Image

'ജില്ല'യും 'ദൃശ്യ'വും അപ്‌ലോഡ് ചെയ്ത പതിനാറുകാരന്‍ പിടിയില്‍

Published on 15 January, 2014
'ജില്ല'യും 'ദൃശ്യ'വും അപ്‌ലോഡ് ചെയ്ത പതിനാറുകാരന്‍ പിടിയില്‍

തിരുവനന്തപുരം: 'ജില്ല', 'ദൃശ്യം' എന്നീ സിനിമകളുടെ വ്യാജ പകര്‍പ്പെടുത്ത് ഇന്‍റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ച കൊല്ലം ചവറ സ്വദേശിയും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായ പതിനാറുകാരനെ ആന്‍റിപൈറസി സെല്‍ അറസ്റ്റ് ചെയ്തു. നടന്‍, കളിമണ്ണ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, മെമ്മറീസ്, ധൂം 3 തുടങ്ങി 2013 ല്‍ പുറത്തിറങ്ങിയ അമ്പതോളം ചിത്രങ്ങളും ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ഇതുവരെ നാലു ലക്ഷത്തോളം പേര്‍ സിനിമ കാണാന്‍ ഈ സൈറ്റുകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സ്വന്തം പേരില്‍ വെബ്‌സൈറ്റ് ഉണ്ടാക്കിയാണ് രണ്ടുവര്‍ഷമായി ഈ വിദ്യാര്‍ത്ഥി സിനിമകള്‍ ഇന്‍റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തിരുന്നത്. ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വെബ്‌സൈറ്റ് കമ്പനികള്‍ പണം നല്‍കി വരുന്നതിന്റെ രേഖകളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

അമേരിക്കയിലെ വ്യാജ വെബ്‌സൈറ്റ് കമ്പനികള്‍ മുഖാന്തരം ഇന്‍റര്‍നെറ്റ് അക്കൗണ്ട് തുറന്നതിനാല്‍ പിടിക്കപ്പെടില്ല എന്ന് കരുതിയാണ് വിദ്യാര്‍ത്ഥി ഇപ്രകാരം പ്രവര്‍ത്തിച്ചത്. എന്നാല്‍ സ്വന്തം പേരില്‍ തന്നെയുള്ള വെബ് സൈറ്റ് ആയതിനാല്‍ ബാങ്ക് അക്കൗണ്ട് പിന്തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസിന് ഇയാളെ അറസ്റ്റുചെയ്യാനായി. കമ്പ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക്, നെറ്റ്‌സെറ്റര്‍, വ്യാജ സി.ഡികള്‍ എന്നിവ ഈ വിദ്യാര്‍ത്ഥിയില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിദ്യാര്‍ത്ഥിയെ രക്ഷിതാക്കളുടെ ജാമ്യത്തില്‍ വിട്ടയച്ചു. ഇയാളുടെ കൂട്ടാളികളെ സംബന്ധിച്ചുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

ക്രൈം ബ്രാഞ്ച് ഐ.ജി. എം.ആര്‍. അജിത്കുമാര്‍, ആന്‍റിപൈറസി സെല്‍ പോലീസ് സൂപ്രണ്ട് എ. അക്ബര്‍, ആന്‍റിപൈറസി സെല്‍ ഡിവൈ.എസ്.പി. റഫീക്ക്, ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ പൃഥിരാജ്, എസ്.ഐ. ടി.വി. ഷിബു, ചവറ സി.ഐ. അരുണ്‍രാജ്, ആന്‍റിപൈറസി സെല്‍ ഉദ്യോഗസ്ഥരായ എ.എസ്.ഐ. തുളസീധരന്‍ നായര്‍, സി.പി.ഒ. രാജേഷ്, ഷാന്‍, ഹൈടെക് സെല്‍ സി.പി.ഒ. ദിനേഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
'ജില്ല'യും 'ദൃശ്യ'വും അപ്‌ലോഡ് ചെയ്ത പതിനാറുകാരന്‍ പിടിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക