Image

ഇന്ത്യ വീണ്ടും ലോകനെറുകയില്‍; ജിസാറ്റ്‌ 14 ഭ്രമണപഥത്തില്‍

Published on 05 January, 2014
ഇന്ത്യ വീണ്ടും ലോകനെറുകയില്‍; ജിസാറ്റ്‌ 14 ഭ്രമണപഥത്തില്‍
ശ്രീഹരിക്കോട്ട: ഇന്ത്യ വീണ്ടും ലോകത്തിന്റെ നെറുകയില്‍. സ്വന്തമായി വികസിപ്പിച്ച ക്രയോജനിക്‌ എന്‍ജിന്‍ ഘടിപ്പിച്ച ജി.എസ്‌.എല്‍.വി ഡി5 റോക്കറ്റ്‌ ഇന്ത്യയുടെ അത്യാധുനിക വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്‌ 14നെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്ററില്‍ നിന്ന്‌ വൈകിട്ട്‌ 4.18നായിരുന്നു വിക്ഷേപണം. വിക്ഷേപിച്ച്‌ 17 മിനിട്ടും 8 സെക്കന്‍ഡും കഴിഞ്ഞപ്പോള്‍ ജി സാറ്റ്‌ 14 ഉപഗ്രഹത്തെ 35,975 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിച്ചത്‌.

ഇതോടെ ക്രയോജനിക്‌ എഞ്ചിന്‍ സാങ്കേതികവിദ്യ സ്വന്തമായുള്ളവരുടെ പട്ടികയില്‍ ആറാമതായി ഇന്ത്യയും ഇടംപിടിച്ചു. അമേരിക്ക, റഷ്യ, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളും യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സിയുമാണ്‌ ഈ പട്ടികയിലെ മറ്റുള്ളവര്‍.

വിദ്യാഭ്യാസ ആവശ്യത്തിന്‌ ഉപയോഗിച്ചു വന്ന എഡ്യുസാറ്റ്‌ കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ്‌ ജി സാറ്റ്‌ 14നെ ബഹിരാകാശത്ത്‌ പ്രതിഷ്‌ഠിക്കുന്നത്‌.

ജിഎസ്‌എല്‍വിയുടെ വിജയം 20 വര്‍ഷം നീണ്‌ട ഗവേഷണങ്ങളുടെ ഫലമാണെന്ന്‌ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്‌ണന്‍ അറിയിച്ചു.
Join WhatsApp News
Aniyankunju 2014-01-05 12:02:14
.........അമേരിക്കന്‍ ഉപരോധത്തെതുടര്‍ന്നാണ് ക്രയോജനിക് സാങ്കേതിക വിദ്യ സ്വന്തമായി വികസിപ്പിക്കാന്‍ ഐഎസ്ആര്‍ഒ ശ്രമമാരംഭിച്ചത്. സാങ്കേതിക വിദ്യ ഐഎസ്ആര്‍ഒക്ക് കൈമാറരുതെന്ന് റഷ്യയോട് അമേരിക്ക ആവശ്യപ്പെടുകയും ചെയ്തു. പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഇന്ത്യ ക്രയോജനിക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുമെന്നായിരുന്നു ഇതിന് ന്യായമായി ഉന്നയിച്ചത്. അമേരിക്കന്‍ സമ്മര്‍ദ്ദത്താല്‍ സാങ്കേതികവിദ്യ കൈമാറുന്ന 1990ലെ കരാറില്‍നിന്ന് റഷ്യ പിന്മാറി. കഠിനാധ്വാനത്തിന്റേയും ആത്മവിശ്വാസത്തിന്റേയും കരുത്തുമായാണ് ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രലോകം ഈ പ്രതിസന്ധി നേരിട്ടത്. അമേരിക്കന്‍ വിധേയത്വം പുലര്‍ത്തുന്ന ഭരണാധികാരികള്‍ക്ക് മുന്നില്‍ ശാസ്ത്രലോകത്തിന്റെ വേറിട്ട വഴിയായിരുന്നു ഇതെന്ന പ്രത്യേകത കൂടിയുണ്ട്. ഐഎസ്ആര്‍ഒ ചാരക്കേസ് ഇടക്ക് പദ്ധതിയുടെ താളം തെറ്റിച്ചെങ്കിലും ശ്രമം തുടര്‍ന്നു..........
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക