Image

മോഡിക്കും രാഹുലിനും ആപ് പാര്‍ട്ടി തലവേദന (ഡല്‍ഹി ഡയറി)

ജോര്‍ജ് കള്ളിവയലില്‍ Published on 11 January, 2014
മോഡിക്കും രാഹുലിനും ആപ് പാര്‍ട്ടി തലവേദന (ഡല്‍ഹി ഡയറി)
മോഡിക്കും രാഹുലിനും ആപ് പാര്‍ട്ടി തലവേദന

ജോര്‍ജ് കള്ളിവയലില്‍



മിഷന്‍ 272 +. എന്താണിതെന്നു ആലോചിച്ചു തലപുകയ്‌ക്കേണ്ടതില്ല. ലോക്‌സഭയില്‍ ഭൂരിപക്ഷം നേടുകയെന്നതാണു രാഷ്ട്രീയ പാര്‍ട്ടികളുടെ ലക്ഷ്യം. അതേ കേവല ഭൂരിപക്ഷമായ 272 ലേറെ എംപിമാരെ സംഘടിപ്പിക്കുക. ഏപ്രില്‍, മേയ് മാസങ്ങളില്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനായി രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും പലതരത്തിലാണു കരുക്കള്‍ നീക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണ തന്ത്രങ്ങള്‍ക്കു ബിജെപിയും അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോഡിയും മിഷന്‍ 272 + എന്നാണു പേരിട്ടിരിക്കുന്നത്. മോഡിക്കു ഭൂരിപക്ഷ പിന്തുണ കിട്ടിയില്ലെങ്കില്‍ കൂടുതല്‍ സ്വീകാര്യതയുടെ പേരില്‍ എല്‍.കെ. അഡ്വാനി, സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, ശിവരാജ്‌സിംഗ് ചൗഹാന്‍ തുടങ്ങി പലരും ബിജെപിയില്‍ തന്നെ പ്രധാനമന്ത്രി മോഹം വിടാതെ പമ്മി കാത്തിരിക്കുന്നുമുണ്ട്.

മിഷന്‍ 272 എന്ന പേര് ബിജെപി എടുത്തെങ്കിലും കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും ലക്ഷ്യവും ഇതുതന്നെ. പതിനേഴാം തീയതി ഡല്‍ഹിയില്‍ നടക്കുന്ന എഐസിസി സമ്മേളനത്തില്‍ രാഹുലിനെ 2014 പൊതുതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ നായകനായി തെരഞ്ഞെടുക്കുന്നതോടെ കളം മുറുകും. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും മറ്റൊരു പ്രധാനമന്ത്രിയെ ഇനിയുടനെങ്ങും കോണ്‍ഗ്രസുകാര്‍ക്കു ചിന്തിക്കാന്‍ പ്രയാസമാകും. ഏതായാലും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കാലാവധി തികച്ചേ പടിയിറങ്ങൂ എന്നു വ്യക്തമാക്കിയിട്ടുണ്ട്.

അധികാരം ഉടനെങ്ങും വേണ്ടെന്നു രാഹുല്‍ ഗാന്ധി വാശി പിടിച്ചാല്‍ പ്രധാനമന്ത്രിയാകാന്‍ ഇപ്പോഴത്തെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാറും ആഗ്രഹിക്കുന്നുണ്ടാകും. ധനമന്ത്രി പി. ചിദംബരവും എല്ലാം ഒത്തുവരാനാകും പ്രാര്‍ഥിക്കുക. ഒരു താത്പര്യവും ഇല്ലെന്നു പറഞ്ഞാലും നമ്മുടെ എ.കെ. ആന്റണിക്കു നറുക്കു വീണാലും അത്ഭുതപ്പെടാനില്ല. സോണിയാ ഗാന്ധിയുടെയും രാഹുലിന്റെ വിശ്വസ്തനെന്നതും പ്രതിരോധമന്ത്രി പദവിയില്‍ ഇന്ത്യയില്‍ സര്‍വകാല റിക്കാര്‍ഡ് നേടിയതുമെല്ലാം ആന്റണിയുടെ പേരു സജീവമാക്കി നിര്‍ത്തും. അല്ലെങ്കിലും വലിയ പദവികള്‍ ആന്റണിയെ തേടിച്ചെല്ലുകയാണല്ലോ പതിവ്.

പത്തു വര്‍ഷം നീണ്ട അധികാരത്തില്‍ നിന്നു കോണ്‍ഗ്രസ് പക്ഷേ തെറിക്കുമെന്നതാണു ഇപ്പോഴത്തെ സൂചന. എങ്കിലും നൂറു മുതല്‍ 175 സീറ്റുവരെ കിട്ടാതിരിക്കില്ലെന്നു കോണ്‍ഗ്രസ് നേതാക്കള്‍ വിശ്വസിക്കുന്നു. ബാക്കിയൊക്കെ മതേതരത്വവും ഉറച്ച സര്‍ക്കാരും ഒക്കെ പറഞ്ഞു ഒപ്പിച്ചെടുക്കാന്‍ മിടുക്കുള്ളവരാണു കോണ്‍ഗ്രസുകാര്‍. യുപിഎ മുന്നണി ഉണ്ടാക്കി തുടര്‍ച്ചയായി രണ്ടു തവണ ഭരണം കാലാവധി തീരുവോളം നിലനിര്‍ത്തിയത് ചില്ലറ മിടുക്കല്ല.

കേന്ദ്ര ഭരണത്തില്‍ മൂന്നും നാലും കുറുമുന്നണികളുടെയും ആം ആദ്മി പാര്‍ട്ടിയുടെയും എസ്പി, ബിഎസ്പി, ജെഡിയു, ബിജെഡി, അണ്ണാ ഡിഎംകെ, ടിഎംസി തുടങ്ങിയ പ്രധാന സംസ്ഥാന പാര്‍ട്ടികളുടെയുമെല്ലാം ലക്ഷ്യം മറ്റൊന്നല്ല. എങ്ങിനെയും 272 എംപിമാരെ കൂടെ നിര്‍ത്തി കേന്ദ്രത്തില്‍ അധികാരം പിടിക്കുക. ആറു മാസമോ, ഒരു വര്‍ഷമോയെങ്കിലും പ്രധാനമന്ത്രി കസേര കിട്ടിയാല്‍ മതിയെന്നതാണു മുലായം സിംഗ് യാദവ്, മായാവതി, നിതീഷ് കുമാര്‍, നവീന്‍ പട്‌നായിക്, മമത ബാനര്‍ജി, ജയലളിത തുടങ്ങി പലരുടെയും മോഹം.

ഇവര്‍ക്കു പുറമേ ആന്ധ്രപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി, ബിജെപിയില്‍ തിരിച്ചെത്തിയ കര്‍ണാടകയിലെ ബി.എസ്. യെഡിയൂരപ്പ, ബിഹാറിലെ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് തുടങ്ങി വേറെ ചിലര്‍ക്കും ചില്ലറ മോഹങ്ങള്‍ ഇല്ലാതില്ല. കറുത്ത കുതിരകള്‍ വേറെയുമുണ്ടാകും. അധികാരം തന്നെ എല്ലാവര്‍ക്കും ഏക ലക്ഷ്യം. ചക്കരക്കുടത്തില്‍ കൈയിട്ടുവാരാന്‍ കൊതിയാണെന്നു സമ്മതിക്കാനും ചിലര്‍ മടിക്കാറില്ല.

പക്ഷേ 272 പേരുടെ കേവല ഭൂരിപക്ഷം എങ്ങിനെ ഒപ്പിക്കുമെന്നു ആര്‍ക്കും വലിയ പിടിയില്ല. നൂറു കണക്കിനു കോടി രൂപ ചെലവാക്കി വലിയ പ്രചാരണം ആസൂത്രണം ചെയ്യുന്ന രണ്ടു വലിയ ദേശീയ പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും പോലും ഇക്കാര്യത്തില്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. 150 മുതല്‍ 180 വരെ സീറ്റുകളാണു ബിജെപി പ്രതീക്ഷിക്കുന്നത്. ഭരണ വിരുദ്ധ വിരുദ്ധ വികാരവും മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുമായി എങ്ങിനെയും 180 സീറ്റെങ്കിലും സ്വന്തമാക്കി കേന്ദ്രഭരണം സ്വപ്‌നം കണ്ടതാണ് മോഡിയും കൂട്ടരും.

അപ്രതിരോധ്യ നേതാവായി മോഡിയെ ഉയര്‍ത്തിക്കൊണ്ടു വന്നതിന്റെ അനുകൂല ഘടകങ്ങള്‍ കണ്ടുതുടങ്ങിയതുമാണ്. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ഒരു ദശകം കഴിഞ്ഞു സ്വന്തം ബ്ലോഗിലൂടെ ഖേദം പ്രകടിപ്പിച്ചതും പ്രതിച്ഛായ മിനുക്കലിനു വേണ്ടിയായിരുന്നു. കലാപത്തില്‍ ആയിരത്തിലേറെ നിരപരാധികള്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ അന്നും ഇന്നും അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രി മാപ്പു പറയാന്‍ തയാറായില്ലെന്നു ചില രാഷ്ട്രീയ എതിരാളികള്‍ ഓര്‍മിപ്പിച്ചെങ്കിലും മന്‍മോഹന്‍ സിംഗിനും കേന്ദ്രസര്‍ക്കാരിനും എതിരായ രോഷത്തില്‍ അതൊന്നും വലിയ വാര്‍ത്തയായില്ല.

ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, യുപി, പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഡ്, ബിഹാര്‍, ഹിമാചല്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നായി ഒരുവിധം 150 സീറ്റിനുള്ള വഴിയാണു ബിജെപിയും സംഘപരിവാറും കണക്കുകൂട്ടുന്നത്. കര്‍ണാടകയില്‍ യെഡിയൂരപ്പ തിരിച്ചുവരുന്നതോടെ നേരത്തെ പ്രതീക്ഷിച്ച നഷ്ടം കുറയ്ക്കാമെന്നും കരുതുന്നു. എത്ര ശ്രമിച്ചാലും കര്‍ണാടക ഒഴികെ ദക്ഷിണേന്ത്യയിലും വടക്കു കിഴക്കന്‍ മേഖലയിലുമൊന്നും ബിജെപിക്കു മോഹിക്കാന്‍ പോലും കാര്യമായ വകുപ്പില്ല. വലിയ സംസ്ഥാനങ്ങളായ യുപി, ബിഹാര്‍, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ബംഗാള്‍ എന്നിവിടങ്ങളില്‍ ബിജെപിയുടെ ശക്തി കുറവാണ്. യുപിയില്‍ നിന്നു 20 സീറ്റെങ്കിലും തരപ്പെടുത്താനാകുമോയെന്നാണു ഇപ്പോള്‍ ശ്രമിക്കുന്നത്. ഏപ്രിലില്‍ വോട്ടെടുപ്പു വരെ കൂട്ടലും കിഴിക്കലും മാറിമറിയും.

മറുവശത്ത് കോണ്‍ഗ്രസാകട്ടെ മൂന്നക്കം കടക്കുമെന്നും 180 സീറ്റെങ്കിലും കിട്ടുമെന്നും കരുതുന്നു. നഷ്ടമാകുന്ന ജനപ്രീതിയുടെ ഫലമായി 2009ലെ എംപിമാരില്‍ 50 പേരെങ്കിലും വീട്ടിലിരിക്കുമെന്നു ഇന്ത്യയിലെ ഏറ്റവും പഴയ പാര്‍ട്ടി രഹസ്യമായെങ്കിലും സമ്മതിച്ചേക്കും. പക്ഷേ, കോണ്‍ഗ്രസിലും ഇപ്പോള്‍ പുതിയൊരുണര്‍വ് കാണാം. ഭക്ഷ്യസുരക്ഷ മുതല്‍ സാധാരണക്കാരെയും പാവങ്ങളെയും ആകര്‍ഷിക്കാനുള്ള തന്ത്രങ്ങളും രാഹുലിന്റെ യുവ നേതൃത്വവുമായി മോശമല്ലാത്ത പ്രകടനം നടത്താമെന്നു രാഹുല്‍ ബ്രിഗേഡ് മോഹിക്കുന്നു.

സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍ നിന്നു 12 ആക്കി ഉയര്‍ത്തുക, പെട്രോള്‍- ഡീസല്‍ വിലവര്‍ധന മരവിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, സാധാരണക്കാരെ ബാധിക്കുന്ന നികുതികള്‍ കുറയ്ക്കുകയോ, കൂട്ടാതിരിക്കുകയോ ചെയ്യുക തുടങ്ങി രാഹുല്‍ ഗാന്ധിയുടെ ജനകീയ പ്രതിച്ഛായ കൂട്ടുന്നതു വരെ പല തരത്തിലുള്ള തന്ത്രങ്ങളാണു കോണ്‍ഗ്രസിന്റെ യുദ്ധമുറിയില്‍ ആലോചിക്കുന്നത്. നരേന്ദ്ര മോഡിയുടെ പ്രചാരണരീതികളുടെ രീതിയില്‍ കോണ്‍ഗ്രസിനെതിരേ ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങളില്‍ സജീവമാകാനും ജയ്‌റാം രമേശും കൂട്ടരും ഒരുക്കം പൂര്‍ത്തിയാക്കി.

മേയ് മാസത്തില്‍ ജനവിധി വരുമ്പോള്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകില്ലെന്നാണു ഇപ്പോഴത്തെ സൂചന. തൂക്കുസഭ വന്നാല്‍ സ്ഥിരത മുതല്‍ സത്ഭരണവും വരെയുള്ള പലതും പറഞ്ഞും അധികാരം കാണിച്ചും ചെറുകക്ഷികളെ കൂടെ നിര്‍ത്തി ഭരണം പിടിക്കാനാണു മോഡിയും രാഹുലും ഇതര നേതാക്കളും കരുതുന്നത്. കേന്ദ്രഭരണത്തില്‍ തിരിച്ചെത്താന്‍ മോഡിയും  സംഘപരിവാറും കോര്‍പറേറ്റ് ശക്തികളും വഴികണ്ടെത്തുമെന്നാണു ബിജെപിയിലെ ഇടത്തരം നേതാക്കള്‍ ആഗ്രഹിക്കുന്നത്.

മതേതരത്വം പറഞ്ഞു ഇടതുപാര്‍ട്ടികളെയും എസ്പി, ആര്‍ജെഡി, ഡിഎംകെ തുടങ്ങിയവരെയും കൂടെ നിര്‍ത്താമെന്നു കോണ്‍ഗ്രസും കണക്കുകൂട്ടുന്നു. മോഡിയെ തടയാന്‍ ചെറുപാര്‍ട്ടികളും ഇടതും ചേര്‍ന്നു കോണ്‍ഗ്രസ് സര്‍ക്കാരോ, അല്ലെങ്കില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മറ്റൊരു സര്‍ക്കാരോ ഉണ്ടാക്കാമെന്നു കോണ്‍ഗ്രസ് നേതാക്കളുടെ മനസിലുണ്ട്. പിന്നിലിരുന്നു വണ്ടി ഓടിക്കാനും കോണ്‍ഗ്രസിനും ബിജെപിക്കും സന്തോഷം കുറവില്ല.  

പക്ഷേ ഇപ്പോള്‍ രാഷ്ട്രീയരംഗം കുറച്ചെങ്കിലും മാറി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റില്‍ മല്‍സരിക്കാന്‍ എഎപി തീരുമാനിച്ചതോടെ മോഡിയുടെയും രാഹുലിന്റെയും സ്വപ്‌നങ്ങളില്‍ കരിനിഴല്‍ വീണുതുടങ്ങി. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തി അധികാരത്തിലേറിയ ആം ആദ്മി പാര്‍ട്ടിയും മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മോഡിയുടെയും രാഹുലിന്റെയും ഉറക്കം കെടുത്തുന്നുണ്ട്. രാഹുലിനേക്കാള്‍ തലവേദന മോഡിക്കാകും എന്നതു മാത്രമാണു കോണ്‍ഗ്രസിന്റെ ആശ്വാസം. ആപ് പാര്‍ട്ടിയുടെ രംഗപ്രവേശം ബിജെപിക്കാര്‍ പ്രതീക്ഷിച്ച ലാഭത്തിലെങ്കിലും വിള്ളലുണ്ടാക്കും.

ഡല്‍ഹിക്കു പിന്നാലെ രാജ്യമൊട്ടാകെ എഎപിയിലേക്കു പുതിയ അംഗങ്ങള്‍ ചേരുന്നത് ചെറുതായെങ്കിലും തരംഗമാകുന്നു. കേരളത്തില്‍ സാറാ ജോസഫും ഒരു ചൂല്‍ മുമ്പേയെറിഞ്ഞു. പത്തു ദിവസം കൊണ്ടു മഹാരാഷ്ട്രയില്‍ മാത്രം അഞ്ചു ലക്ഷം പേരാണു എഎപിയില്‍ ചേര്‍ന്നത്. ചൂലു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളാകാനും ആയിരങ്ങളാണു തയാറെടുക്കുന്നത്. ഡല്‍ഹി, ഹരിയാന, യുപി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ എല്ലാ സീറ്റിലും മറ്റു പ്രധാന സംസ്ഥാനങ്ങളില്‍ പരമാവധി സീറ്റുകളും മല്‍സരിക്കാനാണു ആപ്പിന്റെ തീരുമാനം.

നൂറിലേറെ ലോക്‌സഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും അടക്കമുള്ള വലിയ പാര്‍ട്ടികള്‍ക്ക് ആപ് പാര്‍ട്ടി ആപ്പാകുമെന്നു വിലയിരുത്താം. ആദ്യ തവണ 25 എംപിമാരെയെങ്കിലും പാര്‍ലമെന്റില്‍ എത്തിക്കാനും 100ലേറെ മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തോ, മൂന്നാം സ്ഥാനത്തോ എത്തുകയുമാണു കേജരിവാളിന്റെയും കൂട്ടരുടെയും പുതിയ ലക്ഷ്യം. ജനപ്രീതിയും ഫണ്ടും കൂടുതല്‍ സ്വരൂപിക്കാനായാല്‍ വരുന്ന ആഴ്ചകളില്‍ വിജയലക്ഷ്യവും കൂടും. പതിവു രാഷ്ട്രീയത്തോടും ജനങ്ങളോടും ഭരണസംവിധാനത്തോടും സാധാരണ ജനത്തിനുള്ള വെറുപ്പ് അത്രമേല്‍ ശക്തമാണ്.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക