Image

എന്റെ ക്രിസ്മസ് ഓര്‍മ്മകള്‍ ( മീട്ടു റഹ്മത്ത് കലാം )

Published on 24 December, 2013
എന്റെ ക്രിസ്മസ് ഓര്‍മ്മകള്‍  ( മീട്ടു റഹ്മത്ത് കലാം )
മഞ്ഞിന്റെ മൂടുപടം നീക്കിയുല്‌ള ഓര്‍മ്മകളുടെ കടന്നുവരവ് ഓര്‍ക്കാന്‍ കഴിയാത്ത ഒന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ക്രിസ്മസിനെക്കുറിച്ചായിരിക്കും.

ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ കീഴിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസവും കോട്ടയംകാരിയായുള്ള ജീവിതവുമാണ് ക്രിസ്മസ് ഓര്‍മ്മകളെക്കുറിച്ച് ഒരു പുസ്തകം പോലും തയ്യാറാക്കാനുള്ള ധൈര്യം കാല്‍നൂറ്റാണ്ടുപോലും പിന്നിടാത്ത എന്റെ ജീവിതത്തിന് പകര്‍ന്നുതന്നത്. പ്രത്യേക മതവിശ്വാസികളുടെ മാത്രം ആഘോഷമായി ക്രിസ്മതിനെ ഒരിക്കലും ഞാന്‍ നോക്കിക്കണ്ടിട്ടില്ല. അതുകൊണ്ട് തന്നെയാവണം ക്രിസ്മസ് എനിക്ക് ഇത്രമാത്രം പ്രിയപ്പെട്ടതായത്. മറ്റാരെയും പോലെ എന്റെയും മനസ്സിനോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ സ്‌കൂള്‍ കാലയളവിലേതാണ്.

കാണാത്തതൊക്കെ കാണാനും, അിറയാത്തതൊക്കെ അിറയാനും നിഷ്‌കളങ്കമായ മനസ്സ് തുറന്ന് വച്ചിരിക്കുന്ന കുട്ടിക്കാലം സംശയങ്ങളടെതായിരുന്നു. അലങ്കൃതമായ പുല്‍ക്കൂടിനു നടുവില്‍ തിളങ്ങുന്ന കണ്ണുകളുമായി കണ്ട ഉണ്ണിയേശുവിന് ജിവനുണ്ടോ എന്ന് തൊട്ടുനോക്കാന്‍ വെമ്പല്‍കൊണ്ടതും , ഉണ്ണിയേശു തന്നെയാണോ യേശുക്രസ്തു എന്ന് കൂട്ടുകാരിയോട് ചോദിച്ചതുമെല്ലാം കൂടുതല്‍ അിറയാനുള്ള ആഗ്രഹം കൊണ്ടാവാം . ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അവള്‍ പറഞ്ഞ ഉത്തരമാണ് എന്നെ കൂടുതല്‍ ചിരിപ്പിക്കുന്നത്.  “മമ്മിയോട് ചോദിച്ചിട്ട് നാളെ പറഞ്ഞാന്‍ മതിയോ” എന്ന്. പിന്നെ ഞങ്ങള്‍ അത് മറന്നെങ്കിലും ഓരോ ക്രിസ്മസിനും സ്‌കൂളില്‍ വിശിഷ്ടാതിഥിയായെത്തുന്ന ഫാദറിന്റെ പ്രസംഗങ്ങളില്‍ നിന്ന് പടിപടിയായി പലതും ഞാന്‍ മനസ്സിലാക്കി. മുട്ടയും മത്സ്യമാംസാദികളും കഴിക്കാന്‍ ആഘോഷത്തിനിടയിലാണ് ആദ്യമായി അറിയുന്നത്. കേക്കില്‍ മുട്ടയുണ്ടെന്നറിഞ്ഞിട്ടും കൊതി കാരണം യേശു ക്ഷമിച്ചോളും എന്ന് പറഞ്ഞ് കണ്ണടച്ച് കേക്ക് അകത്താക്കിയ കൂട്ടുകാരിയെയാണ് നോമ്പിനെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്നത് . ബേത്‌ലഹേം, ജെറുസലേം തുടങ്ങിയ സ്ഥലങ്ങള്‍ മുന്നില്‍ നില്‍ക്കുന്നതുപോലെ വിവരിച്ചു തന്ന ആ ഫാദറിന്റെ പേര് ഓര്‍മ്മ വരുന്നില്ലെങ്കിലും അന്ന് പറഞ്ഞ വിശ്വാസിയായ ചെരുപ്പുകുത്തിയുടെയും ഡെയ്‌സിച്ചെടിയുടെയും കഥകള്‍ മായാതെ മനസ്സിലുണ്ട്. 

വിശ്വാസത്തന്റെയും സ്‌നേഹത്തിന്റെയും സന്ദേശങ്ങളായ അത്തരം കഥകള്‍, ആഘോഷങ്ങള്‍ക്കൊടുവില്‍ നല്‍കിയിരുന്ന കേക്കിനേക്കാള്‍ മധുരമുള്ളതായിരുന്നു. അവ ഓരോന്നും ശ്രദ്ധാപൂര്‍വ്വം ശ്രവിച്ച് ഹൃദയത്തിന്റെ, കോട്ടം തട്ടാത്ത കോണില്‍ കുറിച്ചുവച്ചിട്ടുണ്ട്. സ്‌കൂള്‍ ക്വയറില്‍ പാടിയിരുന്നതുകൊണ്ട് ജിംഗിള്‍ ബെല്‍സ് പോലുള്ള പാട്ടുകളുടെ വരികള്‍ ഗൂഗിളില്‍ നോക്കാതെ പാടാന്‍ പറ്റുമെന്ന ഗുണവും കിട്ടി. അങ്കിള്‍ സാന്റാ എങ്ങനെ ക്രിസ്മസ് അപ്പൂപ്പന്‍ ആയെന്ന് പാട്ടിനിടയില്‍ മനസ്സില്‍ കയറിക്കൂടിയ സംശയമാണ്.

ക്രിസ്മസ് അപ്പൂപ്പനെ കാത്ത് ഉറക്കളച്ചിരുന്ന രാത്രികളില്‍ സമ്മാനമായി അപ്പൂപ്പന്റെ ആ മുഖംമൂടി കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചിട്ടുണ്ട് . വെള്ള മീശയും താടിയുമുള്ള മുഖം മൂടി വെച്ച് തൊപ്പിയും ചുവന്ന് വസ്ത്രവും ധരിച്ചെത്തുന്ന ഒരാളായാണ് എന്റെ ബാല്യം സാന്റയെ മനസ്സില്‍ കോറിയിട്ടിരുന്നത്. റെയിന്‍ഡിയറിന്റെ പുറത്ത് കയറി, മേഘപാളികള്‍ക്കിടയിലൂടെ, മഞ്ഞുപെയ്യുന്ന രാത്രിയില്‍ ഏവര്‍ക്കും ക്രിസ്മസ് സമ്മാനങ്ങളുമായി എത്തുന്ന സാന്റാക്ലോസ് ഒരു ജനവിഭാഗത്തിന് സങ്കല്പം എന്നതില്‍ കവിഞ്ഞ് പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും ഭാഗമാണെന്ന് എപ്പൊഴോ അിറഞ്ഞശേഷമുള്ള ക്രിസ്മ്‌സിന് മുഖംമൂടിയില്ലാത്ത യഥാര്‍ത്ഥ സാന്റയെ ഒന്ന് കണ്ടാല്‍ കൊള്ളാമെന്ന ആഗ്രഹമായി.

ഞങ്ങളുടെ ഏരിയയില്‍ സാന്റാക്ലോസിന്റെ വേഷം സ്ഥിരമായി കൈകാര്യം ചെയ്തിരുന്നത് ഡാ തടിയാ സിനിമയിലേതുപോലെ നല്ല വണ്ണമുള്ള ഒരു ചേട്ടനായിരുന്നു . അന്ന് ഞങ്ങള്‍ നാട്ടുകാര്‍ കണ്ടെത്തിയ കലാവാസനയാകാം പിന്നീട് മഴവില്‍ മനോരമ കോമഡി ഫെസ്റ്റിവലിലൊക്കെ പെണ്‍വേഷം കെട്ടി നൃത്തം ചെയ്തു (മെയ്ഡ് ഇന്ത്യ) എന്ന പാട്ട് ഇറങ്ങിയ സമയം കാരള്‍ സംഭവബഹുലമാക്കിയിരുന്നു.

ഡിസംബറിലെ തണുത്തുറഞ്ഞ രാത്രികളില്‍ ആകാശദീപങ്ങള്‍ കണ്ണ് ചിമ്മുമ്പോള്‍ താഴെ ഞങ്ങളുമുണ്ടെന്ന് പറഞ്ഞ് കണ്ണിറുക്കുന്ന ഭൂമിയിലെ നക്ഷത്രങ്ങള്‍ വല്ലാത്ത ഒരു ആകര്‍ഷണമാണ്. മറ്റുള്ളവരുടേത് കണ്ട് ഒന്നും ആഗ്രഹിക്കരുതെന്നാണെങ്കിലും അയല്‍പക്കത്തൊക്കെ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങള്‍ കണ്ട് മനസ്സിളകിയ ഒരു രാത്രിയില്‍ ഞാന്‍ കിടന്ന് വാശി പിടിച്ച് വീട്ടില്‍ സ്റ്റാര്‍ തൂക്കിച്ചതും നേര്‍ത്ത ചിരി സമ്മാനിക്കുന്ന ഓര്‍മ്മയാണ്. ലൈറ്റ് കത്തുന്ന നക്ഷത്രം വേണമെന്നതായി അടുത്ത കൊല്ലത്തെ ആവശ്യം. അകത്ത് ബള്‍ബിട്ടാണ് അങ്ങനെ വെളിച്ചം വരുന്നതെന്നൊന്നും എനിക്കറിയില്ലായിരുന്നു. നിറയെ സുഷിരങ്ങളുള്ള ഒരു തരം നക്ഷത്രത്തെ ഞാന്‍ ലൈറ്റ് കത്തുന്ന സ്റ്റാര്‍ എന്ന് വിളിച്ചു.

ഇനി പറയാനുള്ളത് പടക്കങ്ങളെക്കുറിച്ചാണ്. കൊച്ചുകുട്ടികള്‍ പൊട്ടാസ് മാത്രം പൊട്ടിച്ചാന്‍ മതി ബാക്കിയൊക്കെ അപകടമാണ്. , മുതിര്‍ന്നവര്‍ ചെയ്യുന്നത് കണ്ടാസ്വദിക്കുക എന്ന ഉപദേശം ഞാന്‍ ശിരസാവഹിച്ചു. ഇന്നത്തെപ്പോലെ തോക്കില്‍ പൊട്ടാസ് കയറ്റി വെടിവെച്ചു കളിക്കുന്ന പരിപാടി അന്നില്ലായിരുന്നു. ചുറ്റിക കൊണ്ടോ അറ്റം കൂര്‍ത്ത കല്ലുകൊണ്ടോ പെണ്‍കുട്ടുയുടെ നെറ്റിയില്‍ കുത്തിയ പൊട്ടുപോലെ കാണുന്ന ഭാഗത്ത് ഒറ്റയടിയാണ്. ഠേ…ഠേ…ശബ്ദം ! മരുന്നുള്ള ഭാഗം മാറിയാല്‍ സംഗതി പൊട്ടില്ല. പൂക്കുറ്റി ചീറ്റുന്നതും അട്ടയുരുളന്‍ ഉരുണ്ടുമറിയുന്നതും കണ്ട് കൊതിയോടെ വെള്ളമിറക്കി അല്പം അകലത്തില്‍ മാറി നില്‍ക്കാനേ അനുവാദമുണ്ടായിരുന്നുള്ളൂ. കമ്പിത്തിരി ആദ്യമൊക്കെ കയ്യില്‍ പിടിച്ച് കത്തിക്കുകയും സ്വയം പിടിക്കുമ്പോള്‍ ഒരു തരം ജാട തോന്നുകയും ചെയ്തിട്ടുണ്ട്. മാലപ്പടക്കം, അമിട്ട് തുടങ്ങിയ കൂടിയ പാര്‍ട്ടിക്കു മുന്നില്‍ ഞാന്‍ ഇപ്പോഴും അതേ കൊച്ചുകുട്ടിയായി തുടരുകയാണ്. പലപ്പോഴും ചിന്തിക്കാറുണ്ട് ഈ പേടിച്ച് വിറച്ച് ചെവി പൊത്തി ഇത്ര കഷ്ടപ്പെട്ട് എന്തിനാ പടക്കത്തിനടുത്ത് നില്‍ക്കുന്നതെന്ന്. പക്ഷേ, ആ പേടി എന്തോ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു സുഖമുണ്ട്.

ഫെയ്‌സ്ബുക്കില്‍ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍ എന്ന് പോസ്റ്റ് ഇടുന്നതു പോലെയോ ഇ-കാര്‍ഡ് അയയ്ക്കും പോലെയോ ആയിരുന്നില്ല പത്ത് വര്‍ഷം മുന്‍പ് വരെ . കാര്‍ഡ് വാങ്ങാന്‍ പണം ഒപ്പിക്കുന്നത് , കടയില്‍ പോകാന്‍ അനുവാദം വാങ്ങിക്കുന്നത്, ഇഷ്ടപ്പെട്ട ഒരെണ്ണം തിരഞ്ഞെടുക്കുന്നത് തുടങ്ങി ഒരുപാട് പരിശ്രമങ്ങളുണ്ട് . മുപ്പത് രൂപ വരെ ഒക്കെയേ ഫണ്ട് കാണുകയുള്ളൂ. കൂടുതല്‍ ഇഷ്ടമുള്ള സൃഹൃത്ത് വിലകൂടിയത് (15 രൂപ), സ്‌നേഹത്തിന്റെ അളവ് കുറയുന്നതനുസരിച്ച് ഇരുപത്തിയഞ്ച് പൈസയുടേത് വരെ വാങ്ങിക്കൊടുത്തിട്ടുണ്ട് ചിലര്‍ക്ക് . വാങ്ങിക്കഴിഞ്ഞ് ഒരുപാട് ഇഷ്ടം തോന്നിയ ഒരു കാര്‍ഡില്‍ സ്വന്തം പേരെഴുതി ആരോ തന്നതാണെന്ന ഗമയില്‍ സൂക്ഷിച്ചുവച്ചിട്ടുപോലുമുണ്ട്.

പരീക്ഷച്ചൂടിനിടയ്ക്കാവും കാര്‍ഡ് കൈമാറല്‍ . വിഷമം പിടിച്ച് പരീക്ഷ കഴിഞ്ഞു വരുമ്പോഴും “ ഓപ്പണ്‍ വിത്ത് എ സ്വീറ്റ് സ്മയില്‍ “  എന്നെഴുതി ഒരു മനുഷ്യരൂപവും വരച്ച് സ്‌നേഹത്തോടെ  നീട്ടുന്ന കാര്‍ഡിന്റെ കവര്‍ തുറക്കുന്ന മാത്രയില്‍ എല്ലാ വിഷമങ്ങളും പമ്പ കടക്കും. ലോഡ്‌ഷെഡ്ഡിംഗ് നേരത്ത് മെഴുകുതിരിയുടെ ഇത്തിരി വെട്ടത്തില്‍ പേനയും മറ്റുമായി റെഡിയായിരിക്കുമ്പോള്‍ പഠിക്കാനുള്ള ഉത്സാഹമായിരുന്നില്ല, വടിവൊത്ത അക്ഷരത്തില്‍ കാര്‍ഡില്‍ കൂടുതല്‍ സ്‌നേഹം കുത്തിനിറയ്ക്കാനുള്ള തീവ്ര ശ്രമം ആയിരുന്നിരിക്കും പത്തു ദിവസം കൂട്ടുകാരെ കാണാതെ ഇരിക്കുന്നതെങ്ങനെ എന്നൊക്കെ സെന്റി അടിക്കുമ്പോഴും അവധി കഴിയാതിരുന്നെങ്കില്‍ എന്ന് പ്രാര്‍ത്ഥിച്ചുപോകാറുണ്ട്. ഇത്രയധികം ചാനലുകളും യൂട്യൂബും ഒന്നുമില്ലാതിരുന്ന കാലത്ത് അല്പം പുതിയ പടങ്ങള്‍ ടിവിയില്‍ വരാന്‍ എല്ലാവരും കാത്തിരിക്കുക . ക്രിസ്മസ് നാളുകളിലായിരുന്നു ക്രിസ്മസ അവധിയുടെ ഒന്‍പത് ദിവസം ഒന്നും ചിന്തിക്കാതെ അടിച്ചുപൊളിച്ചിട്ട് , അവസാനദിവസം അയ്യോ നാളെ സ്‌കൂള്‍ തുറക്കും, പേപ്പര്‍ കിട്ടും എന്നൊക്കെ ടെന്‍ഷന്‍ അടിക്കുന്നത് ഇന്നോര്‍ക്കുമ്പോള്‍ രസമുണ്ട്.

സ്‌കൂള്‍ ഓര്‍മ്മകളിലേയ്ക്ക് ഒന്നുകൂടി പാളിനോക്കിയാല്‍ ക്രിസ്മസ് ഫ്രണ്ടിനെ തിരഞ്ഞെടുക്കുക എന്ന ആശയ പീലി വിടര്‍ത്തുന്നത് കാണാം. ഹൈസ്‌കൂള്‍ കാലത്താണ് അങ്ങനെയാണ് പരിചയപ്പെടുന്നത് സംഗതി നറുക്കെടുപ്പാണെങ്കിലും സ്വന്തം സുഹൃത്തിനെ തന്നെ കിട്ടാന്‍ ചില്ലറ തട്ടിപ്പുളൊക്കെ നടന്നിരുന്നു. പ്ലസ് വണ്ണില്‍ വച്ച് എന്നെ ക്രിസ്മസ് ഫ്രെണ്ടായി കിട്ടിയത് ലക്ഷ്മിക്കായിരുന്നു. അന്നെന്നോട് ഇപ്പോ ഉള്ള അത്രയും സ്‌നേഹം തോന്നാതിരുന്നതുകൊണ്ടാണ് ചെറിയ ഗിഫ്റ്റ്. വാങ്ങിയതെന്നും പിന്നീടായിരുന്നെങ്കില്‍ കുറച്ചുകൂടി നല്ലത് വാങ്ങിയേനെയെന്നും ഞങ്ങള്‍ കൂടുതല്‍ അുെത്തപ്പോള്‍ അവള്‍ പറഞ്ഞു. ഒരു ക്ഷമാപണം പോലെ , 2 വര്‍ഷക്കാലമേ ഒരുമിച്ചുണ്ടായിരുന്നുള്ളൂ. ഒരാളാണ് അവള്‍, ഒരു ക്രിസ്മസ് എനിക്ക് തന്ന സമ്മാനമാണ് ആ സൗഹൃദം.

പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മറ്റൊരു രസമുണ്ടായി. ഞാനെന്റെ ക്രിസ്മസ് ഫ്രണ്ടിന് സമ്മാനമൊക്കെ കൊടുത്തു. എന്നെ കിട്ടിയ ആള്‍ ഒന്നും വാങ്ങിയിട്ടില്ല . അവന്റെ ഓട്ടോഗ്രാഫില്‍ പോലും ഞാന്‍ അതിനേക്കുറിച്ച് എഴുതിയിരുന്നു. ഒടുക്കം ഏപ്രിലില്‍ അവസാന പരീക്ഷ കഴിഞ്ഞപ്പോഴാണ് ആ ഗിഫ്റ്റ് എന്റെ കയ്യില്‍ എത്തുന്നത് . അന്നെനിക്ക് മനസ്സിലായി ഓരോ ക്രിസ്മസ് ഗിഫ്റ്റും എപ്പോള്‍ ആര്‍ക്ക് ലഭിക്കണമെന്ന് നേരത്തെ നിശ്ചയിക്കപ്പട്ടിട്ടുണ്ട് . അതിന് ഡിസംബര്‍ 25 തന്നെ വേണമെന്നില്ല. ക്രിസ്മസിന്റെ നന്മ ഒരൊറ്റ ദിവസത്തില്‍ ഒതുങ്ങേണ്ടതല്ല എന്ന സന്ദേശം അതില്‍ ഉള്‍ക്കൊണ്ടിരുന്നതായി ഇപ്പോള്‍ തോന്നുന്നു. ഓരോ അനുഭവങ്ങളും നാളെ ഓര്‍മ്മകള്‍ ആയി തീരേണ്ടതാണ്. അതുകൊണ്ടുതന്നെ ഏത് ആഘോഷവും മനസ്സ് നിറഞ്ഞ് ആഘോഷിക്കുക.

ഇ-മലയാളിയുടെ എല്ലാ വായനക്കാര്‍ക്കും ഓര്‍മ്മയുടെ താളുകളില്‍ എന്നും ഓമനിക്കാന്‍ നന്മയാല്‍ സമൃദ്ധമാകട്ടെ ഈ ക്രിസ്മസ് ദിനവും








എന്റെ ക്രിസ്മസ് ഓര്‍മ്മകള്‍  ( മീട്ടു റഹ്മത്ത് കലാം )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക