Image

കരുതിയിരിക്കുക കേജ്‌രിവാള്‍; ഡ്രാക്കുള ഭീമന്മാര്‍ നോട്ടമിടുന്നുണ്ട്‌

ജോണി ജെ പ്ലാത്തോട്ടം Published on 05 January, 2014
കരുതിയിരിക്കുക കേജ്‌രിവാള്‍; ഡ്രാക്കുള ഭീമന്മാര്‍ നോട്ടമിടുന്നുണ്ട്‌
കൂടെ കൂടിയിട്ട്‌ ആം ആദ്‌മി പാര്‍ട്ടിയെ ചീത്തയാക്കാനും, സ്വയം പച്ചപടിക്കാനും വേണ്ടി കമ്യൂണിസ്റ്റ്‌ പാര്‍ട്ടികളും രംഗത്തെത്തിയിരിക്കുന്നു! എത്ര പരിഹാസ്യമായ അവസ്ഥയാണിത്‌! ഒരുകാലത്ത്‌ ജനങ്ങള്‍ മുഴുവന്‍ പ്രതീക്ഷയോടെ നോക്കിയിരുന്നതാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ. സ്വാതന്ത്ര്യലബ്‌ദിക്കുശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ അധ:പതിച്ചതോടുകൂടി പുതിയ സൂര്യോദയമായി, പുതിയ ആകാശവും പുതിയ ഭൂമിയും വാഗ്‌ദാനം ചെയ്‌തുവന്നവരാണവര്‍. ഒരു ജനതയുടെ പ്രതീക്ഷകളെ മുഴുവന്‍ വഞ്ചിച്ച ഇവര്‍ രാഷ്‌ട്രീയ ഭിക്ഷാംദേഹികളായി നടക്കുമ്പോഴും മുട്ടനാടിന്റെ ചോര കുടിക്കാന്‍ അതിന്റെ പിറകെ നടക്കുന്ന കുറുക്കന്റെ സ്വഭാവമാണ്‌ കാണിക്കുന്നത്‌.

കൂട്ടത്തില്‍ ഏറ്റവും തൊലിക്കട്ടിയുള്ളത്‌ ഇടതുപക്ഷത്തിന്റെ ചുക്കാന്‍ പിടിക്കുന്ന സിപിഎമ്മിന്റെ ദേശീയ സെക്രട്ടറിയായ പ്രകാശ്‌ കാരാട്ടിനുതന്നെ! ആം ആദ്‌മി പാര്‍ട്ടിയെ ഇടതുപക്ഷത്തിന്റെ കൂടെ കൂട്ടുവാന്‍ കൊള്ളാമെന്ന്‌ (കഷ്‌ടിച്ച്‌!) ആദ്യം പ്രസ്‌താവിച്ചത്‌ ഈ ഔദ്യോഗിക പക്ഷ നേതാവായ അദ്ദേഹമാണ്‌. തുടര്‍ന്ന്‌ അദ്ദേഹവും മറ്റ്‌ പി.ബി നോതാക്കളും തലക്കനമുപേക്ഷിച്ച്‌ എ.എ.പിയെ പുകഴ്‌ത്താന്‍ തുടങ്ങി. സി.പി.ഐയുടെ കേന്ദ്ര നേതാവ്‌ ഗുരുദാസ്‌ ഗുപ്‌തയും ആവേശപൂര്‍വ്വം `ആം ആദ്‌മി'യുടെ ഫാനായി കളത്തിലിറങ്ങിക്കഴിഞ്ഞു.

അടുത്ത പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പോടുകൂടി തങ്ങള്‍ക്കു വരാനിരിക്കുന്നതെന്തെന്ന്‌ കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്കും നല്ലതുപോലെ അറിയാം. ഉള്‍ഭയം പുറത്തുകാട്ടുന്നില്ല. എന്നാല്‍ അണിയറയില്‍ അവിശുദ്ധവും ആത്മാര്‍ത്ഥതയില്ലാത്തതുമായ കൂട്ടുകെട്ടുകള്‍ക്കുള്ള നീക്കങ്ങള്‍ നടത്തിവരുകയാണ്‌.

പിണറായി വിജയന്റെ താമരശേരി അരമന സന്ദര്‍ശനവും ഇതിന്റെ ഭാഗംതന്നെയാണ്‌. ചില രാഷ്‌ട്രീയ നിരീക്ഷകരെങ്കിലും ഈ അഭിപ്രായക്കാരാണ്‌. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ മറയാക്കുന്നു എന്നേയുള്ളൂ. സിപിഎമ്മിന്റെ മെത്രാന്‍ ചങ്ങാത്തത്തിന്റെ അടിസ്ഥാനം, കോണ്‍ഗ്രസും സിപിഎമ്മും ക്രൈസ്‌തവ സഭയുടെ കാര്‍മികത്വത്തില്‍ കൂട്ടുകെട്ടുണ്ടാക്കണം എന്ന ആശയം തന്നെയാണ്‌. തുടക്കത്തില്‍ ധാരണയും, പിന്നീട്‌ നാണം പോകുമ്പോള്‍, ജനങ്ങളുടെ ഞെട്ടല്‍ മാറുമ്പോള്‍ പരസ്യമായ സഖ്യവുമാണ്‌ ലക്ഷ്യം. ഇത്‌ അനിവാര്യമാകുന്ന സാഹചര്യമാണ്‌ വരാന്‍ പോകുന്നത്‌.

പാര്‍ലമെന്റ്‌ ഇലക്ഷനുശേഷം ബി.ജെ.പിയും അവര്‍ക്ക്‌ യഥാര്‍ത്ഥ ബദലായി ആം ആദ്‌മി പാര്‍ട്ടിയുമായിരിക്കും ശേഷിക്കുക. മറ്റ്‌ പാര്‍ട്ടികള്‍ക്കെല്ലാം കനത്ത തിരിച്ചടിയായിരിക്കും ജനങ്ങളില്‍ നിന്ന്‌ കിട്ടാന്‍ പോകുന്നത്‌. ഈ തിരിച്ചറിവ്‌ കൃത്യമായി കിട്ടിയിട്ടുള്ളതും കോണ്‍ഗ്രസിനും സിപിഎമ്മിനുമാണ്‌. ആം ആദ്‌മി പാര്‍ട്ടി തങ്ങളെ അടുത്തേയ്‌ക്കടുപ്പിക്കയില്ലെന്നും ആ പാര്‍ട്ടിയെ പുകഴ്‌ത്താനോ അവരുടെ അടുത്തു ചെല്ലാനോ ഉള്ള യോഗ്യതയില്ലെന്നും അവര്‍ക്കറിയാം!

ചത്തിട്ടും അഴുകാത്ത ഡ്രാക്കുള പ്രഭുമിനെപ്പോലുള്ള ഒരുപാട്‌ പ്രസ്ഥാനങ്ങള്‍ രാജ്യത്തുണ്ട്‌. മറ്റാരുടെയെങ്കിലും ശുദ്ധരക്തവും യൗവ്വനവും കവര്‍ന്നെടുത്താലേ അവര്‍ക്ക്‌ ജീവിക്കാനും തങ്ങളുടെ നിഗൂഢജീവിതം തുടരാനും കഴിയുകയുള്ളൂ. വിഷാംശമില്ലാത്ത അല്‍പം മാംസവും ശുദ്ധരക്തവുമുള്ള ആം ആദ്‌മി പാര്‍ട്ടിയിലേക്ക്‌ എല്ലാ ദുഷ്‌ടക്കൂട്ടങ്ങളും ദൃഷ്‌ടിപതിപ്പിച്ചിരിക്കുകയാണ്‌.

എങ്കിലും കേജ്‌രിവാളിനും അനുയായികള്‍ക്കും ഇക്കൂട്ടരെയെല്ലാം ശരിക്കറിയാവുന്നതാണ്‌. മാത്രമല്ല, ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ ഇടത്തരക്കാരുടേയും ഓണ്‍ലൈന്‍കാരുടേയും മാത്രം പാര്‍ട്ടിയല്ല എ.എ.പി- ദുഷിച്ച രാഷ്‌ട്രീയം മടുത്ത്‌ നിസംഗരായി മാറി നില്‍ക്കുന്നവരും യഥാര്‍ത്ഥ ബുദ്ധിജീവികളും ഒപ്പം വെറും സാധാരാണക്കാരും ഗ്രാമീണരും, സ്‌ത്രീകളും, വിദ്യാര്‍ത്ഥികളും, ദരിദ്രകോടികളുമൊക്കെ ആവേശത്തോടെ ഈ പ്രസ്ഥാനത്തിലേക്ക്‌ വരുന്നുണ്ട്‌. ഇതുവരെ കളങ്കമേല്‍ക്കാത്ത ഈ മുട്ടാട്ടിന്‍കുട്ടിയെ കൊന്നുതിന്നാന്‍ ആരേയും ഇവര്‍ അനുവദിക്കുകയില്ല.

രാജ്യത്തെ നല്ല മനുഷ്യരുടെ ഇച്ഛാശക്തിക്കൊപ്പം കാലത്തിന്റെ ഉത്തേജനംകൂടി എ.എ.പിയ്‌ക്കുണ്ട്‌. മുല്ലപ്പൂ വിപ്ലവം പോലുള്ള ജനമുന്നേറ്റങ്ങളുള്‍പ്പടെ പിന്നില്‍ കാലത്തിന്റെ അദൃസ്യമായ ഒരു ഘടകം ഉണ്ടായിരുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ടല്ലോ. ഇന്ത്യയിലും രാഷ്‌ട്രീയ മാറ്റത്തിനുള്ള സമയം വന്നെത്തിയിരിക്കുന്നു. എന്നാല്‍ മാറ്റത്തെ അതിന്റെ സമഗ്രതയിലും സമ്പൂര്‍ണ്ണതയിലുമെത്തിക്കാന്‍ നിതാന്തജാഗ്രത അനിവാര്യമാണ്‌.
കരുതിയിരിക്കുക കേജ്‌രിവാള്‍; ഡ്രാക്കുള ഭീമന്മാര്‍ നോട്ടമിടുന്നുണ്ട്‌
കരുതിയിരിക്കുക കേജ്‌രിവാള്‍; ഡ്രാക്കുള ഭീമന്മാര്‍ നോട്ടമിടുന്നുണ്ട്‌
ജോണി ജെ പ്ലാത്തോട്ടം
Join WhatsApp News
RAJAN MATHEW DALLAS 2014-01-06 19:30:13
'ചത്തിട്ടും അഴുകാത്ത ഡ്രാക്കുള പ്രഭുമിനെപ്പോലുള്ള ഒരുപാട്‌ പ്രസ്ഥാനങ്ങള്‍ രാജ്യത്തുണ്ട്‌. മറ്റാരുടെയെങ്കിലും ശുദ്ധരക്തവും യൗവ്വനവും കവര്‍ന്നെടുത്താലേ അവര്‍ക്ക്‌ ജീവിക്കാനും തങ്ങളുടെ നിഗൂഢജീവിതം തുടരാനും കഴിയുകയുള്ളൂ. വിഷാംശമില്ലാത്ത അല്‍പം മാംസവും ശുദ്ധരക്തവുമുള്ള ആം ആദ്‌മി പാര്‍ട്ടിയിലേക്ക്‌ എല്ലാ ദുഷ്‌ടക്കൂട്ടങ്ങളും ദൃഷ്‌ടിപതിപ്പിച്ചിരിക്കുകയാണ്‌ '. 
Beautiful satire! Excellent language and observation, the whole article! Keep it up...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക