Image

ദാവീദിന്റെ രണ്ടു മുഖങ്ങള്‍ 11 (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)

Published on 11 January, 2014
ദാവീദിന്റെ രണ്ടു മുഖങ്ങള്‍ 11 (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)
പത്രാധിപക്കുറിപ്പ്‌ : `സാഹിത്യപ്രതിഭ' എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ രചിച്ച `ദാവീദിന്റെ രണ്ടു മുഖങ്ങള്‍' എന്ന ഖണ്ഡകാവ്യം കഴിഞ്ഞ പത്താഴ്‌ചകളായി പ്രസിദ്ധീകരണം തുടങ്ങിയിട്ട്‌ . ഇ മലയാളിയില്‍ക്കൂടി എല്ലാ ശനിയാഴ്‌ചയും ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നു.

II. മോഹാഗ്നിയിലകപ്പെട്ട ദാവീദ്‌

അംബരവീഥിയിലര്‍ക്കന്‍ പടിഞ്ഞാറേ
അംബോധി ലക്ഷ്യമായ്‌ നീങ്ങിടുന്നു.

അല്‌പവും കൂടി കഴിഞ്ഞെന്നാല്‍, നിശ്ചയം
അപ്പകലങ്ങു കടന്നുപോകും.

അങ്ങപ്പോഴാറ്റിലൊ രോമലാളേകയായ്‌,
മുങ്ങിക്കുളിക്കുകയായിരുന്നു.

സുന്ദരിയാണവള്‍, സംശയമില്ലതില്‍,
പൊന്നില്‍ മനഞ്ഞൊരു മഞ്‌ജുളാംഗി.

ദേവലോകത്തു നിന്നുര്‍വ്വിയിലെത്തിയ
`ഉര്‍വ്വശി' താനവള്‍, ശങ്കവേണ്ട.

ബാല്യം കടന്ന യുവതിയാണിന്നവള്‍
വല്ലഭന്നുള്ളൊരു പെണ്‍കൊടിയും.

സൗരഭ്യം പാറിയും, സൗന്ദര്യം തൂകിയും
ചാരുമുഖിയവള്‍ ക്ഷാളിതയായ്‌.

ആറ്റോരം ചേര്‍ന്നു ചരിക്കും പഥികനും
ആറ്റിലെ സ്‌നാനത്തിനെത്തിയോനും,

ഒന്നുപോല്‍ നോക്കിനിന്നാ രുചിരാംഗിയെ
നഗ്നയായ്‌ കണ്ടൊരു മുഗ്‌ദ്ധയെപ്പോല്‍.

അന്നേരം കൊട്ടാര മേല്‍ത്തട്ടിലിസ്രയേല്‍
മന്നനുലാത്തുകയായിരുന്നു.

ദാവീദാം ഭൂപാലന്‍ താനത്രെ ലാസ്യനാ -
യീവിധം കാറ്റിലുലാത്തിയതും.

മന്നന്റെ ദൃഷ്ടിയാ സായാഹ്നസന്ധ്യയില്‍
ചെന്നുപതിച്ചാ ദേവാംഗനയില്‍.

(തുടരും)

Yohannan.elcy@gmail.com
ദാവീദിന്റെ രണ്ടു മുഖങ്ങള്‍ 11 (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്‌)
Join WhatsApp News
വിദ്യാധരൻ 2014-01-12 14:36:34
ഭാഷകൊണ്ടും ഭാവന കൊണ്ടും ബെത് ശേബയുടെ സൗന്ദര്യത്തെ കവിയിത്രി നാന്നായി വർണ്ണിച്ചിരിക്കുന്നു. എങ്കിലും ഒരു പുരുഷ കവിയുടെ കൈകളിൽ മാത്രമേ ആ സൗന്ദര്യ വർണ്ണന  പൂർണ്ണമാക്കപ്പെടുന്നുള്ളൂ. അത് അവന്റെ കാവ്യ വൈഭവം എന്ന് അവകാശപ്പെടാൻ പറ്റില്ല പക്ഷെ അത് പുരുഷന്റെ അവകാശമാണ് 

ഉദാഹരണം  (ദാവിദും ബേത് ശേബയും -ഡോ. ടി.വി. മാത്യു ) 

-കുറത്തി- 
ബേത്  ശേബയന്നന്തിയിങ്ക 
ലാരുമറിയാതെ
എണ്ണയുമെടുത്തു കൈൽ 
താളിയുമെടുത്തു 

കടവിലെത്തിയൊട്ടൊളിഞ്ഞു  നാണിച്ചു
പുടവ മെല്ലെയഴിച്ചു 
അഴകൊഴുകും അ തനുവിൽ നോക്കവെ 
അവൾക്കു കോരിത്തരിച്ചു 

പരിസരങ്ങളിലുഴറി  കണ്ണുക -
ളരികിലെങ്ങുമില്ലാരും 
കനകരസ്മിയാലരുണന മൃദു
തനുവിൽ കാന്തി വളർത്തി 

കൊഴുത്തമേനിയിലോഴുകുമെണ്ണ യി -
ട്ടഴകിലോന്നു തലോടി 
അഴിഞ്ഞ കൂന്തലൊട്ടുരസി മാറിലൂ 
ടൊഴുകി താഴേക്കു താനേ 

തുടച്ചു പാദവും തുടരെ മിന്നലോ-
ടിടയും തൂമല്ലിടയും 
ആരുമറിഞ്ഞില്ലിതെന്നോ -
ർത്താറ്റിലവൾ നീന്തി 

ഡോ . ടി . വി മാത്യു എന്ന കവി പമ്പയിൽ കുളിക്കുന്ന ഏതെങ്കിലും സ്ത്രീയെ കണ്ടിട്ട് ഉണ്ടാവും (ഇക്കാരിയത്തിൽ മിക്ക പുരുഷന്മാരും മോശക്കാരല്ല  ) പക്ഷേ ഇവിടെ കണ്ടകാഴ്ച കവിയുടെ  ഭാവനയിൽ ചാലിച്ചപ്പോൾ അത് ഏറ്റവും മനോഹരം ആയി തീരുന്നു.  കവിയിത്രി സ്ത്രീത്വത്തിന്റെ കാവല്ക്കാരികൂടി ആയതുകൊണ്ട് മിതത്വം പാലിച്ചിരിക്കുന്നു എന്ന് വായനക്കാർക്ക് മനസിലാക്കാവുന്നതെയുള്ളൂ.

"നാരികൾ ഭൂമിയിൽ നഹിയെന്നു വന്നാൽ 
കാവ്യത്തിനില്ല വിഷയം കവി മൂകനാകും "


   

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക