Image

പുതുവത്സര പ്രതിജ്‌ഞകള്‍ (സി. ആന്‍ഡ്രൂസ്‌, ന്യൂയോര്‍ക്ക്‌)

Published on 31 December, 2013
പുതുവത്സര പ്രതിജ്‌ഞകള്‍ (സി. ആന്‍ഡ്രൂസ്‌, ന്യൂയോര്‍ക്ക്‌)
വീണ്ടും ഒരു പുതുവര്‍ഷം പിറക്കുന്നു. വര്‍ഷങ്ങള്‍ ക്രുത്യമായി വരുകയും പോകുകയും ചെയ്യുന്നത്‌ പ്രക്രുതിയുടെ നിയോഗം. എന്നാല്‍ മൂഢനായ മനുഷ്യന്‍ അതിനെ എതിരേല്‍ക്കാനും, തോളിലേറ്റാനും, ആഘോഷിക്കാനും ശ്രമിക്കുന്നതാണ്‌കൗതുകം. പുതിയ വര്‍ഷം പിറക്കുമ്പോള്‍ ചിലരെല്ലാം ശപഥങ്ങള്‍ എടുക്കുന്നു. ഈ വര്‍ഷം മുതല്‍ ഞാന്‍ നല്ലവനാകും. ഈ വര്‍ഷം മുതല്‍ ഞാന്‍ ദൈവത്തില്‍ വിശ്വസിക്കും. അവന്റെ വചനങ്ങള്‍ പാലിക്കും. കൂടുതലായി നമ്മള്‍ കേള്‍ക്കുന്ന ശപഥങ്ങളില്‍ ഒന്നാണ്‌്‌ `സിഗരറ്റ്‌ വലി നിറുത്തുന്നു, കള്ള്‌ കുടി നിറുത്തുന്നു'. പുതുവര്‍ഷം പുലര്‍ന്നസ്‌തമിക്കുമ്പോള്‍ എല്ലാ പ്രതിജ്‌ഞകളും അപ്രത്യക്ഷമായിരിക്കും. വാഗ്‌ദാനങ്ങള്‍ ലംഘിക്കാനും നുണകള്‍ പാലിക്കാനുമാണെന്ന്‌ പറയുന്നത്‌ എത്രയോ ശരി.

വാസ്‌തവത്തില്‍ എന്തിനാണീ പുതുവത്സര വാഗ്‌ദാനങ്ങള്‍ എന്ന്‌ ആരും ചിന്തിക്കുന്നില്ല. ഒരാള്‍ക്ക്‌ നല്ലവനാകാന്‍ ഒരു വര്‍ഷം പിറക്കുന്ന ദിവസത്തിനു വേണ്ടി കാത്തിരിക്കേണ്ട ആവശ്യമില്ല. മതമേധാവികളും കച്ചവടക്കാരും കൂടി ഉണ്ടാക്കിയി ഒരു കപടനാടകമാണ്‌ പുതുവര്‍ഷ പിറവി ആഘോഷം. അന്ന്‌ ശപഥങ്ങള്‍ എടുക്കാന്‍ മതാധികാരികള്‍ പാവം മനുഷ്യരെ പ്രലോഭിപ്പിക്കുന്നു. അന്നെങ്കിലും ജനം കള്ളടിക്കാതിരുന്നാല്‍ ആ കാശ്‌ തങ്ങളുടെ പോക്കറ്റില്‍ വീഴുമെന്നു അവര്‍ക്കറിയാം. കച്ചവടക്കാര്‍ക്കറിയാം പ്രലോഭനങ്ങളില്‍ മനുഷ്യന്‍ വീഴുമെന്ന്‌. അവന്റെ വീഴച തന്നെ പ്രലോഭനങ്ങളില്‍ നിന്നാണ്‌. ചിലര്‍ അന്നു മൂക്കു മുട്ടെ കഴിച്ച്‌്‌ പിറ്റെ ദിവസം മുതലാണ്‌ പ്രതിജ്‌ഞ പാലിക്കാമെന്ന്‌ തീരുമാനിക്കുന്നത്‌. അങ്ങനെയുള്ളവര്‍ക്ക്‌ സ്വര്‍ഗ്ഗം കിട്ടാന്‍ വൈകുമെന്നൊക്കെ മതാധികാരികള്‍ പേടിപ്പിച്ച്‌ നോക്കിയിട്ടും കുടിയന്മാര്‍ അത്‌ ഗൗനിക്കുന്നില്ല. നമ്മുടെ മലയാളികളും സായിപ്പിന്റെ വാലില്‍ തൂങ്ങി നടത്തുന്ന കുരങ്ങുകളിയാണു നൂയറിലെ പ്രധാന വിനോദം. തൃശ്ശൂര്‍ പൂരത്തിനു പുലിക്കളിയുള്ളപോലെ സായിപ്പിനെ അനുകരിക്കുന്ന മലയാളികളുടെ കുരങ്ങ്‌ കളി.

പുതുവര്‍ഷം വെറും ഒരു കണക്ക്‌കൂട്ടലിന്റെ അടിസ്‌ഥാനത്തില്‍ രൂപപ്പെടുത്തിയ ദിവസം മാത്രം.. അത്‌ ലോകത്തില്‍ പല സ്‌ഥലത്തും പലേ ദിവസങ്ങളിലാണ്‌. നമ്മുടെ ഇന്ത്യയില്‍ തന്നെ നോക്കുക. ഗുജറാത്തികള്‍ക്ക്‌ വര്‍ഷം ആരംഭിക്കുന്നത്‌ ദീപാവലിക്കാണു. കേരളത്തില്‍ ഹിന്ദുക്കള്‍ മേടം ഒന്ന്‌ പുതുവര്‍ഷപിറപ്പായി കണക്കാക്കുന്നു. അവിടെത്തന്നെ ചിലര്‍ ചിങ്ങം ഒന്ന്‌ പുതുവത്സരമായി കരുതുന്നു. അതുകൊണ്ട്‌ ശപഥങ്ങള്‍ ചെയ്യാന്‍ ഏത്‌്‌ ദിവസവും തിരഞ്ഞെടുക്കാം.

പിന്നെയൊരു കൂട്ടര്‍ ദൈവത്തെ തേടി ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നു.അവിടെ വച്ച്‌്‌ കരഞ്ഞും, നെഞ്ചത്തടിച്ചും, ക്ഷമചോദിച്ചും, ദൈവത്തിന്റെ മുന്നില്‍ പ്രതിജ്‌ഞ എടുക്കുന്നു. `ഞാന്‍ നല്ലവനാകാം ദൈവമേ, ഇതാ നിന്റെ മുന്നില്‍ വച്ച്‌ ഞാന്‍ ശപഥം ചെയ്യുന്നു. മനുഷ്യന്റെ ഈ കഷ്‌ടപ്പാട്‌ കണ്ട്‌ ദൈവം അനങ്ങുന്നില്ല, മിണ്ടുന്നില്ല. അങ്ങേരല്ലെ ഇവന്മാരെ സ്രുഷ്‌ടിച്ചത്‌, ഇവര്‍ പറയുന്നത്‌ എന്താണെന്ന്‌്‌ ഇവര്‍ക്ക്‌ തന്നെയറിയില്ലെന്നറിയുന്ന ദൈവം ഇതെല്ലാം കണ്ട്‌ ഏതു നേരത്ത്‌ ഇവന്മാരെ സ്രുഷ്‌ടിക്കാന്‍ തോന്നി എന്നാലോചിച്ച്‌്‌ വിഷമിച്ചിരുന്നിരിക്കണം.

എല്ലാമറിയുന്ന ദൈവത്തെ തേടി എന്തിനു മനുഷ്യന്‍ ഈ പുതുവര്‍ഷപിറവിനാള്‍ ഇങ്ങനെ കഷ്‌ടപ്പെടുന്നു. ഓരോ നിമിഷവും ഒരാള്‍ എന്തു ചെയ്യാന്‍ പോകുന്നു എന്ന്‌ ദൈവത്തിനറിയാം. തന്നെയുമല്ല പണ്ട്‌ പണ്ട്‌ അദ്ദേഹം നിങ്ങളോട്‌ പറഞ്ഞില്ലെ. എന്നെ അന്വേഷിച്ച്‌ വരണ്ട. എനിക്ക്‌ നിങ്ങളെകൊണ്ടാവശ്യമുണ്ടെങ്കില്‍ ഞാനങ്ങോട്ട്‌ വരും. എനിക്ക്‌ നിങ്ങളുടെ മേല്‍ വിലാസമ്മറിയാം. നിങ്ങള്‍ വാതില്‍ പൂട്ടിസുഖമായി വീട്ടില്‍ ഉറങ്ങുക. ശപഥം ചെയ്‌ത്‌ എന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കണ്ട. നിങ്ങളുടെ ശപഥത്തിനും വാക്കിനും എന്തു വില. കോഴി കൂവും മുമ്പെ മൂന്നു തവണ എന്നെ തള്ളി പറയുന്ന നിങ്ങള്‍ക്ക്‌ എന്തു സ്‌ഥിരത. ആണിപ്പഴുതിലൂടെ കയ്യിടാതെ വിശ്വസിക്കാന്‍ കഴിയാത്ത നിങ്ങല്‍ക്ക്‌ എന്തു വിശ്വാസം.

ദൈവം സുസ്‌മേരവദനനായി അവരെ ഉപദേശിച്ചു. സ്‌നേഹത്തിന്റേയും പരസ്‌പര സഹായത്തിന്റേയും ലഹരിയുള്ള വീഞ്ഞ്‌ വാറ്റുക.ല്‌പഅത്‌ കുറെശ്ശെ കുടിച്ച്‌ ജീവിതത്തിന്റെ കാര്‍ണിവല്‍ കണ്ട്‌ കറങ്ങി നടക്കുക. ഉറക്കം വരുമ്പോള്‍ വീട്ടിലെത്തുക. അങ്ങനെ നിങ്ങള്‍ അനുഭൂതികളുടെ ലോകത്ത്‌ ആസ്വാദകരമായ നിമിഷങ്ങള്‍ പങ്കിടുമ്പോള്‍ ഞാന്‍ വാതിലില്‍ മുട്ടും. അപ്പോള്‍ തുറക്കുക. എന്തിനാണു പുതുവത്സരപിറവി എന്ന്‌ കലണ്ടറില്‍ കാണിക്കുന്ന ഒരു ദിവസം ബാറുകള്‍ തോറും കയറിയിറങ്ങി, ദേവാലയങ്ങളില്‍ കയറിയിറങ്ങി നടക്കുന്നത്‌. എന്നെ സംബന്ധിച്ചടത്തോളം എല്ലാ ദിവസവും പുതുവത്സരമാണ്‌. നിങ്ങള്‍ക്ക്‌ ശപഥം ചെയ്യാനോ, ദുശ്ശീലങ്ങള്‍ മാറ്റി നല്ലവരാകാനോ, നന്മയുടെ ലോകം കെട്ടിപ്പടുക്കാനോ ഒരു പുതുവത്സരദിനത്തിനു കാത്തിരിക്കേണ്ട കാര്യമില്ല. ഏത്‌ ദിവസവും അതിനവസരമുണ്ട്‌. ഭൂമി കറങ്ങികൊണ്ടേയിരിക്കുന്നു. നിങ്ങള്‍ കള്ളടിച്ച്‌ കറങ്ങേണ്ട കാര്യമില്ല.

മിഥ്യയായ ധാരണകളും, പൊള്ളയായ വിശ്വാസങ്ങളും കൊണ്ട്‌ വഴിതെറ്റിപോവാതെ സ്വന്തം വീട്ടില്‍ എന്നെ കാത്തിരിക്കുക. വിളക്കില്‍ എണ്ണയൊന്നും ഒഴിച്ച്‌ കാത്തിരിക്കേണ്ട. എണ്ണയില്ലാത്ത വിളക്കുകള്‍ ഇപ്പോള്‍ ഉണ്ടല്ലോ? കേരളത്തില്‍ ആണെങ്കില്‍ പൗര്‍ കട്ടിനെ ഭയപ്പെടുക. ഞാന്‍ ചിലപ്പോള്‍ പൗര്‍ കട്ട്‌ സമയത്തും വരും. കുടുബം ഒരു ദേവാലയമാണ്‌്‌. ഓരൊ ദിവസവും മനോഹരമാക്കുകു. ആരോ കണക്ക്‌ കൂട്ടി കണ്ടു പിടിച്ച ഒരു പുതുവത്സരദിനത്തില്‍ മാത്രമെ നല്ല കാര്യങ്ങള്‍ക്ക്‌ തുടക്കമിടാവു എന്ന ധാരണ മാറ്റുക. ജീവിതം മുന്തിരിച്ചാറു പോലെയാണ്‌. അതിന്റെ മധുരിമ നുകരുക. ഞാന്‍ നിങ്ങള്‍ക്ക്‌ കൂട്ടിനു തന്നവളെ നന്നായി ആസ്വദിക്കുക. അവളുടെ അധരങ്ങളില്‍ വീഞ്ഞ്‌ കുപ്പികള്‍ പൊട്ടുന്നു. അതു നുകര്‍ന്നെടുക്കുക. കുട്ടികള്‍ കുപ്പിപാല്‍ കുടിക്കുന്നപ്പോലെ കുപ്പിയില്‍ കിട്ടുന്ന ലഹരി നുണയാന്‍ പോകാതെ അത്‌ അവളില്‍ നിന്നും നുകരുക. കുപ്പിപാല്‍ മുലപ്പാലിനൊപ്പം വരുന്നില്ല.പ്രിയ മനുഷ്യപുത്രരെ, പുതുവര്‍ഷം എന്ന്‌ പറഞ്ഞ്‌ മണ്ടത്തരം കാണിക്കാതെ ഓരൊ ദിവസവും ആനന്ദപ്രദമാക്കുക. ഒരിക്കലും നിങ്ങള്‍ക്ക്‌ കാണാന്‍ കഴിയാത്ത എന്നെ തേടി അലയാതിരിക്കുക. ഞാന്‍ നിങ്ങളിലുണ്ട്‌. അത്‌ തിരിച്ചറിയുക. അങ്ങനെ നിങ്ങള്‍ മനസ്സിലാക്കുന്ന ദിവസം ഞാന്‍ നിങ്ങളുടെ അടുത്ത്‌ വരും. അതിനായി പ്രവര്‍ത്തിക്കുക, കാത്തിരിക്കുക. കയ്യിലെ കാശും സമയവും മതത്തിന്റെ പേരില്‍ വേഷം കെട്ടി നില്‍ക്കുന്നവര്‍ക്ക്‌ കൊടുത്ത്‌ വിഡ്‌ഢികളാകല്ലേ.


അന്ധവിശ്വാസങ്ങളില്‍ നിന്നുണരുക. അപ്പോഴാണ്‌ ശരിക്കും പുതു വര്‍ഷം ഉദയം ചെയ്യുന്നത്‌. ദൈവം ഞങ്ങളിലുള്ളപ്പോള്‍ (അഹം ബ്രഹ്‌മാസ്‌മി. ഭഗവത്‌ ഗീത 9:29... തു യേ മാം ഭക്‌ത്യാ ഭജന്തി തേ മയി അപി അഹം തേഷു ച = അര്‍ഥം എന്നെ ആര്‍ ഭക്‌തിപൂര്‍വ്വം ഭജിക്കുന്നുവാ അവര്‍ എന്നിലും ഞാന്‍ അവരിലും വസിക്കുന്നു) എന്തിനു പള്ളിയിലും, അമ്പലങ്ങളിലും അതെപോലെ മനുഷ്യര്‍ പണിത്‌ വച്ചിരിക്കുന്ന കെട്ടിടങ്ങളില്‍ പോകുന്നു. ഇനി മുതല്‍ അങ്ങനെ പോകില്ലെന്ന ഒരു ശപഥം ചെയ്‌താല്‍ ഇവിടം സ്വര്‍ഗ്ഗമാകും. അതായിരിക്കട്ടെ നിങ്ങള്‍ ചെയ്യുന്ന പ്രതിജ്‌ഞ. അപ്പോള്‍ മത വ്യാപാരത്തിന്റെ സ്‌റ്റോക്ക്‌ മാര്‍ക്കറ്റുകള്‍ തകരും. നിങ്ങള്‍ക്ക്‌ ലാഭമല്ലാതെ ഒരു നഷ്‌ടവും വരുകയില്ല. നിങ്ങള്‍ക്ക്‌ സമാധാനം.

ഇ-മലയാളിയുടെ എല്ലാ വായനക്കാര്‍ക്കും നന്മകള്‍ ഉണ്ടാകട്ടെ. അവര്‍ അവരുടെ ആത്മീയ സ്‌റ്റോക്ക്‌ മാര്‍ക്കറ്റുകള്‍ നിരീക്ഷിക്കട്ടെ.

ആമേന്‍ !

(സി. ആന്‍ഡ്രൂസ്‌, ന്യൂയോര്‍ക്ക്‌)

gracepub@yahoo.com
പുതുവത്സര പ്രതിജ്‌ഞകള്‍ (സി. ആന്‍ഡ്രൂസ്‌, ന്യൂയോര്‍ക്ക്‌)പുതുവത്സര പ്രതിജ്‌ഞകള്‍ (സി. ആന്‍ഡ്രൂസ്‌, ന്യൂയോര്‍ക്ക്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക