Image

സെപ്‌തംബര്‍ 14 (റിട്ടേണ്‍ ഫ്‌ളൈറ്റ്‌ കഥ: റീനി മമ്പലം)

Published on 12 January, 2014
സെപ്‌തംബര്‍ 14 (റിട്ടേണ്‍ ഫ്‌ളൈറ്റ്‌ കഥ: റീനി മമ്പലം)
തണുത്ത വായു മുറിയിലാകെ തളംകെട്ടിയപ്പോള്‍ ഡോക്ടര്‍ ജാനകി മേനോന്‍ ഉണര്‍ന്നു. സര്‍നെയിമിന്‌ പ്രസക്തി കൊടുക്കുന്ന അമേരിക്കന്‍ സമൂഹത്തില്‍, സഹപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കുമിടയില്‍ ഡോക്ടര്‍ മേനോന്‍ എന്നറിയപ്പെടുന്ന അവള്‍ `ജാന്‍' എന്നു വിളിക്കപ്പെടുവാന്‍ ഇഷ്‌റ്റപ്പെടുന്നു. വിവാഹം കഴിഞ്ഞിട്ട്‌ അവള്‍ `ജയമോഹന്‍' എന്ന വള്ളിയില്‍ കിടന്നാടിയില്ല. ആരാനും തിരഞ്ഞുതന്ന പേരിനുള്ളില്‍ ആമക്ക്‌ തോടെന്നപോലെ ജീവിതകാലം മുഴുവന്‍ കഴിയണോ?

സെപ്‌തംബര്‍ മാസത്തിലെ ദിവസങ്ങള്‍ക്ക്‌ ഭാവങ്ങള്‍ പലതാണ്‌. ചിലപ്പോള്‍ ശുണ്‌ഠി പിടിച്ച ചെറുപ്പക്കാരിയെപ്പോലെ ചൂടായി ചൊടിച്ചു നില്‌ക്കും. മോഹമുണര്‍ത്തും. ചിലപ്പോള്‍ രക്തയോട്ടം കുറഞ്ഞ്‌ വിറങ്ങലിച്ചിരിക്കുന്ന മുത്തശ്ശിയെപ്പോലെ തണുത്തിരിക്കും. ചൂടുപകരാന്‍ അടുത്തൊരാള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന്‌ ഏതൊരു സ്‌ത്രിയും ആശിക്കുവാന്‍ പാകത്തിന്‌ മുറിക്കുള്ളില്‍ തണുപ്പ്‌ നിറഞ്ഞുനിന്നു. കട്ടിലിന്റെ ഒഴിഞ്ഞു കിടക്കുന്ന മറുപാതിയിലേക്ക്‌ ചെരിഞ്ഞ്‌ കിടന്ന്‌ അവള്‍ ഇലക്ട്രിക്ക്‌ ബ്ലാങ്കറ്റ്‌ ഓണാക്കി.

തിങ്കള്‍... ചൊവ്വ... ബുധന്‍...ഇന്നേതുദിവസമാണ്‌...

ചൊവ്വാഴ്‌ച, ദിവസം ഓര്‍ത്തെടുത്തു. അവളുടെ അവധിദിവസം. ഇന്ന്‌ എപ്പോഴെങ്കിലും കിടക്ക വിട്ടാല്‍ മതി. കാലത്ത്‌ ഷവറില്‍ ധൃതിയില്‍ ഷേവ്‌ ചെയ്യുമ്പോളുണ്ടാവുന്ന റേസര്‍ മുറിവുകള്‍ ഇന്ന്‌ കാലുകളില്‍ കാണില്ല. അവളെ സംബന്ധിച്ചേടത്തോളം ജോലിസ്ഥലം തിരക്കുപിടിച്ച ലോകമാണ്‌. സമയവും സൗകര്യവും നോക്കാതെ സംഭവിക്കുന്ന അപകടങ്ങളും, നിന്നനില്‌പ്പില്‍ അസുഖം ബാധിക്കുന്നവരും എമേര്‍ജെന്‍സിറൂമില്‍ അവളെ തിരക്കില്‍ നിന്ന്‌ തിരക്കിലേക്ക്‌ എത്തിക്കുന്നു.

മുന്നില്‍ പുതിയൊരു ദിവസം വിരിഞ്ഞ്‌ വെളിച്ചം പരത്തുന്നു.

കണ്ണാടി ജാലകങ്ങള്‍ക്കരുകില്‍ ഗൃഹാതുരത്വം ഉണര്‍ത്തി നില്‌ക്കുന്ന കരിവേപ്പിനും ചെമ്പരത്തിക്കും കിടക്കമുറിയില്‍ പ്രത്യേകമൊരിടം കിട്ടിയതിന്റെ ഗര്‍വ്വുണ്ട്‌. ചുവരുകളില്‍ വാന്‍ഗോഗിന്റെയും മൊണെയുടെയും പ്രിന്റുകള്‍. ചില്ലുവാതിലിലൂടെ കാണുന്ന ആകാശത്തിന്റെ കോണില്‍ വെള്ളവാല്‍ സൃഷ്ടിച്ച്‌ പറന്നകലുന്ന ഒരു വെള്ളിവിമാനം. അവള്‍ക്ക്‌ ഇഷ്ടമില്ലാത്തതായി കിടക്കമുറിയിലൊന്നുമില്ല, കുറെ ഓര്‍മ്മകളൊഴിച്ച്‌.

താളം തെറ്റുന്ന ദിവസങ്ങളുടെ ഏകാന്തനിമിഷങ്ങളില്‍ വേണ്ടാത്ത ചിന്തകള്‍ കടല്‌ക്കാക്കകളെപ്പോലെ കാറിക്കരഞ്ഞുവന്ന്‌ മനസ്സിന്റെ നിലയില്ലാക്കയത്തില്‍ മുങ്ങി മരിക്കും. മകനെ വിളിക്കുമ്പോഴൊക്കെ `ഹൈ ദിസ്‌ ഇസ്‌ സഞ്‌ജയ്‌, പ്ലീസ്‌ ലീവ്‌ എ മെസ്സേജ്‌' എന്നാണ്‌ കേള്‍ക്കുക. പിന്നെ അടുത്ത കുറെ മണിക്കൂറുകള്‍ ഫോണടിക്കുമ്പോള്‍ പ്രതീക്ഷയുടെ ഒരു മായാലോകം മുന്നില്‍ ഉയര്‍ന്നുവന്ന്‌ കോളര്‍ഐഡി കാണിക്കുമ്പോഴേക്കും തകര്‍ന്നുവീഴുന്നു.

`ജാന്‍, നീയെന്നോടൊപ്പം താമസിക്കൂ, എന്റെ ഭാര്യയായി. നമുക്ക്‌ എന്നും ഒരുമിച്ചുറങ്ങി പുതിയൊരു ദിവസത്തിലേക്ക്‌ ഒരുമിച്ച്‌ ഉണരാം.' വര്‍ണ്ണങ്ങള്‍ കാവടിയാടുന്ന സ്റ്റുഡിയോയോട്‌ അനുബന്ധിച്ച കിടപ്പുമുറിയില്‍ ഒരിക്കല്‍ ബാലചന്ദ്രനോടൊപ്പം ഉറക്കമുണരുകയായിരുന്നു അവള്‍.

`ബാലാ, നിന്റെ സുന്ദരികളായ മോഡലുകളെയും നിന്നെയും എനിക്ക്‌ വിശ്വാസമില്ല' അവള്‍ കളിയാക്കി.

സ്‌ത്രീ, വര്‍ണ്ണങ്ങള്‍ വിതാനിച്ച ക്യാന്‍വാസാണ്‌, നിറക്കൂട്ടുകള്‍ നിറഞ്ഞ സൗന്ദര്യമാണ്‌. ചിത്രകാരന്‍ നിറക്കൂട്ടുകളുടെ കമിതാവാണ്‌.

നൂറുകണക്കിന്‌ ആളുകളുടെ ജീവന്‍ രക്ഷിക്കുന്ന എമേര്‍ജെന്‍സിറൂം ഡോക്ടര്‍ എന്തിനെയാണ്‌ ഭയന്നത്‌? ആരെയാണ്‌ ഭയക്കുന്നത്‌?

`സഞ്‌ജയ്‌ അവനിപ്പോള്‍ അമ്മയെ വെറുക്കുന്നു. വിവാഹമോചനത്തിന്‌ കാരണക്കാരി അമ്മയാണന്ന്‌ വിശ്വസിക്കുന്നു. അവന്‍ ദാമ്പത്യം നുകരുമ്പോള്‍ സ്‌ത്രീപുരുഷബന്ധം എന്തെന്നറിയും. അപ്പോള്‍ എന്നോട്‌ ക്ഷമിക്കും. അതുവരെ നമുക്ക്‌ വിവാഹത്തിന്റെ വിള്ളലിലേക്ക്‌ ഒലിച്ചിറങ്ങാത്തൊരു ബന്ധം മതി, അല്ലേ? ഹൃദയരേഖകള്‍ നിയമത്തിന്റെ കടലാസിലേക്ക്‌ പകര്‍ത്തുന്നതുകൊണ്ട്‌ എനിക്ക്‌ കൂടുതലായി എന്തു നേടുവാനാണ്‌? നിന്റെ സ്വത്തോ?'

`ഡോക്ടര്‍ മേനോന്‍, നിങ്ങള്‍ ലക്കിയാണ്‌. ബാധ്യതകള്‍ ഇല്ലാത്ത ജീവിതം, സ്വതന്ത്രമായ ദിവസങ്ങള്‍.' രണ്ടാമതൊന്ന്‌ ചിന്തിക്കാതെ മെഡിക്കല്‍ കോണ്‍ഫ്രന്‍സിന്‌ പോവുമ്പോള്‍ സഹപ്രവര്‍ത്തകര്‍ പറയുന്നു. ഭംഗിയുള്ള പുറംചട്ടയുള്ള പുസ്‌തകമാണ്‌ താന്‍. അകത്ത്‌ ചിതലെടുത്തിരിക്കുന്നത്‌ ആരും കാണുന്നില്ല. തന്റെ ദാമ്പത്യമെന്ന തടവറയെക്കുറിച്ച്‌ വളരെ അടുത്തവരോട്‌ മാത്രം പറഞ്ഞു. മുന്‍വിധി എഴുതുവാന്‍ ആളുകളുടെ മുന്നിലേക്ക്‌ ആവശ്യമില്ലാതെ എന്തിന്‌ കടലാസ്‌ എറിഞ്ഞുകൊടുക്കണം.

ഭാവി ഭദ്രമാക്കാന്‍ ജയമോഹന്‍ കണക്കുകൂട്ടി കണ്ടുപിടിച്ചൊരു പെണ്‍കുട്ടിയായിരുന്നു ഡോക്ടര്‍ ജാനകി മേനോന്‍. ഒരു `ട്രോഫി റ്റേക്കര്‍' വൈഫ്‌. ജോലിതുടങ്ങിയപ്പോള്‍ മുതല്‍ അയാള്‍ അവള്‍ക്കുചുറ്റും സംശയത്തിന്റെ വല നെയ്‌തു. അവള്‍ എവിടെയെങ്കിലും പോയാല്‍ സംശയം, തിരികെയെത്തുവാന്‍ വൈകിയാല്‍ സംശയം, ഹോസ്‌പിറ്റലില്‍ നിന്ന്‌ ആരെങ്കിലും വിളിച്ചാല്‍ സംശയം. പരുന്ത്‌ പോലെ അവളുടെ ചുറ്റും പറന്നു നടന്ന ഒരു കണ്ട്രോള്‍ ഫ്രീക്ക്‌. സംശയത്തിന്റെ പുകച്ചുരുളുകളില്‍ പരസ്‌പരം കണ്ടെത്താനാവാതെ ദിവസങ്ങള്‍ നീങ്ങി. ബന്ധങ്ങള്‍ അകന്ന്‌ വലിഞ്ഞ്‌ പൊട്ടി.

മകനെയോര്‍ത്ത്‌ അവള്‍ പിടിച്ചുനിന്നു. അമേരിക്കന്‍ നിയമമനുസരിച്ച്‌ പതിനെട്ടുവയസ്സില്‍ പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ കുട്ടികള്‍ക്ക്‌ തീരുമാനങ്ങള്‍ എടുക്കുവാനുള്ള വ്യക്തിസ്വാതന്ത്ര്യമുണ്ട്‌. അവരുടെ സ്വകാര്യതയെ മാതാപിതാക്കള്‍ മാനിച്ചെ പറ്റൂ. ഇഷ്ടാനിഷ്ടങ്ങളൊന്നും അടിച്ചേല്‌പ്പിക്കുവാന്‍ സാധിക്കില്ല. അവന്‍ കോളേജില്‍ പോവട്ടെ, വീടുവിടട്ടെ, അതുവരെ.......

തുറന്നിടാനാവില്ലെങ്കില്‍ ജാലകങ്ങള്‍ക്കൊണ്ട്‌ എന്തു പ്രയോജനം?

ജാലകങ്ങള്‍ തുറന്നിട്ടത്‌ സഞ്‌ജയ്‌ കോളെജില്‍ പോയ ഒന്നാംവര്‍ഷമാണ്‌. വേനലവധിക്ക്‌ വീട്ടില്‍ വരുമ്പോഴേക്കും വാര്‍ത്ത പഴങ്കഞ്ഞിപോലെ പഴകണം.

പൊട്ടിത്തെറിക്കയായിരുന്നു അവന്‍, വീട്ടിലെ സംഘര്‍ഷത്തിന്റെ ചൂട്‌ മറന്നുവെന്ന്‌ തോന്നിപ്പിക്കുന്ന വിധത്തില്‍.

`അച്ഛന്‍?'

`അപ്പാര്‍ട്ടുമെന്റെടുത്ത്‌ മാറിത്താമസിച്ചു.'

അതാണ്‌ സെല്‌ഫോണിന്റെ ഗുണം, എവിടെനിന്നാണ്‌ വിളിക്കുന്നതെന്ന്‌ ഒരു തുമ്പും കൊടുക്കില്ലല്ലോ!

`അമ്മ ഇപ്പോള്‍ വളരെ എസ്റ്റാബ്ലിഷ്‌ഡായി, അല്ലേ? അച്ഛനെയും എന്നെയുമൊന്നും ആവശ്യമില്ലല്ലോ! ഐ കാണ്ട്‌ ബിലീവ്‌ യൂ ഡിഡ്‌ ദിസ്‌ റ്റു അസ്‌'

ദൂരെ മഞ്ഞുമലകള്‍....ഉറഞ്ഞുപോയില്ല....തളര്‍ന്നുപോയില്ല.......എന്തിനെന്ന്‌ ഒരിക്കല്‍ അവന്‌ മനസ്സിലാവും.

ഇവിടെ മുള്ളും ഇലയും എല്ലാം താനാകുന്നു. അവന്റെ നോട്ടത്തില്‍ മുള്ളൊടിച്ചിട്ടതും താന്‍ തന്നെ. കാറ്റത്തും മഴയത്തും കാത്തുരക്ഷിച്ച കൂട്‌ കാറ്റിലുലഞ്ഞപ്പോള്‍ അവന്‍ പരിഭ്രമിക്കുന്നു. ആണ്‍കുട്ടികളുടെ മാതൃകാപുരുഷനാണ്‌ അച്ഛന്‍. കുറ്റങ്ങളും കുറവുകളും കാണുവാന്‍ അവര്‍ക്കാവില്ല. അവന്റെ മാത്രം സന്തോഷത്തിനായി എത്ര നാള്‍?

വേനലവധിക്ക്‌ അവന്‍ മിക്കവാറും സമയം ചെലവഴിച്ചത്‌ ജയമോഹനോടൊപ്പം. വീടെന്ന സര്‍ക്കസ്‌കൂടാരത്തില്‍ ഞാണിന്മേല്‌കളി മതിയാക്കി അമ്മ പുറത്തുചാടിയതിന്റെ അമര്‍ഷമായിരുന്നോ? അവധികഴിഞ്ഞ്‌ തിരികെപ്പോയ അവന്റെ ശബ്ദം കേട്ടത്‌ മാസങ്ങള്‍ കഴിഞ്ഞാണ്‌.

`നിന്നോട്‌ ഇക്കാര്യം പറഞ്ഞതാരാണ്‌?'

`ദേവി ആന്റിയുടെ മകന്‍ ഗോപു.'

മലയാളികളേക്കാള്‍ മലയാളിയായി ജീവിക്കുന്ന, സമുദായത്തിന്റെ നിയമപാലകരായ ആന്റിമാര്‍ അവരുടെ കുടിയേറ്റക്കുട്ടികളോട്‌ പറഞ്ഞു കാണും `ഡോക്ടര്‍ ജാനകി, ഭര്‍ത്താവ്‌ കിടക്ക വിടും മുമ്പ്‌ മറ്റൊരു പുരുഷനെ അന്വേഷിച്ച്‌ പോയവള്‍. സമൂഹത്തിന്‌ നാണക്കേട്‌ വരുത്തുന്നു. എന്റെ കുട്ടി, നീ അവരുമായി ഇടപെഴകാനൊന്നും പോവണ്ട'.

`ഇതുസത്യമാണോ? യു ആര്‍ ആന്‍ എംബാരസ്‌മെന്റ്‌'

അവന്റെ ശബ്ദത്തില്‍ അമര്‍ഷവും പാരുഷ്യവും.

സത്യമാണ്‌ സഞ്‌ജയ്‌. ഞാന്‍ നിന്റെ അമ്മയാണ്‌, എങ്കിലും ഞാനൊരു സ്‌ത്രീയല്ലേ? എനിക്കു മാത്രം നിഷിദ്ധമല്ലല്ലോ ജീവിതം

ഇവിടെ ആരും ആരെയും വഞ്ചിച്ചില്ലല്ലോ! പ്രായപൂര്‍ത്തിയായ സ്വതന്ത്രരായ ഒരു സ്‌ത്രീയും പുരുഷനും തമ്മില്‍ സ്‌നേഹിക്കുന്നതില്‍ എന്താണ്‌ തെറ്റ്‌?

കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഹോസ്‌പിറ്റലില്‍ ആര്‍ട്ട്‌ എക്‌സിബിഷന്‍ നടന്നപ്പോഴാണ്‌ ബാലചന്ദ്രനെ ആദ്യമായി കണ്ടുമുട്ടിയത്‌. മലയലി എന്ന നിലയില്‍ അന്ന്‌ പരിചയപ്പെട്ടു. അയാളും അയാളുടെ ചിത്രങ്ങളും `ലുക്‌സ്‌ ഗുഡ്‌' എന്ന്‌ മനസ്സില്‍ കണക്കെടുത്തു. രണ്ടുദിവസം കഴിഞ്ഞ്‌ അയാള്‍ അവളെ വിളിക്കുംവരെ ഒരു സാധാരണ പരിചയപ്പെടലായി മാത്രം അവളതിനെ കണക്കാക്കി. ഹോസ്‌പിറ്റല്‍ കമ്മീഷന്‍ ചെയ്‌ത ചിത്രങ്ങളുമായി അയാള്‍ പലതവണ വന്നു. സമാനതലത്തില്‍ ചിന്തിക്കുന്ന അവര്‍ക്ക്‌ കാഫറ്റീരിയയിലെ തണുത്ത കാപ്പിക്കപ്പുകള്‍ മുഷിച്ചിലില്ലാതെ കൂട്ടിരുന്നു.

വിവാഹത്തൊഴുത്തില്‍ കെട്ടിയിടപ്പെട്ട എത്രയൊ സ്‌ത്രീപുരുഷ ജന്മങ്ങളുണ്ട്‌......

തൊഴുത്തിലെ ദുര്‍ഗന്ധവും മാലിന്യങ്ങളും സഹിച്ച്‌.....

തൊഴുത്തുവിടുവാന്‍ ആരും മുതിരാറില്ല. ദുര്‍ഗന്ധവും മാലിന്യവും സമൂഹത്തിലേക്ക്‌ പടര്‍ന്ന്‌ നാറും.

അയാള്‍ എല്ലാം മണത്തറിഞ്ഞിരുന്നു.

`ഞാന്‍ വിവാഹിതയാണ്‌. എനിക്കൊരു മകനുണ്ട്‌. നമുക്ക്‌ സുഹൃത്തുക്കളായി കഴിയാം.' തിരിച്ചറിവിന്റെ നിമിഷത്തില്‍ അവള്‍ പറഞ്ഞു.

`ഞാന്‍ കാത്തിരിക്കാം, നീ സ്വതന്ത്രയാവുംവരെ. ഈ മൈല്‍ക്കുറ്റിക്കു വളരെ മുമ്പുതന്നെ നാം കണ്ടുമുട്ടേണ്ടവരായിരുന്നു.'

അയാള്‍ കാത്തിരുന്നു.

തമ്മില്‍ സ്‌നേഹിക്കുവാനും കരുതുവാനും കഴിയുമെന്നറിഞ്ഞത്‌ അവനിലേക്കുള്ള വഴിയിലായിരുന്നു. വഴിപിഴച്ച സ്‌നേഹം എന്നൊന്നുണ്ടോ? സ്‌നേഹത്തിന്റെ വഴിയിലാണ്‌ ആത്മാവിനെ ഉണര്‍ത്തുന്ന ജീവന്റെ സംഗീതം പൂര്‍ണ്ണമാവുന്നത്‌

ജയമോഹനെ അവസാനമായി കാണുന്നത്‌ മണിക്കൂറുകള്‍ ആകാശദൂരമുള്ള സഞ്‌ജയുടെ കോളേജ്‌ ഗ്രാഡ്വേഷന്‍ ദിവസ്സമായിരുന്നു. തടിച്ചു വീര്‍ത്ത അയാളുടെ കണ്ണുകളില്‍ ക്ഷീണം കുടിയേറിയിരുന്നു.

`ഹാര്‍ട്ടിന്‌ പ്രശ്‌നമുണ്ട്‌. തടികുറക്കണം. ഡയറ്റ്‌ ശരിയാവുന്നില്ല' കേട്ടപ്പോള്‍ വല്ലായ്‌മ തോന്നി.

ഗ്രാഡ്വേഷന്‍ സെറിമണികഴിഞ്ഞ്‌ അവന്‍ ഓടിവന്ന്‌ അമ്മയെ കെട്ടിപ്പിടിച്ചു. `ഐ ലവ്‌ യു മാം' ഡിഗ്രി കിട്ടിയതിനാലാവണം അവന്‍ വികാരാധീനനായിരുന്നു. അതോ അച്ഛനും അമ്മയും അടങ്ങുന്ന `ഫാമിലി' ഒന്നിച്ചു കൂടിയതിന്റെ സന്തോഷത്തിലോ?

അവളും ജയമോഹനും സഞ്‌ജയും അന്ന്‌ അടുത്തടുത്ത സീറ്റുകളില്‍ മുഖാമുഖം നോക്കി ഡിന്നര്‍ കഴിച്ചു. ഡിന്നറിനുമുമ്പ്‌ അയാള്‍ പല ഗുളികകള്‍ വിഴുങ്ങി. മൂന്നുവര്‍ഷത്തിനുള്ളില്‍ അയാള്‍ വളരെ മാറിയിരിക്കുന്നു. അവള്‍ക്ക്‌ സഹതാപം തോന്നി. കുറ്റബോധം പുരളാത്ത സഹതാപം. അവളുടെ വിധികര്‍ത്താവ്‌ അയാള്‍ ആയിരുന്നല്ലോ! ഓര്‍മ്മകളുടെ ചാരത്തിന്‌ ഇപ്പോഴും നല്ല ചൂടുണ്ട്‌. ഉള്ളില്‍ ജ്വലിക്കുന്ന കനലുകളുണ്ട്‌, പൊള്ളിക്കുവാന്‍ പാകത്തില്‍.

അവിടെത്തന്നെ ജോലി കണ്ടെത്തിയ അവനെ വീണ്ടും കാണുന്നത്‌ ജയമോഹന്റെ ഫ്യൂണറലിനാണ്‌.

`അച്ഛന്റെ ആരോഗ്യവും ഡയറ്റും നോക്കി സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അമ്മയാണ്‌ അച്ഛനെ മരണത്തിലേക്ക്‌ വിട്ടത്‌. ഒരിക്കലും അച്ഛനെ വിട്ടുപോകരുതായിരുന്നു. ഐ ഹേറ്റ്‌ യൂ ഫോര്‍ ദാറ്റ്‌. ഐ ഡോണ്ട്‌ അണ്ടര്‍സ്റ്റാന്‍ഡ്‌ യു.' സ്‌നേഹം വിളക്കണച്ച വാക്കുകള്‍. ഡോക്ടര്‍ മേനോന്‍ തളരുന്നു.

മുന്നില്‍ ഭൂമി പിളരുന്നു...ജനകന്റെ ജാനകിയായി വിള്ളലില്‍.. താണ്‌....താണ്‌.....

മദേര്‍സ്‌ഡേയുമായി മെയ്‌ മാസം വന്നു. അമേരിക്കന്‍ സമൂഹത്തില്‍ അമ്മയോടുള്ള സ്‌നേഹം പൂക്കളായും ചോക്കളെറ്റുകളായും റെസ്‌റ്റോറന്റില്‍ ഒരു ഡിന്നറായും മക്കളില്‍ നിന്ന്‌ വരുന്ന ദിവസം. അമ്മമാര്‍ക്കുള്ള പൂച്ചെണ്ടുകള്‍ വെള്ളിയാഴ്‌ചതന്നെ ഫ്‌ളോറിസ്റ്റുകള്‍ ഓഫ്‌ഫീസുകളില്‍ എത്തിക്കുന്നു. മദേര്‍സ്‌ഡെ, ഞായറാഴ്‌ച അവളുടെ ടെലഫോണ്‍ ചിണുങ്ങി. പിന്നെ വോയ്‌സ്‌ കോളര്‍ഐഡിയുള്ള ടെലഫോണ്‍ വിളിച്ചുപറഞ്ഞു `കോള്‍ ഫ്രം സഞ്‌ജയ്‌ ജയമോഹന്‍'.

ആയിരം ചിറകുകള്‍ മുളപ്പിച്ച്‌ അവള്‍ പറന്നു.

`അമ്മയെന്താ ഇന്ന്‌ ബാലചന്ദ്രനോടൊപ്പം ന്യൂയോര്‍ക്ക്‌ ആര്‍ട്ട്‌ മ്യൂസിയത്തില്‍ പോവാതിരുന്നത്‌? ഐ ആള്‍വെയ്‌സ്‌ ലൈക്ക്‌ഡ്‌ ന്യൂയോര്‍ക്ക്‌, ദ സിറ്റി ദാറ്റ്‌ നെവെര്‍ സ്ലീപ്പ്‌സ്‌. യൂ തിങ്ക്‌ ഐ കാന്‍ മീറ്റ്‌ ബാലചന്ദ്രന്‍ സം ഡെ?'

അവന്‍ ബാലചന്ദ്രനെക്കുറിച്ച്‌ സംസാരിക്കുന്നു. കൈത്തണ്ടയില്‍ തുടിച്ചുനിന്ന ഞരമ്പില്‍ നുള്ളി വേദനിപ്പിച്ചു, ഇതു സ്വപ്‌നമല്ല.

അടുക്കളയുടെ തറയില്‍ നീന്തുന്ന അവന്‍ അമ്മയുടെ കാലില്‍ പിടിച്ച്‌ എഴുന്നേല്‌ക്കുവാന്‍ ശ്രമിക്കുന്നു. സഞ്‌ജയ്‌, യൂ അമ്മാസ്‌ ഗുഡ്‌ ബോയ്‌

ആശയുടെ തീനാളം ആളിക്കത്തിയപ്പോള്‍ നോക്കുന്ന ചുവരുകളില്ലാം അവന്റെ നിഴലുകള്‍. പൊലിയുവാന്‍ വെമ്പി നില്‌ക്കുന്ന വിളക്കിന്‌ ചെറിയൊരു കാറ്റുമതി അണഞ്ഞുപോവാന്‍.

പറമ്പില്‍ പുല്ലുവെട്ടുന്ന യന്ത്രത്തിന്റെ ശബ്ദം. തുറന്നുകിടക്കുന്ന ജാലകത്തിലൂടെ തണുത്തകാറ്റിനോടൊപ്പം പച്ചപ്പുല്ലിന്റെ മണം. മുറിയിലാകെ സൂര്യന്റെ വെളിച്ചം മഞ്ഞച്ച്‌ നില്‌ക്കുന്നു. വാന്‍ഗോഗിന്റെ സൂര്യകാന്തിപ്പൂക്കള്‍ക്ക്‌ പതിവിലേറെ മഞ്ഞളിപ്പ്‌. സ്‌കൈലൈറ്റിന്‌ പതിച്ചുകിട്ടിയ ഒരുതുണ്ട്‌ ആകാശത്തില്‍ വെള്ളവാലിട്ട്‌ മറ്റൊരു വെള്ളിവിമാനം.

സമയം എട്ടരയോട്‌ അടുക്കുന്നു. സ്വഛമായേക്കാമായിരുന്ന ഒരു പ്രഭാതം നശിപ്പിച്ചുവെന്ന്‌ അലോസരപ്പെട്ട്‌ അവളെഴുന്നേറ്റു. ചായക്കപ്പ്‌ ചുണ്ടുകളോടടുപ്പിച്ചപ്പോള്‍ ബാലചന്ദ്രന്റെ ഫോണ്‍കോള്‍.

`ജാന്‍, റ്റീ വി ഓണാക്കു. ട്വിണ്ടവറില്‍ ഒരു പ്ലെയിന്‍ ഇടിച്ചിരിക്കുന്നു. വിമാനാപകടം. ഞാന്‍ ഒരു കസ്റ്റമറെ കാണുന്നതിനായി ന്യൂയോര്‍ക്കിലേക്ക്‌ ഡ്രൈവ്‌ ചെയ്യുകയാണ്‌.'

ട്വിന്‍ടവറിനുനേരെ പറന്നടുത്ത വിമാനം ടവറില്‍ ഇടിച്ച്‌ തീഗോളമായി എരിയുന്നു. പിന്നെ മിനിറ്റുകള്‍ക്കുള്ളില്‍ അടുത്ത ടവറിലിടിച്ച്‌ അഗ്‌നികുണ്‌ഠമായ മറ്റൊരു വിമാനം. രണ്ടുകെട്ടിടങ്ങള്‍ക്കുള്ളില്‍ പല കമ്പനികളുടെ ഓഫീസുകള്‍. നടക്കുന്നതെന്തന്നറിയാതെ ഓഫീസ്‌മുറികള്‍ വിട്ടോടി തീയിലും പുകയിലും അകപ്പെട്ട്‌ തിക്കിത്തിരക്കുന്ന ജനക്കൂട്ടം. എലവേറ്റേര്‍സിലും സ്‌റ്റെയര്‍കേസിലും കുടുങ്ങിപ്പോയ നിസ്സഹായര്‍. പുറത്തുകടന്നവര്‍ക്ക്‌ രക്ഷപെട്ടതിന്റെ ആശ്വാസം. കെട്ടിടങ്ങള്‍ക്കുള്ളില്‍ അകപ്പെട്ടവര്‍ക്ക്‌ പ്രിയമുള്ളവരെ ഇനി കാണുവാനാവുമോ എന്ന ഭീതി. ചാനലുകള്‍ പുലമ്പി `ആഗോള വന്‍ശക്തിയായ അമേരിക്കക്കെതിരെ ഭീകരമായ ടെററിസ്റ്റ്‌ ആക്രമണം. ആരാണെന്നറിയില്ല, എവിടെനിന്നെന്നറിയില്ല.'

`ഞാന്‍ മടങ്ങുന്നു. ന്യൂയോര്‍ക്ക്‌ സിറ്റി ആകെക്കൂടി സ്‌തംഭിച്ചിരിക്കയാണ്‌.' ബാലചന്ദ്രന്‍ കാറില്‍ നിന്ന്‌ വിളിച്ചു.

`ഡോക്ടര്‍ മില്ലറുടെ മകള്‍ ട്വിന്‍ടവറിലുള്ള ഒരു ഓഫീസിലാണ്‌ ജോലിചെയ്യുന്നത്‌. അവര്‍ അവളെ കോണ്ടാക്‌റ്റ്‌ ചെയ്യുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇതുവരെ യാതൊരു വിവരവുമില്ല.' ഹോസ്‌പിറ്റലില്‍ നിന്ന്‌ ഒരു സുഹൃത്ത്‌ അറിയിച്ചു.

എരിഞ്ഞുയരുന്ന രണ്ട്‌ അഗ്‌നിപര്‍വ്വതങ്ങള്‍. ഇരുണ്ടപുകപടലം ആകാശത്തിലേക്ക്‌ കുമിഞ്ഞുയരുന്നു.

ഡോക്ടര്‍ മില്ലറുടെ അമ്മമനസ്സ്‌ ഭീതിയുടെയും പരിഭ്രമത്തിന്റെയും കുണ്‌ഠത്തിലെരിയുന്നത്‌ അവളറിയുന്നു. ഒരിക്കലുമുറങ്ങാത്ത ന്യൂയോര്‍ക്ക്‌ സിറ്റി. യുവജനങ്ങളുടെയും കരിയറിസ്റ്റുകളുടെയും സ്വപ്‌നഭൂമി. കലാകാരന്മാരുടെ ചിത്രഭൂമി. സംസ്‌കാരവും സ്‌റ്റൈലും തിളച്ചുകൊഴുത്ത സിറ്റി. അവിടെ തന്റെ നാഡിയുടെ തുടിപ്പ്‌ അന്വേഷിച്ചു പോയ പെണ്‍കുട്ടി....

അടുത്ത രണ്ടു മണിക്കൂര്‍ ചാനലുകള്‍ ആളുകളെ മുറിയില്‍ തളച്ചിട്ടു, കണ്ണുകളെ കണ്ണാടിപ്പെട്ടിയില്‍ ഒട്ടിച്ചുവെച്ചു. കെട്ടിടങ്ങളുടെ സ്റ്റീല്‍ കമ്പികള്‍ മെഴുകുപോലെയുരുകി. അംബരചുംബികളായ ട്വിന്‍ടവേര്‍സ്‌ തീപ്പെട്ടിപോലെ കത്തിയെരിഞ്ഞ്‌ നിലംപതിച്ചു. ആയിരമായിരം മനുഷ്യശരീരങ്ങള്‍ വെന്തുകരിഞ്ഞു.

ദൈവമേ, നീ എവിടെയായിരുന്നു? ആകാശത്തിന്റെ അതിരുകളിലോ? അപാരമായ സമുദ്രത്തിന്റെ ആഴങ്ങളിലോ? അതോ വിസ്‌തൃതമായ മണലാരണ്യത്തിലോ? മഞ്ഞുമൂടിയ മലകളിലോ? കരിഞ്ഞു ചാമ്പലായ മനുഷ്യമനസ്സുകളില്‍ നിന്ന്‌ ദിവസങ്ങള്‍ക്കുമുമ്പേ നീ ഒളിച്ചോടിയിരുന്നോ, അവരുടെ പ്രാര്‍ഥനകള്‍ കേള്‍ക്കുവാനാവാത്ത ഒരിടത്തേക്ക്‌?

ഡോക്ടര്‍ മില്ലറുടെ മകള്‍ അമ്മയെ വിളിച്ചുവെന്ന്‌ ഹോസ്‌പിറ്റലില്‍ നിന്നറിയിച്ചു. ആളുകളുടെ തിക്കിത്തിരക്കില്‍ പരുക്കേറ്റിട്ടുണ്ട്‌. അവള്‍ക്ക്‌ ജീവിതം തിരികെക്കിട്ടിയിരിക്കുന്നു. വ്രണപ്പെടുത്തിയ ഭീതിനിറഞ്ഞ കാഴ്‌ചകളിള്‍, അനുഭവങ്ങളില്‍, മനസ്സ്‌ നഷ്ടപ്പെട്ടിരിക്കുമോ? മനസ്സിനെ തിരിച്ചുപിടിക്കുവാന്‍ കഴിയുമോ?

ബുധന്‍.....വ്യാഴം.....വെള്ളി......

മറ്റൊരു വാരാന്ത്യത്തിന്റെ തുടക്കം. അന്ന്‌ ജോലികഴിഞ്ഞ്‌ വീട്ടില്‍ വരുമ്പോള്‍ കുറെ തീരുമാനങ്ങള്‍ എടുത്തതിന്റെ സന്തോഷത്തിലായിരുന്നു ഡോക്ടര്‍ മേനോന്‍.

കണ്ണുകളില്‍ പുളയുവാന്‍ മടിക്കുന്ന പരല്‌മീനുകള്‍. കവിളുകളില്‍ നിറംമങ്ങുന്ന പൂവുകള്‍ .

പണിതീരാപ്പാലങ്ങളിലൂടെ, നഷ്ടപ്പെട്ടുപോയ എന്തിനെയൊക്കുറിച്ചുള്ള ഉത്‌ക്കണ്‌ഠകളുമായി, സാക്ഷാത്‌ക്കരിക്കപ്പെടാത്ത സ്വപ്‌നങ്ങളുമായി സഞ്ചരിക്കുകയാണ്‌.

ജീവിതത്തിന്‌ പൂര്‍ണ്ണചന്ദ്രനില്‍ ലയിക്കുന്ന നിശയുടെ നിര്‍വൃതിയുണ്ടാവണം.

ബാലചന്ദ്രന്‌ ഇഷടപ്പെട്ട ഐസ്‌ക്രിം ഫ്രീസറില്‍ എടുത്തുവെച്ചു. ആന്‍സറിങ്ങ്‌ മെഷീന്‍ ഓണാക്കി.

പരിചയമില്ലാത്ത ശബ്ദം `ആന്റി, എന്റെ പേര്‌ ദീപക്‌. ഞാന്‍ സഞ്‌ജയുടെ ഒരു ഫ്രെണ്ട്‌. ഞാന്‍ കുറച്ചുദിവസങ്ങളായി ബിസിനസ്സ്‌ ട്രിപ്പില്‍ സിംഗപ്പൂരിലായിരുന്നു. സഞ്‌ജയ്‌ക്ക്‌ സെപ്‌തമ്പര്‍ 11ന്‌ രാവിലെ എട്ടുമണിക്ക്‌ ന്യൂയോര്‍ക്കില്‍ ട്വിണ്ടറിലുള്ള ഒരു കമ്പനിയില്‍ ഇന്റെര്‍വ്യൂ ഉണ്ടായിരുന്നു. സഞ്‌ജയെ കോണ്ടാക്‌റ്റ്‌ ചെയ്യുവാന്‍ ശ്രമിച്ചിട്ട്‌ ഇതുവരെ സാധിച്ചിട്ടില്ല. അവന്‍ സെപ്‌തംബര്‍ 10ന്‌ കാലിഫോര്‍ണിയയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക്‌ യാത്ര ചെയ്‌തു എന്ന്‌ എയര്‍ലൈന്‍സ്‌ കണ്‍ഫേം ചെയ്‌തു.'

കേട്ടത്‌ ഗ്രഹിക്കുവാന്‍ ശ്രമിക്കുകയായിരുന്നു അവള്‍. കാല്‌പ്പത്തിയിലൂടെ ഇഴഞ്ഞുകയറുന്ന ഭീതിയുടെ പെരുമ്പാമ്പുകള്‍ ശരീരത്തെ വരിഞ്ഞുമുറുക്കുന്നു. ഭയത്തിന്റെ നനവാര്‍ന്ന തണുപ്പ്‌.

കുറച്ചു നിമിഷത്തെ മൗനത്തിനുശേഷം അവന്‍ തുടര്‍ന്നു. `ന്യൂയോര്‍ക്കില്‍ ഒരു ജോലി കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു അവന്‍. അപ്പോള്‍ അമ്മയെ ഇടക്കിടെ കാണാമല്ലോ.'

അടുക്കളയാകെ കറങ്ങുന്നു. തറയില്‍ അവന്റെ കറങ്ങുന്ന പമ്പരം. കണ്ണുകളില്‍ ഇരുട്ട്‌ കയറുന്നു.

ന്യൂയോര്‍ക്ക്‌ സിറ്റിയുടെ ശ്‌മശാനമായിമാറിയ ഗ്രൗണ്ട്‌ സീറോ. അവിടെ തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയിലൂടെ സഞ്‌ജയ്‌ മുട്ടിലിഴയുന്നു. അവന്‍ കരയുകയാണോ?



സെപ്‌തംബര്‍ 14 (റിട്ടേണ്‍ ഫ്‌ളൈറ്റ്‌ കഥ: റീനി മമ്പലം) സെപ്‌തംബര്‍ 14 (റിട്ടേണ്‍ ഫ്‌ളൈറ്റ്‌ കഥ: റീനി മമ്പലം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക