Image

`ഞാന്‍ ആധുനികത എഴുതിയിട്ടേയില്ല' (ലേഖനം: ജോണ്‍ മാത്യു)

Published on 04 January, 2014
`ഞാന്‍ ആധുനികത എഴുതിയിട്ടേയില്ല' (ലേഖനം: ജോണ്‍ മാത്യു)
ഒരു കാലത്ത്‌ ആധുനികത എന്തെന്ന്‌ അറിയാതെ, അതിന്റെ പിന്നാലെ കൂടിയവരുണ്ടായിരുന്നു, ഈ ലേഖകന്‍ ഉള്‍പ്പെടെ, അതുപോലെ എന്തെന്നറിയാതെ അതിനെ തള്ളിപ്പറയുന്നവരും. ഇക്കഴിഞ്ഞ ലാന കണ്‍വന്‍ഷനില്‍ ആധുനികത ഒരു ചര്‍ച്ചാവിഷയമേ ആയിരുന്നില്ല. പക്ഷേ തക്കം കിട്ടിയപ്പോഴെല്ലാം അതിനെ ഒന്നു തല്ലാന്‍ ചിലരെങ്കിലും വടിയെടുത്തു. ഇതു ശ്രദ്ധിച്ചവര്‍ എത്രയെന്നതു മറ്റൊരു കഥയും.

ഇപ്പോള്‍ എന്റെ മേശപ്പുറത്തിരിക്കുന്നത്‌ ആയിരത്തിതൊള്ളായിരത്തി അറുപത്തിരണ്ട്‌ ജൂണ്‍ മാസത്തെ `എന്‍കൗണ്ടര്‍' മാസിക. സ്റ്റിഫന്‍ സ്‌പെന്‍സറും മെല്‍വിന്‍ ലാസ്‌ക്കിയും എഡിറ്റര്‍മാരായി പ്രവര്‍ത്തിച്ച ആ മാസികയില്‍ പ്രസിദ്ധീകരിച്ച ബോര്‍ജ്‌സിന്റെ `ദ ബാബിലോണിയന്‍ ലോട്ടറി' ആധുനികതയെ പ്രതിനിധീകരിക്കുന്ന കഥയാണ്‌.

എഴുപതുകളുടെ തുടക്കത്തില്‍ അമേരിക്കയിലേക്കു വരുമ്പോള്‍ ഈ മാസികയുടെ കോപ്പി, ഒരു ബൈബിള്‍ പോലെ, ബാഗിനുള്ളില്‍ വെയ്‌ക്കാന്‍ മറന്നില്ല. ഇരുപതുകാരനായിരുന്ന ഞാന്‍ ഡല്‍ഹിയിലെ കൊണാട്ട്‌പ്‌ളേസില്‍ക്കൂടി കക്ഷത്തില്‍ എന്‍കൗണ്ടര്‍ മാസികയും തിരുകി, ആധുനികത അഭിനയിച്ച്‌, അഭിമാനത്തോടു നടന്നതും മറന്നിട്ടില്ല.

ജോര്‍ജ്‌ ലൂയി ബോര്‍ജ്‌സിന്റെ `ലോട്ടറി'യെന്ന കഥയില്‍ ദൃഷ്‌ടാന്തരൂപമായി ദൈവം അല്ലെങ്കില്‍ സ്യൂസ്‌ ദേവന്‍തന്നെ ഒളിഞ്ഞിരിക്കുന്ന നായകന്‍. ദൈവത്തിന്റെ പ്രവര്‍ത്തികള്‍ മനുഷ്യന്‍ എങ്ങനെയാണ്‌ കാണുന്നത്‌? അവന്‌ തെരഞ്ഞെടുക്കാനുള്ള അവകാശം പരിമിതപ്പെടുത്തിയിരിക്കുകയാണ്‌. ഒന്നുകില്‍ എല്ലാം അറിയുന്ന സര്‍വശക്തനായ ദൈവത്തിന്റെ നിഗൂഢതകള്‍ക്കു വഴങ്ങുക, അല്ലെങ്കില്‍ ദൈവത്തിന്റെ അസ്‌തിത്വം നിരാകരിക്കുക. ഒരു പക്ഷേ, അവസാന വിശകലനത്തില്‍, രണ്ടും ഒന്നുതന്നെയായിരിക്കാം, നിലനില്‌പിനുവേണ്ടി പോരാടുന്ന മനുഷ്യനാണ്‌ ആധുനികതയിലെ പ്രധാന കഥാപാത്രം.

ആധുനികതയെപ്പറ്റി എന്തുമാത്രം എഴുതിക്കഴിഞ്ഞു. ആധുനീകതയിലെ ആത്മീയതയും, സൗന്ദര്യശാസ്‌ത്രവും ചര്‍ച്ച ചെയ്‌തു. അതും, വായിച്ച്‌ വായിച്ച്‌ തല മരവിപ്പിക്കുന്ന പഠനങ്ങള്‍ ഇതെല്ലാം കഴിഞ്ഞപ്പോഴാണ്‌ ചിലര്‍ക്കു തോന്നിയത്‌, നമുക്ക്‌, കേരളീയ ജീവിതത്തില്‍, ആധുനികതയുടെ ഘടകങ്ങളേ ഇല്ലായിരുന്നുവെന്ന്‌, ആ ഘടകങ്ങള്‍ പ്രസക്തമായിരുന്നില്ലെന്ന്‌.

കഴിഞ്ഞനൂറ്റാണ്ടിന്റെ രണ്ടാംപാദത്തിലുണ്ടായ മൂന്നാംലോക സാഹിത്യത്തിലെ ആധുനികതാമുന്നേറ്റം എന്തിന്റെയെങ്കിലും തുടര്‍ച്ചയായിരുന്നോ? യൂറോപ്പിലെയും അമേരിക്കയിലെയും യുവാക്കളിലുണ്ടായ വ്യര്‍ത്ഥതാബോധം പാരമ്പര്യ വിശ്വാസങ്ങളെയും ആചാരങ്ങളെയും ചോദ്യം ചെയ്‌തു. ഏഷ്യന്‍ രാജ്യങ്ങളില്‍ ഈ സാഹചര്യമൊന്നുമായിരുന്നില്ല. പിന്നെങ്ങനെ സാംസ്‌ക്കാരിക രംഗത്ത്‌ ഒരു ആധുനിക മുന്നേറ്റുണ്ടായി? ഇത്‌ തീര്‍ച്ചയായും കമ്മ്യൂണിസ്റ്റുപ്രസ്ഥാനവികസനവും വിയറ്റ്‌നാം യുദ്ധവും ഒക്കെയായി ബന്ധപ്പെട്ടിരിക്കുന്നു.

അമ്പതുകളില്‍ നമ്മുടെ യുവസാഹിത്യകാരന്മാര്‍ എഴുതിത്തുടങ്ങിയപ്പോള്‍ മലയാളത്തില്‍ ആധുനികതയുടെ തുടക്കമായിരുന്നു, പാശ്ചാത്യദേശത്ത്‌ അതിന്റെ അസ്‌തമനവും. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ സംഭവിച്ച സാമൂഹിക, ശാസ്‌ത്രീയ മുന്നേറ്റങ്ങളുടെ, വാസ്‌തു ശില്‌പത്തില്‍, ചിത്രകലയില്‍ എല്ലാമുണ്ടായ പരീക്ഷണങ്ങളുടെ പരിണിതഫലമായിരുന്നു ആധുനികത! ഒരുവശത്ത്‌ കുമിഞ്ഞുകൂടുന്ന സമ്പത്ത്‌, മറുവശത്ത്‌ സാധാരണക്കാരന്‌ ആവശ്യമില്ലാത്ത യുദ്ധങ്ങള്‍, മതസംഘടനകളുടെ വിഡ്‌ഢിത്തരങ്ങള്‍, സ്ഥിതിസമത്വമോഹങ്ങള്‍. ഈ പറഞ്ഞ ഘടകങ്ങള്‍ എല്ലാംകൂടി ഭാവിയില്‍ ശൂന്യതയെന്ന ചിന്തയിലേക്ക്‌ ഒരു വിഭാഗം ചെറുപ്പക്കാരെ നയിച്ചു. യുളീസസ്‌, പിന്നെ ഊഷരഭൂമി, അപരിചിതന്‍, പ്ലേഗ്‌, കാഫ്‌ക-സാര്‍ത്രുമാര്‍ ഇതില്‍ക്കൂടിയെല്ലാം മലയാളത്തില്‍ പുരോഗമന സാഹിത്യത്തെ മറികടന്ന്‌ റാഫിയുടെ സ്വര്‍ഗ്ഗദൂതനില്‍ക്കൂടി, സി.ജെ. തോമസിന്റെ `അവന്‍ വീണ്ടും വരുന്ന' നാടകത്തില്‍ക്കൂടി, അയ്യപ്പപ്പണിക്കരുടെ `കുരുക്ഷേത്ര'ത്തില്‍ക്കൂടി കക്കാടിന്റെ `ആയിരത്തിതൊള്ളായിരത്തി അറുപത്തിമൂന്നും' കഴിഞ്ഞ്‌ കാക്കനാടനിലും എം. മുകുന്ദനിലും എത്തിയപ്പോഴത്തെ `ചോര്‍ച്ച' ഏറെ ചര്‍ച്ചചെയ്യപ്പെട്ടേ തീരൂ. ഇപ്പറഞ്ഞ ആധുനികതയുടെ പടവുകള്‍ ദുരൂഹമായിരിക്കാം. പക്ഷേ ആധുനികതയില്‍ക്കൂടിയുള്ള മലയാളത്തിലെ ഒരു ചെറുയാത്രയുടെ വിവരണമാണിത്‌. ആവര്‍ത്തനമായിരിക്കാം, ഒരു ലിത്താനിപോലെ. അമ്പതുകളിലെന്നോ എഴുതി അറുപതുകളില്‍ ഡല്‍ഹിയിലെ സാഹിതീസഖ്യത്തില്‍ ഒ.വി. വിജയന്‍ ഖസാക്കിന്റെ ഇതിഹാസം അവതരിപ്പിച്ച്‌, പിന്നീട്‌ പ്രസിദ്ധീകരിച്ചപ്പോഴേക്കും ആധുനികത മലയാളത്തില്‍ വളരെ മുന്നോട്ട്‌ പോയിക്കഴിഞ്ഞിരുന്നു. ഡല്‍ഹിസാഹിത്യകാരന്മാരുടെ ശൈശവികമായ നിഷ്‌ക്കളങ്കതയല്ല ആധുനികതയെന്നും തിരിച്ചറിഞ്ഞു. ഇവരുടെ കൃതികള്‍ക്ക്‌ ഫ്രഞ്ചുസാഹിത്യവുമായി ബന്ധമുണ്ടായിരുന്നോ? ഇല്ലെന്ന്‌ ആണയിട്ട്‌ പറഞ്ഞാലും വികലമായ ഒരു അനുകരണത്തിന്റെ അടയാളങ്ങള്‍ മായിച്ചുകളയാന്‍ പറ്റുകയില്ല. അതുകൊണ്ടാണല്ലോ ഒരിക്കല്‍ ആധുനികതയില്‍ ഊറ്റംകൊണ്ടവര്‍ പില്‍ക്കാലത്ത്‌ അത്‌ തള്ളിപ്പറഞ്ഞതും.

സോവിയറ്റ്‌ യൂണിയനുമായി തെറ്റിപ്പിരിഞ്ഞത്‌ ഹിറ്റ്‌ലറുടെ പിഴച്ച കണക്കുകൂട്ടലായിരുന്നെങ്കില്‍ യുദ്ധത്തിനുശേഷം കിഴക്കന്‍ യൂറോപ്പ്‌ സ്റ്റാലിന്‌ അടിയറവ്‌ വെച്ചത്‌ പാശ്ചാത്യ ശക്തികള്‍ക്ക്‌ പറ്റിയ അമളിയും. തുടര്‍ന്ന്‌ ചൈനയും കൂടി വീണപ്പോള്‍ ലോകം രണ്ടു ചേരികളിലായി വിഭജിക്കപ്പെട്ടു പുതുതായി സ്വാതന്ത്ര്യം നേടിയ നിരവധി മൂന്നാംലോകരാജ്യങ്ങള്‍ പഴുത്തമാമ്പഴം പോലെ അടര്‍ന്നു വീഴാന്‍ പാകത്തില്‍ നില്‍ക്കുന്നുമുണ്ട്‌. അന്ന്‌ അമേരിക്കയുടെ ഭീതി മുഴുവന്‍ തെക്കുകിഴക്കന്‍ ഏഷ്യ കമ്മ്യൂണിസത്തില്‍ പതിക്കുമോ എന്നായിരുന്നു. അമ്പതുകളുടെ തുടക്കം മുതലേ ഇന്തോചീനയില്‍ അസ്വസ്ഥത അനുഭവപ്പെട്ടു തുടങ്ങി. ഇന്തോചീന അഥവാ വിയറ്റ്‌നാം, ലാവോസ്‌, കമ്പോഡിയ, തായ്‌ലാന്‍ഡ്‌ അവസാനം `വലിയ ആപ്പിള്‍' ആയ ഇന്ത്യയും കമ്മ്യൂണിസത്തിലേക്കു വീഴുമോ? അന്ന്‌ കല്‍ക്കത്താതീസിസിന്റെ കാലമായിരുന്നല്ലോ. അങ്ങനെ വന്നാല്‍ അമേരിക്കയും ബ്രിട്ടനും ലോകത്ത്‌ ഒറ്റപ്പെടും. ബുദ്ധിജീവിവേഷം അഭിനയിക്കുന്ന ഫ്രാന്‍സിന്‌ ആരുമായും ഒത്തുപോകാം. അപ്പോള്‍ ഡോമിനോതീയറി അനുസരിച്ച്‌ പുതുതായി സ്വാതന്ത്ര്യം നേടുന്ന ആഫ്രിക്കന്‍രാജ്യങ്ങള്‍ ഒരോന്നായി കമ്മ്യൂണിസ്റ്റുവലയില്‍ ചെന്നുപെട്ടേക്കാം. കോംഗോയിലെ പാട്രിക്ക്‌ ലമുംബയെ ഓര്‍ക്കുന്നില്ലേ, അങ്ങനെയുള്ളവര്‍ ഏതുവശത്തേക്കും ചേക്കേറാം. വിയറ്റ്‌നാം കാലപത്തിന്റെ തുടക്കംതന്നെ വരാന്‍പോകുന്ന ഒരു വന്‍ദുരന്തത്തിന്റെ തുടക്കമായിട്ടാണ്‌ അമേരിക്ക കണക്കുകൂട്ടിയത്‌.

ദരിദ്ര രാജ്യങ്ങളെ മൂന്നാംലോകമെന്നു വിളിച്ച്‌ അമേരിക്ക കുറേ അരിയും ഗോതമ്പും കൊടുത്തു, കൂടെ വികസനോപദേശകാരെയും. എന്നാല്‍ സോവിയറ്റ്‌ യൂണിയന്‍ ഒരുകാശും മുടക്കാതെ നല്ല നാളെയുടെ പ്രതീക്ഷ നല്‍കി. ആ പ്രതീക്ഷ രാഷ്‌ട്രീയത്തിലുമുപരിയായി സാഹിത്യത്തിന്റെ വിവിധ ശാഖകളില്‍ക്കൂടി ജനമനസ്സുകളിലേക്ക്‌ കടന്നുകയറി. ഇതായിരുന്നു പുരോഗമന സാഹിത്യം. കമ്മ്യൂണിസം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്നിടത്തെല്ലാം ഇത്‌ പ്രചരണസാഹിത്യമായി മാറി. ഓര്‍മ്മയില്ലേ `നിങ്ങളെന്നേ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകം, അതുപോലെ മറ്റു പല സാഹിത്യകൃതികളും. ഇങ്ങനെയുള്ള കമ്മ്യൂണിസ്റ്റ്‌ പ്രചരണതന്ത്രത്തിനെതിരെ പരസ്യമായ ഒരു പ്രതികരണം സാദ്ധ്യമായിരുന്നില്ല. എന്നാല്‍ ഈ മുന്നേറ്റത്തിന്‌ അമേരിക്കയുടെ നിശബ്‌ദവും ബൗദ്ധീകവുമായ മറുപടിയായിരുന്നു `ആധുനികത.'.

എന്താണ്‌ ആധുനികത? ഇതിനെപ്പറ്റി നൂറുനൂറുകണക്കിന്‌ പുസ്‌തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു കഴിഞ്ഞു. വായിച്ചാല്‍ ഒന്നും മനസ്സിലാകുകയില്ല. മുഴുവന്‍ ആത്മീയതയും തത്വചിന്തയും തന്നെ. എന്തായാലും സമൂഹത്തിലെ പാരമ്പര്യങ്ങളും വിശ്വാസങ്ങളും മാറ്റിനിര്‍ത്തിക്കൊണ്ട്‌, വ്യക്തികളിലേക്ക്‌ തിരിഞ്ഞ്‌ മറ്റൊരു രീതിയില്‍ നോക്കിക്കാണുന്നതാണ്‌ ഒരുവിധത്തില്‍ ആധുനികത. ആധുനികത ദൈവത്തിന്റെ അസ്‌തിത്വത്തെ നിഷേധിക്കുന്നു. ഈ ദൈവനിഷേധമാണ്‌ ബുദ്ധിജീവികളെ ആധുനികതയിലേക്ക്‌ ആകര്‍ഷിച്ചത്‌. ഇവിടെ ബുദ്ധിജീവികള്‍ക്ക്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കെട്ടുപാടുകളില്‍നിനന്‌ കിട്ടിയ മോചനം വലിയ ആശ്വാസമാകുകയും ചെയ്‌തു. അതായത്‌ പാര്‍ട്ടിയെ പ്രത്യക്ഷമായി അനുകൂലിക്കുന്നില്ലെങ്കിലും എതിര്‍ക്കുന്നില്ലാതിരുന്നതുകൊണ്ട്‌ പാര്‍ട്ടിക്കും കുറെ പിറുപിറുപ്പുകള്‍ അല്ലാതെ പരാതിയുണ്ടായിരുന്നില്ല. ഈ ആധുനിക എഴുത്തിനെ പള്ളിയും അവഗണിച്ചു, പള്ളിയുടെ ഭരണക്രമത്തെ വിമര്‍ശിക്കുന്നില്ലെന്ന കാരണംകൊണ്ട്‌. അന്ന്‌ ഒരു ആധുനിക സാഹിത്യകാരനും പൊന്‍കുന്നം വര്‍ക്കി, മുണ്ടശ്ശേരി, എം.പി. പോള്‍ തുടങ്ങിയവരെപ്പോലെ പള്ളിയെ ആക്രമിച്ചില്ല. പകരം ആധുനികര്‍ പള്ളിതത്വസംഹിതയുടെ കുഞ്ചിക്കുപിടിച്ചത്‌ സാധാരണക്കാര്‍ക്കു മനസ്സിലായിട്ടുമുണ്ടായിരുന്നില്ല. ഇവിടെ ആധുനികത സമൂഹത്തെ നിഷേധിച്ചത്‌ ആര്‌ ശ്രദ്ധിക്കാന്‍. തത്വചിന്തകള്‍ പറയുന്നിടത്ത്‌ സമൂഹത്തിനെവിടെ സ്ഥാനം. ചുരുക്കമായിപ്പറഞ്ഞാല്‍ ആധുനികത രാഷ്‌ട്രീയശക്തി അല്ലാതിരുന്നതുകൊണ്ട്‌ ഇതിന്റെ ദൈവനിഷേധം കത്തോലിക്കസഭ കണക്കിലെടുത്തില്ല. കമ്മ്യൂണിസ്റ്റുകള്‍ക്കാകട്ടെ ഇത്‌ നിരുപദ്രവകരമായ ഒരു ഒറ്റപ്പെട്ട, അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്‌ അന്യമായ, പ്രസ്ഥാനം മാത്രമായിരുന്നുതാനും. ദൈവത്തെയും സമൂഹത്തെയും കണക്കിലെടുക്കാതെ വ്യക്തിയുടെ ഉള്ളിലേക്കുകടന്ന്‌ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു ആധുനികത.

ഈ പശ്ചാത്തലത്തിലാണ്‌ `ആധുനികം' എന്ന തുറപ്പുചീട്ട്‌ `ചാരസംഘടന' പുറത്തെടുത്ത്‌ അടിച്ചുകളിച്ചത്‌. കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. പുരോഗമന സ്വാതന്ത്ര സോഷ്യലിസ്റ്റ്‌ ചിന്തകരും ചെറുപ്പക്കാരുമായ എഴുത്തുകാര്‍ ആധുനികത എന്ന മരീചികയില്‍ വീണു. അധികം ചെലവൊന്നുമില്ലാതെ ചാരസംഘടനയുടെ ലക്ഷ്യം സാധിച്ചു. അക്കാലത്ത്‌ ആധുനികതയുടെ `വിശുദ്ധ' പ്രസിദ്ധീകരണമായിരുന്നു നേരത്തെ ഈ ലേഖനത്തില്‍ സൂചിപ്പിച്ച `എന്‍കൗണ്ടര്‍ മാസിക'. അക്കാലത്ത്‌ ഇതിനൊരു മലയാളം നിഴലുമുണ്ടായി `അന്വേഷണം മാസിക.'

മലയാളത്തില്‍ പ്രവാസദുഃഖവും ഒന്നിനും തികയാത്ത വേതനവും മറ്റുമാണ്‌ ആധുനികതയുടെ പ്രതീകമായി മലയാളി കണ്ടിരുന്നത്‌. ആധുനികതയ്‌ക്ക്‌ നമ്മുടേതായ മൗലീക നിര്‍വചനം എഴുതിച്ചേര്‍ക്കാനും ആരും തുനിഞ്ഞില്ല. അക്കാലത്ത്‌ മലയാളത്തില്‍ ഒന്നാംതരം ചില കൃതികളുണ്ടായി, ധാരാളം ചര്‍ച്ചകളും നടന്നു. ഈ കൃതികളെ അവഗണിക്കുന്നില്ല. നമ്മുടെ സമൂഹത്തില്‍ പറിച്ചുനടപ്പെട്ടതായിരുന്നു അസ്‌തിത്വദുഃഖം എന്നതുകൊണ്ട്‌, പാരമ്പര്യത്തിലേക്ക്‌ മടങ്ങിപ്പോകുന്നതായിരുന്നു നമ്മുടെ ലക്ഷ്യം എന്നതുകൊണ്ട്‌, ബുദ്ധിജീവികള്‍ മുന്നോട്ടുവെച്ച വാദമുഖങ്ങള്‍ക്ക്‌ അര്‍ത്ഥമില്ലാതായിത്തീര്‍ന്നുവെന്നുമാത്രം. അന്ന്‌ അഭ്യസ്‌തവിദ്യരായി തൊഴില്‍ത്തേടിനടന്ന മലയാളി ആധുനികരായി അഭിനയിക്കുക മാത്രമല്ല അങ്ങനെ വിശ്വസിക്കുകയും ചെയ്‌തു. കൊണാട്ട്‌ പ്ലേസില്‍ക്കൂടി അടിവസ്‌ത്രങ്ങളില്ലാതെ ചുരുക്കുകളില്ലാത്ത അയഞ്ഞ കുപ്പായമിട്ട്‌ നടക്കുന്ന ഹിപ്പിണികളെ ആധുനികതയുടെ അവതാരമായിക്കണ്ട്‌ അത്ഭുതംകൂറി നോക്കിനിന്നിട്ട്‌, കോഫീഹൗസിലിരുന്ന്‌ വായ്‌തോരാതെ സംസാരിക്കുന്നതായിരുന്നു മലയാളി ചെറുപ്പക്കാരുടെ ആധുനികതാബോധം.

ഇതിനിടെ ആവശ്യം കഴിഞ്ഞപ്പോള്‍ പ്രശസ്‌തമായ ആ `ചാരസംഘടന' ആധുനികതയും `എന്‍കൗണ്ടര്‍ മാസിക' ഉള്‍പ്പെടെയുള്ള `വേദ'ങ്ങളും ചവറ്റുകൊട്ടയിലേക്ക്‌ വലിച്ചെറിഞ്ഞു. അപ്പോഴാണ്‌ അന്നത്തെ ആധുനികര്‍ പറയാന്‍ തുടങ്ങിയത്‌: `ഞാന്‍ ആധുനികത ഒന്നും എഴുതിയിട്ടേയില്ലെന്ന്‌.'
`ഞാന്‍ ആധുനികത എഴുതിയിട്ടേയില്ല' (ലേഖനം: ജോണ്‍ മാത്യു)`ഞാന്‍ ആധുനികത എഴുതിയിട്ടേയില്ല' (ലേഖനം: ജോണ്‍ മാത്യു)
Join WhatsApp News
വിദ്യാധരൻ 2014-01-04 16:03:51
ഒരുക്കുന്നുണ്ട്‌ ലേഖകാ നിങ്ങൾ 
വീണ്ടുമൊരു കലഹത്തിനുള്ള കോപ്പുകൾ 
ആധുനികതയുടെ മുഖംമൂടി വലിച്ചു കീറി. 
ഉണ്ടായിരുന്നാധുനികർ ഒത്തിരിപ്പേർ 
ഉണ്ടവരുടെ ബന്ധുക്കളിൽ ചിലർമാത്രമിന്നു 
ഒച്ചവയ്യിക്കുന്നവർ ഇടയ്ക്കിടെ 
ഊർദ്ദശ്വാസം വലിക്കും കാസരോഗിയെപ്പോൽ.
കണ്ടില്ലെന്നു നടിക്കാനാവില്ലവരെ 
നീർക്കോലി കടിക്കിലും 
അത്താഴം മുടങ്ങിടാമെന്നല്ലൊ-
പഴമക്കാർ ചൊല്ലിടുന്നു  
താടി കേശാതികൾ നീട്ടി 
മുട്ടോളം നീണ്ട ജുബ്ബയും ധരിച്ചു 
തോളിൽ ഒരു സഞ്ചി തൂക്കി 
കഞ്ചാവടിച്ചു കറങ്ങി 
ആരുടേയും കണ്ണിൽ നോക്കാതെ 
മാനത്തു നോക്കി 
കാലു വലിച്ചുവച്ചതിവേഗത്തിൽ 
കുതിച്ചു പോകുന്നാധുനികർ 
ഖസാക്കിന്റെ ഇതിഹാസമെന്ന 
പുസ്തകത്തിൻ പുറം ചട്ടയിലെ 
ഓ വി വിജയന്റെ ചിത്രമെന്നപോൽ
ഒരിക്കൽ ഞാൻ പോയിവരുടെ 
അടിവേരുകൾ തേടി അധോലോകത്ത് 
സാമൂഹ്യ വ്യവസ്ഥിതികളെ എതിർക്കുവോർ 
രാഷ്ട്രീയപ്രത്യാശാസ്ത്രങ്ങളെ എതിർക്കുവോർ 
മതത്തെ ചങ്ങലക്കിടാൻ വെമ്പുവോർ 
മദ്യത്തിന്റെയും കഞ്ചാവിന്റയും ലഹരിയിൽ 
ഉന്മത്തരായി മരച്ചുവട്ടിൽ ഉറങ്ങുവോർ 
അവരുടെ രചനകളിലെ താളുകൾ 
ഏതോ യുദ്ധക്കളത്തിലെ ചിന്നിയ 
കബന്ധങ്ങൾപ്പോലെ കിടക്കുന്നു 
ചിതറി അങ്ങുംമിങ്ങും 
അതിൽ നിന്നെടുത്തൊരു താളുഞാൻ 
ഏതോ ബുദ്ധിജീവി എഴുതിയ വരികൾ 
കുറിചിട്ടിരിക്കുന്നിങ്ങനെ 
"പച്ചയിൽ മുങ്ങിപോയി പീ 
നീലയിൽ പോങ്ങിപോയി ജീ 
കൊന്നയും മുക്കുറ്റിയും 
ഓണത്തുമ്പിയുമേറ്റും 
മഞ്ഞയായി വൈലോപ്പിള്ളി" (നിറങ്ങൾ -സച്ചിദാന്ദൻ)
ആർക്കറിയാം അർഥം എന്തെന്ന് 
കാത്തിരിക്കാം ഏതെങ്കിലും ആധുനികൻ 
കേറിപ്പിടിച്ചു ബഹളം ഉണ്ടാക്കുംവരെ   (തുടരും)

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക