Image

മോഡിയന്‍ ഫാസിസത്തെ ചെറുക്കാന്‍ ആം ആദ്‌മിക്ക്‌ കഴിയുമോ?

ജയമോഹനന്‍ എം. Published on 28 December, 2013
മോഡിയന്‍  ഫാസിസത്തെ ചെറുക്കാന്‍ ആം ആദ്‌മിക്ക്‌ കഴിയുമോ?
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആം ആദ്‌മി രാഷ്ട്രീയത്തിന്റെ പുതുപ്പിറവി നടക്കുമ്പോള്‍ തന്നെയാണ്‌ മറ്റൊരു സവിശേഷമായ കാര്യവും കടന്നു വന്നത്‌. അത്‌ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ബ്ലോഗ്‌ എഴുത്താണ്‌. ഒരു പതിറ്റാണ്ട്‌ പിന്നിടുമ്പോള്‍ രാജ്യം കണ്ട ഏറ്റവും വലിയ കലാപകാലത്തെക്കുറിച്ച്‌, ആ കലാപത്തിലെ ഏറ്റവും വലിയ കുറ്റക്കാരനായി ആരോപിക്കപ്പെട്ട നരേന്ദ്രമോഡി മനസ്‌ തുറന്ന്‌ ദുഖസാന്ദ്രമായ കുറിപ്പെഴുതുന്നു.

ആലോചിച്ചു നോക്കിയാല്‍ അതീവ രസകരമാണിത്‌. സോഷ്യലിസത്തിന്റെ, മതേതരത്വത്തിന്റെ, സാധാരണക്കാരന്റെ രാഷ്ട്രീയം പറഞ്ഞുകൊണ്ട്‌ ഒരു പുതിയ പാര്‍ട്ടി എത്തിയപ്പോള്‍ രാജ്യ തലസ്ഥാനത്ത്‌ അവര്‍ ഒരു വര്‍ഷം കൊണ്ട്‌ അധികാരത്തിലെത്തി. എന്നാല്‍ ഈ കാഴ്‌ചകൊണ്ട്‌ നമ്മുടെ രാജ്യം ഒരു പുരോഗമന രാഷ്ട്രീയത്തിലേക്ക്‌ കുതിക്കുന്നു എന്ന്‌ കരുതുക വയ്യ. അവര്‍ക്ക്‌ നേരെ എതിര്‍പക്ഷത്ത്‌  സര്‍വ്വ ശക്തനായ മോഡിയുടെ രാഷ്ട്രീയമാണ്‌. ഹിന്ദി ഭൂമികയെ ഒന്നാകെ വിഴുങ്ങാന്‍ അടവും നയവും പയറ്റുന്ന മോഡിയുടെ രാഷ്ട്രീയം. അതായത്‌ ആം ആദ്‌മിയും ഫാസിസവും പ്രത്യക്ഷത്തിലല്ലെങ്കിലും നേര്‍ക്ക്‌ നേര്‍ നില്‍ക്കുന്നു.

നെഹ്‌റു കുടുംബവാഴ്‌ച നടക്കുന്ന കോണ്‍ഗ്രസ്‌ എന്ന ഇന്ത്യയിലെ പാരമ്പര്യമുള്ള രാഷ്ട്രീയ ശക്തിയെ വെല്ലുവിളിച്ച്‌ തകര്‍ത്തെറിഞ്ഞുകൊണ്ടാണ്‌ ആം ആദ്‌മി പാര്‍ട്ടിയുടെ കുതിച്ചു കയറ്റം നടന്നത്‌. ആം ആദ്‌മിയെ വിജയത്തിലേറ്റിയത്‌ അഴിമതിയില്‍ മുങ്ങിക്കുളിച്ച കോണ്‍ഗ്രസിനോട്‌ സാധാരണക്കാരന്റെ വിയോജിപ്പുകളാണ്‌, എതിര്‍പ്പുകളാണ്‌. മറുവശത്തും കോണ്‍ഗ്രസ്‌ തകരുക തന്നെയാണ്‌. തകര്‍ക്കുന്നത്‌ ബി.ജെ.പിയാണ്‌. രാജസ്ഥാനില്‍, മധ്യപ്രദേശില്‍, ചത്തീസ്‌ഗഡ്ഡില്‍ എല്ലാം ബി.ജെ.പി കോണ്‍ഗ്രസിനെ ദയനീയമായി തകര്‍ത്തു. കുറെക്കൂടി വ്യക്തമായി പറഞ്ഞാല്‍ കോണ്‍ഗ്രസിന്റെ ചിറകരിയുന്നത്‌ നരേന്ദ്രമോഡിയെന്ന പുത്തന്‍ ബിംബമാണ്‌. ഹിന്ദു സാമ്രാട്ട്‌ എന്നാണ്‌ അദ്ദേഹത്തെ കഴിഞ്ഞ ദിവസം മലയാളത്തിലെ മുന്‍നിര ചാനല്‍ വിശേഷിപ്പിച്ചത്‌.

ആ പദപ്രയോഗം തന്നെ ഒന്ന്‌ ആലോചിച്ചു നോക്കു. `ഹിന്ദു സാമ്രാട്ട്‌'. ആലങ്കാരിക പ്രയോഗം എന്നൊക്കെ പറയാമെങ്കിലും അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഫാസിസത്തോടുള്ള ആരാധന വ്യക്തമാണ്‌. ഈ ഹിന്ദു സാമ്രാട്ട്‌ പെട്ടന്ന്‌ വാര്‍ത്തയില്‍ കയറി വരാനുള്ള കാരണം അദ്ദേഹത്തെ ഗുജറാത്ത്‌ കലാപകാലത്തെ ഒരു സുപ്രധാന കേസില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധിയാണ്‌. കോടതി വിധി വന്നതിനു പിന്നാലെ വികാരാധീനനായ അദ്ദേഹത്തിന്റെ ബ്ലോഗ്‌ കുറിപ്പും വന്നു. ഗുജറാത്ത്‌ കലാപത്തില്‍ താന്‍ ഏറെ ദുഖിക്കുന്നുവെന്നും കലാപം അമര്‍ച്ച ചെയ്യാന്‍ അക്ഷീണം പ്രയത്‌നിച്ചു എന്നൊക്കെയാണ്‌ മോഡിയന്‍ കുറിപ്പില്‍ പറയുന്നത്‌. ഇതിനെതിരെ എം.എന്‍ കാരിശേരി മാഷ്‌ പറഞ്ഞത്‌ ഒരു കപട രാഷ്ട്രീയക്കാരന്റെ തിരഞ്ഞെടുപ്പ്‌ രാഷ്ട്രീയ തന്ത്രം എന്നാണ്‌. അത്‌ ശരിയായിരിക്കാം. അല്ലെങ്കില്‍ മോഡി യഥാര്‍ഥത്തില്‍ ഗുജറാത്ത്‌ കലാപത്തെക്കുറിച്ച്‌ ദുഖിക്കുന്നുണ്ടാവാം. പക്ഷെ ഒന്നുണ്ട്‌, മോഡി പക്ഷത്തേക്ക്‌ ചായുമ്പോള്‍ അത്‌ ഫാസിസത്തിലേക്കുള്ള ചായ്‌വ്‌ തന്നെയെന്ന്‌ തിരിച്ചറിയാതെ പോകുന്നു ഭൂരിപക്ഷവും. കലാപ കാലത്തെക്കുറിച്ച്‌ അന്നത്തെ ഗുജറാത്ത്‌ പോലീസ്‌ കേഡറിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ആര്‍.ബി ശ്രീകുമാറടക്കം പുറത്തു പറഞ്ഞ തെളിവുകളെല്ലാം ഇപ്പോഴും അതുപോലെ തന്നെ നിഷേധിക്കാന്‍ കഴിയുന്നു. എന്തിന്‌ കലാപത്തിന്റെ ദുരിതങ്ങള്‍ പേറുന്ന ന്യൂനപക്ഷങ്ങള്‍ ഇപ്പോഴും ഗുജറാത്തില്‍ അഭയാര്‍ഥികളായി കഴിയുന്നുണ്ട്‌ എന്നത്‌ ഒരു ബ്ലോഗ്‌ എഴുത്തിലൂടെയൊന്നും നിഷേധിക്കാന്‍ കഴിയില്ല.

അങ്ങനെയിരിക്കുമ്പോള്‍ ഹിന്ദു സാമ്രാട്ട്‌ ഗുജറാത്തിന്റെ ഭൂമിക വിട്ട്‌്‌ നാളെയുടെ പ്രധാനമന്ത്രി പദം സ്വപ്‌നം കണ്ടുകൊണ്ടുള്ള യാത്രയുടെ വഴിയില്‍ നടത്തുന്ന ഒരുപി.ആര്‍ എക്‌സസര്‍സൈസ്‌ മാത്രമാണ്‌ ഗുജറാത്ത്‌്‌ കലാപത്തെക്കുറിച്ചുള്ള വൈകി വന്ന വിലാപകാവ്യം എന്ന്‌ കരുതാതെ വയ്യ. മോഡിയെ ഇന്ന്‌ കോണ്‍ഗ്രസിനും മുകളിലേക്ക്‌ നടത്തുന്നത്‌ വികസന നായകനെന്നുള്ള പരിവേഷമൊന്നുമല്ല. മറിച്ച്‌ സമൂഹത്തില്‍ ഒളിഞ്ഞിരിക്കുന്ന ഫാസിസ്റ്റ്‌ ആരാധന തന്നെയാണ്‌ എന്ന്‌ കരുതേണ്ടിയിരിക്കുന്നു. അങ്ങനെ വരുമ്പോള്‍ ആരാണ്‌ മോഡിയുടെ എതിരാളി. ഈ ഫാസിസത്തിന്‌ പകരം വെക്കാന്‍ എന്താണ്‌ മതേതര ഇന്ത്യക്കുള്ള നീക്കിയിരിപ്പ്‌.

കോണ്‍ഗ്രസിനേക്കാള്‍ നല്ലത്‌ മോഡി തന്നെയെന്ന്‌ നാട്ടുകാരെക്കൊണ്ട്‌ ചിന്തിപ്പിക്കുന്ന തരത്തില്‍ അഴിമതിക്ക്‌ കുടപിടിക്കുന്ന കോണ്‍ഗ്രസ്‌ ഹൈക്കമാന്റ്‌ ഇന്ന്‌ മോഡിക്ക്‌ ഒരു എതിരാളിയേ അല്ല. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തി കാട്ടിയാല്‍ മോഡി എപ്പോള്‍ ജയിച്ചു കയറിയെന്ന്‌ ചോദിച്ചാല്‍ മതി. അപ്പോള്‍ പിന്നെ നാളെ ഉയര്‍ത്തിക്കാട്ടാന്‍ കഴിയുക അരവിന്ദ്‌ കേജരിവാളിനെ തന്നെയാണ്‌. ഒരു വര്‍ഷം കൊണ്ട്‌ ഡല്‍ഹിയില്‍ അധികാരം പിടിച്ചടക്കി മാജിക്ക്‌ കാണിക്കാമെങ്കില്‍ നാളെ ലോക്‌സഭയിലേക്കും ഒരു കറുത്ത കുതിരയാകാന്‍, ഒരു മൂന്നാം മുന്നണി രൂപപ്പെട്ടാല്‍ നിര്‍ണ്ണായക ശക്തിയാവാന്‍ കേജരിവാളിന്‌ കഴിഞ്ഞുകൂടെന്നില്ല.

അങ്ങനെ സംഭവിക്കട്ടെയെന്ന്‌ തന്നെ ആശംസിക്കുകയും ചെയ്യാം. കാരണം ഫാസിസത്തിന്‌ കടിഞ്ഞാണിട്ട്‌ നിര്‍ത്തേണ്ടത്‌ മതേതര ഇന്ത്യയുടെ നിലനില്‍പ്പിന്‌ അവശ്യം തന്നെ. എന്നാല്‍ ഹിന്ദുത്വരാഷ്ട്രീയത്തോട്‌ അരവിന്ദ്‌ കേജരിവാളിനുള്ള നിലപാട്‌ ഇനിയും വ്യക്തമായിട്ടില്ല. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്‌ പോലെ കേജരിവാള്‍ ബി.ജെ.പിയെ വിമര്‍ശിക്കുന്നുണ്ടെങ്കിലും വിമര്‍ശനം ഒരിക്കലുും സംഘപരിവാര്‍ രാഷ്ട്രീയത്തിലേക്ക്‌്‌ നീണ്ടിട്ടില്ല എന്നത്‌ ഏറെ ശ്രദ്ധേയമാണ്‌. ആം ആദ്‌മിയോട്‌ തരക്കേടില്ലാത്ത ഒരു മൃദു സമീപനം പോലും ആര്‍.എസ്‌.എസിനുണ്ടെന്നും ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നുമുണ്ട്‌. മോഡിയന്‍ രാഷ്ട്രീയവും ആം ആദ്‌മിയും ഇനി എവിടെയാകും ഏറ്റുമുട്ടുക എന്ന്‌ വ്യക്തമാകുമ്പോഴാണ്‌ ഫാസിസത്തിന്റെ കടന്നു വരവിന്‌ ചെറുക്കുന്ന ഒരു മതേതര മുന്നണിക്കായി ആം ആദ്‌മിയുടെ സംഭാവന എന്താണെന്ന്‌ വ്യക്തമാകുകയുള്ളു.

എന്തായാലും ഡെല്‍ഹിയില്‍ അധികാരമേറ്റു കൊണ്ട്‌്‌ കേജരിവാള്‍ തന്റെ `ഷോ' മുമ്പോട്ടു കൊണ്ടുപോകുക തന്നെയാണ്‌. ജനങ്ങള്‍ക്കിടയിലേക്ക്‌ ഒരു മുഖ്യമന്ത്രി വന്നതിനെ ജനങ്ങളും മാധ്യമങ്ങളും ആവേശത്തോടെ വരവേല്‍ക്കുന്നു. സത്യപ്രതിഞ്‌ജക്ക്‌ ശേഷമുള്ള കേജരിവാളിന്റെ പാട്ട്‌ ജനങ്ങള്‍ക്ക്‌ നന്നേ ബോധിച്ചിരിക്കുന്നു. ഡെല്‍ഹിക്ക്‌ പുറത്തേക്ക്‌്‌ ഡെല്‍ഹിയേക്കാള്‍ വേഗത്തില്‍ ആം ആ്‌ദ്‌മി പടര്‍ന്നു പിടിച്ചാല്‍ അതിലും അത്ഭുതപ്പെടേണ്ടതില്ല എന്നു തന്നെയാണ്‌ വ്യക്തമാകുന്നതും.

ഇതിനിടയില്‍ എന്താണ്‌ കോണ്‍ഗ്രസിന്റെ അവസ്ഥ. അതൊരു വലിയ ഫലിതം മാത്രമായി മാറിയിരിക്കുന്നു. അതില്‍ ഏറ്റവും പുതിയ ഫലിതം സോണിയാജി വകയാണ്‌. കോണ്‍ഗ്രസ്‌ ഭരിക്കാത്ത സംസ്ഥാനങ്ങളിലും അഴിമതിയുണ്ട്‌, അതും മാധ്യമങ്ങള്‍ കാണണമെന്നാണ്‌ സോണിയയുടെ പുതിയ അഭ്യര്‍ഥന. ഞങ്ങള്‍ ഭരിക്കുന്നിടത്ത്‌ അഴിമതി നല്ലവണ്ണമുണ്ടെന്ന്‌ തുറന്നു സമ്മതിക്കല്‍ തന്നെയല്ലേ ഇത്‌. അതോ അപ്പുറത്ത്‌ അഴിമതിയുണ്ട്‌, അതുകൊണ്ട്‌ ഞങ്ങളുടേത്‌ കണ്ടില്ലെന്ന്‌ വെക്കണമെന്നാണോ സോണിയാജി ഉദ്ദേശിച്ചത്‌. ഇതിലും വലിയൊരു പാപ്പരത്തം ഇനിയെന്തുണ്ട്‌. ഇങ്ങനെ പോയാല്‍ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വോട്ടു തന്നില്ലെങ്കില്‍ രാംലീലാ മൈതാനിയില്‍ വന്നു നിന്ന്‌ പൊട്ടികരഞ്ഞു കളയും എന്ന്‌ പറയുന്നതും അടുത്തു തന്നെ കേള്‍ക്കേണ്ടി വരും.
മോഡിയന്‍  ഫാസിസത്തെ ചെറുക്കാന്‍ ആം ആദ്‌മിക്ക്‌ കഴിയുമോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക