Image

ദീപ്‌തമായ നേതൃത്വത്തിന്റെ പത്ത്‌ വര്‍ഷങ്ങള്‍

Published on 08 January, 2014
ദീപ്‌തമായ നേതൃത്വത്തിന്റെ പത്ത്‌ വര്‍ഷങ്ങള്‍
പരാമസ്, ന്യു ജേഴ്‌സി: വൈതരണികള്‍ പിന്നിട്ട് ദൈവജനത്തെ കനാന്‍ ദേശത്തേക്കു നയിച്ച മോസസിനെപ്പോലെയാണു യല്‍ദോ മാര്‍ തീത്തോസ് മെത്രാപ്പോലീത്ത. പ്രതിസന്ധികളൂടെ കാലം കഴിഞ്ഞു. ഇപ്പോള്‍ വളര്‍ച്ചയുടെ കുതിപ്പുകള്‍ മാത്രം. എതിര്‍പ്പിന്റെ മുനകള്‍ ഒടിഞ്ഞു പോയി

മെത്രാപ്പോലീത്ത സ്ഥാനമേറ്റതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുംമുമ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി ആറു ശെമ്മാശന്മാര്‍ക്ക്‌ പട്ടംകൊടുത്തു. പിറ്റേന്ന്‌ പുതിയ ഇടവകയ്‌ക്ക്‌ തറക്കല്ലിട്ടു.

ശുഭകാര്യങ്ങളാണ്‌ തിരുമേനിയുടെ അജപാലനത്തില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന്‌ വ്യക്തം.

പരാമസിലെ സെന്റ്‌ മേരീസ്‌ സിറിയന്‍ ചര്‍ച്ചില്‍ നടന്ന സ്ഥാനാരോഹണ വാര്‍ഷികത്തില്‍ അകത്തു നിന്നും പുറത്തുനിന്നും നാനാവശത്തുനിന്നും ഉയര്‍ന്ന വെല്ലുവിളികളും, അവയെ വിശ്വാസത്തിലധിഷ്‌ഠിതമായി തിരുമേനി തരണം ചെയ്‌തതും പരാമര്‍ശവിധേയമായി. ആ കലാഘട്ടത്തില്‍ നിന്ന്‌ വളര്‍ച്ചയുടെ പടവുകളിലേക്കാണ്‌ ആകമാന സുറിയാനി സഭയുടെ അമേരിക്കന്‍ ഭദ്രാസനം മുന്നേറുന്നത്‌.

പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവയുടെ അപ്പസ്‌തോലിക സന്ദേശത്തോടെയാണ്‌ സമ്മേളനം തുടങ്ങിയത്‌. തീത്തോസ്‌ തിരുമേനിയുടെ വിശ്വാസതീക്ഷണതയും, അന്ത്യോഖ്യാ സിംഹാസനത്തോടുള്ള കൂറും അനുസ്‌മരിച്ച പ. ബാവാ അദ്ദേഹത്തിന്റെ സേവനങ്ങള്‍ സഭയെ കൂടുതല്‍ സുദൃഢമാക്കുമെന്ന്‌ പറഞ്ഞു. യുദ്ധക്കെടുതി അഭിമുഖീകരിക്കുന്ന സിറിയയില്‍ ക്രൈസ്‌തവര്‍ നേരിടുന്ന പ്രതിസന്ധിയും സന്ദേശം ചൂണ്ടിക്കാട്ടി. സിറിയയ്‌ക്ക്‌ കൂടുതല്‍ പ്രാര്‍ത്ഥന ആവശ്യമായ കാലമാണിതെന്ന്‌ സന്ദേശം പറഞ്ഞു.

അധ്യക്ഷതവഹിച്ച ക്‌നാനായ യാക്കോബായ മെത്രാപ്പോലീത്ത ആയൂബ്‌ മോര്‍ സില്‍വാനോസ്‌, മലങ്കരയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സഭാ മക്കളെ ഒന്നിപ്പിച്ച്‌ ഒരേ പാതയില്‍ നയിക്കുന്ന ശ്രേഷ്‌ഠ ഇടയനാണ്‌ മാര്‍ തീത്തോസ്‌ എന്ന്‌ അനുസ്‌മരിച്ചു. ദൈവത്തിന്റെ കരുതല്‍ അദ്ദേഹത്തിന്റെ മേലും അതിഭദ്രാസനത്തിന്റെ മേലും ഉണ്ടെന്ന്‌ പ്രവര്‍ത്തനങ്ങളും വളര്‍ച്ചയും വ്യക്തമാക്കുന്നു. ക്‌നാനായ സമുദായം മെത്രാപ്പോലീത്തയുടെ സ്‌നേഹവും സൗഹൃദവും അനുഭവിച്ചറിഞ്ഞവരാണ്‌. അവരുടെയെല്ലാം ആശംസകള്‍ താന്‍ അറിയിക്കുകയാണ്‌.

ആമുഖ പ്രസംഗം നടത്തിയ ഭദ്രാസന സെക്രട്ടറി വെരി റവ. മാത്യൂസ്‌ ഇടത്തറ കോര്‍ എപ്പിസ്‌കോപ്പ ചെറുപ്രായത്തിലേ ലോകരംഗത്ത്‌ ശ്രദ്ധേയയായ മലാല യൂസഫ്‌ സായിയുടെ ജീവിതവുമായാണ്‌ തിരുമേനിയുടെ തീവിതത്തേയും താരതമ്യം ചെയ്‌തത്‌. പന്ത്രണ്ടാം വയസില്‍ കോറുയോ പട്ടം സ്വീകരിച്ച്‌ ദൈവവേലയ്‌ക്കിറങ്ങിയ എബി കുര്യന്‍ എന്ന ബാലന്‍ അചഞ്ചലമായ വിശ്വാസത്തിന്റെ പാതയില്‍ മുന്നോട്ടു പോകുന്നതാണ്‌ നാം പിന്നീട്‌ കണ്ടത്‌. പ്രതിസന്ധികളെ നേരിടാന്‍ ദൈവം അദ്ദേഹത്തെ പ്രാപ്‌തനാക്കി. തിരുമേനിയുടെ പ്രവര്‍ത്തനങ്ങളില്‍ സഭാമക്കള്‍ ഒറ്റക്കെട്ടായുണ്ടെന്നും ഒന്നിലും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭാ ആര്‍ച്ച്‌ ബിഷപ്പ്‌ ഖജാജ്‌ ബര്‍സാമിയന്‍, ഭിന്നസഭകളെങ്കിലും ഓര്‍ത്തഡോക്‌സ്‌ വിശ്വാസത്തില്‍ ഒരേ കുടുംബമാണെന്ന്‌ ചൂണ്ടിക്കാട്ടി. ഇരു സഭകളും തമ്മില്‍ സാഹോദര്യ ബന്ധവും കമ്യൂണിയനും ഉണ്ട്‌. പ്രത്യാശ കൈവെടിയാതെ വിശ്വാസത്തില്‍ അചഞ്ചലരായിരിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്‌തു.

ദൈവത്തിന്റെ സമ്മാനമാണ്‌ മാര്‍ തീത്തോസ്‌ തിരുമേനിയും അദ്ദേഹത്തിന്റെ സേവനങ്ങളുമെന്ന്‌ സീറോ മലങ്കര ബിഷപ്പ്‌ തോമസ്‌ മാര്‍ യൗസേബിയോസ്‌ പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃപാടവവും പുരോഹിതനെന്ന നിലയിലുള്ള ശ്രേഷ്‌ഠതയും വ്യക്തിയെന്ന നിലയിലുള്ള മഹത്വവുമെല്ലാം തനിക്ക്‌ നേരിട്ട്‌ ബോധ്യപ്പെട്ടിട്ടുള്ളതാണ്‌. അദ്ദേഹത്തിന്റെ ദൂരക്കാഴ്‌ചയാണ്‌ ഭദ്രാസനത്തിന്റെ വളര്‍ച്ചയില്‍ പ്രതിഫലിക്കുന്നത്‌.-മാര്‍ യൗസേബിയോസ്‌ പറഞ്ഞു.

ദൈവത്തിന്റെ പ്രിയപ്പെട്ടവര്‍ മാത്രമാണ്‌ ജനഹൃദയങ്ങളില്‍ ജീവിക്കുന്നതെന്ന്‌ തോമസ്‌ മാര്‍ അലക്‌സാണ്ട്രിയോസ്‌ മെത്രാപ്പോലീത്ത പറഞ്ഞു. അതില്‍പെടുന്നയാളാണ്‌ മാര്‍ തീത്തോസ്‌. അദ്ദേഹം കൈവരിച്ച നേട്ടങ്ങള്‍ അസൂയാവഹങ്ങളാണ്‌. പല ഭാഗത്തുനിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും അവയെല്ലാം അതിജീവിച്ചതും അദ്ദേഹത്തിന്റെ വിശ്വാസജീവിതത്തിന്റെ ശക്തികൊണ്ടാണ്‌.

സി.എന്‍.ഐ ബിഷപ്പ്‌ ജോര്‍ജ്‌ നൈനാന്‍, എപ്പിസ്‌കോപ്പല്‍ ബിഷപ്പ്‌ ജോണ്‍സി ഇട്ടി തുടങ്ങിയവരും ആശംസകള്‍ നേര്‍ന്നു.

അതിഭദ്രാസനത്തിന്റെ ഉപഹാരം ട്രഷറര്‍ സാജു പൗലോസ്‌ തിരുമേനിക്ക്‌ നല്‍കി. വെരി റവ. തോമസ്‌ ചട്ടത്തില്‍ കോര്‍എപ്പിസ്‌കോപ്പ, മിലന്‍ റോയ്‌, ഡീക്കന്‍ വിവേക്‌ അലക്‌സ്‌, ബല്‍സന്‍ കുര്യാക്കോസ്‌, ഷെവലിയാര്‍ ഏബ്രഹാം മാത്യു, ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്‌ തുടങ്ങിയവര്‍ ആശംകള്‍ നേര്‍ന്നു. റവ.ഡോ. പോള്‍ പറമ്പത്ത്‌ നന്ദി പറഞ്ഞു.

1970 ജൂലൈ 22-ന്‌ പെരുമ്പാവൂര്‍ പാത്തിക്കല്‍ കുടുംബത്തില്‍ പരേതരായ കുര്യാക്കോസ്‌- ശോശാമ്മ ദമ്പതികളുടെ മകനായി ജനിച്ച അഭിവന്ദ്യ തിരുമേനി അങ്കമാലി ഭദ്രാസനത്തില്‍പ്പെട്ട ബഥേല്‍ സുലോക്കോ കത്തീഡ്രല്‍ ഇടവകാംഗമാണ്‌. പെരുമ്പാവൂര്‍ ആശ്രം ഹൈസ്‌കൂളില്‍ നിന്ന്‌ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചെറുപ്പകാലം മുതല്‍ ദേവാലയ ശുശ്രൂഷകളില്‍ തത്‌പരനായിരുന്ന എബി, ദൈവവിളി ഉള്‍ക്കൊണ്ട്‌ പന്ത്രണ്ടാമത്തെ വയസില്‍ 1982 ഒക്‌ടോബര്‍ 28-ന്‌ ഡോ. കടവില്‍ പൗലോസ്‌ മാര്‍ അത്തനാസ്യോസ്‌ തിരുമേനിയില്‍ നിന്ന്‌ കോറൂയോ സ്ഥാനം സ്വീകരിച്ച്‌, പൗരോഹിത്യത്തിന്റെ ആദ്യപടിയിലേക്ക്‌ പ്രവേശിച്ചു. 1998 സെപ്‌റ്റംബര്‍ 26-ന്‌ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവയില്‍ നിന്നും റമ്പാന്‍ സ്ഥാനം സ്വീകരിക്കുകയും, 1999 സെപ്‌റ്റംബര്‍ അഞ്ചിന്‌ പരി. പിതാവില്‍ നിന്നുതന്നെ പൗരോഹിത്യസ്ഥാനം സ്വീകരിക്കുകയും ചെയ്‌തു. 1997- 98 കാലഘട്ടത്തില്‍ പാത്രിയാര്‍ക്കല്‍ സെക്രട്ടറിയായി.

കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന അഭി. ഗീവര്‍ഗീസ്‌ മാര്‍ ഗ്രിഗോറിയോസ്‌ തിരുമേനി (പെരുമ്പിള്ളി തിരുമേനി) കാലംചെയ്‌ത അവസരത്തില്‍, പെരുമ്പിള്ളി സിംഹാസന പള്ളിയുടേയും, മറ്റ്‌ സ്ഥാപനങ്ങളുടേയും അഡ്‌മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിച്ചു. 1995 മുതല്‍ 2001 വരെ സ്റ്റേറ്റ്‌ ചെയര്‍മാന്‍ ഓഫ്‌ ദി യൂണിവേഴ്‌സിറ്റി റ്റിവൈ.എം.സി.എ കേരളാ, സ്റ്റേറ്റ്‌ വൈസ്‌ ചെയര്‍മാന്‍ വൈ.എം.സി.എ, നാഷണല്‍ ബോര്‍ഡ്‌ മെമ്പര്‍, നാഷണല്‍ യൂത്ത്‌ വര്‍ക്ക്‌ കമ്മിറ്റി മെമ്പര്‍, കേരള മദ്യനിരോധന സമിതിയുടെ സ്റ്റേറ്റ്‌ കൗണ്‍സില്‍ മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചത്‌ തിരുമേനിയുടെ സമൂഹ്യ പ്രതിബദ്ധതയുടെ പ്രതിഫലനമാണ്‌. കോളജ്‌ വിദ്യാഭ്യാസ കാലഘട്ടത്തില്‍ `സ്റ്റുഡന്റ്‌ ക്രിസ്‌ത്യന്‍ മൂവ്‌മെന്റ്‌' പ്രസിഡന്റായി.

ഗണിതശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള തിരുമേനി, മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.എഡ്‌ ഡിഗ്രി കരസ്ഥമാക്കി. മലേക്കുരിശ്‌ ദയറായിലെ പരിശീലനത്തിനുശേഷം, വെട്ടിക്കല്‍ ഉദയഗിരി തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന്‌ ദൈവശാസ്‌ത്രത്തില്‍ ബിരുദം നേടിയശേഷം., ന്യൂയോര്‍ക്ക്‌ സെന്റ്‌ വ്‌ളാഡിമിര്‍ ഓര്‍ത്തഡോക്‌സ്‌ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ബിരുദാനന്തരബിരുദം നേടി.

കുര്‍ക്കുമ ദയറ (ടര്‍ക്കി), സെന്റ്‌ മാര്‍ക്‌സ്‌ മൊണാസ്‌ട്രി (യെറുശലേം), സെന്റ്‌ എഫ്രേം മൊണാസ്‌ട്രി (ഹോളണ്ട്‌), സെന്റ്‌ ജേക്കബ്‌സ്‌ മൊണാസ്‌ട്രി (ജര്‍മ്മനി), സെന്റ്‌ യൂജിന്‍സ്‌ മൊണാസ്‌ട്രി (സ്വിറ്റ്‌സര്‍ലന്‍ഡ്‌) എന്നിവടങ്ങളിലെ ഹ്രസ്വകാല പഠനവും പാത്രിയാര്‍ക്കല്‍ അരമനയില്‍ നിന്നും ലഭിച്ച പരിശീലനവും, സഭയുടെ വിശ്വാസാചാരാനുഷ്‌ഠാനങ്ങളില്‍ നിന്നും അണുവിട വ്യതിചലിക്കാതെ തന്നെ, സത്യവിശ്വാസത്തിന്റെ പാതയിലൂടെ ഇടയപരിപാലനം നടത്താന്‍ ഏറെ സഹായകരമായി.

ഗണിതശാസ്‌ത്ര സമവാക്യങ്ങള്‍, പ്രശ്‌നോത്തരികള്‍ തുടങ്ങിയവ അനായാസം കൈകാര്യം ചെയ്യാന്‍ കിഴിയുന്ന വെറുമൊരു അദ്ധ്യാപകന്‍ മാത്രമായിരുന്നില്ല, മറിച്ച്‌ അദ്ധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ട്‌ അവരുടെ സാമൂഹിക-മാനസീക-വ്യക്തിത്വ വളര്‍ച്ച മുന്നില്‍ക്കണ്ട്‌, ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും യഥാസമയം നല്‍കിവന്ന ഒരു മാതൃകാ അധ്യാപകന്‍ കൂടിയാണെന്ന്‌ മൂന്നു വര്‍ഷക്കാലത്തെ അദ്ധ്യാപനവൃത്തിയിലൂടെ തെളിയിക്കുവാന്‍ തിരുമേനിക്ക്‌ സാധിച്ചു.

അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന യുവജനങ്ങള്‍ക്കും, യുവ ശെമ്മാശന്മാര്‍ക്കും ശരിയായ ക്രിസ്‌ത്യന്‍ ദര്‍ശനവും മിഷന്‍ പ്രവര്‍ത്തനങ്ങളും, നേരില്‍കണ്ട്‌ അനുഭവവേദ്യമാക്കുവാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇന്ത്യന്‍ മിഷന്‍ ട്രിപ്പ്‌ തിരുമേനിയുടെ ദീര്‍ഘവീക്ഷണത്തിന്റേയും ക്രിസ്‌തീയ അനുകമ്പയുടേയും ശരിയായ പ്രതിഫലനമാണ്‌.

തത്വശാസ്‌ത്രങ്ങള്‍ക്കപ്പുറം, മനുഷ്യന്റെ വേദനകളില്‍ പങ്കുചേരുവാനും അഗതികളുടേയും അനാഥരുടേയും കണ്ണീരൊപ്പാനും ലക്ഷ്യമിട്ടായിരിക്കണം സഭാ പ്രവര്‍ത്തനമെന്ന്‌ വരുംതലമുറയെ മനസിലാക്കിക്കൊടുക്കാന്‍ തിരുമേനിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന മിഷന്‍ ട്രിപ്പുകള്‍ കാരണമായി.

സഭയുടെ വളര്‍ച്ചയ്‌ക്കും, പുരോഗതിക്കുമനുസൃതമായി ഭദ്രാസന ആസ്ഥാന മന്ദിരം, പാത്രിയര്‍ക്കാ സെന്റര്‍, വൈദീക സെമിനാരി, കോണ്‍ഫറന്‍സ്‌ ഹാള്‍, ഭക്തസംഘടനാ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌, ലൈബ്രറി തുടങ്ങിയ വിവിധ സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വികസന പദ്ധതികള്‍ക്ക്‌ തുടക്കംകുറിക്കാന്‍ സാധിച്ചത്‌ തിരുമേനിയുടെ ഭരണ നേട്ടങ്ങളില്‍ ചിലതുമാത്രമാണ്‌.
ദീപ്‌തമായ നേതൃത്വത്തിന്റെ പത്ത്‌ വര്‍ഷങ്ങള്‍ദീപ്‌തമായ നേതൃത്വത്തിന്റെ പത്ത്‌ വര്‍ഷങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക