Image

പഴമനസ്സിന്റെ പുതു ബോധ്യങ്ങള്‍ (പുസ്തകറിവ്യൂ:കൊല്ലം തെല്‍മ, ടെക്‌സാസ്)

കൊല്ലം തെല്‍മ, ടെക്‌സാസ് Published on 03 January, 2014
പഴമനസ്സിന്റെ പുതു ബോധ്യങ്ങള്‍ (പുസ്തകറിവ്യൂ:കൊല്ലം തെല്‍മ, ടെക്‌സാസ്)
അണുകുടുംബഘടനയും പ്രവാസജീവിതാഭിമുഖ്യവും വിശ്വാസപ്രമാണങ്ങള്‍പോലെ സ്വീകരിച്ചുകഴിഞ്ഞ കേരളീയ സമൂഹം സ്വന്തം സാംസ്‌കാരിക പൈതൃകങ്ങളില്‍ നിന്നും പാരമ്പര്യങ്ങളില്‍നിന്നും നാള്‍ക്കുനാള്‍ അകന്നുകൊണ്ടിരിക്കുന്ന സ്ഥിതിവിശേഷവുമുണ്ട് പുതിയ സാമൂഹ്യഘടനയില്‍ പൈതൃകത്തെ പറ്റിയും പാരമ്പര്യത്തെപ്പറ്റിയുമൊക്കെയുള്ള അിറവുകള്‍ പിന്‍തലമുറക്ക് പകര്‍ന്നു കൊടുത്തുകൊണ്ടിരുന്ന മുന്‍കാലസ്‌ത്രോതസ്സുകള്‍ ഏറെയും അടയ്ക്കപ്പെട്ടുപോയി. പണ്ടത്തെ വീടുകളില്‍ മുതിര്‍ന്നവര്‍ തങ്ങളുടെ ജീവിതസാക്ഷ്യങ്ങള്‍ കൊണ്ടും വാമൊഴികളാലും നാടിന്റെ സാംസ്‌കാരിക ധാരകളെപ്പറ്റി പിന്‍തലമുറകലെ ബോധവാന്മാരാക്കിപ്പോന്നിരുന്നുവെങ്കില്‍, തലമുറകള്‍ തമ്മിലുള്ള പാരസ്പര്യങ്ങളുടെ സ്വഭാവംതന്നെ മാറിപ്പോയ പുത്തന്‍ ജീവിതസാഹചര്യങ്ങളില്‍ അത്തരമൊരു ജ്ഞാന വിനിമയസമ്പ്രദായം അസ്ഥിരപ്പെട്ടുകഴിഞ്ഞു. ഈയൊരു സാമൂഹ്യസാഹചര്യങ്ങളില്‍ നമ്മുടെ സംസ്‌കാരത്തേയും പാരമ്പര്യങ്ങളേയും സംബന്ധിച്ചുള്ള അറിവുകള്‍ നല്‍കുന്ന സാംസ്‌കാരിക പഠനഗ്രന്ഥങ്ങള്‍ക്ക് ഏറിയ പ്രസക്തിയും കൃത്യമായ സാംസ്‌കാരിക ദൗത്യവും ഉണ്ട്.

മേല്‍പ്പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ പ്രശസ്ത പത്രപ്രവര്‍ത്തകനായ ശ്രീ മണര്‍കാട് മാത്യൂവിന്റെ പഴമനസ്സിന്റെ പുതുബോധ്യങ്ങള്‍ എന്ന പുതിയ പുസ്തകം സവിശേഷശ്രദ്ധയാകര്‍ഷിക്കുന്നു.

ഏറെയും ആത്മനിഷ്ഠമായ നേരറവികളിലൂടെ കേരളീയത എന്ന അനുഭവത്തെ ആവിഷ്‌കരിക്കുന്ന രചനയാണിത്. നമ്മുടെ സാംസ്‌കാരിക ചരിത്രം- പാരമ്പര്യം- നാട്ടാചാരങ്ങള്‍ - പരിസ്ഥിതിപ്രശ്‌നങ്ങള്‍- ഇതെല്ലാം ഉള്‍ക്കൊള്ളുന്ന പ്രസ്തുത പുസ്തകം ഇതേ പ്രതിപാദ്യവിഷയങ്ങളുള്ള ഇതരമലയാള പുസ്തകങ്ങളുടെ പൊതുഗണത്തില്‍ പെടുന്നതല്ല. ആത്മകഥയെഴുതുമ്പോഴുള്ള ആര്‍ജവത്തോടെയും വൈകാരികമായ അടുപ്പത്തോടെയും നാടിന്റെ സാംസ്‌കാരിക ചരിത്രം പറയുന്ന ഒരു പ്രതിപാദ്യരീതിയാണ്. ഈ പുസ്തകത്തിന്റെ സവിശേഷത. ചരിത്രത്തോടൊപ്പം സ്വജീവിതാഖ്യാനങ്ങളും ഓര്‍മ്മചിത്രങ്ങളും ചേര്‍ത്ത് അറിവുകള്‍ക്കൊപ്പം അനുഭൂതികളും നല്‍കുന്ന ഒരു രചനാരീതി.

കേരളത്തിലെ ഭിന്നസമുദായങ്ങള്‍ക്കിടയിലെ ഭക്ഷശീലങ്ങള്‍, വിവാഹസമ്പ്രദായങ്ങള്‍, സാംസ്‌കാരികധാരകള്‍, വൈദേശിക കുടിയേറ്റങ്ങള്‍, നോമ്പുകളും അനുഷ്ഠാനങ്ങളും, ജനന-മരണാന്തര ചടങ്ങുകള്‍, ആരോഗ്യപരിപാലനം, ഇതരനാട്ടാചാരങ്ങള്‍, പരിസ്ഥിതി--- എന്നിങ്ങനെ വ്യത്യസ്ത പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന 12 ഖണ്ഡങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഓരോ ഖണ്ഡത്തിലും പ്രതിപാദ്യവിഷയം വിശദമായി വിശകലനം ചെയ്യുകയും അനുഭവസാക്ഷ്യങ്ങളിലൂടെ സ്മരണീയമാക്കുകയും ചെയ്യുന്നു. മലയാളിയുടെ ഭക്ഷണരീതികളുടെ ചരിത്രവും പരിണാമവും വിഷയമാക്കുന്ന ആദ്യാവസ്ഥ സംഘകാലം മുതല്‍ വര്‍ത്തമാന കാലംവരെയുള്ള കാലയളവുകളില്‍ ഭിന്നസമുദായങ്ങള്‍ സ്വീകരിച്ചിരുന്ന ഭക്ഷണക്രമങ്ങള്‍, പാചകരീതികള്‍, കൃഷിസമ്പ്രദായങ്ങള്‍, പ്രാദേശിക സദ്യവട്ടങ്ങളുടെ തനിമകള്‍, പ്രധാനപ്പെട്ട ചില പാചകവിധികള്‍, മലയാളി സ്വാംശീകരിച്ച അന്യനാടുകളിലെ പുതുരുചികള്‍, ഭക്ഷണവും ലൈംഗികതയും തമ്മിലുള്ള പരസ്പരബന്ധം… എന്നീ ഉപ-വിഷയങ്ങളിലേയ്‌ക്കെല്ലാം ശാഖ തിരിഞ്ഞ് പടര്‍ന്നുകയറുന്നു. ഒടുവില്‍ ഭക്ഷ്യദാരിദ്ര്യമനുഭവിച്ചിരുന്ന ഇല്ലായ്മയുടെ കാലത്തിന്റെ ദുഃഖ സ്മരണകളിലേക്കും, അനുഭവകഥകളുടെ എരിവും, പുളിയും, മധുരവും, കൈപ്പും ചേര്‍ന്നു വിഭവസമൃദ്ധമാകുന്നുണ്ട് ആഖ്യാനം- ആകമാനം. വിവാഹസമ്പ്രദായങ്ങള്‍ വിശദീകരിക്കുന്ന അടുത്ത ഖണ്ഡത്തിലുമുണ്ട്- ഉപനിഷദ്കാലം മുതല്‍ നിലനിന്നിരുന്ന വിവാഹസങ്കല്‍പങ്ങള്‍, ലൈംഗികതയുടെ ഉള്‍പ്പൊരുളുകള്‍, ഗോത്രവര്‍ഗ്ഗവിവാഹാചാരങ്ങള്‍, ഭിന്നസമുദായങ്ങളുടെ വിവാഹചടങ്ങുകള്‍, വിപ്ലവകരമായ വിവാഹകഥകല്‍, ബഹുഭാര്യാത്വം, ബഹുഭര്‍ത്തൃത്വം, ചടങ്ങുകളുടെ നാനാര്‍ത്ഥങ്ങല്‍ ഇവയെല്ലാം വെവ്വേറെ  പ്രതിപാദിക്കുന്ന വിശദമായ ആഖ്യാനങ്ങള്‍. നോമ്പുകള്‍, വൃതങ്ങള്‍, ജനനമരണാനന്തരചടങ്ങുകള്‍- ഇവയുടെ ചരിത്രപശ്ചാത്തലങ്ങളും പൊരുളുകളും വിസ്തരിച്ചുതന്നെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്- തുടര്‍ന്നുള്ള അധ്യായങ്ങളില്‍. ആയുര്‍വേദചികിത്സയെ പ്രധാന പ്രമേയമാക്കിയ ഏഴാം ഖണ്ഡത്തില്‍ നേരറിവുകളുടെ പിന്‍ബലമുള്ള അനുഭവകഥനങ്ങളിലൂടെ ഒരു മഹനീയ പാരമ്പര്യത്തെ അത് അര്‍ഹിക്കുംവിധം ഉയര്‍ത്തിക്കാട്ടുന്നു. പിന്നീടുള്ള ഭാഗങ്ങള്‍ ഈ കാലയളവില്‍ നാട്ടില്‍ സംഭവിച്ചിട്ടുള്ള സാംസ്‌കാരിക അധഃപതനത്തെ പ്രമേയമാക്കുന്നു. നാട്ടാചാരങ്ങളില്‍നിന്നും പ്രകൃതിയില്‍ നിന്നും അകന്നു പോകുന്ന സമകാലിക ജീവിതാവസ്ഥകലെ പ്രതിപാദിക്കുന്ന ഈ അധ്യായങ്ങള്‍ മുഖ്യമായും സാംസ്‌കാരിക വിമര്‍ശനത്തിന്റെ സ്വഭാവമുള്ളവയാണ്. നമ്മുടെ പ്രകൃതിയും ജീവജാലങ്ങളുമെല്ലാം നേരിടുന്ന നാസോന്മുഖമായ അവസ്ഥാവിശേഷങ്ങള്‍ ചിത്രീകരിക്കുന്ന ഈയവസ്ഥ ഏറിയ ഗൃഹാതുര, വിഷാദസ്മൃതികളോടെ മാത്രമേ വായിക്കാനാകൂ. നഷ്ടകാലങ്ങളെ പറ്റിയുള്ള ഈ വൈജ്ഞാനിക ഗ്രന്ഥത്തിന്റെ രചയിലേക്ക് നയിച്ച ഉള്‍പ്രചോദനത്തെ വിശദീകരിക്കുന്നു. പന്ത്രണ്ടാം അധ്യാത്തില്‍. തീര്‍ത്തും ആത്മനിഷ്ഠമായ ഈ അധ്യായത്തിലെ നിരീക്ഷണങ്ങള്‍ക്ക് സഹൃദയത്വം സൂക്ഷിക്കുന്ന വായനക്കാരുടെ ഉള്ളിലേക്ക് കിനിഞ്ഞിറങ്ങുന്ന ആര്‍ദ്രതയുണ്ട്.

ആഖ്യാനത്തിന്റെ ആര്‍ജ്ജവം കൊണ്ടും സരളതകൊണ്ടും ആകര്‍ഷകമായ ഈ പുസ്തകം മികച്ച ഒരു വായനാനുഭവമാകുന്നതിനൊപ്പം തന്നെ പ്രതിപാദ്യ വിഷയങ്ങളില്‍ പലതിന്റെയും ഒരു കൈപ്പുസ്തകമായി ഉപയോഗിക്കുവാന്‍ പര്യാപ്തമാകുന്നു.


പഴമനസ്സിന്റെ പുതു ബോധ്യങ്ങള്‍ (പുസ്തകറിവ്യൂ:കൊല്ലം തെല്‍മ, ടെക്‌സാസ്)പഴമനസ്സിന്റെ പുതു ബോധ്യങ്ങള്‍ (പുസ്തകറിവ്യൂ:കൊല്ലം തെല്‍മ, ടെക്‌സാസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക