Image

ഒരു മലയാള വിലാപം കൂടി!

ബിനോയി സെബാസ്റ്റ്യന്‍ Published on 02 November, 2011
ഒരു മലയാള വിലാപം കൂടി!
നവംബര്‍ 1 ന്‌ കേരളം മധുരമായ മദ്ധ്യവയസിന്റെ അമ്പത്തിനാലു തികഞ്ഞവളാകുന്നു. അമ്പത്തിനാലിലും അവള്‍ അപൂര്‍വ്വമായ ആഢ്യത്വം തികഞ്ഞ കോമളാംഗിയാണ്‌. കേരളത്തെയോര്‍ത്തു കരഞ്ഞവരും ചിരിച്ചവരും തരളിതഹൃദയരാകുന്നു. വിവിധ ജില്ലാതലസ്ഥാനങ്ങളില്‍ അമ്പത്തിനാലിന്റെ തുടിപ്പും പ്രൗഡിയും തരിപ്പും യൗവ്വനവും കണ്ട്‌ കേന്ദ്രകേരളമന്ത്രിമാര്‍ ആലോലചിത്തരും ആമോദഹൃദ്യരുമാകുന്നു.. ദൃശ്യപത്രമാദ്ധ്യമങ്ങള്‍ കേരള പിറവിക്കും അമ്പത്തിനാലിനും ഇടയ്‌ക്കുള്ള കേരളീരംഗങ്ങളും പരിണാമങ്ങളും വിശദമാക്കുന്നു. പക്ഷെ മരിച്ചതും ജീവിച്ചിരിക്കുന്നതുമായ മന്ത്രിസഭകള്‍ മാറിമാറി മരിച്ചുകൊണ്ടിരിക്കുന്ന മലയാളഭാഷയ്‌ക്കും സംസ്‌ക്കാരത്തിനുംവേണ്ടി മുന്നോട്ടു വച്ച, വയ്‌ക്കുന്ന പൊതുമിനിമം പരിപാടികള്‍ മലയാളത്തെ വിദേശത്തും സ്വദേശത്തും ഇരുന്നും കിടന്നും നടന്നും സ്‌നേഹിക്കുന്ന ഒരോ മലയാളിക്കും പ്രിയങ്കരമായേ തീരൂ എന്നു വിശ്വസിക്കുകയാണ്‌. കാലം മാറിവരുമ്പോറും മലയാളത്തെക്കുറിച്ചുള്ള ആധിയും ഏറിവരുകയാണ്‌! മലയാളവിവേകം ലോകം മുഴുവന്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശമലയാളികള്‍ തയ്യാറാക്കുന്ന മലയാളഭാഷയും സംസ്‌ക്കാരവും എന്ന പാചകപ്പുരയില്‍ അമൃതേത്തിനു സമയം കഴിഞ്ഞിരിക്കുന്നു!

അച്ചുതാനന്ദഭരണകാലത്ത്‌ മലയാളദിനഭരണഭാഷാവാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്തു നടന്ന യോഗത്തില്‍ നിര്‍ദോഷിയായ മുഖ്യമന്ത്രിയായിരുന്ന അച്ചുതാനന്ദന്‍ പറഞ്ഞു മലയാളം നന്നായി എഴുതുവാനും പറയുവാനും അറിയുന്നവരെ മാത്രമേ സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്വീകരിക്കുവാന്‍ പാടുള്ളുവെന്ന്‌. അതിനായി സര്‍ക്കാര്‍ ചട്ടങ്ങള്‍ തിരുത്തണമെങ്കില്‍ തിരുത്തമെന്ന്‌. മറ്റൊന്ന്‌ ഭാഷയും സംസ്‌ക്കാരവും സംബന്ധിച്ച ഗവേഷണം നടത്തുന്ന ഒരു സര്‍വ്വകലാശാല ഉണ്ടാക്കും പോലും!. ഇതു രണ്ടു നടന്നില്ല. അദേഹം പ്രതിപക്ഷത്തുമായി. മലയാളത്തിന്റെ പ്രിയ കവികളായ ഒ.എന്‍.വി.കുറുപ്പും, സുഗതകുമാരിയും മറ്റു പ്രതിഭാശാലികളായ മലയാളകലാകാരന്മാരും സാംസ്‌ക്കാരിക നേതാക്കളുമെല്ലാം മലയാളഭാഷയുടെ മരണം ഒഴിവാക്കുവാനുള്ള വഴികളെക്കുറിച്ച്‌ വര്‍ഷങ്ങളായി കണ്ണീരൊഴുക്കി വിലപിക്കുകയാണ്‌. ക്യാഫലം? ഉമ്മന്‍ ചാണ്ടിക്കും അദേഹത്തിന്റെ മന്ത്രിസഭയിലെ രണ്ടുശാഖകളായി പിരിഞ്ഞു നില്‍ക്കുന്ന സാംസ്‌ക്കാരിക വകുപ്പിനും മലയാളത്തിന്റെ മരണത്തില്‍ അതീവ ഉത്‌ക്കണ്‌ഠയുണ്ട്‌ എന്നതും ആശ്വാസദായകമാണ്‌. വകുപ്പു മന്ത്രികളായ ഗണേഷ്‌കുമാറിന്റെയും കെ.സി.ജോസഫിന്റെയുമൊക്കെ പ്രസംഗം കേട്ടാല്‍ത്തന്നെ നമുക്കതു മനസിലാകും!

കാസര്‍കോടു മുതല്‍ കന്യാകുമാരിവരെയുള്ള ദേശങ്ങളില്‍ കുടിപാര്‍ത്ത്‌ കാലത്തിന്റെ മാര്‍ദവമില്ലാത്ത വഴികളില്‍ അസ്‌തമിച്ചുപോയേക്കാവുന്ന ഭാഷയുടെ തേജസിനെ ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ ആവുന്നതെല്ലാം ചെയ്യുന്നുണ്ട്‌ എന്നു വിശ്വസിക്കുക തന്നെ. പക്ഷെ കേരളത്തിന്റെ സ്വന്തം മാദ്ധ്യമങ്ങളിലും അക്ഷരസ്‌നേഹികളായ എഴുത്തുകാരില്‍ പോലും ഭാഷയോടുള്ള പ്രതിപത്തി കുറഞ്ഞു വരുന്നതായി കാണുന്നില്ലേ? പണ്ടു കാണം വിറ്റും ഓണം ഉണ്ണണമെന്നായിരുന്നു. ഇന്നു കാണം വിറ്റ്‌ സര്‍വ്വകലാശാലകളുണ്ടാക്കുന്നു. നഷ്ടപ്പെട്ടുപോയ സ്വന്തം സംസ്‌ക്കാരത്തെക്കുറിച്ചു ഗവേഷണം നടത്താന്‍. കഷ്ടം. നഷ്ടപ്രാതാപത്തിന്റെ സ്‌മരണ നിലനിര്‍ത്തുവാന്‍ വാമോഴിയോ വരമോഴിയോ ആയി പതിഞ്ഞു കിട്ടിയ എതോ ചരിത്രത്തിന്റെ ഏതോ ഘട്ടത്തില്‍ നിന്നും പൊടി തട്ടിയെടുത്ത ബൊമ്മയായ പാവം മാവേലി! മലയാളി സംസ്‌ക്കാരങ്ങളുടെ ഘോഷയാത്രയിലാണ്‌!

കേരളത്തില്‍ ഇന്ന്‌ ഏറ്റവും കൂടുതല്‍ കാഴ്‌ചക്കാരുള്ള ഐഡിയ സ്റ്റാര്‍ സിംഗര്‍ പോലുള്ള പരിപാടികളിലെ അവതാരകര്‍ പിറന്നു വളര്‍ന്നത്‌ മലയാളി വസിക്കാത്ത വല്ല ഉട്ടോപ്യയിലുമാണോ എന്ന്‌ ചോദിക്കാത്തവര്‍ കേരളീയരാണോ? ആംഗലേയവും മലയാളവുമല്ലാത്ത ഏതോ മാതിരിയൊരു വികടഭാഷയില്‍ അവതാരകരായി പ്രത്യക്ഷപ്പെടുന്നവര്‍ സത്യത്തില്‍ മലയാളത്തിന്റെയും സംസ്‌ക്കാരത്തിന്റെയും ആരാച്ചാരാണ്‌ എന്ന കാര്യത്തില്‍ സംശയമില്ല. ഇതോടൊപ്പം ഒന്നുകൂടി ചിന്തിക്കണം. അവരുടെ അവതരണശൈലി ഒരു തരത്തില്‍ ശൃംഗാരത്തനിമ നിറഞ്ഞതല്ലേ? ഒരുപാടു എഴുത്തുകാര്‍ നമുക്കുണ്ട്‌. കേരളത്തില്‍ നടക്കുന്ന സാഹിത്യക്യാമ്പുകളിലും ചൊല്‍ക്കാഴ്‌ചാവേദികളിലൂമെല്ലാം എത്രയെത്ര ആധുനീകകവികളാണ്‌ ഓരോ ദിവസവും പൊട്ടിയുയരുന്നത്‌. ഓര്‍മ്മിക്കുക, അക്ഷരശുദ്ധിയും ആത്‌മാര്‍ത്‌ഥതയുമുള്ള ചുരുക്കം ചില എഴുത്തുകാരെ നമുക്കുള്ളു. അവരില്‍ മുമ്പന്മാര്‍ കാലത്തിന്റെ അദൃശ്യവഴികളിലേക്കു കാല്‍ നീട്ടിയിരുന്നു തെക്കേ പുറത്തെ നാട്ടുമാവിന്റെ കഥകളോര്‍ത്തു നെടുവീര്‍പ്പിട്ടു ജീവിതത്തിന്റെ ജനമനഗണനാമം പാടുന്നവരുമാണ്‌.

മലയാളം അറിയാവുന്നവരെ സര്‍വ്വീസിലെടുത്താല്‍ മലയാളം മരിക്കുകയില്ല എന്നു വിശ്വസിക്കുന്നത്‌ ഒരു ബാലിശമാണോ? കേരളത്തിലെ മുഖ്യനഗരങ്ങളിലെല്ലാം ആംഗലേയഭാഷാസ്‌നേഹം വളര്‍ന്നു വരുന്നതിന്റെ കൂറ്റം സത്യത്തില്‍ സാദാ ജനങ്ങളുടേതു മാത്രമാണോ? ആഗോളകമ്പോളത്തിന്റെ പടിക്കല്‍ പോയി നിന്നു അവര്‍ വലിച്ചെറിയുന്ന സാമ്പത്തികചീളുകളും ശിരസു കുനിച്ചു നിന്നു വാങ്ങി കേരളത്തിലെത്തി ആഗോളവല്‍ക്കരണത്തെ ശക്തിയായി അപലപിക്കുകയും ആഗോളതലത്തിലുള്ള വ്യവസായലോബികള്‍ക്കു ഒത്താശ ചെയ്‌തുകൊടുക്കുകയും ചെയ്യുന്ന പ്രിയ മലയാളത്തിന്റെ പ്രിയ ഭരണകര്‍ത്താക്കളുമില്ലേ ഈ കുറ്റപത്രത്തില്‍? പണ്ടു ഹരിശ്രീ എന്നു ചൊല്ലി സത്യഗുരുക്കളായി തികഞ്ഞ ദാരിദ്ര്യത്തിലും അക്ഷരങ്ങളെ സ്‌നേഹിച്ചു സ്‌നേഹിച്ചു കുരുന്നു ഹൃദയങ്ങളെ പഠിപ്പിച്ചിരുന്ന ആ ആശാന്മാരുടെ കാലം അസ്‌തമിച്ചതോടെ മലയാളത്തിന്റെ മരണം ആരംഭിച്ചിരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു. വിദേശത്തും സ്വദേശത്തും മലയാളത്തെയും കേരളസംസ്‌ക്കാരത്തെയും ഉദ്ധരിക്കുവാന്‍ വികൃതവും വിലക്ഷണവുമായ ജൗളികളുമണിഞ്ഞു പ്രസംഗപീഠത്തില്‍ കയറി നിന്നു പാതിയൊടിഞ്ഞ ഇംഗ്‌ളീഷിലും പാതി ചതഞ്ഞ മലയാളത്തിലുമായി പ്രസംഗപ്രായേണ പുലമ്പുന്ന മലയാളത്തിന്റെ സാംസ്‌ക്കാരിക സാഹിത്യസന്തതികളെയാണ്‌ ഞാന്‍ ഏറ്റവും അധികം ഭയപ്പെടുന്നത്‌. ഇതൊക്കെയാണോ മലയാളത്തിന്റെ മോചനവഴികള്‍?

ടെക്‌സാസിലെ ഓസ്റ്റിന്‍ യൂണിവേഴ്‌സിറ്റിയിലെ ഏഷ്യന്‍ ഭാഷാപഠനങ്ങളുടെ മേധാവിയും മലയാളത്തിന്റെ പ്രൊഫസറും
സംഗീതജ്‌ഞനും അമേരിക്കന്‍ വംശജനുമായ(സായിപ്പ്‌) പ്രോഫ. മോഗുമായി മലയാളമനോരമയ്‌ക്കുവേണ്ടി ഞാന്‍ നടത്തിയ ഒരഭിമുഖത്തില്‍ പറഞ്ഞ ഒരു ഹൃദയവാക്യം ഇവിടെ അനുസ്‌മരിക്കട്ടെ. മലയാളവും ഹിന്ദിയും തമിഴും ഉള്‍പ്പെടെ പതിമൂന്നിലധികം ലോകഭാഷകളില്‍ അനായാസേന സംസാരിക്കുവാനും എഴുതുവാനും കഴിയുന്ന പരിപൂര്‍ണ്ണ അന്ധനായ മോഗ്‌ പറഞ്ഞു ലോകത്തിലെ ഏറ്റവും സുലളിതവും മധുരതരവുമായ ഭാഷകളിലൊന്ന്‌ മലയാളമാണെന്ന്‌. ആശയങ്ങളെ സുവ്യക്തമായി സംവേദിപ്പിക്കുവാന്‍ മലയാള അക്ഷരങ്ങള്‍ക്കു കഴിവുണ്ടെന്ന്‌. കേരളത്തിന്റ മൂന്നരക്കോടിയിലധികം വരുന്ന ജനങ്ങള്‍ അന്ധരല്ലാത്തതുകൊണ്ടാണോ ഈ തിരിച്ചവറിവ്‌ അവര്‍ക്കുണ്ടാകാത്തത്‌? അതോ അകക്കണ്ണുകള്‍ തുറഞ്ഞു വച്ചു കാലങ്ങളിലൂടെ തുടരുന്ന ഒരു സനാതനസംസ്‌ക്കാരത്തെയും മാതൃസമാനമായ സ്വന്തം ഭാഷയേയും മനസിലാക്കുവാനുള്ള പ്രാപ്‌തി നമുക്കു നഷ്ടപ്പെട്ടുവോ? സാമ്പാറ്‌, നൂഡില്‍സ്‌ എന്നീ പദങ്ങളുടെ സാംസ്‌ക്കാരികമായ വ്യത്യാസം ഒരു ശരാശരി
മലയാളിയുടെ ഹൃദയാന്തരത്തിലുളവാക്കുന്ന ഒരു വികാരമുണ്ട്‌. അതു തിരിച്ചറിയുമ്പോള്‍ നാം മലയാളികളാകും.
അതിനൊരു സാംസ്‌ക്കാരികവകുപ്പും സാംസ്‌ക്കാരികസംഘടനകളും വേണ്ട. സര്‍ക്കാര്‍ ചട്ടങ്ങളിലൂടെയല്ല ഭാഷയും സംസ്‌ക്കാരവും വളര്‍ന്നതെന്നും വിസ്‌മരിക്കരുത്‌. മറിച്ചു പ്രജാവത്‌സലരും കലാസ്‌നേഹികളുമായ പഴയ പ്രജാപതികളിലൂടെയാണ്‌. ഇന്നത്തെ വക്രജനാധിപത്യത്തിന്റെ ആധുനീകവാദികളായ ഭരണക്കാര്‍ ആ പഴയ ഏകാധിപതികളുടെയങ്കിലും ഭരണമേന്മ കാട്ടിയില്ലെങ്കില്‍ മലയാളം വൃദ്ധയാകും.പിന്നെ`പിന്നെ'.മരിക്കും. അതിനുത്തരവാദികള്‍ നമ്മള്‍ തന്നെയാണ്‌. അല്ലേ?

പിന്‍കുറിപ്പ്‌: ആധുനീക മലയാളത്തിന്റെ മാതാവ്‌ ടിവി.അവതാരകയായ രജ്‌ഞിനി ഹരിദാസും അധുനീക തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്‌ഞാതാവ്‌ ഗായിക റിമി ടോമിയുമാണെന്ന്‌ അസുയയുള്ള ഭാഷാവികസന വിരോധികളായ മലയാളസ്‌നേഹികള്‍ പറയുന്നു.
ഒരു മലയാള വിലാപം കൂടി!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക