Image

തവക്കല്‍തു അലല്ലാഹ്‌ (ഡി. ബാബു പോള്‍)

ഡി. ബാബു പോള്‍ Published on 01 January, 2014
തവക്കല്‍തു അലല്ലാഹ്‌  (ഡി. ബാബു പോള്‍)
ഇന്നലെ കൊല്ലം ജില്ലയിലെ അഞ്ചല്‍ എന്ന തപാലോഫിസിന്‍െറ പരിധിയില്‍ ഒരു സാന്‍റാക്‌ളോസിനെ കണ്ടു. ആജാനുബാഹുവായ ഒരപ്പൂപ്പന്‍. ഒരു വിളക്കുമരച്ചോട്ടില്‍ ആലസ്യബാധിതനായി നില്‍ക്കുന്നു. ഒരു പീടികയുടെ മുന്നിലാണെങ്കിലും പീടിക അടച്ചിരുന്നതിനാല്‍ വലിയ വെളിച്ചം ഇല്ല. ജീവനില്ലാത്ത ആള്‍രൂപമാണ്‌. എങ്കിലും, വല്ലാതെ സങ്കടംതോന്നി. ക്രിസ്‌മസ്‌ കഴിഞ്ഞിട്ട്‌ മൂന്നുനാല്‌ ദിവസമേ ആയിട്ടുള്ളൂ. ഇനി നാളെ നഗര മാലിന്യമായി മാറ്റപ്പെടും എന്ന തിരിച്ചറിവ്‌ ആ മരം ചാരിയുടെ ഭാവത്തില്‍ കാണാമായിരുന്നു. ഉപയോഗം കഴിഞ്ഞുതള്ളി. ഇനി അപ്പൂപ്പന്‍ ആ വഴി, നാം ഈ വഴി ! മാറണ്ടേ ഈ വഴി?

ഇന്ന്‌ പുതുവര്‍ഷപ്പിറവി. ഒരാണ്ടില്‍ ഒന്നിലേറെ പുത്തനാണ്ടുകള്‍ ഒളിച്ചിരിക്കുന്നുവെന്ന്‌ നമുക്കറിയാം. നോക്കുന്നവന്‍ നോക്കുന്ന പഞ്ചാംഗമാണ്‌ ആണ്ടുപിറപ്പിന്‌ അടിസ്ഥാനം. എങ്കിലും ലോകം പൊതുവെ ജനുവരി ആദ്യത്തെ മാസമായി അംഗീകരിച്ചിരിക്കുന്നതിനാല്‍ ഇന്ന്‌ പുതുവര്‍ഷപ്പിറവി.
അമ്മ പഠിപ്പിച്ച ഒരു ചെറിയ പ്രാര്‍ഥന കട്ടിലില്‍ ഇരുന്നുകൊണ്ട്‌ തന്നെ ചൊല്ലിയിട്ടാണ്‌ നിത്യവും ഞാന്‍ വലതുപാദത്തിന്‌ ഭൂസ്‌പര്‍ശം അനുവദിക്കുന്നത്‌. സകലത്തിന്‍െറയും ഉടയവനായ സര്‍വശക്താ, ഇന്നത്തെദിവസം പാപമലിനതകള്‍ കൂടാതെ നീതിയില്‍ കാത്തുകൊള്ളപ്പെടാന്‍ കനിയണമേ എന്നാണ്‌ തുടക്കം. തുടര്‍ന്ന്‌ ഓര്‍മയില്‍ തെളിയാത്ത ഏതോ ശൈശവപ്രഭാതത്തില്‍ അച്ഛന്‍ പഠിപ്പിച്ച പ്രാര്‍ഥനയും ബോധിപ്പിച്ചിട്ടാണ്‌ എഴുന്നേല്‍ക്കുക. കഴിഞ്ഞുപോയ രാവില്‍ കാത്തുരക്ഷിച്ചതിനായി സ്‌തോത്രം; വരുന്ന പകലിലും കാത്തുകൊള്ളേണമേ. ജീവിതയാത്രക്കിടയില്‍ എന്നോ ഞാന്‍ കൂട്ടിച്ചേര്‍ത്ത രണ്ട്‌ വാക്യങ്ങള്‍കൂടി പറയാം. ഇന്നത്തെ ദിവസം അറിഞ്ഞുകൊണ്ട്‌ ഒരുതെറ്റ്‌ ചെയ്യാതെയും അറിയാതെ ഒരു അബദ്ധത്തില്‍ വീഴാതെയും എന്നെ സംരക്ഷിക്കുമാറാകണമേ എന്നതാണ്‌ ഒന്ന്‌. തീരുമാനങ്ങളെടുക്കാന്‍ അധികാരമുള്ള സബ്‌കലക്ടറായ 25ാം വയസ്സില്‍ രൂപപ്പെടുത്തിയ പ്രാര്‍ഥനയാണത്‌. ഞായറാഴ്‌ച, മാസാദ്യം, പുതുവര്‍ഷം ഒക്കെ മറ്റൊരു വാക്യംകൂടി ചേര്‍ക്കും. കഴിഞ്ഞുപോയ ആഴ്‌ചയില്‍/മാസത്തില്‍/സംവത്സരത്തില്‍ സംരക്ഷിച്ച സര്‍വശക്താ പുതിയ ആഴ്‌ചയിലും/മാസത്തിലും/സംവത്സരത്തിലും എന്നെ തള്ളിക്കളയരുതേ.

ഈശ്വരവിശ്വാസികളായ ആര്‍ക്കെങ്കിലും പ്രയോജനപ്പെടുമെന്ന പ്രത്യാശയിലാണ്‌ ഇത്രയും കുറിച്ചത്‌. ഒന്നുകൂടി ചെയ്യാറുണ്ട്‌. ഡയറി നോക്കും. എവിടെയൊക്കെ പ്രസംഗിക്കാനുണ്ട്‌, എന്തൊക്കെ എഴുതാനും ചെയ്‌തുതീര്‍ക്കാനും ഉണ്ട്‌, ആരെയൊക്കെ കാണാനിടയുണ്ട്‌ എന്നൊക്കെ അറിഞ്ഞ്‌ നമ്മുടെ ജീവിതനിയന്താവായ ദൈവത്തിന്‍െറ സന്നിധിയില്‍ അവലോകനം ചെയ്യണം. ഉറിയും ചിരിക്കുന്ന ഒരു സംഗതി പറഞ്ഞാല്‍ എത്ര ധൃതിയുണ്ടായാലും യാത്ര, പ്രസംഗം, എഴുത്ത്‌, ഇന്‍ററാക്ഷന്‍സ്‌ എന്ന നാല്‌ ശീര്‍ഷകങ്ങള്‍ സര്‍വശക്തനോട്‌ പറയാന്‍ മറക്കാറില്ല ഒരു പ്രഭാതത്തിലും.
എന്നുവെച്ച്‌ തെറ്റുകള്‍ ചെയ്യുന്നില്‌ളെന്നോ അബദ്ധങ്ങള്‍ പറ്റുന്നില്‌ളെന്നോ അല്ല. ചെയ്യുന്ന തെറ്റുകളെക്കാള്‍ ഗുരുതരമായിരിക്കും ചിലപ്പോള്‍ നാം ചെയ്യാതിരിക്കുന്ന ശരികള്‍ എന്ന സംഗതിയും മറന്നുകൂടാ. എന്നാല്‍, സ്വയം പരിശോധിച്ചാല്‍ തെറ്റ്‌ തിരുത്തുന്നതില്‍ വേണ്ടത്ര വിജയിച്ചില്‌ളെങ്കിലും തെറ്റ്‌ തിരിച്ചറിയാനെങ്കിലും കഴിയും.

കഴിഞ്ഞവര്‍ഷം എന്‍െറ രണ്ട്‌ പോരായ്‌മകള്‍ ഈശ്വരന്‍ എനിക്ക്‌ കാണിച്ചു തന്നു. ചിലപ്പോള്‍ ചിലര്‍ ചോദിക്കും: നല്ല മുഖപരിചയം തോന്നുന്നുണ്ടല്‌ളോ, എന്താണ്‌ പേര്‌? ആ ചോദ്യം എന്നില്‍ ഈര്‍ഷ്യയല്‌ളെങ്കില്‍ അക്ഷമയെങ്കിലും ജനിപ്പിക്കാറുണ്ടായിരുന്നു. ഗള്‍ഫിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങുമ്പോള്‍ തിരിച്ചറിയപ്പെടുന്നത്‌ എന്‍െറയൊരു രഹസ്യസന്തോഷവുമായിരുന്നു. രണ്ടും ഒരേ നാണയത്തിന്‍െറ രണ്ട്‌ വശങ്ങളാണെന്നും ആ നാണയത്തിന്‍െറ പേര്‌ അഹംഭാവംഈഗോഎന്നാണെന്നും തിരിച്ചറിഞ്ഞത്‌ ഈ 73ാം വയസ്സിലാണ്‌.

മറ്റൊന്ന്‌ ദ്രവ്യാഗ്രഹമാണ്‌. എനിക്ക്‌ പണക്കൊതിയില്ല എന്നായിരുന്നു എന്‍െറ ധാരണ. എത്ര പണം കിട്ടുന്നുവെന്ന്‌ ശ്രദ്ധിക്കുന്നത്‌ തെറ്റല്ല. എന്നാല്‍, അര്‍ഹിക്കുന്നതിലേറെ കിട്ടുമ്പോള്‍ സന്തോഷിക്കുന്നതും അര്‍ഹിക്കുന്നതായി ഞാന്‍ കരുതുന്നത്‌ കിട്ടാതെവരുമ്പോള്‍ നിരാശതോന്നുന്നതും ദ്രവ്യാഗ്രഹത്തിന്‍െറ വകഭേദമാണെന്ന്‌ തിരിച്ചറിയാന്‍ ഈ പ്രായം എത്തേണ്ടിവന്നു. കോഴിക്കോട്‌, മലപ്പുറം ഇത്ര, തിരുവനന്തപുരം, കൊല്ലം ഇത്ര എന്നൊക്കെ ഒരു കണക്ക്‌ ജില്ലതിരിച്ച്‌ ഡ്രൈവറെ പഠിപ്പിച്ചിട്ടുണ്ട്‌. ചില സംഘാടകര്‍ എത്രയാവും എന്നന്വേഷിക്കാതെയാണ്‌ പ്രസംഗത്തിനുള്ള യാത്രക്ക്‌ (പ്രസംഗത്തിന്‌ പ്രതിഫലം ഗള്‍ഫിലും അമേരിക്കയിലും അല്ലാതെ ഈ നാട്ടില്‍ അത്ര പതിവില്ല. നമ്മുടെ സമയവും ശാരീരികക്ഷീണവും ഒക്കെ ഇവിടെ ആരും പരിഗണിക്കാറില്ല) പ്രതിഫലം നല്‍കുക. അത്‌ ചിലപ്പോള്‍ കുറയും, ചിലപ്പോഴെങ്കിലും കൂടുകയും ചെയ്യും. എഴുത്തും തഥൈവ.

`മനോരമ' തരുന്നതുതന്നെ `ചില്ലയും' തരണമെന്ന്‌ ചിന്തിക്കരുത്‌. ആ തുകയെക്കുറിച്ച്‌, അത്‌ വലുതായാലും ചെറുതായാലും ഒന്നില്‍ക്കൂടുതല്‍ തവണ ചിന്തിക്കുമ്പോള്‍ ഞാന്‍ ദ്രവ്യാഗ്രഹിയും പണക്കൊതിയനും ആയി മാറുകയാണ്‌. കഴിഞ്ഞകൊല്ലം പഠിച്ച രണ്ടാമത്തെ പാഠം ഇതാണ്‌.
ശരികള്‍ ചെയ്യുന്നതും ഇതുപോലെ വിമര്‍ശ വിധേയമാക്കണം. ദൈവം എനിക്കു നല്‍കിയ ആരോഗ്യം ഞാന്‍ എങ്ങനെ വിനിയോഗിക്കുന്നു? ഡോക്ടറാണെങ്കില്‍ രോഗികള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാറുണ്ടോ? ആസന്നമരണനായ അര്‍ബുദരോഗിക്കു വേണ്ടിയും പ്രാര്‍ഥനാ നിരതനാവുന്ന ഡോക്ടര്‍ വി.പി. ഗംഗാധരനെ മാതൃകയായി ഉദ്ധരിക്കുന്നത്‌ യുവഭിഷഗ്വരന്മാര്‍ക്ക്‌ വഴി തെളിയട്ടെ എന്ന്‌ വിചാരിക്കുന്നതിനാലാണ്‌. വെള്ളിയാഴ്‌ച ജുമുഅക്കും ഞായറാഴ്‌ച കുര്‍ബാനക്കും പോകുന്നവരായ നാം ഖുത്തുബ പറയുന്ന ഇമാമിനും വചനഘോഷണം നടത്തുന്ന കത്തനാര്‍ക്കും ദൈവികസഹായം ആശയങ്ങളുടെയും വാക്കുകളുടെയും രൂപത്തില്‍ കിട്ടണമെന്ന്‌ പ്രാര്‍ഥിക്കണം. നാം ഒരു വിവാഹത്തില്‍ സംബന്ധിക്കുന്നു. ബിരിയാണിയും തിന്ന്‌ ചായയും കുടിച്ച്‌ പോന്നാല്‍ പോരാ. സദ്യ വിളമ്പിയതിന്‍െറ കുറ്റവും പായസത്തിന്‍െറ രുചിക്കുറവും പറയുന്നില്ലായിരിക്കും; അതുപോരാ. ആ വധൂവരന്മാര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണം. സദ്യയില്‍ ഭക്ഷ്യവിഷബാധയോ ചടങ്ങുകളില്‍ അലോസരമോ ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ഥിക്കണം. നാം ഒരു ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കണം. ഈ സംസ്ഥാനത്തിന്‍െറ വര്‍ത്തമാനകാലം നിയന്ത്രിക്കുന്നവരില്‍ ഒരാള്‍ക്ക്‌ ഈശ്വരവിശ്വാസം ഇല്ല ; മറ്റെയാള്‍ പള്ളിയില്‍ പോകുന്നത്‌ പുതുപ്പള്ളിയിലെ വോട്ടര്‍മാരെ കാണാനാണ്‌. എങ്കിലും പിണറായിക്കും ഉമ്മന്‍ ചാണ്ടിക്കും വേണ്ടി പ്രാര്‍ഥിക്കാന്‍ ഈശ്വരവിശ്വാസികള്‍ കടപ്പെട്ടിരിക്കുന്നു.

ചടങ്ങുകള്‍ മുടങ്ങുന്നില്ല. പള്ളികളിലും അമ്പലങ്ങളിലും തിരക്കോ വരുമാനമോ കുറയുന്നുമില്ല. കുറ്റകൃത്യങ്ങളും കുറയുന്നില്ല. അവിടെയാണ്‌ പ്രശ്‌നം. നാം ഓരോരുത്തരും ഓരോ ചെറിയ തീരുമാനം എടുത്താല്‍ സമൂഹം അത്രക്കെങ്കിലും നേരെയാവും. ഇടതുവശത്തുകൂടി ഓവര്‍ടേക്‌ ചെയ്യുകയില്ല, അമിതവേഗത്തില്‍ വണ്ടി ഓടിക്കുകയില്ല, സമയം `നുണപറഞ്ഞ്‌' പാഴാക്കുകയില്ല, ദൈവം തന്ന ആരോഗ്യം നശിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കും, വൃദ്ധജനങ്ങളോട്‌ സന്മനസ്സ്‌ കാണിക്കുംഎന്തെല്ലാം ചെറിയ ചെറിയ കാര്യങ്ങള്‍ കിടക്കുന്നു ഈ പുതുവര്‍ഷത്തെ കൂടുതല്‍ മനോഹരമാക്കുന്നതിന്‌ നമുക്ക്‌ ചെയ്യാവുന്നതായി! നമുക്കൊക്കെ തെറ്റ്‌ വരും. എന്‍െറ ശരി എന്‍െറ വായനക്കാരന്‌ തെറ്റായി തോന്നാം. വിധിക്കപ്പെടാതിരിക്കേണ്ടതിന്‌ വിധിക്കാതിരിക്കുക. ദൈവം വിധിച്ചുകൊള്ളും. നമുക്ക്‌ ഓര്‍മിക്കാന്‍ പണ്ട്‌ പൗലോസ്‌ പറഞ്ഞതേ ഉള്ളൂ: നീ ചെയ്യുന്നതില്‍ നിന്‍െറ മന:സാക്ഷി നിന്നെ കുറ്റപ്പെടുത്താതിരിക്കട്ടെ. തവക്കല്‍തു അലല്ലാഹ്‌ എന്ന്‌ നിശ്ചയിച്ചാല്‍ എല്ലാം ആയി.
Join WhatsApp News
benny 2014-01-02 07:11:53
Sir, one of the unforgiven crime in front of Almighty is that you could help in solving the fighting between two waring factions of Syrian church, but, you just kept silent... 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക