Image

ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ വിശുദ്ധരുടെ അനുസ്മരണദിനം

Published on 02 November, 2011
ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ വിശുദ്ധരുടെ അനുസ്മരണദിനം
ചിക്കാഗോ: സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഇടവകയിലെ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സകല വിശുദ്ധരുടെയും ദിനം ആചരിച്ചു. മതബോധന സ്‌കൂളിലെ കുട്ടികളും അദ്ധ്യാപകരും പങ്കെടുത്ത ദിനാചരണം പുതുമകള്‍ നിറഞ്ഞതായിരുന്നു. ഇരുന്നൂറില്‍പ്പരം കുട്ടികളും എഴുപതില്‍പ്പരം അദ്ധ്യാപകരും വിശുദ്ധരുടെ വേഷവിധാനങ്ങള്‍ അണിഞ്ഞ് ദേവാലയത്തിലേക്ക് കടന്നുവന്നപ്പോള്‍ ഗായകസംഘം സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിച്ചു.

ആഗോള കത്തോലിക്കസഭ നവംബര്‍ ഒന്നാംതീയതി സകല വിശുദ്ധരെയും ഓര്‍ക്കുവാനും അവരുടെ മാദ്ധ്യസ്ഥം തേടുവാനുമായി വിശുദ്ധരുടെ ദിനമായി ആചരിക്കുന്നു. സഭയോടൊത്ത് ചിന്തിക്കുവാനും വിശുദ്ധരുടെ ജീവിതരീതികള്‍ അനുകരിക്കുവാനും കുട്ടികളെയും യുവജനങ്ങളെയും പ്രാപ്തരാക്കുവാന്‍ ഈ ദിനാചരണം പ്രചോദനം നല്‍കുമെന്ന് വികാരി മോണ്‍. അബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. സജി പിണര്‍ക്കയില്‍ എന്നിവര്‍ പറഞ്ഞു. പ്രീ സ്‌കൂള്‍ മുതല്‍ പത്താംക്ലാസ് വരെയുള്ള മതബോധന സ്‌കൂളിലെ കുട്ടികള്‍ തികഞ്ഞ അച്ചടക്കത്തോടെ പുണ്യചരിതരുടെ ഓര്‍മ്മകളുമായി കടന്നുവരികയും ഓരോ ക്ലാസ്സിലെയും തെരഞ്ഞെടുത്ത വ്യക്തികള്‍ അവരുടെ വിശുദ്ധന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.

മോണ്‍. അബ്രഹാം മുത്തോലത്ത്, ഫാ. ജോസഫ് കല്ലിടാന്തിയില്‍ എന്നിവര്‍ പ്രധാന ദിവ്യബലി അര്‍പ്പിച്ചു. സാബു മുത്തോലത്ത്, ജോജോ പരുമനത്തേട്ട്, മെര്‍ലിന്‍ പുള്ളോര്‍കുന്നേല്‍ തുടങ്ങിയവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി. മതബോധന സ്‌കൂളിന്റെ പ്രധാന അദ്ധ്യാപകന്‍ സാബു മുത്തോലത്ത് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ അദ്ധ്യാപകരെയും മാതാപിതാക്കളെയും പ്രത്യേകം അഭിനന്ദിക്കുകയും ഏറ്റവും നല്ല പ്രകടനം കാഴ്ചച്ച ക്ലാസ്സിന് പ്രത്യേക സമ്മാനം നല്‍കുന്നതാണെന്ന് അറിയിക്കുകയും ചെയ്തു.
 
അമേരിക്കയില്‍ വര്‍ഷങ്ങളായി ആഘോഷിച്ചുവരുന്ന ഹാലോവീന് പകരമായി സകല വിശുദ്ധരുടെ തിരുനാള്‍ ആഘോഷിച്ച കുട്ടികളും, അദ്ധ്യാപകരും, മാതാപിതാക്കളും ഈ സംരംഭത്തിന് നേതൃത്വം കൊടുത്തവരും എല്ലാവരുടെയും പ്രശംസയ്ക്ക് പാത്രീഭൂതരായി.

റിപ്പോര്‍ട്ട്: ജോസ് കണിയാലി
ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ വിശുദ്ധരുടെ അനുസ്മരണദിനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക