Image

കഥ: ഭാവി ഇരുളടഞ്ഞതോ? (ലേഖനം: ജോണ്‍ മാത്യു)

Published on 22 December, 2013
കഥ: ഭാവി ഇരുളടഞ്ഞതോ? (ലേഖനം: ജോണ്‍ മാത്യു)
ചിക്കാഗോ ലാനസമ്മേളനത്തില്‍ അമേരിക്കയിലെ പ്രമുഖ വാഗ്‌മിയും ചിന്തകനുമായ ഡോ. എം.വി. പിള്ള ആശങ്ക രേഖപ്പെടുത്തി ഇന്ന്‌ നാമൊക്കെ ഫിക്ഷന്‍ എന്ന്‌ വിശേഷിപ്പിക്കുന്ന കഥകളുടെ ഭാവിയെപ്പറ്റി. എഴുത്തുകാര്‍, പ്രത്യേകിച്ചു അമേരിക്കയില്‍നിന്ന്‌ മലയാളകഥകള്‍ എഴുതുന്നവര്‍ ഗൗരവമായി എടുക്കേണ്ടുന്ന ഒരു വിഷയമാണിത്‌. തങ്ങളുടെ സാങ്കേതികവും കലാപരവുമായ രീതികള്‍ പ്രശ്‌നങ്ങളോടുള്ള സമീപനം എന്നിവയും ചര്‍ച്ചക്ക്‌ എടുക്കേണ്ടതാണ്‌.

കഥകള്‍ മാത്രമല്ല മറ്റു സാഹിത്യരൂപങ്ങള്‍ക്കും ആസ്വാദകര്‍ കുറഞ്ഞുവരികയാണോ? ഡോ. പിള്ളയുടെ അഭിപ്രായത്തില്‍ സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന, എന്നാല്‍ ജേര്‍ണലിസത്തിന്റെയും ഫിക്ഷന്റെയും സ്വഭാവങ്ങളുള്ള എഴുത്തുകളായിരിക്കും ഇനിയും വായനക്കാരെ ഏറെ ആകര്‍ഷിക്കുന്നതെന്നാണ്‌.

ഈ പറയുന്ന മാന്ദ്യത നാടകത്തിനും, ഇനിയും കവിതക്കുപോലും ബാധകമാണെന്നതും ചിന്തിക്കേണ്ടതായിട്ടുണ്ട്‌. മുന്‍കാലങ്ങളില്‍ നാട്ടിന്‍പുറങ്ങളില്‍പ്പോലും നാടകങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിന്റെ തുടര്‍ച്ചതന്നെയായിരുന്നു മറുനാടന്‍ കൂട്ടായ്‌മകള്‍ സംഘടിപ്പിച്ചിരുന്ന നാടകങ്ങള്‍. ഏതാനും വര്‍ഷങ്ങള്‍ മുന്‍പുവരെ ഇവിടെയുള്ള നഗരങ്ങളില്‍ നൂറുശതമാനവും നമുക്കു സ്വന്തമെന്നുപറയാവുന്ന നാടകാവതരണങ്ങളുണ്ടായിരുന്നു.

സമൂഹത്തില്‍നിന്ന്‌ നമ്മുടെ കലാരൂപങ്ങള്‍ അപ്രത്യക്ഷമാകുന്നതിന്‌ കാരണങ്ങള്‍ പലതുമാകാം. ചാനലുകളുടെ സാര്‍വത്രികത, ആധുനിക സാങ്കേതിക വളര്‍ച്ചക്കൊപ്പം ഓടിയെത്താനുള്ള കഴിവില്ലായ്‌മ തുടങ്ങിയവ ബാഹ്യമായവ മാത്രമാണ്‌.

നമ്മുടെ കാവ്യലോകത്തും ഈ താല്‌പര്യമില്ലായ്‌മ പ്രകടമാണ്‌. കവികള്‍ ഏറെയെങ്കിലും, ഒന്നാംതരം കവിതകള്‍ പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും ഒരു തരംഗം സൃഷ്‌ടിക്കാന്‍ അവര്‍ക്ക്‌ കഴിയുന്നുണ്ടോയെന്നും സംശയം. വായനക്കാരെന്ന്‌ അഭിമാനിക്കുന്നവര്‍പ്പോലും മാസിക കയ്യിലെടുത്താല്‍ കവിതയുടെ താളുകള്‍ ലാഘവത്തോടെ മറിച്ചുപോകുകയല്ലേ ചെയ്യുന്നത്‌.

നാടകം, കവിത എന്നിവയുടെ രംഗങ്ങളിലുണ്ടായ തളര്‍ച്ച മനസ്സിലാക്കാം. അതിന്‌ കാരണങ്ങളുണ്ടെന്നും പറഞ്ഞുകഴിഞ്ഞു. പക്ഷേ കഥകളുടെ ലോകമോ? ഒരു കാലത്ത്‌ താല്‌പര്യപൂര്‍വ്വം വായിച്ചുകൊണ്ടിരുന്നതാണ്‌ കഥകളും ആഖ്യായികളും. മലയാളത്തില്‍മാത്രമല്ല ലോകമെമ്പാടും ഫിക്ഷന്‍ വായിക്കാനുള്ള ആവേശം ഇന്നില്ലെങ്കില്‍ അതിനു കാരണം തെരഞ്ഞുപോകേണ്ടത്‌ സമൂഹത്തില്‍ വന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക മാറങ്ങളിലേക്കാണ്‌.

സാമൂഹിക പ്രശ്‌നങ്ങളാണ്‌ സാഹിത്യകൃതികള്‍ക്ക്‌ പ്രചോദനമേകിക്കൊണ്ടിരുന്നത്‌. ഇതിനൊരു മറ്റൊരുവശംകൂടിയുണ്ട്‌. സ്വാതന്ത്ര്യസമരത്തിന്റെയും, ജന്മി-കുടിയാന്‍, മുതലാളി-തൊഴിലാളി ബന്ധങ്ങളുടെയും മറപറ്റിയായിരുന്നു നമ്മുടെ പ്രശ്‌നാധിഷ്‌ഠിത കഥകള്‍. അത്‌ ഒരു കാലത്തിന്റെ മാത്രം ആവശ്യമായിരുന്നെന്ന്‌ മനസ്സിലാക്കിയത്‌ വളരെ സാവധാനവും. ഇതൊന്നും സാഹിത്യമല്ലെന്ന്‌ ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ആധുനികതയുടെ അരങ്ങേറ്റം. പിന്നീടുണ്ടായ ആധുനികതയുടെ പരാജയം ഇപ്പോള്‍ ഈ ലേഖനത്തിന്റെ വിഷയമല്ല.

ഇന്ന്‌ നാമൊക്കെ അറിയുന്ന സമൂഹത്തില്‍ ഒരു പ്രശ്‌നമില്ലാത്ത സമ്പ്രദായം അനുഭവപ്പെടുന്നില്ലേ? ഓ, പ്രശ്‌നമില്ലായ്‌മയോ, അതെങ്ങനെ? ഈ വാക്ക്‌ വളരെ സൂക്ഷിച്ചുപയോഗിക്കേണ്ടതാണ്‌. കഴിഞ്ഞതലമുറവരെയുണ്ടായിരുന്ന സാമൂഹിക പ്രശ്‌നങ്ങള്‍, സര്‍ക്കാരോ മറ്റ്‌ അധികാരികള്‍ക്കോ ഒരുത്തരവുകൊണ്ട്‌ വേണമെങ്കില്‍ പരിഹരിക്കാന്‍ കഴിയുന്നവയായിരുന്നു. അങ്ങനെയൊന്ന്‌ ഇപ്പോഴില്ല. കാട്ടുകള്ളന്‍ തടിവെട്ടുന്നുണ്ടായിരിക്കാം, അത്‌ അവന്റെ കാര്യം. പ്രവാസികള്‍ക്കെതിരെ ചില നാടുകളില്‍ ചൂഷണമുണ്ടായിരിക്കാം, പ്രതികരിച്ചിട്ടെന്തുനേടാന്‍. അവിടെ വാദി മാത്രമേയുള്ളൂ, പ്രതി തിരശീലക്കുപിന്നിലാണ്‌. ഈ ചൂഷകന്‍ നമ്മുടെ സാഹിത്യം വായിക്കുന്നതേയില്ല. കാട്ടുകള്ളനും അറബിയും സായിപ്പുമൊന്നും നമ്മുടെ സാഹിത്യവും വിപ്ലവവീര്യവും അറിയുന്നുമില്ല!

സമൂഹം ആകപ്പാടെ ഇന്ന്‌ `ഐശ്വര്യവേദ'ത്തിന്റെ പിടിയിലാണ്‌, അങ്ങനെ നവമുതലാളിത്വത്തില്‍ സാമ്പത്തിക സ്വതന്ത്ര്യം നേടിയ വ്യക്തി ഏതാണ്ട്‌ ഒറ്റപ്പെട്ടവനാണ്‌, സംതൃപ്‌തനാണ്‌, സ്വന്തം കാര്യം മാത്രം നോക്കുന്നവനാണ്‌. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പിടിച്ചുപറ്റാന്‍ അവനറിയാം, സാഹിത്യവും കലകളും ഉച്ചമയക്കത്തില്‍ ആസ്വദിക്കാനുള്ള കോമഡികളും! ഈ `കഥാപാത്ര'ങ്ങളാണ്‌ സമൂഹത്തിലെ രീതികള്‍ സൃഷ്‌ടിക്കുന്നത്‌. ഇവിടെയാണ്‌ അമേരിക്കയില്‍നിന്ന്‌ എഴുതുന്ന മലയാളം എഴുത്തുകാരെങ്കിലും ഒരു ആത്മപരിശോധന നടത്തേണ്ടത്‌, എന്തിന്‌ എഴുതുന്നുവെന്ന്‌ ചിന്തിക്കേണ്ടത്‌. വീണുകിട്ടിയ സമയത്ത്‌ എഴുതുന്നുവെന്ന്‌ പറയരുത്‌, അതൊരു ക്ഷമാപണമാണ്‌.

പ്രശ്‌നങ്ങളുണ്ടായിരുന്ന ലോകത്തേക്കാള്‍ അപകടംപിടിച്ചതാണ്‌ പ്രശ്‌നമില്ലായ്‌മ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ലോകം. സമൂഹത്തോടുള്ള കരുതലിന്റെ വിപ്ലവ എഴുത്തുകള്‍ക്കെതിരായി ഉയര്‍ന്ന മലയാളത്തിലെ ആധുനികത അക്കാലത്ത്‌ നമ്മുടെ സമൂഹത്തില്‍ പ്രസക്തമായിരുന്നില്ല. എന്നാല്‍ ഇന്ന്‌ പുതിയ അറിവിന്റെ വെളിച്ചത്തില്‍ നമ്മുടെ കഥാകാരന്മാര്‍ വ്യക്തികളുടെ ഉള്ളിന്റെ ഉള്ളിലെ സ്വപ്‌നലോകത്തിലേക്ക്‌ മടങ്ങിപ്പോകുമോ? ആധുനികതയുടെ മറ്റൊരു രൂപത്തിലേക്കു എഴുത്തുകാര്‍ മടങ്ങിപ്പോകുമോ? അതോ ഡോ. പിള്ളയുടെ പ്രഭാഷണത്തില്‍ സൂചിപ്പിച്ചതുപോലെ ഒരു ജേര്‍ണലിസ്റ്റിക്കു രീതിയിലുള്ള ഭാവനാസാഹിത്യമായിരിക്കുമോ അടുത്ത ചവിട്ടുപടി. കാത്തിരുന്നുകാണാം!
കഥ: ഭാവി ഇരുളടഞ്ഞതോ? (ലേഖനം: ജോണ്‍ മാത്യു)കഥ: ഭാവി ഇരുളടഞ്ഞതോ? (ലേഖനം: ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക