Image

കരവിരുതുകളുടെ കേരളചരിതം ( ലേഖനം - സജി പുല്ലാട് )

സജി പുല്ലാട് Published on 31 December, 2013
കരവിരുതുകളുടെ കേരളചരിതം ( ലേഖനം - സജി പുല്ലാട് )
കരവിരുതുകളുടെ കേരളചരിതം

ഡാനവേങ്ങ്: അദ്ധ്വാനത്തിന്റെ മഹത്വവും , അദ്ധ്വാനഫലത്തിന്റെ സന്തോഷവും ആധുനിക മനുഷ്യമനസ്സുകളില്‍ അന്യം നിന്നു പോവുകയാണ്. “അദ്ധ്വാനിക്കാത്തവന്‍ ഭക്ഷിക്കാതിരിക്കട്ടെ” എന്ന മഹാത്മാഗാന്ധിയുടെ ആശയത്തെ മുറുകെ പിടിച്ചു കൊണ്ട് തന്റെ സ്വന്തമായ 100 ഏക്കര്‍ റാഞ്ചില്‍ അത്യദ്ധ്വാനം ചെയ്യുകയാണ് തിരുവല്ല കിഴക്കന്‍ മുത്തൂര്‍ സ്വദേശി സാം മാത്യു എന്ന ഉത്സാഹശാലി. പതിനൊന്നു വര്‍ഷക്കാലം സൗദി അറേബ്യയില്‍ ജോലി ചെയ്തു ചേക്കേറിയ തോട്ടുങ്കല്‍ ഇടശ്ശേരിപറമ്പില്‍ സാം മാത്യുവിന് ഇപ്പോള്‍ തന്റെ ഫാമില്‍ 120 പശുക്കള്‍ക്കു പുറമേ താറാവ്, കോഴി, ഗൂസ്, പാത്ത, ടര്‍ക്കി , മയില്‍ , കുതിര , പന്നി , പൂച്ചകള്‍ , വിവിധയിനം നായ്ക്കള്‍ , തുടങ്ങി നല്ല ഒരു പക്ഷിമൃഗസഞ്ചയം തന്നെയുണ്ട്.

അമേരിക്കയിലെത്തി ആദ്യവര്‍ഷങ്ങളില്‍ പിസ്സ, മത്സ്യം എന്നിവ വീടുകളില്‍ എത്തിച്ച് വില്പന നടത്തുന്ന ജോലിയിലായിരുന്നു. ഒരു കണ്‍വീനിയന്റ് സ്റ്റോറില്‍ ജോലിക്കാരനാകുകയും , തുടര്‍ന്ന് മൂന്നു  കണ്‍വീനിയന്റ് സ്റ്റോറുകള്‍ സ്വന്തമാക്കുകയും ചെയ്ത ഇദ്ദേഹം അവയെല്ലാം വിറ്റ് 99 ലാണ് ഹൂസ്റ്റണില്‍ നിന്നും സൗത്ത് വിക്‌ടോറിയ പാതയില്‍ ഏകദേശം 60 മൈല്‍ ദൂരെയായി എന്‍കാമ്പോ/പലാഷ്യസില്‍ ഡാനവേങ്ങ് എന്ന ഫാംസിറ്റിയില്‍ 100 ഏക്കര്‍ തരിശു ഭൂമി വാങ്ങിയത്.

അഞ്ചുവര്‍ഷക്കാലം കൊണ്ട് 23 കന്നുകാലികളുമായി ആരംഭിച്ച ഫാമില്‍ സ്വന്തമായി ഡിസൈന്‍ ചെയ്ത് കണ്‍ട്രി സൈഡ് കൊളോണിയല്‍ വീട് നിര്‍മ്മിച്ചു. കാലികള്‍ക്ക് ആവശ്യമായ തീറ്റപുല്ലും ഇവിടെ സ്വന്തമായി കൃഷി ചെയ്യുന്നു. വീട്ടാവശ്യത്തിനും, കാര്‍ഷികാവശ്യത്തിനുമുള്ള വെള്ളം ലഭ്യമാക്കുന്നത് തന്റെ വറ്റാത്ത കിണറ്റില്‍ നിന്നും കാറ്റാടി യന്ത്രത്തിന്റ  പ്രവര്‍ത്തനത്താലാണ്. വിവധയിനം പക്ഷികള്‍ക്ക് ആവശ്യമായ കൂടുകള്‍ തനിമയാര്‍ന്ന കരവിരുതോടെ ഇദ്ദേഹം തന്നെ നിര്‍മ്മിക്കുന്നു. ഫാമില്‍ ഉണ്ടാകുന്ന കിടാരികളെ ആറുമുതല്‍ ഒമ്പതു മാസം വരെ വളര്‍ത്തിയതിനു ശേഷമാണ് വില്‍ക്കുന്നത്. തിരഞ്ഞെടുക്കുന്നവയെ മാത്രം പരിപാലിക്കും. തന്റെ അച്ഛനും, മുത്തച്ഛനും കറ തീര്‍ന്ന കര്‍ഷകരും , മൃഗപരിപാലകരും ആയിരുന്നത് ഇദ്ദേഹത്തിന്റെ കര്‍മ്മ പഥങ്ങള്‍ക്ക് കരുത്തായി മാറി.

സാം മാത്യുവിന്റെ  ഹൃദയത്തിലുണ്ടായിരുന്ന നാലു ക്രിട്ടിക്കല്‍ ബ്ലോക്കുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കിയെങ്കിലും ഈ കര്‍മ്മധീരന്‍ ഇപ്പോഴും അഹോരാത്രം അദ്ധ്വാനിക്കുന്നു. തോട്ടുങ്കല്‍ ഇടശ്ശേരി പറമ്പില്‍ പരേതനായ തോമസ് ശാമുവേലിന്റെ (ബേബിച്ചന്‍) ഏഴാമത്തെ മകനായ സാമിന് കൈയ്യെത്തി പിടിക്കാന്‍ ഇനിയും ലക്ഷ്യങ്ങള്‍ ഏറെയാണ്. റിട്ടയര്‍മെന്റ് ഹോംസ്, അസിസ്റ്റഡ്  ലിവിംഗ് ഫെസിലിറ്റി തുടങ്ങിയവ ഇദ്ദേഹത്തിന്റെ സ്വപ്ന പദ്ധതികളാണ്. മാത്യുവിന്റെ ഉടമസ്ഥതയിലുള്ള സാംസണ്‍സ് റാഞ്ചില്‍ ഇനിയും ഉര്‍വരതയുടെ സംഗീതമുയരുമെന്ന് നമുക്ക് പ്രത്യാശിക്കാം.
















കരവിരുതുകളുടെ കേരളചരിതം ( ലേഖനം - സജി പുല്ലാട് )കരവിരുതുകളുടെ കേരളചരിതം ( ലേഖനം - സജി പുല്ലാട് )കരവിരുതുകളുടെ കേരളചരിതം ( ലേഖനം - സജി പുല്ലാട് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക