ. എങ്കിലും പണ്ടത്തെ പേടിയും ഭയവും ഒരു നിമിഷം കൊണ്ട്‌ ഓടിയെത്തി. ഞാന്‍ വേഗം അവിടെനിന്നും മാറിപ്പോയി. വേറെ സ്ഥലത്ത്‌ ചെന്നിട്ടു ഏറു കണ്ണിട്ടു നോക്കി. അയാള്‍ വീണ്ടും എന്നെ പിന്തുടരുന്നുണ്ടോ എന്നറിയാന്‍. അയാളെ അവിടെയെങ്ങും കണ്ടില്ല. ആവൂ, ആശ്വാസ്സമായി. മനസ്സ്‌ ശാന്തമാക്കി സാധനങ്ങള്‍ വാങ്ങിക്കൂട്ടാനുള്ള പ്രയാണം തുടര്‌ന്നു .

ലിസ്റ്റില്‍ നോക്കി എല്ലാ സാധനങ്ങളും വാങ്ങി എന്നുറപ്പാക്കി ചെക്കൌട്ട്‌ ചെയ്യാന്‍ നിന്നു. അപ്പോള്‍ എന്റെ തോളില്‍ മെല്ലെ ഒരു സ്‌പര്‍ശനവും `ആലീസ്‌' എന്ന വളരെ മൃദുവായ ഒരു വിളിയും. എന്റെ പേരു കേട്ടപ്പോള്‍ പ്രത്യേകിച്ച്‌ ഒരു ഭാവഭേദവും കൂടാതെ തിരിഞ്ഞു നോക്കി. അപ്പോള്‍ അതാ വീണ്ടും അയാള്‍ ഒരു പുഞ്ചിരിയുമായി! ഞാന്‍ വല്ലാതെ പകച്ചു പോയി. `ആരാ മനസിലായില്ലല്ലോ?' ഞാന്‍ ചോദിച്ചു. `ഒന്ന്‌ ഓര്‍ത്തുനോക്കിക്കേ' എന്നായിരുന്നു അയാളുടെ മറുപടി. ആ സമയത്ത്‌ എനിക്ക്‌ ഒന്നും ചിന്തിക്കുവാനുള്ള മാനസികാവസ്ഥ ഇല്ലായിരുന്നു. പേരു വിളിച്ചതിനാല്‍ എന്നെ പരിചയം ഉള്ള ആരോ ആണെന്ന്‌ മാത്രം മനസ്സിലായി.എന്റെ ആലോചന കണ്ടിട്ടാവാം `ലതികയെ ഓര്‌ക്കുളന്നില്ലേ, നിങ്ങള്‍ കോളേജില്‍ ഒരുമിച്ചായിരുന്നില്ലേ?' എന്ന അടുത്ത ചോദ്യം അയാള്‍ തൊടുത്തു. വേഗത്തില്‍ തന്നെ എനിക്ക്‌ ഓര്‍മ്മവന്നു. `ഹരിയാണോ' എന്ന്‌ ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ തലയാട്ടി സമ്മതിച്ചു.

അത്‌ ഹരിയാനെന്നു വിശ്വസിക്കാന്‍ വിഷമം ആയിരുന്നു. കാരണം അന്നു ഞാന്‍ അറിഞ്ഞ ഹരി `മിസ്റ്റര്‍ കോട്ടയം' ആയിരുന്നു. കോളേജു മാഗസിനില്‍ മസ്സിലുകള്‍ പെരുപ്പിച്ചു, തികച്ചും സുന്ദരനായി നില്‌ക്കുന്ന ഒരു ചെറുപ്പക്കാരന്റെ ഫോട്ടോയാണ്‌ എന്റെ മനസിലേക്ക്‌ ഓടിവന്നത്‌. ഹരി എന്നെ ഓര്‍ക്കാന്‍ പ്രത്യേക കാരണം കൂടിയുണ്ട്‌, എന്റെ കൂട്ടുകാരി ലതികയും ഹരിയുമായി അക്കാലത്ത്‌ പ്രേമത്തിലായിരുന്നു, അവരുടെ വിവാഹത്തിനും ഞാന്‍ സംബന്ധിച്ചിരുന്നു. കുറച്ചു കാലത്തേക്ക്‌ അവര്‍ കത്തുകള്‍ എഴുതുമായിരുന്നു. അവര്‍ അമേരിക്കയിലേക്ക്‌ പോന്നിരുന്നു. അതിനു ശേഷം ഒരു വിവരവും ഉണ്ടായില്ല.

നീണ്ട ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ കടന്നുപോയിരുന്നു. അന്നത്തെ ആ സുമുഖനായ ചെറുപ്പക്കാരനാണ്‌, ഇപ്പോള്‍ എന്റെ മുമ്പില്‍ ഒരു വയസ്സനായി നില്‍ക്കുന്നതെന്ന്‌ ചിന്തിക്കാന്‍പോലും പ്രയാസം തോന്നി.

`ആലീസ്‌ എന്താണ്‌ ആലോചിക്കുന്നത്‌?' എന്ന്‌ ഹരി ചോദിച്ചപ്പോള്‍ ഞാന്‍ ഒരു സ്വപ്‌നത്തില്‍ നിന്നും ഉണര്‍ന്നതുപോലെ തോന്നി. ഏതു കാര്യവും വെട്ടിത്തുറന്നു ചോദിക്കുന്ന പ്രകൃതക്കാരി ആയതിനാല്‍ ഞാന്‍ ചോദിച്ചു `ഹരി, എന്തു പറ്റി, ഇതെന്നാ കോലമാണ്‌?' മറുപടിയായി ഹരി പറഞ്ഞും, ആലീസ്സിനു ഒരു മാറ്റവും വന്നിട്ടില്ലല്ലോ, കുറച്ചു കൂടി സുന്ദരി ആയിരിക്കുന്നു ഇപ്പോള്‍' ഒരു കമന്റും ആസ്വദിക്കാന്‍ പാകമല്ലായിരുന്നു അപ്പോഴത്തെ എന്റെ അവസ്ഥ. ഞാന്‍ വീണ്ടും കുശലം അന്വേഷിച്ചു. `ലതികയും കുട്ടികളും?'

`അതൊക്കെ വലിയ കഥയാണ്‌, ഒരു ദിവസം കൊണ്ടൊന്നും പറഞ്ഞാല്‍ തീരില്ല' ഹരി പറഞ്ഞു.

ഞാന്‍ വേഗം ഭര്‍ത്താവിനെ വിളിച്ച്‌ പറഞ്ഞ്‌ `രണ്ടു കാപ്പി വേഗം ഇട്ടോളൂ, എന്റെ കൂടെ ഒരു ഫ്രണ്ട്‌ കൂടി വരുന്നു' എന്ന്‌. എന്റെ ഹസ്‌ബന്റ്‌ ഹരിയെ തിരിച്ചറിയുമോ എന്നറിയാന്‍ ധൃതിയായി. അങ്ങനെ ഹരി എന്നെ പിന്തുടര്‍ന്ന്‌്‌ ഞങ്ങളുടെ വീട്ടില്‍ എത്തി. ജോയിസ്സിന്‌ ആളിനെ കണ്ടപ്പോഴേ ഹരിയാണെന്ന്‌ മനസ്സിലായി. ഞങ്ങള്‍ ഒരുമിച്ച്‌ കാപ്പിയും നുണഞ്ഞുകൊണ്ട്‌ പഴയ ഓര്‍മ്മകളെ അയവിറക്കി.

ഇരുപത്തിയെട്ടു വര്‌ഷനങ്ങള്‍ക്കു മുമ്പ്‌ അമേരിക്കയിലേക്ക്‌ വരുന്നത്‌ അത്ര എളുപ്പമല്ലായിരുന്നു. ഹരിയുടെയും ലതികയുടെയും കല്യാണം കഴിഞ്ഞ്‌ ഹണിമൂണ്‍ കൊണ്ടാടിക്കൊണ്ടിരിക്കുമ്പോള്‍ ലതികക്ക്‌ അമേരിക്കയിലേക്ക്‌ വരാനുള്ള വിസ കിട്ടി. ഹരിക്കും കൂടി വിസ കിട്ടി ഒന്നിച്ചു വരാന്‍ നോക്കിയാല്‍ ഏറെ വൈകിയെങ്കിലോ എന്ന്‌ വിചാരിച്ചു ആദ്യമേ ലതിക തന്നെ അമേരിക്കയിലേക്ക്‌ പോകാന്‍ തീരുമാനിച്ചു. ഹരി വരുമ്പോഴേക്കും, ലതികക്ക്‌ ജോലിയായാല്‍ സഹോദരിയെ ബുദ്ധിമുട്ടിപ്പിക്കാതെ കുടുംബജീവിതം തുടങ്ങാമാല്ലോ എന്ന പ്രതീക്ഷയോടെ.

ലതിക മിടുക്കിയായതിനാല്‍ വന്നയുടനെ ബോര്‍ഡ്‌ പരീക്ഷ എഴുതി പാസ്സായി, നല്ല ഒരു ആശുപത്രിയില്‍ ജോലിയും കിട്ടി. ഹരിക്കും ആറു മാസ്സത്തിനകം വിസ ശരിയായി. എംകോംകാരന്‍ ആയിരുന്നെങ്കിലും ഹരിക്ക്‌ പറ്റിയ ജോലി ഒന്നും അമേരിക്കയില്‍ കിട്ടിയില്ല.ചെറിയ ജോലിക്കൊന്നും പോകാന്‍ ലതിക സമ്മതിച്ചും ഇല്ല. അങ്ങനെ ജോലിക്കുള്ള അപേക്ഷ അയക്കുകയും ഇന്റര്‍വ്യൂകള്‍ അറ്റന്റ്‌ ചെയ്‌തു നടക്കുകയും ചെയ്‌ത കാലത്ത്‌ തന്നെ ലതിക ഗര്‍ഭിണി ആയി. പിന്നെ ഗര്‍ഭിണിയെ പരിരക്ഷിക്കുന്നതായിരുന്നു ഹരിയുടെ പണി. അങ്ങിനെ ജോലിക്കുള്ള പരിശ്രമങ്ങള്‍ കുറഞ്ഞു. കുഞ്ഞ്‌ ആയിക്കഴിഞ്ഞപ്പോള്‍ കുഞ്ഞിനെ നോക്കാന്‍ മറ്റാരും ഉണ്ടായിരുന്നില്ല. നാനിയെ നിര്‍ത്തുന്നതിലും ലാഭവും സുരക്ഷയും ഹരി തന്നെ കുഞ്ഞിനെ നോക്കുന്നതാണ്‌ നല്ലത്‌ എന്ന്‌ രണ്ടു പേരും കൂടി തീരുമാനിച്ചു. അങ്ങനെ നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ കുട്ടികള്‍ മൂന്നായി. ഹരി പിന്നെ ജോലിക്ക്‌ ശ്രമിച്ചിട്ടില്ല. ഹരി ഫുള്‌ടൈം ബേബിസിറ്റര്‍ ആയി മാറി. കുട്ടികളെ പിയാനോ ലെസ്സനും, സോക്കറിനും, ലൈബ്രറിയിലും മാറിമാറി കൊണ്ടുപോയി. രണ്ട്‌ ഫുള്‌ടൈം ജോലിയേക്കാള്‍ കൂടുതല്‍ സമയം ഹരി കുട്ടികള്‍ക്കായി ചിലവഴിച്ചു. കുട്ടികളുടെയും, വീട്ടിലെയും എല്ലാ കാര്യങ്ങളും, ഭക്ഷണം തയ്യാറാക്കല്‍, ലോണ്ട്രി, യാര്‍ഡികലെ പണികള്‍ എല്ലാം ഹരി തന്നെ ചെയ്യുമായിരുന്നു. ലതിക പന്ത്രണ്ടു മണിക്കൂറിന്റെ മൂന്നു ദിവസത്തിന്റെ! ജോലിക്ക്‌ പുറമേ, ആഴ്‌ചയില്‍ ഒന്നോ രണ്ടോ ദിവസം ഓവര്‍ടൈം കൂടി ചെയ്‌തിരുന്നു. ഒരാളുടെ വരുമാനംകൊണ്ട്‌ എല്ലാക്കാര്യങ്ങളും നടക്കണ്ടേ എന്നായിരുന്നു അവരുടെ വ്യാഖ്യാനം!

ലതിക രാവിലെ ജോലിക്ക്‌ ആറുമണിക്ക്‌ പോയാല്‍, തിരിച്ചു വരുമ്പോഴേക്കും രാത്രി എട്ടര ആകും.പിന്നെ ഒന്ന്‌ കുളിച്ചു, ഭക്ഷണം കഴിച്ചിട്ടു ഉറങ്ങാനെ സമയം ഉള്ളു. വീണ്ടും രാവിലെ അഞ്ചര മണിക്ക്‌ എഴുന്നേല്‍ക്കേണ്ടതാണ്‌. അതുകൊണ്ട്‌ ലതിക ആരുമായി അധികം സംസാരിച്ചും ഇല്ല. അങ്ങനെ വര്‍ഷങ്ങള്‍ കടന്നു പോയത്‌ അറിഞ്ഞതേയില്ല. ഹരിയുടെ ജോലിക്കുള്ള ശ്രമങ്ങള്‍ തുടര്‍ന്നുമില്ല. കുട്ടികള്‍ വലുതായിത്തുടങ്ങി തന്നെ െ്രെഡവ്‌ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഹരിക്ക്‌ കൂടുതല്‍ ഒഴിവു സമയങ്ങള്‍ കിട്ടിത്തുടങ്ങി. ലതിക പഴയതുപോലെ ജോലികളുമായി തുടര്‌ന്നു കൊണ്ടേയിരുന്നു. കാരണം എല്ലാ കാര്യങ്ങളും ഒരാളുടെ ശമ്പളംകൊണ്ട്‌ നടക്കേണ്ടേ?

ഹരി അടുത്തുള്ള കുറെ മലയാളികളുമായി കൂടുതല്‍ സമയം ചിലവഴിക്കാന്‍ തുടങ്ങി. ആദ്യം ഓണത്തിനും വിഷുവിനും ദീപാവലിക്കും ഒക്കെ മദ്യം ഉപയോഗിച്ചു തുടങ്ങിയവര്‍ ദിവസ്സവും അത്‌ ആഘോഷമാക്കാന്‍ തുടങ്ങി. ടൈംപാസ്സിന്‌ വേണ്ടി തുടങ്ങിയ സ്‌മോള്‍ അടിയും ചീട്ടുകളിയും സ്ഥിരം പരിപാടിയായി. ഹരിയെപ്പോലെ കുട്ടികളെ നോക്കി പ്രായം കടന്നുപോയവര്‍ ആയിരുന്നു ഹരിയുടെ കൂട്ടുകാര്‍. അവരുടെ ആകെ എന്റര്‍ട്ടൈന്‍മെന്റ്‌ മദ്യവും ചീട്ടുകളിയും മാത്രമായി. ഇന്ന്‌ ഇവര്‍ക്ക്‌ മദ്യം ഇല്ലാതെ ജീവിക്കാന്‍ വയ്യാത്ത അവസ്ഥയുമായി.

ഹരി പറഞ്ഞു `എല്ലാം സഹിക്കാമായിരുന്നു, ലതിക എന്നെ മനസ്സിലാക്കിയിരുന്നെങ്കില്‍'. എന്ന്‌. അവള്‍ നിരന്തരമായി ഹരിയെ കുറ്റപ്പെടുത്താന്‍ തുടങ്ങി. ജോലിയില്ലാത്തതിനും, മദ്യം കുടിക്കുന്നതിനും എല്ലാത്തിനും......എല്ലാത്തിനും.

ഇന്ന്‌ ഹരിയും ലതികയും വിവാഹമോചനത്തിന്റെ വക്കില്‍ എത്തി നില്‍ക്കയാണ്‌. അറുപതു വയസ്സിനടുത്തവര്‍ ഇനിയും എന്തിനാണ്‌ വിവാഹമോചനത്തിനായി വഴക്കിടുന്നത്‌? എനിക്ക്‌ ഉത്തരം മുട്ടിപ്പോയി. എന്റെ്‌ ഓര്‌മതയിലെ ഹരിയും ലതികയും ഇങ്ങനെ അല്ലായിരുന്നു. ഞാന്‍ ആരുടെ പക്ഷം പിടിക്കും. അവര്‍ പിരിയുന്ന കാര്യം എന്നെവല്ലാതെ വേദനപ്പിച്ചു. ഒരു കൗണ്‍സിലിംഗ്‌ കൊണ്ട്‌ അവരെ ഒന്നുചേരാന്‍ സാധിച്ചാലോ? `ലതികയുമായി ഈ വിവരം ചര്‍ച്ച ചെയ്യുന്നതിന്‌ വിരോധമുണ്ടോ?' ഞാന്‍ ഹരിയോട്‌ ചോദിച്ചു. എന്റെ ചോദ്യം കേട്ടപ്പോള്‍ ഹരിയുടെ കണ്ണുകളിലെ തിളക്കം ഞാന്‍ ശ്രദ്ധിച്ചു. `ആലിസ്‌ അതു ചെയ്യുമോ?' ഹരി ചോദിച്ചു. അപ്പോള്‍ ഹരി ഇപ്പോഴും ലതികയെ സ്‌നേഹിക്കുന്നു എന്നെനിക്കു വ്യക്തമായി..... ബൈ ബൈ പറഞ്ഞ്‌ ഹരി പോകുമ്പോള്‍ എന്റെ കണ്ണുകളും ഈറനണിഞ്ഞിരുന്നു.
പിന്തുടര്‍ന്ന കണ്ണുകള്‍ (കഥ:ആലീസ്‌ മാത്യു)പിന്തുടര്‍ന്ന കണ്ണുകള്‍ (കഥ:ആലീസ്‌ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക