Image

ആര്‍. ബാലകൃഷ്‌ണപിള്ള ജയില്‍മോചിതനായി

Published on 01 November, 2011
ആര്‍. ബാലകൃഷ്‌ണപിള്ള ജയില്‍മോചിതനായി
തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷം കഠിന തടവിന്‌ ശിക്ഷിക്കപ്പെട്ട്‌ ജയില്‍ ശിക്ഷയനുഭവിച്ചുവരുന്ന മുന്‍മന്ത്രി ആര്‍. ബാലകൃഷ്‌ണപിള്ള ജയില്‍മോചിതനായി. പിള്ള അടക്കം 138 തടവുകാരെ പുറത്തുവിടുന്നതുസംബന്ധിച്ച്‌ ആഭ്യന്തര വകുപ്പ്‌ അഡീഷണല്‍ സെക്രട്ടറിയുടെ ഉത്തരവ്‌ ഇന്നലെ പുറത്തിറങ്ങിയിരുന്നു.

ഭരണഘടനയുടെ സവിശേഷാധികാരം ഉപയോഗിച്ചാണ്‌ സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. കേരളപ്പിറവി പ്രമാണിച്ച്‌ ജയില്‍വകുപ്പ്‌ നല്‍കിയ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഗവര്‍ണറുടെ അനുമതി തേടിയ ശേഷമാണ്‌ ഈമാസം 24 ന്‌ ആഭ്യന്തരവകുപ്പ്‌ ഉത്തരവ്‌ പുറത്തിറക്കിയത്‌.

ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ തടവ്‌ അനുഭവിച്ചവര്‍ക്ക്‌ രണ്ടുമാസത്തെ ഇളവ്‌ നല്‍കാനുള്ള തീരുമാനം അനുസരിച്ചാണ്‌ പിള്ള പുറത്തിറങ്ങിയത്‌. ഒരുവര്‍ഷത്തെ കഠിനതടവിന്‌ ശിക്ഷിക്കപ്പെട്ട ഇദ്ദേഹം ഫിബ്രവരി 18നാണ്‌ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എത്തുന്നത്‌. 69 ദിവസം മാത്രമായിരുന്നു ജയിലില്‍ കഴിഞ്ഞത്‌. 75 ദിവസം പരോളും അനുഭവിച്ചു. ജയിലിലെ ദിവസവേതനം തിരിച്ചു നല്‍കിയതും ജയിലിലുണ്ടായിരുന്ന സമയത്തെ നല്ലനടപ്പും മുന്‍കൂട്ടി പരിഗണിച്ചാണ്‌ ശിക്ഷായിളവ്‌ നല്‍കുന്നത്‌. പിള്ള ജയില്‍ ശിക്ഷയ്‌ക്കിടെ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചത്‌ വിവാദമായതിനെത്തുടര്‍ന്ന്‌ ശിക്ഷാ ഇളവില്‍ നാല്‌ ദിവസം നേരത്തേ വെട്ടിക്കുറച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക