Image

'ദേശാഭിമാനി'യുടെ ഭൂമി വില്പന: ചോദ്യങ്ങള്‍ക്ക് മുന്നില്‍ സി.പി.എം. കുഴങ്ങുന്നു

Published on 30 December, 2013
'ദേശാഭിമാനി'യുടെ ഭൂമി വില്പന: ചോദ്യങ്ങള്‍ക്ക് മുന്നില്‍ സി.പി.എം. കുഴങ്ങുന്നു
തിരുവനന്തപുരം: 'ദേശാഭിമാനി'യുടെ ഭൂമി വിവാദ വ്യവസായിയായ രാധാകൃഷ്ണന് വിറ്റതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുമുന്നില്‍ സി.പി.എം കുഴയുന്നു. പാലക്കാട്ട് നടന്ന പാര്‍ട്ടിപ്ലീനത്തിന് ഇതേ വ്യവസായിയില്‍ നിന്ന് പരസ്യം വാങ്ങിയത് വിവാദമായതിനു പിന്നാലെയാണ് ഇപ്പോഴത്തെ വിവാദം. ശുദ്ധീകരണ നടപടികള്‍ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോഴാണ് വീണ്ടും വിവാദങ്ങള്‍ പാര്‍ട്ടിയെ വേട്ടയാടുന്നത്. 

ഇടപാടിനെ ഇ.പി.ജയരാജന്‍ ന്യായീകരിച്ചെങ്കിലും ജയരാജനെ പിന്തുണച്ച് ആരും രംഗത്ത് എത്തിയിട്ടില്ല. പാര്‍ട്ടിയില്‍ ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പമാണ് ഇത് വ്യക്തമാക്കുന്നത്. പാര്‍ട്ടി പ്ലീനത്തിന് ഇതേ വ്യവസായിയില്‍ നിന്ന് പരസ്യം സ്വീകരിച്ചത് വിവാദമായപ്പോള്‍ പാര്‍ട്ടിയെ കുടുക്കിലാക്കാന്‍ വ്യവസായി മനപ്പൂര്‍വം നടത്തിയ ശ്രമങ്ങള്‍ തിരിച്ചറിയാനാവാതെപോയി എന്നായിരുന്നു വിശദീകരണം. ഇപ്പോള്‍ പറയുന്നത് ഭൂമി വിറ്റത് ഡാനിഷ് ചാക്കോയ്ക്ക് ആണെന്നും ഇടപാടില്‍ രാധാകൃഷ്ണന്റെ പങ്ക് അറിഞ്ഞിരുന്നില്ലെന്നുമാണ്.

എന്നാല്‍ സി.പി.എം പോലെ ശക്തമായ സംഘടനാ സംവിധാനമുള്ള പാര്‍ട്ടിക്ക് ഇതൊന്നും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നു പറയുന്നതില്‍ അണികള്‍ക്കുപോലും അവിശ്വസനീയത തോന്നാം.

വെറുമൊരു സര്‍ക്കാര്‍ ജീവനക്കാരനായ ഡാനിഷ് ചാക്കോയ്ക്ക് ഇത്രയും പണം മുടക്കാനുള്ള ശേഷിയുണ്ടോയെന്നുപോലും തിരക്കാതെ ഇടപാട് നടത്തിയെന്നു പറഞ്ഞാല്‍ അതും അവിശ്വസനീയം. രാധാകൃഷ്ണന്‍ ക്രിമിനലല്ല എന്നാണ് ജയരാജന്‍ പറയുന്നത്. എന്നാല്‍ മലബാര്‍ സിമന്റ്‌സ് മാനേജര്‍ ശശീന്ദ്രന്റെയും മക്കളുടെയും കൊലപാതകവുമായി ബന്ധപ്പെട്ട കേസ്സില്‍ പ്രതിയാണ് രാധാകൃഷ്ണന്‍. ആ കേസ്സില്‍ വിധിവരുന്നതിന് മുമ്പ് രാധാകൃഷ്ണന്‍ ക്രിമിനല്ലെന്ന മുന്‍വിധി നിയമവൃത്തങ്ങളിലും അത്ഭുതമുളവാക്കിയിട്ടുണ്ട്.

സെക്രട്ടേറിയറ്റിന് സമീപപ്രദേശത്തുള്ള 32 സെന്റ് സ്ഥലവും പഴയ കെട്ടിടവും 3.34 കോടിക്കാണ് രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ക്യാപിറ്റല്‍ സിറ്റി ഹോട്ടല്‍സ് ആന്‍ഡ് ഡെവലപ്പേഴ്‌സ് എന്ന കമ്പനിക്ക് വിറ്റിരിക്കുന്നത്. ഇടപാടില്‍ നഷ്ടമില്ലെന്നാണ് ജയരാജന്റെ വാദം. എന്നാല്‍ ഈ സ്ഥലത്തെ വിപണിവില ഇതിലും എത്രയോ കൂടുതലാണ്. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ എത്ര കോടിക്കാണ് വില്പന നടന്നതെന്ന ചോദ്യവും ഉയരുന്നു. 

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഫിബ്രവരി ഒന്നിന് സംസ്ഥാനജാഥ തുടങ്ങുകയാണ്. ഈ ജാഥയില്‍ വിവാദ വ്യക്തികളെ ക്ഷണിക്കരുതെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ദുരൂഹമായ ഇടപാടിലൂടെ വിവാദവ്യക്തിക്ക് ദേശാഭിമാനിയുടെ വസ്തു വിറ്റതിനെക്കുറിച്ച് ഉയരുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടി പറയാന്‍ കുഴങ്ങുമ്പോള്‍ ഈ തീരുമാനത്തിന് എന്ത് പ്രസക്തിയെന്ന ചോദ്യവും ഉയരുന്നു.

പഴയ ദേശാഭിമാനി ഓഫീസും സ്ഥലവും 3.34 കോടിക്കാണ് വിറ്റതെന്ന ജയരാജന്റെ അവകാശവാദവും ചോദ്യം ചെയ്യപ്പെടുകയാണ്. ഭൂമിയുടെ വിപണിവില കണക്കാക്കുമ്പോള്‍ ഇതിന്റെ എത്രയോ ഇരട്ടി തുക കള്ളപ്പണമായും ഇടപാടിന് പുറകില്‍ ഒഴുകിയിട്ടുണ്ടെന്നും പ്രചരിക്കുന്നുണ്ട്.

Join WhatsApp News
Aniyankunju 2013-12-30 14:36:50
....രണ്ടു വര്‍ഷം മുമ്പ് തിരുവനന്തപുരം മാഞ്ഞാലിക്കുളത്തെ "ദേശാഭിമാനി" കെട്ടിടവും 32 സെന്റ് സ്ഥലവും വില്‍പന നടത്തിയത് സുതാര്യമായാണ്. വില്‍പനയ്ക്ക് മുന്നോടിയായി പത്രപ്പരസ്യം ചെയ്തിരുന്നു. ഏജന്റുമാര്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ സമീപിച്ചു. നേരിട്ടുള്ള കച്ചവടത്തിനുമാത്രമേ തയ്യാറുള്ളൂവെന്ന് വ്യക്തമാക്കിയിരുന്നു. അങ്ങനെയാണ് വില്‍പ്പന നടന്നത്. വി എം രാധാകൃഷ്ണനുമായി ദേശാഭിമാനി ഒരു ഇടപാടും നടത്തിയിട്ടില്ല. ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് ഇയാള്‍ "ദേശാഭിമാനി"യെ സമീപിച്ചിട്ടില്ല. മാഞ്ഞാലിക്കുളത്തെ കെട്ടിടം പഴയതായിരുന്നു. പുതിയ കെട്ടിടം നിര്‍മിക്കാതെ ഇവിടെ തുടരാന്‍ പറ്റുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. "ദേശാഭിമാനി" കാലോചിതമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് കെട്ടിടവും സ്ഥലവും വിറ്റത്. ഈ തുകയും"ദേശാഭിമാനി"യുടെ മൂലധനവും ജനങ്ങളുടെ സഹായവും കൊണ്ടാണ് തിരുവനന്തപുരം തമ്പാന്നൂരില്‍ 60 സെന്റ് സ്ഥലം വാങ്ങി പുതിയ കെട്ടിടം പണിതത്. സെന്റിന് ഏഴു ലക്ഷം രൂപയാണ് നല്‍കിയത്. തമ്പാനൂരില്‍ തലയുയര്‍ത്തിനില്‍ക്കുന്ന കെട്ടിടം കണ്ട് ചിലര്‍ അസൂയപ്പെടുകയാണ്. നവീകരണത്തിന്റെ പാതയിലാണ് ദേശാഭിമാനി. രണ്ടു പ്രസ്സുകള്‍ നവീകരിച്ചതിന്റെ ഉദ്ഘാടനം നടക്കാന്‍ പോവുകയാണ്. സിപിഐ എം മുഖപത്രമായ "ദേശാഭിമാനി" ജനങ്ങളുടെ പൊതുപത്രമായി അതിവേഗം വളരുകയാണ്. കേരളത്തില്‍ കൂടുതലാളുകള്‍ വായിക്കുന്ന പത്രമാണിത്. "ദേശാഭിമാനി"ക്കെതിരെ വാര്‍ത്തകൊടുക്കുമ്പോള്‍ ജനറല്‍ മാനേജരായ തന്നോട് നിജസ്ഥിതി അന്വേഷിക്കാമായിരുന്നു. എന്നാല്‍, വാര്‍ത്ത കൊടുത്തശേഷം ചര്‍ച്ചയ്ക്ക് വിളിക്കുകയാണ് ചെയ്തത്. ഏഷ്യാനെറ്റിന്റെ കൂലിക്കാരനല്ലാത്തതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. അവരുടേത് സത്യസന്ധവും നീതിപൂര്‍വവുമായ മാധ്യമപ്രവര്‍ത്തനമല്ല. ........
Observer 2013-12-31 08:00:32
Aniyankunju Your mudathan nayam nobody is going to believe. If you say the truth you will be out from your current position in seconds. You have to be smart enough to know that Kerala people are very smart now and people are living in electronic age. Very people left like you in Kerala who believe the superiors words and say b.....s....This is electronic age and any kid can find out the running cost of this land in Tvm. Eneyangilum Sathayam parayan padikku.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക