Image

ഓര്‍ക്കാനാണ് സുഖം- കെ.എ. ബീന

കെ.എ. ബീന Published on 30 December, 2013
ഓര്‍ക്കാനാണ് സുഖം- കെ.എ. ബീന
''ക്ലാസ്സ്‌മേറ്റ്‌സ്'' സിനിമ കേരളത്തില്‍ വ്യാപകമാക്കിയ ഒരു ട്രെന്‍ഡ് - ''സിനിക്കലായി'' മാത്രം സംസാരിക്കുന്ന ഒരു സുഹൃത്ത്  ഇന്ന് നമ്മുടെയൊക്കെ ശീലമായിത്തീര്‍ന്ന പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനകളെക്കുറിച്ച് കളിയാക്കാറുള്ളതങ്ങനെയാണ്.  പ്രായമേറുമ്പോള്‍ കൗമാരവും യൗവ്വനവും വീണ്ടെടുക്കാനുള്ള കുറുക്കുവഴിയെന്നും ചിലര്‍ കളിയാക്കും.
ആര് കളിയാക്കിയാലും ഒഴിവാക്കാനാവില്ല തിരിച്ചു പോക്കുകള്‍.  പ്രായമാകുന്തോറും മടക്കയാത്രകളുടെ ചന്തവുമേറുന്നു.
പഠിച്ച വിദ്യാലയങ്ങളിലൊക്കെയുള്ള പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമങ്ങള്‍... എനിക്കൊരിക്കലും അവയെ സ്‌നേഹിക്കാതിരിക്കാനാവുന്നില്ല, അത്തരം സംഗമങ്ങളുടെ ചൈതന്യധാരകളിലലിയാതിരിക്കാനാവുന്നില്ല.
തിരുവനന്തപുരത്തെ വഴുതക്കാട് കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍.  ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലഘട്ടത്തിന്റെ അരങ്ങ്.  ഏഷ്യയിലെ ഏറ്റവും വലിയ പെണ്‍ പള്ളിക്കുടം എന്നൊക്കെ ഞങ്ങള്‍ അഭിമാനത്തോടെ വമ്പു പറഞ്ഞിരുന്നു.  യുവജനോത്സവവേദികളിലും മത്സരക്കളരികളിലുമൊക്കെ ഞങ്ങള്‍ ''കോട്ടണ്‍ഹില്‍, കോട്ടണ്‍ഹില്‍'' എന്ന് കൂകിയാര്‍ത്തത് എത്രവട്ടം.  ''പച്ചപ്പട്ടാളം'' (പച്ചപ്പാവാടയും വെള്ളഷര്‍ട്ടുമാണല്ലോ യൂണിഫോം) എന്ന കളിയാക്കല്‍ ഹൃദയത്തോടു ചേര്‍ത്തു വച്ചൊരു വിളിപ്പേര്.
പത്താം ക്ലാസ്സ് കഴിഞ്ഞ് പിരിഞ്ഞു പോകുമ്പോള്‍ നൊമ്പരം കൊണ്ട് പിടഞ്ഞത് സ്‌കൂളിലെ പുല്‍ച്ചെടികള്‍ പോലും അറിഞ്ഞ് കാണും.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പൊരു ദിവസം -
''ഞാന്‍ അംബിക ടീച്ചര്‍.  കോട്ടണ്‍ഹില്‍ സ്‌കൂളിലെ മുന്‍ ഹെഡ്മിസ്ട്രസ്സ്.  നമുക്കിവിടെ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥി - അദ്ധ്യാപക സംഘടന ഉണ്ടാക്കണം.  ഒന്നു വരുമോ?''
എപ്പോള്‍ വന്നു എന്ന് മാത്രം ചോദിച്ചാല്‍ മതിയല്ലോ.
സ്‌കൂള്‍ മുറ്റത്ത് പഴയ പച്ചപ്പട്ടാളം ബഹുവര്‍ണ്ണ ബറ്റാലിയനുകളായി കണ്ണുകളില്‍ ആഹ്ലാദം നിറച്ച് കാത്തു നില്‍ക്കുന്നു.  ഇടയ്ക്ക് കണ്ടുമുട്ടുന്ന സുഹൃത്തുക്കള്‍, പിരിഞ്ഞിട്ട് ഒരിക്കലും കാണാത്തവര്‍ - പഴയ ടീച്ചര്‍മാര്‍.  ഒരു സ്ഥിരം പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തിന്റെ മൂഡ് എന്ന് എഴുതി ഇത് നിര്‍ത്താം - ബോറടിപ്പിക്കാതെ.  പിന്നെ പൂര്‍വ്വവിദ്യാര്‍ത്ഥി ദിനം - അതിലുമില്ല ഏറെ പറയാന്‍ - 67 വയസ്സുകാരി മുതല്‍ 16 വയസ്സുകാരി വരെ നൃത്തം ചെയ്യുന്നു, പാടുന്നു, നാടകം കളിക്കുന്നു.
പാടുന്നവരില്‍ പ്രധാനി കെ.എസ്.ചിത്ര.  നടിക്കുന്നവരില്‍ പ്രധാനി മല്ലികാ സുകുമാരന്‍.  കോമ്പിയറിംഗില്‍ ബിന്ദു പ്രദീപ്.  പിന്നെയും പ്രശസ്തര്‍, പ്രമുഖര്‍ -
എല്ലാവര്‍ക്കും ഇടയില്‍ ഓടി നടപ്പുണ്ട് ഒരു താരം.  സുനന്ദ എന്ന കാര്‍ത്തിക.  ദേഷ്യം പിടിപ്പിക്കാന്‍ വേണ്ടി ഒരു വിളി മതി ''കാര്‍ത്തികേ''
''ങും ങും തന്നെ ഞാന്‍ കൊല്ലും.  കാര്‍ത്തികയല്ല, സുനന്ദ.''
രാവേറെ ചെല്ലുവോളം നീളുന്നു കലാപരിപാടികള്‍.  ഓണത്തിന് പൂക്കളമിടാന്‍, ഓണപ്പാട്ടു പാടുവാന്‍, സദ്യ ഉണ്ണാന്‍ എത്തുന്നു പഴയ സംഘങ്ങള്‍.
ഓര്‍മ്മയ്ക്ക് ഒറ്റചിറകേയുള്ളൂ എന്ന് ആര് പറഞ്ഞു.  ഒരുപാട് ചിറകുകളുള്ള ഓര്‍മ്മപക്ഷികളാണ് ബാല്യകൗമാരങ്ങള്‍.
ഗണപതിയുടെ രൂപമുള്ള പഴയ കുന്തിരിക്ക മരം തേടി ചിലര്‍.  മരം മുറിച്ച് അവിടെ ക്ലാസ്സ് മുറികള്‍ പണിത് പോയിരിക്കുന്നു.  പിന്നെയും നഷ്ടമായ മരത്തണലുകള്‍ ധാരാളം.  സ്‌കൂളിന് വേണ്ടി ഔഷധത്തോട്ടം, ലൈബ്രറി, മിടുക്കരായ കുട്ടികള്‍ക്ക് വേണ്ടി ശനിയാഴ്ചകളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ക്ലാസ്സുകള്‍.  ഇതൊരു പ്രവര്‍ത്തന റിപ്പോര്‍ട്ടല്ലല്ലോ.  അതു കൊണ്ട് COTSA (Cottonhill Old Teachers and students  Association) എന്ന കൂട്ടായ്മയില്‍ എന്നെ പ്രചോദിപ്പിക്കുന്ന പ്രധാന ഘടകത്തെക്കുറിച്ച് പറയാം ഞാന്‍.  യാത്രകളാണവ....  പല സ്ത്രീകള്‍ക്കും അപ്രാപ്യമായതാണല്ലോ യാത്രകള്‍.  അതു കൊണ്ട് തന്നെ യാത്രകള്‍ക്കായി കാത്തിരിക്കുന്നു 80 വയസ്സ് കഴിഞ്ഞ അദ്ധ്യാപികമാര്‍ വരെ.
എവിടേയ്‌ക്കൊക്കെയാണ് യാത്രകള്‍?  സിംഗപ്പൂര്‍ പോയി ഒരു സംഘം.  കുമരകത്ത് ഒരു ദിവസത്തെ ഹൗസ് ബോട്ടിംഗ്, വീഗാലാന്റില്‍ ഉന്മാദക്കളികള്‍, ഗോവന്‍ തീരത്ത് മറ്റൊരു യാത്രാസംഘം - സജീവമാണ് പൂര്‍വ്വാധ്യാപിക വിദ്യാര്‍ത്ഥി കൂട്ടായ്മ എന്ന് മനസ്സിലായില്ലേ?
കുമരകത്തെ ഓളങ്ങളോട് സല്ലപിച്ച് മെല്ലെ മെല്ലെ നീങ്ങുന്ന ഹൗസ് ബോട്ടില്‍ അംബിക ടീച്ചര്‍ (ടീച്ചറാണ് ഞങ്ങളുടെ നേതാവ്.  വയസ്സ് അറുപത്തഞ്ച് ആയി എന്നും പറഞ്ഞിട്ടൊന്നും കാര്യമില്ല, ടീച്ചറിന്റെ ചുറുചുറുക്കിനെയും പ്രസരിപ്പിനെയും വെല്ലാന്‍ കൗമാരപ്രായക്കാര്‍ക്ക് കൂടി പറ്റില്ല) രത്മമയി ടീച്ചര്‍, അച്ചാമ്മ ടീച്ചര്‍ തുടങ്ങി ഞങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരുപാട് അദ്ധ്യാപികമാരുണ്ട്.  പണ്ട് സ്‌കൂള്‍ കുട്ടികളായിരുന്നപ്പോള്‍ ടീച്ചര്‍മാര്‍ ഞങ്ങളെ ടൂറിന് കൊണ്ടുപോയിരുന്നത് ഞാനോര്‍ത്തു.  വീഴാതെ, വഴിതെറ്റിപ്പോകാതെ ഞങ്ങളെ ചേര്‍ത്തു പിടിച്ച് അവര്‍ എവിടെയൊക്കെ കൊണ്ടു പോയിട്ടുണ്ട്.  ഇപ്പോള്‍ ഞങ്ങളുടെ ഊഴം.
രാജിയും (രാജീ ഗോപാലകൃഷ്ണന്‍) ജയച്ചേച്ചിയും (ജയാചന്ദ്രഹാസന്‍) തിരക്കിലാണ്.. എല്ലാവര്‍ക്കും ഭക്ഷണം കൊടുക്കാന്‍ നേതൃത്വമെടുത്ത് നടക്കുന്നു.  സുനന്ദയുടെ വലിയ സഞ്ചി നിറയെ തീറ്റസാധനങ്ങള്‍.  ടൂര്‍ വരുന്നുവെന്ന് തീരുമാനിച്ചപ്പോള്‍ മുതല്‍ കക്ഷി അടുക്കളയില്‍ കയറിയതാണ്, കേക്ക്, നാന്‍കട്ട് തുടങ്ങി ഒരു ബേക്കറി തന്നെ ഉണ്ടാക്കിക്കൊണ്ട് വന്നിട്ടുണ്ട്.  പിന്നൊരു പഴക്കടയും.  പണ്ടത്തെ പോലെ ഞങ്ങള്‍ കഥകള്‍ പറഞ്ഞു, പാട്ടുകള്‍ പാടി, കവിതകള്‍ ചൊല്ലി - മറവിയുടെ കയങ്ങളില്‍ നിന്ന് ഞങ്ങളെ തപ്പിയെടുത്തു.  പുറത്ത് പ്രകൃതി നിത്യവിസ്മയമൊരുക്കി കാത്തു നിന്നു, ഉള്ളിലുള്ള ആനന്ദത്തിന്റെ പ്രപഞ്ചങ്ങളെ സ്വന്തമാക്കുന്നതിനിടയില്‍ ആ വിസ്മയക്കാഴ്ച പോലും കാണാന്‍ ഞങ്ങള്‍ മറന്നു പോയിരുന്നു.
പണ്ട് ഒരുപാട് പണ്ട് സ്‌കൂള്‍ അസംബ്ലിയില്‍ പാടിയിരുന്ന ഒരു പ്രാര്‍ത്ഥനാഗാനത്തിന്റെ വരി തപ്പി നടക്കുകയായിരുന്നു പത്മജ ചേച്ചി (പ്രശസ്ത സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്റെ ഭാര്യ.)
കൃത്യമായി ഭരതനാട്യം ക്ലാസ്സില്‍ ചെല്ലാത്തതിന് ചീത്ത പറഞ്ഞ് മടുത്ത് എന്നോട് പരിഭവിച്ചിരിക്കുന്നു ഗിരിജ ചേച്ചി (റിഗാറ്റ ഗിരിജ) ഈ പ്രായത്തില്‍ ഇനി ഡാന്‍സ് കളിക്കാന്‍ വയ്യായേ എന്ന മറുപടിയൊന്നും ഏശുന്നില്ല.
റിഗാറ്റയുടെ വാര്‍ഷികത്തിന് ''തിരുവാതിര'' യെങ്കിലും കളിക്കാന്‍ വന്നേ തീരുവെന്ന് ഗിരിജ ചേച്ചി. 
''സ്‌കൂളില്‍ പഠിച്ച കാലത്ത് ഡാന്‍സ് ചെയ്യാന്‍ പോയതിലുള്ള ഭവിഷ്യത്തുക്കള്‍'' എന്ന് പറഞ്ഞ് ഞാന്‍ ഓടുമ്പോള്‍ ഗിരിജ ചേച്ചി പിന്നാലെ എത്തുന്നു -
''നിന്നെ ഇടയ്‌ക്കെങ്കിലും ഒന്നു കാണാനല്ലേ കുട്ടീ'' എന്ന് സ്‌നേഹം പറയുന്നു.
 പണ്ട് ക്ലാസ്സില്‍ സംസാരിച്ചതിന് രത്‌നമയി ടീച്ചര്‍ മുന്‍ബെഞ്ചില്‍ കൊണ്ടു വന്നിരുത്തിയതോര്‍ത്ത് കണ്ണു നിറഞ്ഞ് ഞാന്‍ ടീച്ചറിന്റെ കൈപിടിച്ചമര്‍ത്തി.  ആ മുന്‍ബെഞ്ചിലെ ഇരിപ്പാണ് എന്നില്‍ ഇംഗ്ലീഷ് ഭാഷയോടുള്ള പ്രിയമുണ്ടാക്കിയത്.  ഈ വൈകിയ വേളയില്‍ എം.എ. ഇംഗ്ലീഷ് പഠിക്കാന്‍ തയ്യാറായതിന് പിന്നിലും അന്നത്തെ ടീച്ചറിന്റെ ഇംഗ്ലീഷ് ക്ലാസ്സുകളുടെ സ്വാധീനമുണ്ട്.
ഞങ്ങള്‍ ഒരുമിച്ചിരുന്ന് പഴം പൊരി കഴിച്ച് യാത്രയ്‌ക്കെത്താത്ത ടീച്ചര്‍മാരെയും അവരുടെ ക്ലാസ്സുകളെയും ഓര്‍ത്തു.  ആനന്ദമയി ടീച്ചറിന്റെ ദേഷ്യവും സ്‌നേഹവും കലര്‍ന്ന സ്വഭാവമോര്‍ത്തു.   ശ്രീദേവി ടീച്ചര്‍, സി.കെ. ലില്ലി ടീച്ചര്‍, ഇടപ്പഴഞ്ഞി ശാന്തകുമാരി ടീച്ചര്‍ പിന്നെയും പിന്നെയും പ്രിയമേറുന്ന എത്രയെത്ര ടീച്ചര്‍മാര്‍.
യുവജനോത്സവങ്ങള്‍, മത്സരങ്ങള്‍ അവിടൊക്കെ തകര്‍ത്ത കൗമാരം,   ഓര്‍മ്മകളുടെ തെന്നലേറ്റ് ഹൗസ് ബോട്ടിന് പോലും കുളിരണിഞ്ഞു.  ഞങ്ങളുടെ വികാര വിസ്‌ഫോടനങ്ങള്‍ താങ്ങാനാവാതെ കായലിലെ കാറ്റ് ഗതിമാറി വീശി. 
ഒക്കെ സത്യം.
ജീവിതം തകര്‍ത്താഘോഷിച്ച സ്‌കൂള്‍ ജീവിതത്തിന്റെ ഓര്‍മ്മകള്‍ക്ക് എന്നെങ്കിലും നഷ്ടപ്പെടുമോ സൗന്ദര്യം?
കുമരകത്ത് നിന്ന് ഞങ്ങള്‍ മടങ്ങിയത് ഒരുപാട് വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടു കൊണ്ടാണ്, വീണ്ടും കുട്ടികളായി മാറിയാണ്.  ടീച്ചര്‍മാരെ അവരുടെ വീടുകള്‍ക്ക് മുന്നില്‍ ആക്കി യാത്ര പറയുമ്പോള്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞു - ഇതൊക്കെയാണ് ജീവിതപുണ്യമെന്ന് മനസ്സില്‍ കുറിച്ചിട്ടു കൊണ്ടാണ് ഞാന്‍ ബസ്സിറങ്ങിയത്.
സുനന്ദ ഓര്‍മ്മിപ്പിച്ചു.
''നീ മെസ്സേജുകള്‍ക്ക് മറുപടി അയയ്ക്കാതെ ഇ-മെയിലുകള്‍ക്ക് റിപ്ലൈ അയയ്ക്കാതെ ഇനിയും മുങ്ങിയാല്‍''
ബിന്ദുവും കെ.വി . രേണുകയെന്ന സുമയും എന്‌റെ ജാമ്യത്തിനെത്തി.
''മുങ്ങുന്നതല്ലെടാ, അവള്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയെക്കാള്‍ പണിയുണ്ട്.  ഒരു മിനിറ്റ് കഴിഞ്ഞാല്‍ ലോകം ഇടിഞ്ഞു വീഴും.''
കളിയാക്കലാണെന്നറിഞ്ഞു കൊണ്ട് തന്നെ ഞാന്‍ പറഞ്ഞു.
''ഈ എസ്.എം.എസ്-കള്‍ക്കും ഇ-മെയിലുകള്‍ക്കുമൊക്കെ മുമ്പും നമ്മളൊക്കെ ഉണ്ടായിരുന്നു, നമുക്കൊക്കെ സ്‌നേഹവുമുണ്ടായിരുന്നു.  അതൊക്കെ എന്നുമുണ്ടാവുകയും ചെയ്യും.
                   
                    
ഓര്‍ക്കാനാണ് സുഖം- കെ.എ. ബീന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക