Image

ക്രിസ്മസ്: എല്ലാവര്‍ക്കും അവകാശപ്പെട്ട സന്തോഷം ഒരിക്കല്‍കൂടി (ഡി. ബാബുപോള്‍)

ഡി. ബാബുപോള്‍ Published on 26 December, 2013
 ക്രിസ്മസ്: എല്ലാവര്‍ക്കും അവകാശപ്പെട്ട സന്തോഷം ഒരിക്കല്‍കൂടി  (ഡി. ബാബുപോള്‍)
ഒരു വ്യക്തിയുടെ ജനനവും ശൈശവവും ബാല്യകൗമാരങ്ങളും ശ്രദ്ധിക്കപ്പെടുന്നത് ആ വ്യക്തി ശിഷ്ടായുസ്സില്‍ എന്തെങ്കിലുംനേടി സമൂഹശ്രദ്ധയില്‍ ആരാധ്യനായി ഭവിക്കുമ്പോഴാണ്. യേശുക്രിസ്തുവിന്‍െറ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചത്. സുവിശേഷങ്ങളില്‍ ഒന്നാമതായി വിരചിതമായത് മര്‍ക്കോസിന്‍െറ സുവിശേഷം ആയിരുന്നു. മര്‍ക്കോസ് യേശുവിന്‍െറ ജനനത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതേയില്ല. യോഹന്നാന്‍ സ്നാപകനെക്കുറിച്ച് യെശയ്യാപ്രവചനത്തില്‍ പറയുന്നത് ഉദ്ധരിക്കുകയും ഉദ്ധരണി ഉള്‍പ്പെടെ എട്ട് വാള്യങ്ങളില്‍ ആ ഉപക്രമം പൂര്‍ത്തിയാക്കുകയും ചെയ്തതിന് ശേഷം ‘ ആ കാലത്ത് യേശു ഗലീലയിലെ നസറത്തേില്‍നിന്ന് വന്നു’ എന്നുപറഞ്ഞ് നേരെ ക്രിസ്തുവിന്‍െറ പരസ്യശുശ്രൂഷയിലേക്ക് കടക്കുകയാണ് മര്‍ക്കോസ്.
ആ രേഖ ലഭ്യമായതോടെ യേശു നസറത്തേില്‍നിന്ന് വന്നു എന്ന് ഒഴുക്കനായങ്ങ് പറഞ്ഞാല്‍ പോരാ എന്ന ചിന്ത ഉദിച്ചു. മത്തായിയും ലൂക്കോസും ആ വഴി ചില അന്വേഷണങ്ങള്‍ നടത്തി. മറിയം അന്നും ജീവിച്ചിരിപ്പുണ്ടല്ളോ. പതിന്നാലാം വയസ്സില്‍ പ്രസവിച്ച കന്യകയാണ്. അമ്മയുടെ ഓര്‍മയില്‍ മകന്‍െറ ചിത്രത്തിനുള്ള തെളിമ എണ്‍പതാം വയസ്സിലും മറയുകയില്ല. തന്നെയുമല്ല പരസ്യശുശ്രൂഷയുടെ മൂന്ന് സംവത്സരങ്ങള്‍ക്കിടയില്‍ തന്നെ മകന്‍െറ സുഹൃത്തുക്കളോട് പലപ്പോഴായി പറഞ്ഞത് മത്തായിയും കേട്ടിട്ടുണ്ടാവാം. കേട്ടിട്ടുള്ളവരുമായി ലൂക്കോസിന് പരിചയവും ഉണ്ടായിരുന്നിരിക്കണം. അതുകൊണ്ട് മത്തായിയും ലൂക്കോസും ആ ഭാഗത്തെ അധ്യായങ്ങള്‍ (മത്തായി അധ്യായം 3, വാക്യം 12 ആദ്യത്തെ ഇരുപത് വാക്യങ്ങള്‍ വരെയും) സ്നാനപൂര്‍വകാലത്തെ യേശുവിശേഷങ്ങള്‍ രേഖപ്പെടുത്താന്‍ നീക്കിവെച്ചു. അതുകൊണ്ടാണ് ക്രിസ്മസും അനുബന്ധ വിശേഷങ്ങളും രണ്ട് സുവിശേഷങ്ങളില്‍ മാത്രം കാണുന്നത്.
അതിനോടകം കഥകള്‍ പലതും പ്രചരിച്ചുതുടങ്ങിയിരുന്നു. ശ്രീകൃഷ്ണന്‍െറ ജനനത്തെയും ശൈശവ-ബാല്യകാലങ്ങളെയും കുറിച്ച് നാം വായിക്കുന്നതരം കഥകള്‍ പലതുണ്ടായി. അവ പൊതുവേ ശൈശവ സുവിശേഷങ്ങള്‍ അഥവാ ഇന്‍ഫന്‍സി ഗോസ്പല്‍ എന്നറിയപ്പെടുന്നു. അവയില്‍ ഏറ്റവും പ്രശസ്തം പ്രോട്ടോ ഏവന്‍ഗേലിയോന്‍ എന്ന കൃതിയാണ്. കുട്ടികള്‍ കളിമണ്ണുകൊണ്ട് കിളികളെ നിര്‍മിച്ചു. യേശു നിര്‍മിച്ച കിളി ജീവന്‍വെച്ച് പറന്നുപോയി എന്ന മട്ടിലുള്ള കഥകള്‍. കണ്ണന്‍ വായ് തുറന്നപ്പോള്‍ അമ്മ ഈരേഴ് പതിനാല്ലോകവും കണ്ടു എന്ന കഥയെ ഗീതോപദേശത്തിലെ പതിനൊന്നാം അധ്യായവുമായി ബന്ധിപ്പിക്കാവുന്നത് പോലെ ക്രിസ്തുവിന്‍െറ പില്‍ക്കാല ചര്യകളുമായി ബന്ധിപ്പിക്കാവുന്നവയായിരുന്നു അവയൊക്കെ. എന്നാല്‍ ബൈബ്ള്‍ ഒരു വേദഗ്രന്ഥമായി ക്രോഡീകരിക്കപ്പെട്ടപ്പാള്‍ ആ കഥകളൊക്കെ പുറത്തായി.
കന്യകയാണ് പ്രസവിച്ചത് എന്നതും സ്നാപക യോഹന്നാന്‍െറ പിതാവിന് ദേവാലയത്തില്‍വെച്ച് ഉണ്ടായ ദര്‍ശനം മുതല്‍ ഈജിപ്തില്‍നിന്ന് മടങ്ങാനും നസറത്തേില്‍ താമസം ഉറപ്പിക്കാനും ജോസഫിന് ലഭിച്ച ദര്‍ശനം വരെ ഈശ്വരന്‍ തിരുകുടുംബത്തെ നയിച്ച കഥകളും മാത്രം ഒഴിവാക്കിയില്ല. ഈ കന്യകാജനനം സഭക്ക് പുറത്ത് വിമര്‍ശവിധേയമായ സംഗതിയാണ്. മാതളനാരങ്ങ തിന്ന് ഗര്‍ഭം ധരിച്ചതാണ് അത്തീസ് ദേവന്‍െറ അമ്മ, സീയൂസ് ദേവന്‍ കനകമഴയുടെ രൂപത്തില്‍ ആവസിച്ചിട്ടാണ് ദാനയെ എന്ന കന്യക പെഴ്സിയൂസ് ദേവനെ പ്രസവിച്ചത്, പൈത്തഗോറസിനെയും പ്ളോറ്റോയെയും ആഗസ്റ്റ് കൈസറെയുംകുറിച്ചും ഇത്തരം കഥകള്‍ ഉണ്ടായിരുന്നു. യെശയ്യാപ്രവചനം നിവര്‍ത്തിതമായി എന്ന് സ്ഥാപിക്കുകയായിരുന്നു മത്തായിയുടെ ലക്ഷ്യം എന്നൊക്കെ വിമര്‍ശകര്‍ പറഞ്ഞിട്ടുണ്ട്. വംശവിശുദ്ധി കാത്ത യഹൂദര്‍ വിജാതീയ കഥകള്‍ മാതൃകയാക്കുമായിരുന്നില്ല എന്നതുള്‍പ്പെടെ മറുപടികളും ഉണ്ടായിട്ടുണ്ട്. സുമ്മ തിയൊളോജിക്ക എന്ന ഗ്രന്ഥത്തില്‍ അക്വിനാസ് പറയുമ്പോലെ അദ്ഭുതങ്ങളെ വിശ്വാസത്തിനുള്ള തെളിവുകളായിട്ടല്ല വിശ്വസിക്കാനുള്ള കാരണങ്ങളായിട്ടാണ് കാണേണ്ടത് -not signs of faith but objects of faith-എന്ന് പറഞ്ഞുനിര്‍ത്തുക.
മൂന്ന് സുവിശേഷങ്ങള്‍ ഉപരിപരാമര്‍ശിച്ചു. നാലാമത്തേതില്‍ വചനം ജഡം ധരിച്ചു എന്നാണ് തുടക്കം. ഗ്രീക്കുചിന്തയിലെ ലോഗോസ് ആണ് വചനം. ഓംകാരനാദത്തില്‍ അന്തര്‍ലീനമായിരിക്കുന്ന പ്രണവമന്ത്രത്തോട് ചേര്‍ന്നുപോകുന്നതാണ് ലോഗോസ്. (‘ഓം’ എന്ന പദത്തിന് ത്രിമൂര്‍ത്തിബന്ധം പില്‍ക്കാലത്ത് കല്‍പിക്കപ്പെട്ടതാണ്. ആ ശബ്ദത്തിന്‍െറ നിരുക്തി മറ്റൊരു ലേഖനത്തില്‍ പറയേണ്ടതാണ്). ഈ ലോഗോറസ് നമുക്കിടയില്‍ ഇറങ്ങി വസിച്ചു. യോഹന്നാന്‍െറ വാക്കുകള്‍ ഇങ്ങനെ: വചനം ജഡമായിത്തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെയിടയില്‍ പാര്‍ത്തു (അധ്യായം 1, വാക്യം 14). വിസ്താരഭയംകൊണ്ട് ഉദ്ധരിക്കുന്നതാണ് സൃഷ്ടി, സംഭവാമി യുഗേയുഗേ എന്നു തുടങ്ങിയ ആശയങ്ങള്‍. അനാദ്യന്തനായ ഈശ്വരന്‍ മനുഷ്യാവതാരം ചെയ്തു എന്ന കാര്യം ഓര്‍മിച്ചാല്‍ മതി.
ഈശ്വരന്‍ മനുഷ്യനാകുന്നതിലെ അദ്ഭുതകരമായ വിനയത്തെക്കുറിച്ച് പൗലോസ് ഫിലിപ്യസഭക്ക് എഴുതിയ അപ്പോസ്തോലിക ലേഖനത്തില്‍ വാചാലനാകുന്നുണ്ട്. ‘വേദശബ്ദ രത്നാകരം’ എന്ന കൃതിയില്‍ (ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം, 1997, മൂന്നാം പതിപ്പ് 2013) ‘തന്നത്താന്‍ ഒഴിച്ച്’ എന്ന ശീര്‍ഷകത്തില്‍ അത് വിശദീകരിക്കുന്നത് കൗതുകമുള്ളവര്‍ക്ക് വായിക്കാം. കെനോസിസ് എന്നതാണ് ഗ്രീക്കുപദം. ആ പ്രതിഭാസത്തിന്‍െറ തുടര്‍ച്ചയാണ് തിയോഫിനി; കെ.പി. അപ്പന്‍െറ എപ്പിഫനി. ‘അവന്‍െറ കെനോസിസിലാണ് എന്‍െറ തിയോഫനി’ എന്ന പറഞ്ഞാണ് ‘ഫ്രാന്‍സിസ് വീണ്ടുംവന്നു’ (മീഡിയാബുക് ഹൗസ്,കോഴിക്കോട്, 2013) എന്ന കൃതി തുടങ്ങുന്നത്. ദൈവം സ്വയം വെളിപ്പെടാതെ മനുഷ്യന് ദൈവത്തെ കാണാനാവുകയില്ല. തേരാളിയായ കൃഷ്ണനെ കാണാന്‍ അര്‍ജുനന് മനുഷ്യനേത്രങ്ങള്‍ മതി. എന്നാല്‍ ‘ന തു മാം ശക്യസേ ദ്രഷ്ടുമനേനെ വ സ്വ ചക്ഷുഷാ, ദിവ്യം ദദാമി തേ ചക്ഷു$ പശ്യ മേ യോഗമൈശ്വരം’ അഥവാ സ്വന്തം കണ്ണുകൊണ്ട് വിശ്വരൂപനെ കാണാന്‍ കഴിയാത്തതിനാല്‍ കൃഷ്ണന്‍ താല്‍ക്കാലികമായി അനുവദിച്ചുനല്‍കുന്ന ദിവ്യദൃഷ്ടി കൊണ്ടുവേണം അര്‍ജുനന്‍ വിശ്വരൂപം കാണുക എന്ന് ഭഗവത്ഗീതയില്‍ നാം വായിക്കുന്നു. അതാണ് രഹസ്യം. വചനം ജഡംധരിച്ച് നമുക്കിടയില്‍ വസിക്കുന്നത് ഗോചരീഭവിക്കണമെങ്കില്‍ ദൈവികമായ അനുവാദം കിട്ടണം.
ആ അനുവാദം എല്ലാവര്‍ക്കും നല്‍കുന്നു എന്ന പ്രഖ്യാപനമാണ് ക്രിസ്മസ്. ‘ഭയപ്പെടേണ്ട, സര്‍വജനത്തിനും ഉണ്ടാകുവാനുള്ളോരു മഹാസന്തോഷം ഞാന്‍ നിങ്ങളോട് സുവിശേഷിക്കുന്നു’ എന്നതാണ് മാലാഖമാര്‍ അറിയിച്ചത്. സര്‍വജനത്തിനും എന്നതാണ് കമ്പ്യൂട്ടര്‍ഭാഷയില്‍ കീവേഡ്. മദര്‍ തെരേസക്ക് മാത്രമല്ല നളിനി ജമീലക്കും കൂടെ അവകാശപ്പെട്ട സന്തോഷം, വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട സിസ്റ്റര്‍ അല്‍ഫോന്‍സയോടൊപ്പം സഭ പുറത്താക്കിയ പ്രിയപ്പെട്ട അനിയത്തി സിസ്റ്റര്‍ ജെസ്മിക്കും അവകാശപ്പെട്ട സന്തോഷം, ക്രിസ്തുവിനെപ്പോലും ക്ളിഫ്ഹൗസില്‍ കയറാന്‍ അനുവദിക്കാതെ ഉപരോധിച്ചുകളയും എന്ന് പ്രഖ്യാപിക്കുന്ന പിണറായിക്കാരനും ഉപരോധിക്കപ്പെടുന്ന പുതുപ്പള്ളിക്കാരനും ഒപ്പം അവകാശപ്പെട്ട സന്തോഷം; അതാണ് ക്രിസ്മസ് എന്ന തിരിച്ചറിവാണ് ക്രിസ്മസിന്‍െറ യഥാര്‍ഥ സന്ദേശം. നമുക്ക് ഒഴിവാക്കാവുന്ന ഒരു അസന്തുഷ്ടിയുടെ ഇരയാണ് ഒരു സഹജീവി എങ്കില്‍ ആ അസന്തുഷ്ടി ഒഴിവാക്കാന്‍ നാം നമ്മാലായത് ചെയ്യുവോളം വിശ്വരൂപദര്‍ശനത്തിനുള്ള ദിവ്യചക്ഷുസ് നമുക്ക് പ്രാപ്യമാവുകയില്ല. ആ അകക്കണ്ണ് തരുന്ന വചനം നമുക്കിടയിലുണ്ട്. നാം കണ്ണുതുറക്കണം. അപ്പോള്‍ നമുക്ക് ഈശ്വരനെ കാണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക