Image

ചരിത്രത്തെ പുനര്‍ നിര്‍വ്വചിക്കുമ്പോള്‍ (ഗോപന്‍ പാലക്കോട്ട്‌)

Published on 14 January, 2014
ചരിത്രത്തെ പുനര്‍ നിര്‍വ്വചിക്കുമ്പോള്‍ (ഗോപന്‍ പാലക്കോട്ട്‌)
ചരിത്രത്തിന്റെ ഇരുണ്ട വനസ്ഥലികളിലൂടെ പിന്നോട്ടു നടക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്‌, മനുഷ്യരാശിയുടെ ചരിത്രം തിരുത്തിക്കുറിച്ച, സത്യത്തിന്റേയും നീതിയുടേയും ധര്‍മ്മത്തിന്റേയും കാഹളമൂതി ലോകത്തിനാകെ പ്രകാശം പരത്തിയ ചരിത്ര പുരുഷന്മാരോടു മനുഷ്യരാശി കാണിച്ച കൊടും ക്രൂരതയുടേയും നന്ദികേടിമേയും ഇരുണ്ട ചിത്രങ്ങളാണ്‌. മനുഷ്യകുലത്തിനാകെ പ്രയോജനകരമായ നിരവധികാര്യങ്ങള്‍ ഉറക്കെ പറയുകയും കാണിച്ചുകൊടുക്കുകയും ചെയ്‌ത എത്രയോ മഹാത്മാക്കളെ അതതുകാലങ്ങളില്‍ അധികാരത്തിലിരുന്ന കുടിലചിന്തകളുടേയും അന്ധവിശ്വാസങ്ങളുടേയും കടുംപിടുത്തക്കാരായ വൈതാളികന്മാര്‍ ഗൂഢാലോചനയില്‍ ഇല്ലായ്‌മ ചെയ്‌തിട്ടില്ല. സോക്രട്ടീസും യേശുക്രിസ്‌തുവും ഗലീലിയോയും മുതല്‍ ആധുനിക കാലത്ത്‌ ഗാന്ധിജി വരെ എത്രയോ മഹാന്മാര്‍ - പീഡനങ്ങളേറ്റു വാങ്ങിയിട്ടുണ്ട്‌, വധിക്കപ്പെട്ടിട്ടുണ്ട്‌.

ഈ പട്ടിക ഒരിക്കലും അവസാനിക്കുന്നില്ല. അവസാനിക്കുകയുമില്ല. തങ്ങള്‍ ജീവിച്ചിരുന്ന കാലഘട്ടത്തോടുനിരന്തരം കലഹിച്ചവരാണ്‌ സോക്രട്ടീസുള്‍പ്പെടെയുള്ളമഹാന്മാര്‍. അന്നത്തെ കാലഘട്ടത്തില്‍ പാവനമെന്ന്‌ കരുതിയ ശരികളെ വെല്ലുവിളിക്കുകയും ജനങ്ങള്‍കരുതുന്നതല്ല യഥാര്‍ത്ഥ ശരിയെന്നു സ്ഥാപിക്കുകയും ചെയ്‌തപ്പോള്‍ സ്വാഭാവികമായും അവരൊക്കെ അധികാരികളുടെ എതിര്‍പ്പിനും വെറുപ്പിനും പാത്രമാകേണ്ടിവന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

സോക്രട്ടീസാവട്ടെ ഏതന്‍സിലെ യുവജനങ്ങളെ സ്വാധീനിക്കുകയും അന്ന്‌ നിലവിലുണ്ടായിരുന്ന വിശ്വാസപ്രമാണങ്ങളെ യുക്തിയുടെ ഉരകല്ലില്‍ ഉരച്ചുനോക്കാന്‍ പ്രേരിപ്പിക്കുകയും സത്യമെന്താണെന്ന്‌ സ്വയം മനസ്സിലാക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു.

യേശുക്രിസ്‌തുവിന്റെ വഴിയും ഭിന്നമായിരുന്നില്ല. അന്ന്‌ സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരേ നിലകൊള്ളുകയും അഗതികളുടേയും അസ്‌പ്രുശ്യരുടേയുമെല്ലാം അത്താണിയായി മാറുകയും ചെയ്‌തപ്പോള്‍ സ്വാഭാവികമായും അധികാരത്തില്‍ അന്നുണ്ടായിരുന്നവര്‍ക്ക്‌ യേശുവിനോടു അസൂയതോന്നുകയും ഒടുവില്‍ അദ്ദേഹത്തെ കുരിശില്‍ തറയ്‌ക്കുന്നതു വരെ കാര്യങ്ങളെത്തുകയും ചെയ്‌തു.

രസകരമെന്നു പറയട്ടെ ആധുനികശാസ്‌ത്രത്തിന്റെ പിതാവെന്ന്‌ കരുതുന്ന ഗലീലിയോയ്‌ക്ക്‌ കലഹിക്കേണ്ടി വന്നത്‌ യേശുവിനെ പിന്‍പറ്റുന്ന സഭയുമായിത്തന്നെയാണ്‌. ശാസ്‌ത്രത്തിന്റെ വെളിച്ചത്തില്‍ സത്യമെന്തെന്ന്‌ തുറന്നു പറഞ്ഞപ്പോള്‍ അന്നത്തെ സഭയ്‌ക്ക്‌ അതുള്‍ക്കൊള്ളാനാവുമായിരുന്നില്ല. ശാസ്‌ത്രസത്യമെന്തായിരുന്നാലും അതംഗീകരിക്കപ്പെട്ടില്ല. ഫലമോ ഗലീലിയോയ്‌ക്ക്‌ വിചാരണ നേരിടേിവന്നു.

ഒടുവില്‍ വീട്ടുതടങ്കലിലായി . തടവില്‍ കിടന്നുതന്നെ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. ഭൂമി സൂര്യനെ ചുറ്റുന്നു എന്ന ലളിതമായ ശാസ്‌ത്രസത്യം ദൈവ വചനങ്ങള്‍ക്കെതിരാണെന്ന അന്നത്തെ സഭയുടെ കണ്ടുപിടുത്തം മഹാനായ ഒരു ശാസ്‌ത്രജ്ഞനെ എത്രകണ്ടു പീഡിപ്പിച്ചിരിക്കുകയില്ല?

വാസ്‌തവത്തില്‍ വിശ്വാസങ്ങളോടും അവയുടെ പ്രഘോഷകരായ അധികാരസ്ഥാപനങ്ങളോടുമുള്ള കലഹം ഒരിക്കലും അവസാനിക്കുന്നില്ല. ശാസ്‌ത്രസത്യങ്ങള്‍ പകല്‍ വെളിച്ചം പോലെ പ്രഭ ചൊരിഞ്ഞു നില്‌ക്കുന്ന ആധുനിക കാലത്തും വിശ്വാസപ്രമാണങ്ങളെ ചോദ്യം ചെയ്യാന്‍ ആരേയും അത്ര എളുപ്പമൊന്നും വിശ്വാസികള്‍ അനുവദിക്കാറുമില്ല. പ്രത്യേകിച്ചു മതവിശ്വാസങ്ങളെ. മതവിശ്വാസങ്ങള്‍ എത്രകണ്ട്‌ അന്ധമായാലും പ്രതിലോമപരമായാലും അവ ചോദ്യം ചെയ്യപ്പെട്ടുകൂടാ എന്ന കീഴ്‌വഴക്കത്തിനിനും കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. സോക്രട്ടീസ്‌ ബി.സി.525 ല്‍ ഉയര്‍ത്തിയ കലാപക്കൊടി എ.ഡി 2013 ലും പ്രസക്തമാണെന്ന കാര്യം വിസ്‌മയകരമാണ്‌.

മനുഷ്യന്റെ വിശ്വാസങ്ങള്‍ പലപ്പോഴും അന്ധമാണ്‌്‌. പക്ഷേ മനുഷ്യനൊരിക്കലും അതംഗീകരിക്കില്ലെന്ന്‌ മാത്രം. അതുപോലെ സത്യത്തിന്റെ മുഖം പലപ്പോഴും വിക്രുതവും ചിലപ്പോഴെങ്കിലും ബീഭല്‍സവുമായിരിക്കും. സത്യമെന്തെന്നറിയാന്‍ വിശ്വാസങ്ങളെ യുക്തിയുടേയും അറിവിന്റേയും ഉരകല്ലില്‍ ഉരച്ചുനോക്കാന്‍ തയ്യാറായാല്‍ മാത്രമേ യഥാര്‍ഥ സത്യം അവനു മുന്നില്‍ തെളിഞ്ഞു വരികയുള്ളൂ. നിര്‍ഭാഗ്യകരമെന്നല്ലാതെന്തു പറയാന്‍, ഇതിനൊക്കെ ആവശ്യപ്പെടുന്നവരെ ശത്രുക്കളായി കണക്കാക്കി കഴിയുമെങ്കില്‍ അത്തരം ശബ്ദങ്ങളെത്തന്നെ ഇല്ലായ്‌മ ചെയ്യാനാണ്‌ അവന്‍ ശ്രമിക്കുകയെന്ന്‌ ചരിത്രം പരതിയാല്‍ നമുക്ക്‌ കാണാന്‍ കഴിയും. മതവിശ്വാസങ്ങളുടെ കാര്യത്തില്‍ മനുഷ്യന്റെ മുന്‍ വിധികള്‍ക്കും ശാഠ്യങ്ങള്‍ക്കും മാര്‍ദ്ദവമൊട്ടുമുണ്ടായിട്ടില്ലെന്ന്‌ ആധുനിക കാലഘട്ടവും സാക്ഷ്യപ്പെടുത്തുന്നു. രാഷ്ട്രപിതാവായ ഗാന്ധിജി ഒരു മതനിഷേധിയോ നിരീശ്വരവാദിയോ ഒന്നുമല്ലാതിരുന്നിട്ടും, അദ്ദേഹം മതങ്ങളേയും വിശ്വാസങ്ങളേയുമെല്ലാം ആദരിച്ചിട്ടും ഒരു മത തീവ്രവാദിയാല്‍ വധിക്കപ്പെടാനായിരുന്നല്ലോ നിയോഗം. ഇവിടെ വിശ്വാസത്തിന്റെ കാര്‍ക്കശ്യം എത്ര നിര്‍ദ്ദയമായാണ്‌ മനുഷ്യജീവനെ നിഷേധിക്കുന്നതെന്ന ഭീകരമായ സത്യം നമുക്കുമുന്നില്‍ പടവാളുയര്‍ത്തി നില്‍ക്കുന്നു.

കൗതുകകരമെന്നു പറയട്ടെ സോക്രട്ടീസും ഒരു നിരീശ്വരവാദിയോ മതനിഷേധിയോ ഒന്നുമായിരുന്നില്ല. ഭാരതീയമായ കാഴ്‌ചപ്പാടില്‍ പറയുന്നതുപോലെ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലുമെല്ലാം ഈശ്വരനുണ്ടെന്ന്‌ വിശ്വസിക്കുകയും അക്കാര്യം ഊന്നിപ്പറയുകയും ചെയ്‌ത സാധാരണക്കാരനായ
വിശ്വാസിമാത്രം. പക്ഷേ സോക്രട്ടീസിന്റെ വാദങ്ങളെയൊന്നും അന്നത്തെ കടും പിടുത്തക്കാരായ അധികാരിവര്‍ക്ഷം അംഗീകരിച്ചില്ല. സോക്രട്ടീസിന്റെ വാക്കുകളും പ്രഭാഷണങ്ങളുമെല്ലാം ആത്മാവില്‍ തൊടുന്ന ഒരു സംഗീതം പോലെ അനുവാചകഹ്രുദയങ്ങളെ സ്‌പര്‍ശിച്ചു കടന്നുപോയപ്പോള്‍ ജനമനസ്സില്‍ അതിനു സ്രുഷ്ടിച്ചെടുക്കാവുന്ന വിചാര വികാരങ്ങളുടെ സ്വാധീനത്തിലുള്‍പ്പെട്ട്‌ നിലവിലുള്ള അധികാരവര്‍ക്ഷത്തിനെതിരേ ജനമനസ്സുയരുമോയെന്ന ഭീതിയാവണം സോക്രട്ടിനെ നിശ്ശബ്ദനാക്കാന്‍ അധികാരികളെ പ്രേരിപ്പിച്ചത്‌. വര്‍ത്തമാനകാലഘട്ടത്തിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറുന്നു എന്നുള്ളത്‌ സോക്രട്ടീസ്‌ ഒരു വ്യക്തി, ചിന്തകന്‍ എന്നതിലുപരി ഒരു ബിംബമായി, പ്രതീകമായി, സാര്‍വ്വലൗകിക പ്രതിഭാസമായി മാറുന്നു എന്നതിന്റെ തെളിവാണ്‌. സോക്രട്ടീസ്‌ പുസ്‌തകമൊന്നുമെഴുതിയിട്ടില്ലെങ്കിലും, അദ്ദേഹത്തെക്കുറിച്ച്‌ നിരവധി പുസ്‌തകങ്ങള്‍ ഇതിനോടകം രചിക്കപ്പെട്ടിട്ടുണ്ട്‌.

സോക്രട്ടീസിന്റെ ശിഷ്യന്മാരായ പ്ലേറ്റോ, സെനഫോണ്‍ തുടങ്ങിയവരെക്കൂടാതെ പോള്‍ സ്‌ട്രാതേണിന്റെ സോക്രട്ടീസ്‌ ഇന്‍ 90 മിനുട്ട്‌സ്‌, ജോസഫ്‌ പ്രീസ്റ്റ്‌ലിയുടെ സോക്രട്ടീസ്‌ ആന്‍ഡ്‌ ജീസസ്‌ കമ്പയേര്‍ഡ്‌, ജോണ്‍ സാലിസിന്റെ ബീയിങ്ങ്‌ ആന്‍ഡ്‌ ലോഗോസ്‌ എന്നിവയൊക്കെ അതില്‍ ചിലതു മാത്രം. മലയാളത്തിലാവട്ടെ സോക്രട്ടിസിനെ അധികരിച്ച്‌ ഫിക്‌ഷന്റെ ഗണത്തിലുള്‍പ്പെടുത്താവുന്ന ക്രുതികള്‍ ഉായി ട്ടുള്ളതായി കേട്ടിട്ടില്ല. `സോക്രട്ടീസ്‌ ഒരു നോവല്‍' രചിച്ച ജോണ്‍ ഇളമത ഈ ഒരു കുറവു നികത്താന്‍ ശ്രമിക്കുന്നു എന്നുള്ളത്‌ സന്തോഷകരമാണ്‌്‌.

സ്വന്തമായി പുസ്‌തകങ്ങളൊന്നും രചിച്ചിട്ടില്ലാത്ത സോക്രട്ടീസിനെ നേരിട്ടു പരിചയപ്പെടാന്‍ നിര്‍ഭാഗ്യവശാല്‍ നമുക്കാവില്ല. പ്ലേറ്റോ, സെനഫോണ്‍ തുടങ്ങിയ ശിഷ്യന്മാരിലൂടെ മാത്രമാണ്‌ നമുക്കദ്ദേഹത്തെ പരിചയപ്പെടാന്‍ കഴിയുക. അതുകൊണ്ട്‌ തന്നെ ശിഷ്യന്മാരുടേതായ ചിലവ്യഖ്യാനങ്ങളുടെ ഭാരം കൂടി സോക്രട്ടിസ്‌ പേറേണ്ടി വരുന്നില്ലേയെന്നു ചിലര്‍ സംശയമുന്നയിക്കുന്നുണ്ട്‌.

അതെന്തുമാകട്ടെ, സോക്രട്ടീസെന്ന തത്വചിന്തകന്റെ ഒരു വാങ്‌മയചിത്രം കോറിയിടാന്‍ ഇളമത ആവും വിധം ശ്രമിക്കുന്നുണ്ട്‌. ഇക്കാര്യത്തില്‍ അദ്ദേഹം വിജയിച്ചിട്ടില്ലെന്ന്‌ പറയുക വയ്യ. സോക്രട്ടീസിന്റെ ബാല്യം മുതല്‍ അദ്ദേഹം മരണപ്പെടുന്നതുവരെയുള്ള കാര്യങ്ങള്‍ ഒരു ചരടില്‍ കോര്‍ത്തപോലെ വായനക്കാര്‍ക്കു മുന്നില്‍ ജോണ്‍ അവതരിപ്പിക്കുന്നു. ശില്‍പിയായ പിതാവിന്റെ വിശ്വാസങ്ങളെ ചോദ്യം ചെയ്‌തു തുടങ്ങുന്നതിലൂടെ നോവല്‍ ആരംഭിക്കുകയായി. അന്ന്‌ കേവലം ബാലനായിരുന്ന സോക്രട്ടീസിന്റെ ചിന്തകളെ നേരിടുന്ന പിതാവ്‌ അവനെ തിരുത്താന്‍ ശ്രമിക്കുന്നുമുണ്ട്‌. പക്ഷേ അന്നേ തനിക്ക്‌ ബോദ്ധ്യമുള്ളതുമാത്രമേ അംഗീകരിക്കാന്‍ സോക്രട്ടീസ്‌ തയ്യാറായിരുന്നുള്ളൂ. പ്രായപൂര്‍ത്തിയായപ്പോള്‍ കുറച്ചുനാള്‍ പട്ടാളക്കാരനായി രാജ്യസേവനം അനുഷ്‌ഠിച്ച സോക്രട്ടീസ്‌ പിന്നീട്‌ വിവാഹം കഴിക്കുന്നതും കുട്ടികളുണ്ടാവുന്നതും ആദ്യ ഭാര്യയുടെ മരണ ശേഷം രണ്ടാമതുംവിവാഹിതനാവുന്നതും പിന്നീട്‌ ഭാര്യയേയും വീടുമെല്ലാം ഉപേക്ഷിച്ച്‌ അവധൂതനായി രാജ്യമെമ്പാടുംനടന്ന്‌ സത്യമെന്തെന്ന്‌ ജനങ്ങളോടു മുഖം നോക്കാതെ പറയുന്നതുമെല്ലാം നാം കാണുന്നു.

സോക്രട്ടീസിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ അന്നത്തെ വിദ്വാന്മാരെന്നു വീമ്പു പറഞ്ഞിരുന്നവരുടെ നാവിറങ്ങിപ്പോയി. പക്ഷേ അധികാരിവര്‍ഗ്ഗത്തിനു എളുപ്പം ദഹിക്കുന്നതായിരുന്നില്ല സോക്രട്ടീസിന്റെ അഭിപ്രായങ്ങള്‍. ശതുക്കളുടെ എണ്ണം കൂടി.ഒടുവില്‍ അനിവാര്യമായതു സംഭവിച്ചു. യുവാക്കളേയും ജനങ്ങളേയും വഴിതെറ്റിര്‌രുന്ന സോക്രട്ടീസിനെ വിചാരണ ചെയ്യാന്‍ ഉത്തരവായി.

വിചാരണയ്‌ക്കൊടുവില്‍ വധശിക്ഷയും വിധിച്ചു. സോക്രട്ടീസിനു രക്ഷപ്പെടാന്‍ അവസരമുായിരുന്നു പക്ഷേ തനിക്കൊരിക്കലും ഒരു ഭീരുവിനെപ്പോലെ ആതന്‍സ്‌ വിട്ടു പോകാനാവില്ല എന്നായിരുന്നു സോക്രട്ടീസിന്റെ നിലപാട്‌. പട്ടാളക്കാര്‍ കൊടുത്ത വിഷം പുഞ്ചിരിയോടെ അദ്ദേഹം കുടിച്ചു. മരിക്കുമ്പോഴും ആ മുഖത്തു നിന്ന നേര്‍ത്ത ചിരി മാഞ്ഞില്ലത്രേ. അതായിരുന്നു സോക്രട്ടീസ്‌. ഒറ്റയിരിപ്പിനു വായിക്കാനാവും വിധം ഏകദേശം 125 പുറങ്ങളിലായി നോവലെഴുതിയ ജോണ്‍ ഇളമത സോക്രട്ടീസിന്റെ ഗഹനമായ തത്വചിന്തകളിലേക്കൊന്നും വായനക്കാരെ വലിച്ചിഴക്കുന്നില്ല, മറിച്ച്‌ അദ്ദേഹത്തിന്റെ ജീവിതകാലഘട്ട ത്തിലെ സംഭവവികാസങ്ങളെ നാടകീയമായ ആഖ്യാനത്തോടെ സരളമായി വായനക്കാര്‍ക്കു മുന്നില്‍ പരിചയപ്പെടുത്തുന്നു. തെളിമയാര്‍ന്ന ഭാഷ ഇതരമൊരാഖ്യാനത്തിനു മുതല്‍ക്കൂട്ടാവുമെന്നു സമ്മതിക്കാതെ വയ്യ. സോക്രട്ടീസിനെ ലളിതമായി വായിച്ചു മനസ്സിലാക്കാനാഗ്രഹിക്കുന്നവര്‍ക്ക്‌ തീര്‍ച്ചയായും ജോണ്‍ ഇളമതയുടെ പരിശ്രമംഉപകാരപ്പെടും.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ പൊരുതിയ സോക്രട്ടീസ്‌ എക്കാലവുംജീവിക്കും. സോക്രട്ടീസ്‌ തന്നെ പറഞ്ഞതുപോലെ ആളിനെയല്ലാതെ ആശയങ്ങളെ കൊല്ലാന്‍ കഴിയില്ലല്ലോ. ഗഹനമായ തത്വചിന്തകളിലേക്കൊന്നും പോകാതെ സാധാരണക്കാര്‍ക്കു മനസ്സിലാവുന്ന ഭാഷയില്‍ രചിക്കപ്പെട്ട `സോക്രട്ടീസ്‌ ഒരു നോവല്‍' പോലുള്ള ക്രുതികള്‍ ഇനിയുമുാകട്ടെയെന്ന്‌ നമുക്കാശിക്കാം.

സോക്രട്ടീസ്‌ ഒരു നോവല്‍
ജോണ്‍ ഇളമത
ഡി.സി.ബുക്‌സ.്‌ വില.90.00 രൂപ
ചരിത്രത്തെ പുനര്‍ നിര്‍വ്വചിക്കുമ്പോള്‍ (ഗോപന്‍ പാലക്കോട്ട്‌)
ചരിത്രത്തെ പുനര്‍ നിര്‍വ്വചിക്കുമ്പോള്‍ (ഗോപന്‍ പാലക്കോട്ട്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക