Image

മന്ത്രിസ്ഥാനം: ജേക്കബ്‌ ഗ്രൂപ്പില്‍ അഭിപ്രായഭിന്നത?

ജി.കെ Published on 02 November, 2011
മന്ത്രിസ്ഥാനം: ജേക്കബ്‌ ഗ്രൂപ്പില്‍ അഭിപ്രായഭിന്നത?
മന്ത്രി ടി.എം.ജേക്കബിന്റെ നിര്യാണത്തെത്തുടര്‍ന്ന്‌ ഒഴിവുവന്ന മന്ത്രിസ്ഥാനത്തെച്ചൊല്ലി ജേക്കബ്‌ ഗ്രൂപ്പില്‍ ഭിന്നത. ടി.എം.ജേക്കബ്‌്‌ കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ സമുന്നത നേതാവായ ജോണി നെല്ലൂര്‍ മന്ത്രിയാവണമെന്ന്‌ പാര്‍ട്ടിയിലെ ഒരുവിഭാഗം വാദിക്കുമ്പോള്‍ ടി.എം.ജേക്കബിന്റെ മകനും യൂത്ത്‌ഫ്രണ്‌ട്‌ നേതാവുമായ അഡ്വ.അനൂപ്‌ ജേക്കബിനെ മന്ത്രിയാക്കണമെന്നാണ്‌ മറ്റൊരുവിഭാഗത്തിന്റെ ആവശ്യം. വ്യാഴാഴ്‌ച ചേരുന്ന പാര്‍ട്ടിനേതൃയോഗം മന്ത്രിസ്ഥാനം സംബന്ധിച്ച്‌ തീരുമാനമെടുക്കുമ്പോള്‍ പുതിയൊരു കേരളാ കോണ്‍ഗ്രസിനുകൂടി കേരളം സാക്ഷ്യം വഹിക്കുമോ എന്നാണ്‌ ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്‌.

ആരു മന്ത്രിയായാലും ആറുമാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ ജയിക്കണം. ഇതിനിടെ സഭയുടെ പ്രതിനിധി മന്ത്രിയാവണമെന്ന ആവശ്യവുമായി യാക്കോബായ സഭയും രംഗത്തെത്തിയിട്ടുണ്‌ട്‌. ഇത്‌ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയിട്ടുണ്‌ട്‌. യുഡിഎഫ്‌ മന്ത്രിസഭയിലെ യാക്കോബായ സഭയുടെ ഏക പ്രതിനിധിയായിരുന്നു സഭയുടെ കമാന്‍ഡര്‍ പദവികൂടി വഹിച്ചിരുന്ന ജേക്കബ്‌. ഈ സാഹചര്യത്തില്‍ സഭയുടെ താല്‍പര്യം സംരക്ഷിക്കുന്ന ഒരാളായിരിക്കണം ജേക്കബിന്റെ പകരക്കാരനെന്നാണ്‌ യാക്കോബായ സഭയുടെ ആവശ്യം.

യാക്കോബായ-ഓര്‍ത്തഡോക്‌സ്‌ വിഭാഗങ്ങള്‍ തമ്മിലുള്ള കോലഞ്ചേരി പള്ളി തര്‍ക്കം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ സഭയുടെ ആവശ്യവും പ്രാധാന്യമര്‍ഹിക്കുന്നതാണ്‌. അതേസമയം സഭയുടെ ഈ ആവശ്യം ജോണി നെല്ലൂരിന്റെ സാധ്യത ഇല്ലാതാക്കുകയാണ്‌. ജോണി നെല്ലൂര്‍ റോമന്‍ കാത്തോലിക്കക്കാരനാണെന്നതു തന്നെയാണ്‌ ഇതിനുകാരണം. ഇതിനെല്ലാം പുറമെ ആറുമാസം മുമ്പ്‌ നടന്ന തെരഞ്ഞെടുപ്പില്‍ അങ്കമാലിയില്‍ സ്ഥാനാര്‍ഥിയായിരുന്ന ജോണി നെല്ലൂര്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി ജോസ്‌ തെറ്റയിലിനോട്‌ പരാജയപ്പെടുകയായിരുന്നുവെന്നും അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നു. എന്നാല്‍ പാര്‍ട്ടി രൂപീകരിച്ചതുമുതല്‍ ടി.എം.ജേക്കബിനൊപ്പം ഉറച്ചുനിന്ന ജോണി നെല്ലൂരിന്‌ മന്ത്രിസ്ഥാനം നിഷേധിക്കുന്നത്‌ നീതികേടാണെന്നാണ്‌ അദ്ദേഹത്തെ പിന്താങ്ങുന്നവര്‍ വാദിക്കുന്നത്‌.

പിറവം മണ്‌ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജേക്കബിന്റെ മകനെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ ഉണ്‌ടായേക്കാവുന്ന സഹതാപതരംഗം പാര്‍ട്ടിക്ക്‌ ഗുണകരമാവുമെന്നാണ്‌ അഡ്വ.അനൂപ്‌ ജേക്കബിനെ പിന്താങ്ങുന്നവരുടെ വാദം. കഴിഞ്ഞ 10 വര്‍ഷമായി അനൂപ്‌ യൂത്ത്‌ ഫ്രണ്‌ട്‌ നേതാവെന്ന നിലയില്‍ സജീവമാണെന്നും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ജേക്കബിന്റെ തെരഞ്ഞെടുപ്പ്‌ വിജയത്തിനായി സജീവമായി പ്രവര്‍ത്തിച്ച വ്യക്തിയാണെന്നും അനൂപിനെ പിന്താങ്ങുന്നവര്‍ ചൂണ്‌ടിക്കാട്ടുന്നുണ്‌ട്‌.

157 വോട്ടിനാണു ടി.എം. ജേക്കബ്‌ ഇത്തവണ വിജയിച്ചതെങ്കിലും യുഡിഎഫിനെ സംബന്ധിച്ചും അഭിമാനകരമായിരുന്നു ഈ വിജയം. ഇടതുമുന്നണിക്കു മേലുള്ള നേരിയ ഭൂരിപക്ഷത്തില്‍ ടി.എം. ജേക്കബിന്റെ അവസാന നിമിഷ വിജയം സുപ്രധാനമാവുകയും ചെയ്‌തു.

1976ല്‍ പിറവം നിയോജകമണ്ഡലം നിലവില്‍വന്നതിനുശേഷം ടി.എം. ജേക്കബാണു മത്സരിച്ചിട്ടുള്ളതെങ്കിലും പിന്നീട്‌ അദ്ദേഹം1982ലും 1987ലും കോതമംഗലം മണ്ഡലത്തിലേക്കു തട്ടകം മാറ്റി വിജയം വരിച്ചു. 1991ല്‍ വീണ്‌ടും പിറവത്തു മത്സരിച്ചു വിജയം കണ്‌ടു. 2006ലെ തിരഞ്ഞെടുപ്പില്‍ മാത്രമാണു പരാജയപ്പെട്ടത്‌. കോണ്‍ഗ്രസില്‍ നിന്നു ബെന്നി ബഹനാന്‍ പിറവത്തു നിന്നു വിജയിച്ചതൊഴിച്ചാല്‍ യുഡിഎഫിലെ വിജയങ്ങളെല്ലാം ടി.എം. ജേക്കബിന്റെ കുത്തകയായിരുന്നു.

പി.സി. ചാക്കോ 1980ല്‍ വിജയിച്ച ചരിത്രമുണെ്‌ടങ്കിലും അദ്ദേഹം അന്ന്‌ ഇടതുമുന്നണിയുടെ ഭാഗമായിരുന്നു. ജേക്കബിന്റെ അജയ്യത മറ്റാര്‍ക്കും അവകാശപ്പെടാനാവില്ലെന്നു ചുരുക്കം. ആറുമാസത്തിനുള്ളില്‍ നടക്കേണ്‌ട ഉപതിരഞ്ഞെടുപ്പ്‌ ഭരണമുന്നണിക്കു നിര്‍ണായകമാകുന്നതും ഇക്കാരണത്താല്‍ തന്നെ. സര്‍ക്കാരിനെ ദുര്‍ബലമാക്കാന്‍ ലഭിക്കുന്ന അവസരമായി ഇടതുമുന്നണി ഈ ഉപതിരഞ്ഞെടുപ്പിനെ കാണുമെന്നകാര്യത്തില്‍ സംശയമില്ല.

സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുന്നതില്‍ സഭനടത്തിയ ഇടപെടലിനെതിരെയും പലരംഗങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്‌ട്‌. അതേസമയം മന്ത്രിസ്ഥാനത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയോ കെപിസിസി അധ്യക്ഷനോ ഇതുവരെ മനസ്‌ തുറന്നിട്ടുമില്ല. ഉപതെരഞ്ഞെടുപ്പിന്‌ ശേഷം ജേക്കബ്‌ ഗ്രൂപ്പിന്‌ മന്ത്രിസ്ഥാനം നല്‍കിയാല്‍ മതിയെന്നാണ്‌ യുഡിഎഫ്‌ നിലപാടെന്നും സൂചനയുണ്‌ട്‌. എന്തായാലും വരുംദിവസങ്ങള്‍ ഇരു മുന്നണികളുടെയും തന്ത്രപ്പുരകളുടെയും രാഷ്‌ട്രീയ ആയുധശാലകളുടെയും കേന്ദ്രമായി പിറവം മാറുമെന്ന്‌ വ്യക്‌തം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക