Image

ദാവീദിന്റെ രണ്ടു മുഖങ്ങള്‍ (9) (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)

Published on 28 December, 2013
ദാവീദിന്റെ രണ്ടു മുഖങ്ങള്‍ (9) (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)
പത്രാധിപക്കുറിപ്പ്‌ : `സാഹിത്യപ്രതിഭ' എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ രചിച്ച `ദാവീദിന്റെ രണ്ടു മുഖങ്ങള്‍' എന്ന ഖണ്ഡകാവ്യം കഴിഞ്ഞ എട്ടാഴ്‌ചകളായി പ്രസിദ്ധീകരണം തുടങ്ങിയിട്ട്‌ . ഇ മലയാളിയില്‍ക്കൂടി എല്ലാ ശനിയാഴ്‌ചയും ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നു.

ദാവീദും അബീഗയിലും (9)


പൊന്നും പൊതിയുമായ് മന്നനെ കാണുവാന്‍
മന്നിന്‍ പ്രഭൃതികള്‍ പോകുംപോലെ,

കോമള രൂപിയാം ദാവീദിന്നാനനം
ആമയത്തോടല്ലാതേവിധം താന്‍,

കാണുവാനൊത്തിടുമെന്നുള്ള ചിന്തയാല്‍
കേണുപോയ് നീറിയൊട്ടേറെ നേരം,

ദാവീദാരെന്നു ഗ്രഹിക്കാതെ തന്‍പാതി,
ഭാവിക്കു നാശം വരുത്തുമെന്നും,

തന്‍പ്രിയനോടുള്ള വൈരാഗ്യം ദാവീദു
തന്നോടുതിര്‍ത്തിടു മെന്നുമോര്‍ത്തു.

ഇങ്ങനെ ചിന്തിച്ചു ക്ലാന്തയായ് നീങ്ങുമ്പോള്‍
അങ്ങവള്‍ കേട്ടല്ലോ ജയ്‌വിളികള്‍,

മാവോന്യന്‍ മാന്യനെ തേടിപ്പുറപ്പെട്ട
ദാവീദിന്‍ സൈന്യത്തിന്നാരവങ്ങള്‍ !

ദൃഷ്ടിയില്‍പ്പെട്ടതു ദാവീദെന്നായപ്പോള്‍
സാഷ്ടാംഗം വീണവള്‍ മാപ്പിരന്നു.

കര്‍ത്തനോടെന്നപോല്‍ പിന്നവള്‍ ദീനയായ്
അര്‍ത്ഥിച്ചിതേവിധം ഹൃത്തുനീറി.

“അങ്ങയേക്കണ്ടു വണങ്ങുവാന്‍ വന്നൊരു
അംഗനയാണിവള്‍ തമ്പുരാനേ,

മാവോന്യന്‍ നാബാലിന്‍ പത്‌നി ഞാനെന്നതും
ആവില ചിത്തയായ് ചൊല്ലിടട്ടെ,

തമ്പുരാനാരെന്നറിയാതബദ്ധത്തി -
ലെന്‍ പ്രിയന്‍ ചെയ്തുപോയ് തെറ്റധികം,

ഒട്ടേറെപ്പേരുമറിഞ്ഞിടും പോലവന്‍
ശിഷ്ടനല്ലെന്നതു മോതിടട്ടേ,

ദുഷ്ടനാം കാന്തന്റെ വിഡ്ഢിത്തംകൊണ്ടിവള്‍
പെട്ടേറെ പാടുകളെന്റെ പ്രഭോ,

ശിക്ഷയില്‍നിന്നൊഴിവാക്കാനുമെങ്ങളെ
രക്ഷിക്കുവാനുമിന്നങ്ങു പ്രാപ്തന്‍.

അങ്ങിഹെ ശത്രുനിര്‍മ്മാര്‍ജ്ജ\ാനന്തരം
ഭംഗിയായീയൂഴി വാണിടുമ്പോള്‍ ,

ഭംഗം കൂടാതെയീ പെണ്‍കൊടിയാളെയും
അങ്ങു തുണച്ചു കടാക്ഷിക്കണേ.

ദീനദയാലുവാമങ്ങിപ്പോള്‍, ഞങ്ങളെ,
ദൈന്യതയോടു രക്ഷിച്ചു വിട്ടാല്‍,

അങ്ങേയ്ക്കു മംഗളമുണ്ടാകും, നിശ്ചയം,
അങ്ങയെയീശനനുഗ്രഹിക്കും,

അങ്ങേയ്ക്കായെന്‍ കയ്യിലുള്ളുപഹാരവും
അങ്ങു കനിഞ്ഞു കൈപ്പറ്റീടേണം”.

മാവോന്യനാരിതന്നശ്രുപുജാബ്ധിയില്‍
ദാവീദിന്‍ കോപാഗ്നി കെട്ടടങ്ങി.

(തുടരും)

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌ (Yohannan.elcy@gmail.com)
ദാവീദിന്റെ രണ്ടു മുഖങ്ങള്‍ (9) (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)ദാവീദിന്റെ രണ്ടു മുഖങ്ങള്‍ (9) (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക