Image

പഴി കേട്ടത് ഭരാര: ദേവയാനിയുടെ അറസ്റ്റിനു പിന്നില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്

EXCLUSIVE Published on 31 December, 2013
പഴി കേട്ടത് ഭരാര: ദേവയാനിയുടെ അറസ്റ്റിനു പിന്നില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്
ന്യൂയോര്‍ക്ക്: ഡോ. ദേവയാനി ഖോബ്രഗാഡേയുടെ അറസ്റ്റില്‍ പഴി മുഴുവന്‍ കേള്‍ക്കേണ്ടിവന്നത് മന്‍ഹാട്ടന്‍ യു.എസ് അറ്റോര്‍ണി പ്രീത് ഭരാരയ്ക്കാണെങ്കിലും കേസ് തുടങ്ങിയതും അന്വേഷണം നടത്തിയതും അറസ്റ്റ് ചെയ്തതും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണെന്ന് വ്യക്തമായി. ഇപ്പോള്‍ അനുരഞ്ജനവും മധ്യസ്ഥതയുമൊക്കെ നടത്തുന്ന സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തശേഷം യു.എസ് മാര്‍ഷലിനു കൈമാറി. തുടര്‍ന്ന് പ്രോസിക്യൂഷന്‍ ചുമതല മന്‍ഹാട്ടന്‍ യു.എസ് അറ്റോര്‍ണിക്കായി.

കേസ് പിന്‍വലിക്കാനോ, അമേരിക്ക മാപ്പു പറയാനോ യാതൊരു സാധ്യതയുമില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഡോ. ദേവയാനിക്ക് നയതന്ത്രപരിരക്ഷ ഇല്ലെന്നു തന്നെയാണ് യു.എസ് അധികൃതരുടെ നിലപാട്.

ഇത്തരം കേസുകളില്‍ സാധാരണ ജയില്‍ശിക്ഷ ഉണ്ടാകാറില്ല. പ്രതിഭാഗവും വാദിഭാഗവും കൂടി ചര്‍ച്ച ചെയ്ത് പ്രതി കുറ്റം സമ്മതിച്ചാല്‍ ചെറിയൊരു ശിക്ഷയില്‍ പ്രശ്‌നം തീരാവുന്നതേയുള്ളൂ. എന്നാല്‍ ഇന്ത്യ വികാരപരമായ നിലപാട് സ്വീകരിച്ച പശ്ചാത്തലത്തില്‍ അങ്ങനെ ഒത്തുതീര്‍പ്പിനുള്ള സാധ്യതയും തത്കാലം കാണുന്നില്ലെന്ന് പേര് വെളിപ്പെടുത്തരുതെന്ന നിര്‍ദേശത്തോടെ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.

നിയമമനുസരിച്ച് ജനുവരി 13-ന് ഡോ. ദേവയാനി കേസ് ഗ്രാന്‍ഡ് ജൂറിക്കു മുമ്പാകെ കൊണ്ടുവരികയും കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുകയും ചെയ്യും. (ഇന്‍ഡൈക്ട്‌മെന്റ്) അറസ്റ്റ് ചെയ്ത് മുപ്പതു ദിവസത്തിനകം ഗ്രാന്റ് ജൂറിക്കു മുമ്പാകെ ഹാജരാക്കണമെന്നാണ് നിയമം. അവര്‍ക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്നും അധികൃതര്‍ പറയുന്നു.

തുടക്കം മുതല്‍ അമേരിക്കന്‍ നിയമം പാലിക്കേണ്ടതില്ല എന്ന രീതിയിലായിരുന്ന ഡോ. ദേവയാനിയുടെ പ്രവര്‍ത്തനമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡിനു വിസ കിട്ടാന്‍ വേണ്ടി അവര്‍ ഒപ്പിട്ടു യു.എസ് എംബസിക്കു നല്‍കിയ കരാറില്‍ മിനിമം കൂലി മണിക്കൂറിനു 9.75 ഡോളര്‍ നല്‍കാമെന്നു പറയുന്നു. സംഗീതയുടെ കാര്യത്തില്‍ യു.എസ് നിയമം പാലിക്കാമെന്നും ഒപ്പിട്ടു നല്‍കി. അതിനുശേഷം സംഗീതയുമായി മറ്റൊരു കരാര്‍ ഉണ്ടാക്കി. 25000 രൂപ ശമ്പളവും, ഓവര്‍ടൈമിന് 5000 രൂപയും. യു.എസ്. നിയമം ലംഘിക്കാനുള്ള തീരുമാനം ഇതില്‍ വ്യക്തമാണ്.

യു.എസ് നിയമം അനുസരിച്ച് താമസവും ഭക്ഷണവും കഴിഞ്ഞാണ് 9.75 ഡോളര്‍ നല്‍കേണ്ടത്. കൂടാതെ ഓവര്‍ടൈമും. 17-18 മണിക്കൂര്‍ ജോലി ചെയ്ത സംഗീതയ്ക്കു കിട്ടിയത് മണിക്കൂറിന് ഒന്നോ രണ്ടോ ഡോളര്‍ മാത്രമാണ്. ജോലിക്കാരുടെ ശമ്പളം അവരുടെ അക്കൗണ്ടില്‍ യു.എസില്‍ തന്നെ നിക്ഷേപിക്കണമെന്നാണ് നിയമം. അതും ലംഘിച്ചു.

വിസ അപേക്ഷയില്‍ 4500 ഡോളര്‍ സംഗീതയ്ക്ക് നല്‍കാമെന്നു പറഞ്ഞതായി പ്രോസിക്യൂഷന്‍ ആരോപിച്ചിട്ടില്ല. അപേക്ഷ പൂരിപ്പിച്ച ആള്‍ തെറ്റായി എഴുതിയതാണത്. ദേവയാനിയുടെ ശമ്പളമാണതെന്നു പറയുന്നു. 11 സ്ഥാവര സ്വത്തുക്കളും മറ്റു വരുമാനവുമുള്ള അവരുടെ വരുമാനം അതല്ല. മൈക്രോസോഫ്റ്റില്‍ ജോലിക്കപേക്ഷിക്കുന്നയാള്‍ മൈക്രോസോഫ്റ്റിന്റെ ആകെ വരുമാനം 20 മില്യനാണെന്ന് എഴുതുന്നതുപോലെയേ ഉള്ളൂ. ആ കോളത്തില്‍ എഴുതിയത് പ്രോസിക്യൂഷന്‍ കണക്കിലെടുത്തിട്ടില്ല.

സംഗീത ജോലി വിട്ട് ഇമിഗ്രേഷന്‍ അറ്റോര്‍ണിയുടെ പക്കല്‍ അഭയം തേടിയപ്പോള്‍ അവരുടെ ഡല്‍ഹിയിലുള്ള വീട്ടുകാരെ പോലീസ് ഭീഷണിപ്പെടുത്തി. ദേവയാനിയുടെ അറസ്റ്റിനുശേഷം അവര്‍ ഇന്ത്യയില്‍ കഴിഞ്ഞാല്‍ അത് സുരക്ഷിതത്വമല്ലെന്നു കണ്ടാണ് അമേരിക്കയിലേക്ക് കൊണ്ടുവരാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിച്ചത്. സാക്ഷികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ദോഷമുണ്ടാകാതിരിക്കാന്‍ അമേരിക്ക ഇപ്രകാരം ചെയ്യാറുള്ളതാണ്.

ഇന്ത്യന്‍ കോടതിയിലും ഡോ. ദേവയാനി തെറ്റായ വിവരം നല്‍കിയെന്നും അവര്‍ ആരോപിച്ചു. രണ്ടാമത്തെ കരാറിന്റെ കാര്യം മാത്രമാണ് അവര്‍ ഇന്ത്യന്‍ കോടതിയെ അറിയിച്ചത്.

അറസ്റ്റ് ഇന്ത്യയെ അപമാനിക്കുന്നതിനു തുല്യമാണെന്ന നിലപാടും ശരിയല്ല. ആദ്യം മുതല്‍ അമേരിക്കന്‍ നിയമം ലംഘിക്കാന്‍ ശ്രമിക്കുന്നത് അമേരിക്കയോടുള്ള അനാദരവുമാണ്. ഒരു നയതന്ത്ര പ്രതിനിധി യു.എസ് എംബസിയില്‍ ചെന്ന് തെറ്റായ വിവരങ്ങള്‍ നല്‍കി വിസ നേടുന്നത് ശരിയോ എന്നവര്‍ ചോദിച്ചു.

പ്രീത് ഭരാര ഇന്ത്യക്കാരനായതുകൊണ്ട്, വെള്ളക്കാരായ ഉന്നതരെ പ്രീതിപ്പെടുത്താനാണ് ഈ അറസ്റ്റ് എന്ന വാദവും ശരിയല്ല. വലിയ വലിയ കേസുകള്‍ കൈകാര്യം ചെയ്യുന്ന മന്‍ഹാട്ടന്‍ യു.എസ് അറ്റോര്‍ണി ഓഫീസില്‍ ഒരു ഇടത്തരം ഡിപ്ലോമാറ്റിന്റെ വിസ തട്ടിപ്പ് കേസ് ചെറിയ കാര്യം മാത്രമാണ്. ആരുടെയെങ്കിലും നിറമോ മറ്റോ നോക്കിയല്ല നിയമം നടപ്പാക്കുന്നത്. അത് എല്ലാവര്‍ക്കും തുല്യമാണ്. അവരുടെ അറസ്റ്റു വാര്‍ത്ത തുടക്കത്തില്‍ പ്രധാന പത്രങ്ങളായ ന്യൂയോര്‍ക്ക് ടൈംസിലും വാള്‍സ്ട്രീറ്റ് ജേര്‍ണലിലും വരിക പോലും ഉണ്ടായില്ല.

റഷ്യക്കാര്‍ക്കെതിരെ ഭരാരെ കഴിഞ്ഞവര്‍ഷം നടപടി എടുത്തപ്പോള്‍ ഭരാരയെ റഷ്യയില്‍ പ്രവേശിക്കുന്നതിന് വിലക്കി. അടുത്തയിടയ്ക്ക് മെഡികെയര്‍ തട്ടിപ്പിന് റഷ്യക്കാരെ പിടികൂടിയെങ്കിലും നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ അറസ്റ്റ് ചെയ്തില്ല.

ആഫിയ സിദ്ദിക്കിയുടെ പ്രോസിക്യൂഷന്റെ പേരില്‍ പാക്കിസ്ഥാനിലും ഭരാരെയ്‌ക്കെതിരേ കടുത്ത എതിര്‍പ്പുണ്ട്.

ജനങ്ങളുടേയോ, മാധ്യമങ്ങളുടേയോ, രാഷ്ട്രീയക്കാരുടേയോ എതിര്‍പ്പ് അനുസരിച്ചല്ല യു.എസ്. അറ്റോര്‍ണി ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാം നിയമപ്രകാരമാണ് കൈകാര്യം ചെയ്യുന്നത്. കേസ് ഉപേക്ഷിക്കണമെന്ന് പ്രോസിക്യൂഷനോട് പറയാന്‍ ഉന്നത നേതൃത്വത്തിനൊന്നും അധികാരമില്ല.

അറസ്റ്റ് കഴിഞ്ഞ് രണ്ടു ആഴ്ച കഴിഞ്ഞാണ് ദേവയാനിക്ക് യു.എന്‍ അംഗമെന്ന നിലയിലുള്ള പരിരക്ഷ ഉണ്ടായിരുന്നുവെന്ന വാദം ഉയര്‍ന്നുവന്നിരിക്കുന്നത്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നേരത്തെ സര്‍ക്കാരുമായി ബന്ധപ്പെട്ടപ്പോഴോ, പിന്നീടെപ്പോഴെങ്കിലുമോ ഇത്തരം കാര്യങ്ങള്‍ പറഞ്ഞതേയില്ല.

ഇനി നയതന്ത്ര പരിരക്ഷ കിട്ടി ദേവയാനി ഇന്ത്യയിലേക്ക് മടങ്ങിയാലും കേസ് ഇവിടെ നിലനില്‍ക്കും. പിന്നീടെപ്പോഴെങ്കിലും അവര്‍ മടങ്ങിവന്നാല്‍ കുഴപ്പത്തിലാകും.

സംഗീത എല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണെന്ന വാദത്തില്‍ കഴമ്പില്ലെന്ന് അവര്‍ പറയുന്നു. ജോലി വിടുമ്പോള്‍ പിന്നെ എന്തു സംഭവിക്കുമെന്ന് സംഗീതയ്ക്ക് വ്യക്തമല്ലായിരുന്നു.

വിവസ്ത്രയാക്കി പരിശോധന നടത്തുക എന്നത് ചട്ടങ്ങളില്‍ പറയുന്നതാണ്. അവരെ പ്രത്യേകമായി ഉപദ്രവിക്കാന്‍ അതുവഴി ശ്രമിച്ചിട്ടില്ല. എന്നുമാത്രമല്ല പ്രത്യേക പരിഗണന ലഭിക്കുകയും ചെയ്തുവെന്നാണ് യു.എസ് മാര്‍ഷല്‍ സര്‍വീസ് പറയുന്നത്.
see also
http://www.rediff.com/news/report/will-india-agree-to-a-plea-deal-for-devyani-khobragade/20131231.htm
പഴി കേട്ടത് ഭരാര: ദേവയാനിയുടെ അറസ്റ്റിനു പിന്നില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക