Image

പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ -12 (ഓര്‍മ്മക്കുറിപ്പുകള്‍: സരോജ വര്‍ഗ്ഗീസ്‌, ന്യൂയോര്‍ക്ക്‌)

Published on 30 December, 2013
പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ -12 (ഓര്‍മ്മക്കുറിപ്പുകള്‍: സരോജ വര്‍ഗ്ഗീസ്‌, ന്യൂയോര്‍ക്ക്‌)
മഞ്ഞലകള്‍ ഞൊറിഞ്ഞുടുത്ത്‌ തണുപ്പ്‌ കാലം ഒരുങ്ങിനില്‍ക്കയാണ്‌. കുളിരുകോരുന്ന കുറിയപകലുകളും നീണ്ടരാത്രികളുമുള്ളതണുപ്പകാലം. ഭൂമിസമാധാനത്തിന്റെപൂന്നിലാപുടവ ചുറ്റി എന്തിനോവേണ്ടി കാത്തിരിക്കുന്നു.അന്ന്‌ ബേതലഹേമില്‍ ജനിച്ച ദൈവപുത്രന്റെതിരുന്നാള്‍ ആഘോഷങ്ങള്‍ക്ക്‌വേണ്ടിയാകും. ആബാലവ്രുദ്ധം ജനങ്ങളും അവരുടെ രക്ഷകന്‍ ജനിച്ച ഈ മാസം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്‌. മാലാഖമാര്‍ മാനത്തെമാളികമുറ്റത്തിരുന്ന്‌ അഭൗമ സംഗീതം പൊഴിക്കുന്നു. ഈ മനോഹരവേളകളില്‍ എത്രയോ വര്‍ഷങ്ങളായി ഞാനും ജോയും എല്ലാവരേയും പോലെ സന്തോഷിക്കുകയും ക്രുസ്‌തുമസ്സിനുമോടി കൂട്ടാന്‍വീടാകെ അലങ്കരിക്കയും ചെയ്‌തിരുന്നു. ഇത്‌ ജോയില്ലാത്ത ആദ്യത്തെ ക്രുസ്‌തുമസ്സ്‌ ആണു്‌. ദിവസങ്ങള്‍ അടുക്കുന്തോറും എന്തുചെയ്യണമെന്നറിയാതെ ഞാന്‍ തളര്‍ന്നുപോകുന്നു. ജന്നലയിലെ കണ്ണാടി ചില്ലുകള്‍ വര്‍ണ്ണ വിളക്കുകള്‍ക്ക്‌വേണ്ടി എന്നെനോക്കുന്നപോലെ എനിക്ക്‌തോന്നുന്നു. ക്രുസ്‌തുമസ്സ്‌ ട്രീ വക്കുന്ന ലിവിംഗ്‌ റൂമിലെപതിവ്‌ കോര്‍ണറില്‍ ഒരു പൊതി എന്നെ തലയാട്ടിവിളിക്കയാണോ എന്ന്‌ ഞാന്‍ സംശയിക്കുന്നു.. ഒരു മരം നിന്നിരുന്നു എന്ന ഓര്‍മ്മയില്‍ ആ സ്‌ഥലത്തെ കാര്‍പ്പറ്റുകള്‍പോലും പഴയകാല ഓര്‍മ്മകള്‍ അയവിറക്കുന്നു.

എനിക്ക്‌ സാന്ത്വനമായി കടലാസ്സും പേനയുമുണ്ട്‌.ഞാനെന്റെ ദു:ഖങ്ങള്‍, വേദനകള്‍, ചിന്തകള്‍ കോറിയിടുകയാണു. ഈ വീടിന്റെ എല്ലാമുറികളിലും പോയി അവിടെ തങ്ങിനില്‍ക്കുന്ന ശൂന്യതയുടെ, നിശ്ശബ്‌ദതയുടെ വേദനയും പേറി ഹ്രുദയവേദനയോടെ ഒരിടത്തിരിക്കുന്നു. കണ്ണുനീര്‍ അപ്പോള്‍ അണപ്പൊട്ടിയൊഴുകും.എനിക്ക്‌ ഇത്രമാത്രം കണ്ണീരുണ്ടെന്ന്‌ ഇപ്പോഴാണു മനസ്സിലാകുന്നത്‌.പെയെ്‌താഴുകുന്ന കണ്ണുനീര്‍ത്തുള്ളികള്‍ കവിളില്‍ ഉപ്പുരസം കലര്‍ത്തുന്നു.ജീവിതം എന്തെല്ലാം പഠിപ്പിക്കുന്നു. ജോ ജീവിതത്തില്‍ സന്തോഷം മാത്രമേതന്നിട്ടുള്ളു. ദു:ഖവും കണ്ണുനീരും അന്നു എവിടെയാണെന്നറിഞ്ഞത്‌പോലുമില്ല. എന്തെങ്കിലും ആഗ്രഹം പറഞ്ഞാല്‍ അത്‌സാധിപ്പിച്ചു തരാന്‍ ജോ എന്നും ശ്രദ്ധിച്ചിരുന്നു. ജോക്ക്‌ കഴിയുന്നതെ ഞാന്‍ ആഗ്രഹിക്കാറുള്ളു അല്ലെങ്കില്‍ ജോ വിഷമിച്ചു പോകുമായിരുന്നില്ലേ എന്ന എന്റെ ചോദ്യവും ജോയുടെ മറുപടിയും ഇപ്പോള്‍ ഇവിടമെല്ലാം തങ്ങിനില്‍ക്കുന്നു.ക്രുസ്‌തുമസ്സിനു സമ്മാനങ്ങള്‍ വാങ്ങികൊണ്ടുവന്നപ്പോള്‍ ഞാന്‍ പറഞ്ഞു ഭര്‍ത്താവിനെകൊണ്ട്‌ കഴിയാത്ത ഒരു കാര്യം ഭാര്യ ആശിച്ചാല്‍ എന്തുചെയ്യും. ഒട്ടും ആലോചിക്കാതെ ജോ മറുപടിപറഞ്ഞു.`അപ്പോള്‍ അയാള്‍ ചെയ്യേണ്ടത്‌ ഭാര്യയോട്‌ അതെക്കുറിച്ച സ്വ്‌പനം കാണാന്‍ പറയുകയെന്നാണ്‌്‌.ആഗ്രഹിക്കുന്നതിനെക്കാള്‍ നമ്മള്‍ എല്ലാം സ്വപനം കാണണം.ആഗ്രഹങ്ങള്‍ നിവര്‍ത്തിക്കപ്പെട്ടില്ലെങ്കില്‍നിരാശയുണ്ടാകും.എന്നാല്‍ സ്വ്‌പനങ്ങള്‍സഫലീകരിച്ചില്ലെങ്കിലും അത്രയും നിരാശതോന്നുകയില്ല.കാരണം സ്വപ്‌നം കാണുമ്പോള്‍ നമ്മള്‍ ആഗ്രഹിക്കുന്നവസ്‌തുവോ, വ്യക്‌തിയോ അല്ലെങ്കില്‍ എന്തു തന്നെയായാലും അത്‌ നമ്മള്‍ ആസ്വദിക്കുന്നു.എന്നാല്‍ ആഗ്രഹിക്കുന്നത്‌ അങ്ങനെയക്ല.ആഗ്രഹിക്കുമ്പോള്‍ ആഗ്രഹിക്കുന്ന കാര്യത്തിനൊട്‌തീവ്രത കൂടും. അത്‌ നടന്നില്ലെങ്കില്‍ ദു:ഖവും വേദനയും തോന്നും.അതെപേനത്തുമ്പുകള്‍ കടലാസ്സില്‍ അമര്‍ത്തിപിടിച്ച്‌ കണ്ണടച്ച്‌ ഞാന്‍ സ്വപനം കാണട്ടേ.. ജോ എന്റെയരികില്‍ ഉണ്ടെന്ന്‌ ഞാന്‍ സങ്കല്‍പ്പിക്കട്ടെ.

മരണം ഒരേ ഒരു സത്യം!

മരിച്ചവര്‍നമ്മുടെ ഓര്‍മ്മയില്‍ ജീവിക്കുന്നു.

ജോയ്‌ക്ക്‌ ക്ര്‌സുതുമസ്സ്‌ നക്ഷത്രമുണ്ടാക്കി അത്‌ ജന്നലയില്‍ കൊളുത്തിയിടുന്നത്‌ ആഹ്ലാദകരമായിരുന്നു. മരിച്ചു പോയവര്‍ക്ക്‌വേണ്ടി നമ്മള്‍ പ്രാര്‍ഥിച്ചാല്‍ മാത്രം മതിയൊ? അതോ ഇത്തരം ആഘോഷവേളകളില്‍ അവരുടെ അഭീഷ്‌ടങ്ങള്‍ സാധിപ്പിക്കുമാറ്‌ എന്തെങ്കിലും ചെയ്യണമോ? ഒരു ക്രുസ്‌തുമസ്സ്‌ നക്ഷത്രം വാങ്ങി ജന്നലില്‍ തൂക്കണം. ജന്നല്‍ മുഴുവന്‍ വര്‍ണ്ണ ദീപങ്ങള്‍കൊണ്ട്‌ അലങ്കരിക്കണം. എന്നിട്ട്‌ ജോ വരുന്നത്‌ കാത്തിരിക്കണം.സമൂഹം എന്നെവിധവയായി കാണുന്നു.ഭര്‍ത്താവ്‌ മരിച്ച സ്‌ത്രീ ഇത്തരം ആഘോഷങ്ങള്‍ ഒരുക്കുന്നത്‌ ശരിയല്ലെന്നല്ലേ വിശ്വാസം.പക്ഷെ എന്റെ മനസ്സ്‌പറയുന്നു.അദ്രുശ്യനായി ജോ ഇവിടെയുണ്ട്‌. ജോക്ക്‌ വേണ്ടി അതെല്ലാം എനിക്ക്‌ ചെയ്യണം. മകനോട്‌ അതെപ്പറ്റി പറഞ്ഞപ്പോള്‍ അവന്‍ എല്ലാം മൂളിക്കേട്ടു. ആ മൂളലില്‍ ഒരു സഹതാപത്തിന്റെ നേരിയതേങ്ങല്‍ ഉണ്ടായിരുന്നു. അനിയന്ത്രിതമായ ദു:ഖം മൂലം എന്റെ മനസ്സിന്റെ സമനിലതെറ്റുകയാണെന്ന്‌ അവന്‍ ഊഹിച്ചിട്ടുണ്ടാകും. അവന്‍ പറഞ്ഞു: ഈ വര്‍ഷം മമ്മി ക്ര്‌സുതുമസ്സിനു ഞങ്ങളുടെയൊപ്പം വേണം. വാഷിങ്ങ്‌ടണിലേക്ക്‌ മമ്മിക്ക്‌ ഫ്‌ളൈ ചെയ്യാന്‍ ടിക്കറ്റ്‌ അയച്ചു തരാം. വൈറ്റ്‌ഹൗസ്സില്‍ ജോലിയുള്ള മകനും, ഭാര്യയും അവരുടെ ഏക മകനും പപ്പയുള്ളപ്പോള്‍ ഇങ്ങോട്ട്‌വരികയാണു പതിവു. ഇപ്പോള്‍ ഞാന്‍ അങ്ങോട്ട്‌ ചെല്ലണമെന്ന്‌ ആഗ്രഹിക്കുന്നു.

ചുമരില്‍ ചിരിച്ചിരിക്കുന്നജോയ്‌ടെ ഫോട്ടോ നോക്കി ഞാന്‍ ചോദിച്ചു.ഞാന്‍ മകന്റെ യടുത്ത്‌ക്രുസ്‌തുമസ്സില്‍ പങ്കുകൊള്ളാന്‍പോകണോ? അപ്പോള്‍ ജോയും ഈ വിജനമായവീടും ഒറ്റക്കാകില്ലേ? ഇവിടെയാകുമ്പോള്‍ എല്ലായിടത്തു ജോ ഉള്ളപോലെ എനിക്ക്‌ അനുഭവപ്പെടുന്നു. മകന്റെ വീട്ടില്‍ചെല്ലുമ്പോള്‍ ശരിക്കും ഞാന്‍ ഒറ്റക്കാണെന്ന ബോധമുണ്ടാകും. ജോ, എന്താ ഒന്നും മിണ്ടാത്തത്‌? പ്രായമായവര്‍ തനിയെ സംസാരിക്കുന്നത്‌ എന്ത്‌ കൊണ്ടാണെന്ന്‌ ഇപ്പൊള്‍ എനിക്ക്‌ മനസ്സിലാകുന്നു. ജോപറഞ്ഞ്‌പോലെ അവര്‍ സ്വ്‌പനം കാണുന്നുണ്ടാകും. ഞാന്‍ കണ്ണുതുറന്നിരിന്നു സ്വപ്‌നം കാണുകയാണ്‌. മകന്റെയടുത്ത്‌ പോയിവരൂ എന്ന്‌ ജോയുടെ പടം പറഞ്ഞു. ഒരു കൊച്ചു തെന്നലായി ജോ വീട്ടിനുള്ളില്‍വന്ന്‌ ചില്ലിട്ട പടം ചുമരില്‍ ഒന്ന്‌ ഇളക്കിപോയി. ജോ തലയാട്ടിയപോലെ എനിക്ക്‌ തോന്നി.ജന്നല്‍ വഴി വന്ന കാറ്റിനു സുഗന്ധം ഉണ്ടായിരുന്നു. നാട്ടിലെവീട്ടില്‍ അന്തിയുറങ്ങുമ്പോള്‍ തുറന്നിട്ട ജന്നലിലൂടെ പാലപ്പൂക്കളുടെ മണം വരുന്നത്‌ ജോയ്‌ക്ക്‌ ഇഷ്‌ടമായിരുന്നു. ഏതൊ യക്ഷിതലയില്‍ ചൂടുന്ന പൂവിന്റെ ഗന്ധമാണതെന്ന്‌ ഞാന്‍ ജോയോട്‌ പറയും. അതിനും ജോയ്‌ക്ക്‌ മറുപടിയുണ്ടായിരുന്നു.അതൊക്കെനിങ്ങള്‍ എഴുത്തുകാരുടെ ഭാവനയല്ലേ.ഞാന്‍ ഒരു യക്ഷിയേയും കണ്ടിട്ടില്ല.പ്രക്രുതിയുടെ ഉല്‍ക്കടമായ ആവേശം പോലെയുള്ള ആ മാദകഗന്ധം മത്ത്‌പിടിപ്പിക്കുന്നതായിരുന്നു. അമേരിക്കയില്‍ വന്ന്‌ കൊളോന്‍ തിരഞ്ഞെടുക്കുമ്പോള്‍ യക്ഷിയുടെ മണമുള്ള കൊളോന്‍ വാങ്ങണമെന്ന്‌ ജോ പറയുമായിരുന്നു. എല്ലാ ക്രുസ്‌തുമസ്സിനും ജോയുടെ ഇഷ്‌ടം പോലെ പല തരം കൊളോന്‍ ഞാന്‍വാങ്ങുക പതിവാണു്‌.ഷോപ്പിംഗ്‌ ബാഗുമായി ഞാന്‍ കടന്ന്‌വരുമ്പോള്‍ കൊളോനുകള്‍ ടെസ്‌റ്റ്‌ചെയ്‌തത ്‌കൊണ്ട്‌ മണം പരത്തിയായിരിക്കും എന്റെവരവ്‌. ജോ കാണാതെ അതെല്ലാം പാക്ക്‌ചെയ്യുന്നതിനുമുമ്പ്‌ ജോ പറയും. പാലപ്പൂക്കളുടെ ഗന്ധം പരത്തുന്നയക്ഷിയാണു്‌ ഞാനെന്ന്‌. ക്രുസ്‌തുമസ്സ്‌ദിവസം പരസ്‌പരം സമ്മാനങ്ങള്‍ കൈമാറുമ്പോള്‍ ജോ പറയും എന്റെ സമ്മാനത്തിന്റെ മണം ഇന്നലെ അടിക്ലിരുന്നു അത്‌കൊണ്ട്‌ ഒരു രസമില്ല. പലതരം കൊളോണുകള്‍ ഇഷ്‌ടമായത്‌കൊണ്ട്‌ ഏതാണു ഞാന്‍ വാങ്ങിക്കുകയെന്നറിയുമായിരുന്നൊ എന്ന്‌ചോദിച്ചാലും ഇഷ്‌ടമുള്ളതില്‍ ഒന്നായിരിക്കുമെന്നറിയാമെന്ന്‌ പറഞ്ഞ്‌ എന്നെദ്വേഷ്യം പിടിപ്പിക്കും. എന്നാലും എനിക്കിഷ്‌ടമുള്ള സമ്മാനങ്ങള്‍ തന്ന്‌സ്‌നേഹപ്രകടനങ്ങളിലൂടെ ക്രുസ്‌തുമസ്സ്‌ മനോഹരമാക്കും

.മകന്റെയടുത്തേക്ക ്‌ക്രുസ്‌തുമസ്സിനുപോകുന്നതിനുമുമ്പ്‌ ജോയ്‌ക്ക്‌ വേണ്ടി ഒരു കൊളൊണ്‍ വാങ്ങണം എന്ന ചിന്ത എന്നെ വട്ടമിടാന്‍തുടങ്ങി.. അത്‌ ഉപയോഗിക്കാന്‍ ജോ ഇല്ലെന്നറിയുമ്പോഴും അത്‌ വാങ്ങാന്‍ മനസ്സ്‌ ഉപദേശിച്ചു കൊണ്ടിരുന്നു. ഞാന്‍ കാറുമായി മാളില്‍ പോയി. എന്നും വാങ്ങാറുള്ള കടയില്‍ചെന്ന്‌ ജോയ്‌ക്ക്‌ ഇഷ്‌ടമുള്ള കൊളൊന്‍ വാങ്ങി. ഭംഗിയായി പൊതിഞ്ഞ്‌ ഡ്രെസ്സിംഗ്‌ ടാബിളിനുമുകളില്‍വച്ചു. ജോ ഞാന്‍ മകന്റെയടുത്ത്‌പോയിവരുമ്പോഴെക്കും ഇതെല്ലാം ഉപയോഗിക്കണം. ജോ മരിച്ച്‌ ഏകദേശം ഒരു മാസത്തിലുപരിവീട്ടില്‍ ദിവ്യമായ ഒരു സുഗന്ധം എപ്പോഴും പരന്നിരുന്നു. മരിച്ചവരുടെ ആത്മാവ്‌ നാല്‍പ്പത്‌ദിവസം നമുക്ക്‌ ചുറ്റും ഉണ്ടാകുമത്രെ. ക്രുസ്‌തുമസ്സ്‌ദിവസം പുലരുമ്പോള്‍ ഈ വീട്ടില്‍ ആരും കാണുകയില്ല. അന്നേരം ജോ വന്ന്‌ എന്റെ സമ്മാനം തുറക്കുമായിരിക്കും.ഒരിക്കലും സാക്ഷാത്‌കരിക്കാത്ത സ്വ്‌പനമായി ഇതവശേഷിക്ലാലും ഇങ്ങനെ ചെയ്യാതിരിക്കാന്‍ എനിക്ക്‌ കഴിയുന്നില്ല. കഥകളിലെപോലെ ജീവിതത്തിലും സംഭവിക്കണമേ എന്ന എന്റെമോഹം അടച്ചുവച്ച കുപ്പിയിലെസുഗന്ധം പോലെവീര്‍പ്പുമുട്ടികൊണ്ടിരുന്നു.

മകന്റെവീട്ടില്‍ മകനും മരുമകളും കൊച്ചുമകനും എന്നെ എതിരേറ്റു. കൊച്ചു മകന്‍ ഉറങ്ങാന്‍പോകുന്നതിനുമുമ്പ്‌ എട്ട്‌ ക്യാരറ്റ്‌, ഒരു ക്ലാസ്സ്‌ പാല്‍, കുറച്ച്‌ കുക്കി എന്നിവ അവന്റെ അമ്മ സാന്റക്ലോസ്സിനുവേണ്ടി കരുതിവച്ചു. നാളെ ക്രുസ്‌തുമസ്സ്‌ദിവസം ഉണരുമ്പോള്‍ കലമാന്‍ ക്യാരറ്റും, പാലും, കുക്കിയും സാന്റക്ലോസ്സും കഴിച്ച്‌ വച്ചിട്ടുണ്ടാകും. പകരം ഒത്തിരി സമ്മാനങ്ങള്‍ അദ്ദേഹം കൊണ്ട്‌വച്ചിരിക്കും. ഇതാണു ഉറങ്ങാന്‍പോകുന്ന കൊച്ചു മോനോട്‌ മരുമകള്‍പറഞ്ഞത്‌. കൊക്ലുമകന്‍ അത്‌കേട്ട്‌ ആഹ്ലാദത്തോടെ എന്റെ കഴുത്തില്‍ കെട്ടിപിടിച്ച്‌ ഉമ്മ തന്ന്‌ ഉറങ്ങാന്‍പോയി. അവന്റെ അച്ചമ്മയും അവനെപോലെ ഒരു സ്വ്‌പനത്തില്‍ കഴിയാണെന്ന്‌ അവനറിയില്ലല്ലോ? എന്റെ മനസ്സ്‌മുഴുവന്‍ എന്റെവീടും അതിന്‍ ഞാന്‍ ജോയ്‌ക്ക്‌ വച്ചിരുന്ന ക്രുസ്‌തുമസ്സ്‌ ഗിഫ്‌റ്റുമായിരുന്നു. എത്രയോ കഥകളില്‍ മരിച്ചവര്‍ അദ്രുശ്യരായിവന്ന്‌ നമ്മള്‍ അവര്‍ക്കായി അര്‍പ്പിച്ചുവച്ചിരിക്കുന്നത്‌സ്വീകരിച്ചു പോകുന്നതായി വായിച്ചിട്ടുണ്ട്‌. പിടികിട്ടാത്ത ഒത്തിരിമോഹങ്ങളുടെ ഇലത്താളം മനസ്സില്‍മുഴുകി. സാന്റക്ലോസ്സിനായി കാത്ത്‌വച്ച കാണിക്കയുടെ കൂടെ കുറച്ച്‌ ച്യൂവിംഗ്‌ ഗം വച്ചാലൊ എന്ന്‌ ഞാന്‍ ആലോചിക്കയും അത്‌ മകനോട്‌പറയുകയും ചെയ്‌തു. മോനെ പപ്പക്ക്‌ ച്യുവിംഗ്‌ ഗം ഒത്തിരി ഇഷ്‌ടമായിരുന്നില്ലേ? സാന്റക്ലോസ്സിനെപോലെപപ്പയും വന്നാലോ.?അവന്‍ നിശ്ശബ്‌ദനായിരുന്നു.അവന്റെമുഖത്ത്‌വിഷാദം പരന്നു.അവനറിയാം അമ്മ ഒന്നുമറിയാത്ത്‌പോലെ സംസാരിക്കുന്നത്‌ മനസ്സിന്റെവിഷമം കൊണ്ടാണെന്ന്‌.നാലുപതിറ്റാണ്ടിലേറെ നീണ്ടുനിന്ന ദാമ്പത്യ ജീവിതം.അതില്‍നിന്ന്‌ ഒരു ഇണ വിട്ടുപോകുമ്പോള്‍ വിരഹിയാകുന്ന ഇണയുടെ ഭ്രമകല്‍പ്പനകള്‍. കുറച്ചു നേരം ആലോച്ചിരുന്നശേഷം അവന്‍ പറഞ്ഞു.ശരി, മമ്മി, ഇനിമുതല്‍ ഞാനും എന്റെമോനും അവന്റെ തലമുറയും സാന്റക്ലോസ്സിനുള്ള കാണിക്കയില്‍ ച്യൂവിംഗ്‌ ഗമും വച്ചിരിക്കും.അങ്ങനെ അത്‌മറ്റുള്ളവരും ചെയ്യാന്‍തുടങ്ങിയാല്‍ പപ്പയുടെ ആത്മാവിനു സന്തോഷമാകും.


മകന്റെ കുടൂംബത്തോടൊന്നിച്ച കഴിയുമ്പോഴും ദുര്‍ബ്ബലമായ എന്റെ മനസ്സ്‌ എന്തിനോവേണ്ടി പിടഞ്ഞിരുന്നു.പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു അസ്വസ്‌ഥത. ഞാന്‍ തിരിച്ചു വന്ന്‌മുറിതുറന്ന്‌ ഓടിയത്‌ ഡ്രസ്സിംഗ്‌ ടേബിളില്‍ പൊതിഞ്ഞ്‌ വച്ച സമ്മാനപൊതി നോക്കാനായിരുന്നു. അത്‌ അപ്പടി ഇരുപ്പുണ്ടായിരുന്നു.അല്ലെങ്കില്‍തന്നെ അത്‌ ആരുതുറക്കാന്‍.ജീവിച്ചിരിക്കുന്നവര്‍ പരിഭ്രമിക്കുന്ന പോലെമരിച്ചുപോയവരും നമ്മെപ്പറ്റി ആലോചിച്ച്‌ വിഷമിക്കുന്നുണ്ടാകുമോ?അവര്‍ക്ക്‌ ഒരു സ്വര്‍ഗ്ഗവും നരകവുമുണ്ടോ? എന്തെല്ലാം സംശയങ്ങളാണു പൊന്തിവരുന്നത്‌.മനസ്സിനു അല്‍പ്പം സമാധാനം കിട്ടാന്‍ ഞാന്‍ ജോയെ അടക്കം ചെയ്‌ത്‌സ്‌തലത്തേക്ക്‌ കാറോടിച്ചുപോയി. സെമിത്തേരിക്കാരോട്‌ നിര്‍ദ്ദേശിചട്‌ചപോലെ അവര്‍ ജോയുടെ കുഴിമാടത്തെ പുതപ്പിച്ചിട്ടുണ്ട്‌. അവിടെ മെഴുക്‌തിരികള്‍ കത്തിച്ചുവച്ച്‌ ഞാന്‍ മുട്ടികുത്തിപ്രാര്‍ഥിച്ചു. ജോ, നീയില്ലാത്ത ഒരു ക്രുസ്‌തുമസ്സ്‌ കഴിഞ്ഞ്‌പോയി. ഞാന്‍ നിനക്കായിപൊതിഞ്ഞ്‌ വച്ച സമ്മാനപ്പൊതി വാങ്ങാന്‍ എന്തേവന്നില്ല. ശിശിരമാസത്തിലെ തണുപ്പിന്റെ ചാരനിറത്തില്‍ സൂര്യന്‍ കസവു കരകള്‍തുന്നിപ്പിടിപ്പിച്ചു കൊണ്ടിരുന്നു.ഒരുമന്ദമാരുതന്‍ അല്‍പ്പം ശങ്കയോടെ അതുവഴി കടന്നുപോയി.`ഇവിടെ കാറ്റിനുസുഗന്ധം'... ജോയുടെ ശബ്‌ദം. ഒരു ക്രുസ്‌തുമസ്സിനു ഞാന്‍ സമ്മാനിച്ച കൊളോണ്‍ ഒത്തിരി വാരിപൂശി മുറിക്കകത്ത്‌ നടന്ന്‌ പാടിയപാട്ട്‌. `ജോ നീ എവിടെ' എന്ന്‌വെറുതെ ചോദിച്ച്‌ നിര്‍ന്നിമേഷയായി ഞാന്‍ ഏകാന്തതയുടെ ആ അപാരതീരത്തിരുന്നു വിതുമ്പിപോയി.

(തുടരും)
പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ -12 (ഓര്‍മ്മക്കുറിപ്പുകള്‍: സരോജ വര്‍ഗ്ഗീസ്‌, ന്യൂയോര്‍ക്ക്‌)പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ -12 (ഓര്‍മ്മക്കുറിപ്പുകള്‍: സരോജ വര്‍ഗ്ഗീസ്‌, ന്യൂയോര്‍ക്ക്‌)പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ -12 (ഓര്‍മ്മക്കുറിപ്പുകള്‍: സരോജ വര്‍ഗ്ഗീസ്‌, ന്യൂയോര്‍ക്ക്‌)പ്രിയ ജോ, നിനക്കായ്‌ ഈ വരികള്‍ -12 (ഓര്‍മ്മക്കുറിപ്പുകള്‍: സരോജ വര്‍ഗ്ഗീസ്‌, ന്യൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക