Image

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആര്‌? പ്രതീക്ഷകളും വിലയിരുത്തലുകളും (ജോസഫ്‌ പടന്നമാക്കല്‍)

Published on 14 January, 2014
ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആര്‌? പ്രതീക്ഷകളും വിലയിരുത്തലുകളും (ജോസഫ്‌ പടന്നമാക്കല്‍)
'അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ ജയിക്കുകയാണെങ്കിലും ഭാരതത്തിന്റെ പ്രധാനമന്ത്രിയായി തുടരുകയില്ലെന്ന്‌' മന്‍മോഹന്‍ സിംഗ്‌ പത്രലേഖകരോടായി ഒരു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. `ഗുജറാത്തിലെ കൂട്ടക്കൊലകള്‍ക്ക്‌ ഉത്തരവാദിയായ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായാല്‍ രാജ്യം അരാജകത്വത്തിലേക്ക്‌ നീങ്ങു'മെന്നും മന്‍മോഹന്‍ സിംഗ്‌ മുന്നറിയിപ്പു നല്‌കി. കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനുണ്ടായ പരാജയകാരണങ്ങളായിരിക്കാം ശ്രീ മന്‍മോഹനെ പ്രധാനമന്ത്രിപദം വേണ്ടെന്നുവെക്കാന്‍ പ്രേരിപ്പിച്ചത്‌. ലോകം അറിയപ്പെടുന്ന ഈ ധനതത്ത്വ ശാസ്‌ത്രജ്ഞന്‍ 2004 ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തിലെത്തിയത്‌ തികച്ചും അവിചാരിതമായിട്ടായിരുന്നു. അടുത്ത കാലത്ത്‌ അഴിമതികള്‍ നിറഞ്ഞിരിക്കുന്ന ഭരണംകൊണ്ട്‌ അദ്ദേഹത്തിന്റെ പേരിന്‌ കളങ്കവുമുണ്ടായി. ആധുനികതയുടെ പാതയിലേക്ക്‌ ഇന്ത്യയെ വഴിയൊരുക്കിയ മന്‍മോഹന്‍ സിംഗിനെ വിമര്‍ശകര്‍ പരാജിതനായിട്ടാണ്‌ ഇന്ന്‌ വിലയിരുത്തുന്നത്‌. നെഹ്രുവംശത്തിലെ പിന്തുടര്‍ച്ചക്കാരനായ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയപ്രവേശനവും വീണ്ടും പ്രധാനമന്ത്രിയാകാനുള്ള സാധ്യതകള്‍ക്കു മങ്ങലേറ്റു. ശത്രുക്കള്‍ക്കുപോലും വിശ്വസിക്കാവുന്ന സത്യസന്ധനായ മന്‍മോഹന്‍ സിംഗ്‌ ഇന്ന്‌ സാമ്പത്തിക തകര്‍ച്ചയുടെയും രാജ്യമാകെയുള്ള അഴിമതിയുടെപേരിലും ബഹുജന പ്രക്ഷൊപണങ്ങളെ നേരിടുന്നു. ഒരിക്കല്‍ ലോകത്തിലെ ശക്തനായ വ്യക്തിയെന്ന്‌ വിശേഷിപ്പിച്ച ലോകമാദ്ധ്യമങ്ങള്‍ ഇപ്പോള്‍ കരുതുന്നത്‌ അദ്ദേഹത്തെ ബലഹീനനായ പ്രധാന മന്ത്രിയെന്നാണ്‌. അദ്ദേഹത്തിനുശേഷം പ്രധാനമന്ത്രിയാരെന്ന്‌ പ്രവചനങ്ങള്‍ക്കു പോലും തീരുമാനിക്കാന്‍ സാധിക്കില്ല. അര്‍ഹനും പ്രാപ്‌തിയുമുള്ള ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ കോണ്‌ഗ്രസ്‌ പരിഗണിക്കുന്നു.

രാഹുലും പ്രധാനമന്ത്രി മോഹവും:

ഒരു ബില്ലിയനിലധികം (1.2) ജനങ്ങള്‍ വസിക്കുന്ന ഏഷ്യയിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യാരാജ്യത്തെ നയിക്കാന്‍ ചെറുപ്രായംമുതല്‍ പരിശീലനം നേടിവന്ന രാഹുല്‍ ഗാന്ധി എന്തുകൊണ്ടും പ്രാപ്‌തനായ ഒരു നേതാവാണ്‌. മുതുമുത്തശ്ശനെയോ മുത്തശ്ശിയേയോ സ്വന്തം പിതാവിനെയോ ആരെ അദ്ദേഹം പിന്തുടരുമെന്നും വ്യക്തമല്ല. പേരിന്റെകൂടെ ഗാന്ധിയെന്ന പേരുള്ളതും വോട്ട്‌ ബാങ്കിന്‌ സഹായകമാണ്‌. മന്‍മോഹന്‍ സിംഗ്‌ തന്റെ സ്ഥാനത്ത്‌ 43 കാരനായ രാഹുല്‍ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി കാണുന്നു. ക്യാബിനറ്റ്‌ റാങ്കുള്ള മന്ത്രിസ്ഥാനം പലപ്പോഴും രാഹുലിന്‌ നിര്‍ദ്ദേശിച്ചെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. 128 വര്‍ഷം പഴക്കമുള്ള കോണ്‌ഗ്രസ്സ്‌ പാര്‍ട്ടിയെ അമ്മയുടെയൊപ്പം നയിക്കാന്‍ രാഹുലെന്നും താല്‌പര്യപ്പെട്ടിരുന്നു.

അധികാരക്കസേരയില്‍ ഇരിക്കാനുള്ള ശക്തിയും, പൌരുഷവും സാമര്‍ദ്ധ്യവും രാഹൂലിനുണ്ട്‌. ഭാരതത്തെ നയിക്കാനുള്ള കാഴ്‌ചപ്പാടും കഴിവുമുണ്ട്‌. അദ്ദേഹത്തിന്‌ ഭരണപാടവത്തില്‍ പരിചയമില്ലെന്നുള്ള വാദവും ശരിയല്ല. ജനിച്ചപ്പോള്‍മുതല്‍ രാഷ്ട്രീയപാരമ്പര്യം രാഹുലിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്‌. എക്കാലവും മന്‍മോഹന്‍ സിംഗിന്‌ രാഹുലിനെപ്പറ്റി നല്ല മതിപ്പായിരുന്നു. അദ്ദേഹം എന്നും പറയും `രാഹുല്‍ ഭരണത്തിലുണ്ടായിരുന്നെങ്കില്‍ നിലവിലുള്ള കേന്ദ്രഭരണം ശക്തമാകുമായിരുന്നു. അദ്ദേഹത്തിന്‌ മന്ത്രിപദത്തെക്കാള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലായിരുന്നു താത്‌പര്യം.` അതിര്‍ത്തി പ്രശ്‌നങ്ങളിലോ തെക്കേഇന്ത്യയില്‍ പുതിയ സംസ്ഥാനമുണ്ടാക്കുന്നതിലോ താത്‌പര്യം കാണിച്ചിട്ടില്ല. എന്നാല്‍ കുറ്റവാളികളായ പാര്‍ലമെന്റ്‌ അംഗങ്ങള്‍ക്ക്‌ അംഗത്വം തുടരാമെന്ന്‌ ക്യാബിനറ്റ്‌ തീരുമാനിച്ചപ്പോള്‍ അതിനെതിരായി രാഹൂല്‍ വലിയ ഒച്ചപ്പാട്‌ ഉണ്ടാക്കിയതും ചരിത്ര മുഹൂര്‍ത്തമായിരുന്നു.

രാഹുലിന്റെ വികാരപരമായ ഒരു പ്രസംഗത്തിന്‌ ഇന്ത്യയിലെ വാര്‍ത്താ മീഡിയാകള്‍ അമിതപ്രാധാന്യം കല്‌പ്പിച്ചിരുന്നു. ഒരു പക്ഷെ ഇന്ത്യയുടെ ഗ്രാമീണ ജനതകളുടെ മനസ്‌ പിടിച്ചെടുക്കുവാന്‍ അത്തരം പ്രസംഗം പ്രയോജനപ്പെട്ടേക്കാം. തന്റെ പിതാവ്‌ രാജീവ്‌ ഗാന്ധിയുടെയും മുത്തശി ഇന്ദിരയുടെയും അതിക്രൂരമായ വധത്തെപ്പറ്റി രാഹുല്‍ രാജസ്ഥാനിലെ ഒരു റാലിയില്‍ ഹൃദയ സ്‌പര്‍ശമായി സംസാരിച്ചു. `ഞാനും നാളെ വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ ഇരയായേക്കാം. എന്റെ മുത്തശി ഇന്ദിരയെപ്പോലെയും അച്ഛന്‍ രാജീവിനെപ്പോലെയും എന്നെയും വധിച്ചേക്കാം. നമുക്ക്‌ പ്രിയപ്പെട്ടവരായ ബന്ധുക്കള്‍ വേര്‍പിരിയുമ്പോളുള്ള വേദന എത്രമാത്രമുണ്ടെന്നും എനിക്കറിയാം. എന്റെ അപ്പന്‍ വധിക്കപ്പെട്ടു. അതിന്റെ വിദ്വേഷം നാടെങ്ങും പരന്നതും സ്വാഭാവികമായിരുന്നു. എന്നാല്‍ സാധാരണ ജനത്തെയാണ്‌ അത്‌ വേദനിപ്പിച്ചത്‌. ആ വിദ്വേഷത്തില്‍ മുഴുവനായി മുതലെടുത്തത്‌ ഭാരതീയ ജനതാ പാര്‍ട്ടിയായിരുന്നു.`

പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള വഴിയില്‍ തടസങ്ങളായി രാഹുലിന്‌ വെല്ലുവിളികളേറെയുണ്ട്‌. പരാജയപ്പെട്ട മന്‍മോഹന്‍ സിംഗിനെക്കാളും താന്‍ വ്യത്യസ്‌തനെന്ന്‌ വോട്ടര്‍മാരെ ബോധ്യപ്പെടുത്തണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏഷ്യയില്‍ ഏറ്റവും വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും അനുഭവപ്പെട്ട രാജ്യം ഇന്ത്യയായിരുന്നു. അഭിപ്രായ വോട്ടെടുപ്പില്‍ കോണ്‌ഗ്രസ്‌ ഇന്നത്തെ രാഷ്ട്രീയക്കളരിയില്‍ ബി.ജെ.പി. യ്‌ക്ക്‌ പുറകിലായിക്കഴിഞ്ഞു. ധനതത്ത്വ ശാസ്‌ത്രത്തില്‍ പ്രാവീണ്യം നേടിയവര്‍ രാഹുല്‍ പ്രധാനമന്ത്രിയാകുന്നതിനോട്‌ യോജിക്കുന്നില്ല. വളര്‍ച്ചയില്ലാത്ത െ്രെഡവര്‍ ഭാരത ധനതത്ത്വശാസ്‌ത്രം വഹിക്കുന്നത്‌ അപകടമായിരിക്കുമെന്ന്‌ ഇന്ത്യയിലെ സാമ്പത്തിക വിദഗ്‌ദ്ധര്‍ കരുതുന്നു. ഇന്ത്യയുടെ സാമ്പത്തിക അപര്യാപ്‌തത കഴിഞ്ഞ ഏഴെട്ട്‌ മാസങ്ങള്‍കൊണ്ട്‌ വര്‍ദ്ധിച്ചു. വീട്ടാന്‍ സാധിക്കാത്ത കടംമൂലം രാജ്യത്തിന്റെ ക്രെഡിറ്റ്‌ നിലവാരം താഴ്‌ന്നുപോയിരിക്കുന്നു. അഴിമതിയില്‍ കുന്നുകൂടിയിരിക്കുന്ന ഭാരതസാമ്പത്തികതയുടെ അടിത്തറ ഇന്ന്‌ ഇളകിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്‌.

കോണ്‍ഗ്രസ്സെന്നും രാജ്യത്ത്‌ രാജവംശത്തിന്റെ തുടര്‍ച്ചപോലെയായിരുന്നു. രണ്ടാമതൊരു നേതാവ്‌ പാര്‍ട്ടിയിലുണ്ടായിട്ടില്ല. അതുകൊണ്ടാണ്‌ രാഹുല്‍ ഗാന്ധിക്ക്‌ പ്രധാനമന്ത്രിയെന്ന സ്ഥാനത്തേക്കുള്ള വഴി തുറന്നുകിട്ടിയത്‌. അമ്മയും മകനും ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നുവെന്ന്‌ എതിരാളികള്‍ ആരോപിക്കുന്നുണ്ട്‌. നിയമനിര്‍മ്മാണങ്ങളില്‍ രാഹുലിന്‌ വലിയ പരിചയമില്ല. മറ്റുള്ള നേതാക്കന്മാരുമായി തുലനം ചെയ്യുമ്പോള്‍ പാര്‍ലമെന്റില്‍ അദ്ദേഹം അധികമൊന്നും പ്രസംഗങ്ങള്‍ നടത്തിയിട്ടില്ല. കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ കോണ്‌ഗ്രസ്‌ പരാജയപ്പെട്ടത്‌ ഇന്നത്തെ സാഹചര്യത്തില്‍ കൊണ്‌ഗ്രസിനു ഭൂരിപക്ഷം കിട്ടുവാന്‍ സാഹചര്യമില്ലാതായി.

നരേന്ദ്ര മോഡിയുടെ ഗുജറാത്ത്‌മോഡല്‍ ഇന്ത്യ:

ബിജെപിയുടെ പ്രാധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ശ്രീ നരേന്ദ്ര മോഡിയെയാണ്‌ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്‌. ശ്രീ മോഡി വലതുപക്ഷ ചിന്താഗതിയുള്ള പ്രമുഖനായ നേതാവാണ്‌. 2001 മുതല്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി ഭരണം നിര്‍വഹിക്കുന്നു.

1950 സെപ്‌റ്റംബര്‍ 17 ന്‌ ഗുജറാത്തിലെ വഡ്‌നാഗറില്‍ ജനിച്ചു. സാധാരണക്കാരനില്‍ സാധാരണക്കാരനായി എളിമയും വിനയവുമുള്ള ഒരു കുടുംബത്തില്‍ വളര്‍ന്നു. കൌമാര പ്രായത്തില്‍ത്തന്നെ ജീവിക്കാന്‍വേണ്ടി ജോലി തുടങ്ങി. സ്വന്തം സഹോദരനുമായി സ്ഥലത്ത്‌ ഒരു ചായക്കട നടത്തി. അതേ ഗ്രാമത്തിലുള്ള സ്‌കൂളിലായിരുന്നു പഠിച്ചത്‌. പഠിക്കുന്നകാലം മുതല്‍ നല്ല ഒരു വാഗ്മിയായിരുന്നു. എമര്‍ജന്‍സികാലത്ത്‌ (ഋാലൃഴലിര്യ) മോഡി ഒളിച്ചുനടന്നിരുന്നു. ഒളിത്താവളങ്ങളില്‍നിന്ന്‌ ലഘുലേഖകള്‍വഴി പ്രചരണങ്ങളും നടത്തിയിരുന്നു. ഗുജറാത്ത്‌ യൂണിവേഴ്‌സിറ്റിയില്‍നിന്ന്‌ രാഷ്ട്രീയ സാമൂഹിക ശാസ്‌ത്രത്തില്‍ (ജീഹശശേരമഹ ടരശലിരല) ബിരുദാനന്തരബിരൂദം നേടി. പിന്നീട്‌ ബി.ജെ.പി. ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ പ്രവര്‍ത്തനം ഡല്‍ഹിയിലാക്കി.1998ല്‍ മോഡി ബിജെപിയുടെ ദേശീയ സെക്രട്ടറിയുമായി. 2001 മുതല്‍ ഗുജറാത്ത്‌ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമായി സ്ഥാനമേറ്റു.

പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന നരേന്ദ്ര മോഡിക്ക്‌ അനേകം രാഷ്ട്രീയ പ്രതിയോഗികളുണ്ട്‌. മത്സരത്തില്‍ പാര്‍ട്ടിസ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കുന്നതുവരെ അദ്ദേഹത്തെ എതിരാളികള്‍ പിശാചിനു തുല്യമായി കണ്ടിരുന്നു. ഗുജറാത്തിന്റെ പുരോഗതി അംഗികരിക്കാന്‍ സാധിക്കാതെ ഗുജറാത്തല്ല ഇന്ത്യായെന്നായി അവരുടെ മുദ്രാവാക്യം. ഗാന്ധികുടുംബം പോലെ അദ്ദേഹത്തിന്‌ ആഗോളബന്ധമില്ല. പാരമ്പര്യമായി പേരും പെരുമയും ആര്‍ജിച്ച കുടുംബവുമല്ല. അരവിന്ദ കെജ്രിവാള്‍നെപ്പോലെ വിദ്യാസമ്പന്നരായ മാതാപിതാക്കള്‍ മോഡിയ്‌ക്കുണ്ടായിരുന്നില്ല. പാര്‍ട്ടിഫണ്ടില്‍നിന്നോ ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നോ സ്വന്തമായി പണം ഒരിക്കലും എടുത്തിട്ടില്ല. മറ്റു നേതാക്കന്മാരെപ്പോലെ അദ്ദേഹത്തിന്റെ പേര്‌ പ്രസിദ്ധരായവരുടെ പട്ടികയിലില്ല. ഒന്നാതരം ഹോട്ടലുകളില്‍ പാര്‍ട്ടികള്‍ നടത്തി നടന്നിരുന്ന നേതാവായിരുന്നില്ല. ഊണും ഉറക്കവുമില്ലാതെ ജോലി ചെയ്യണമെന്ന ചിന്തകളുമായി മാത്രം നടക്കുന്ന ഒരു ജോലി ഭ്രാന്തനാണദ്ദേഹം. സ്വപ്രയത്‌നത്തിലൂടെ ഉയര്‍ന്നുവന്ന മോഡി രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയെന്ന കര്‍മ്മോന്മുഖപീഠത്തിലേക്ക്‌ തന്റെ ജൈത്രയാത്ര തുടരുന്നു.

അമേരിക്കയിലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ പരാജിതനായ ഗോള്‍ഡ്‌ വാട്ടറിന്റെ മുദ്രാവാക്യമാണ്‌ ബി.ജെ.പി. ഉപയോഗിക്കുന്നത്‌. `നിങ്ങളുടെ ഹൃദയങ്ങളില്‍ അദ്ദേഹം ശരിയെന്ന്‌ നിങ്ങള്‍ക്കറിയാം. നമ്മുടെ ഒരേ മനസും ഒരേ ചിന്താഗതിയുമുള്ള ഐക്യം ഒരേ സ്വരത്തില്‍ ആഞ്ഞടിക്കട്ടെ.` മോഡി പറയും, ?നികുതി കൊടുക്കുന്നവന്റെ പണം പാഴാക്കി കളയുന്നതല്ല രാഷ്ട്രീയം. അനാവശ്യ പാഴ്‌ചെലവുകള്‍ ഇല്ലാതാക്കുമ്പോഴാണ്‌ സാമ്പത്തിക ശാസ്‌ത്രത്തിന്റെ അവബോധമുളവാകുന്നത്‌. ഗുജറാത്തല്ല ഇന്ത്യയെന്ന്‌ പ്രതീക്ഷകള്‍ ഇല്ലാത്തവര്‍ പറയും. ഗുജറാത്ത്‌ മോഡലും ഭാരത മോഡലും പരസ്‌പര വിരുദ്ധമല്ല.`

മോഡിയുടെ ഗുജറാത്തില്‍ സാമ്പത്തിക പരീക്ഷണങ്ങള്‍ അസൂയാവഹമായ നേട്ടങ്ങളാണ്‌ കൈവരിച്ചത്‌. വ്യവസായലോകത്ത്‌ മോഡി വളരെയേറെ സമ്മതനാണ്‌. വളര്‍ന്നുവരുന്ന കൊച്ചുവ്യവസായികളുടെ ഇടയിലും ചെറു കൃഷിക്കാരുടെയിടയിലും പ്രിയപ്പെട്ടവനാണ്‌. ഇന്ത്യയുടെ 75 ശതമാനം വ്യവസായ പ്രമുഖരും സാമ്പത്തിക മേഖലയിലെ പ്രമുഖപത്രങ്ങളും അദ്ദേഹത്തെ പിന്താങ്ങുന്നു. റോയിട്ടര്‍ റിപ്പൊര്‍ട്ടനുസരിച്ചുള്ള അഭിപ്രായ സര്‍വേയില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക്‌ 7 ശതമാനം മാത്രമേ വ്യവസായ ലോകത്തില്‍നിന്നുള്ള പിന്തുണയുള്ളൂ. ഗുജറാത്തില്‍ മോഡിയുടെ ഭരണത്തില്‍ക്കൂടി കച്ചവടക്കാര്‍, വ്യവസായികള്‍, കുടിയേറ്റക്കാര്‍, കൃഷിക്കാര്‍ എന്നിങ്ങനെ ജീവിതത്തിന്റെ നാനാ തുറകളിലുള്ളവര്‍ പുരോഗമിച്ചു കഴിഞ്ഞു. അതുകൊണ്ടാണ്‌ അദ്ദേഹത്തെ ജനം മുഖ്യമന്ത്രിയായിട്ട്‌ തുടര്‍ച്ചയായി തെരഞ്ഞെടുക്കുന്നത്‌. മനോഹരമായ വീതിയുള്ള റോഡുകളും ട്രാന്‍സ്‌പോര്‍ട്ട്‌ സൗകര്യങ്ങളും സംസ്ഥാനമാകെ നിര്‍മ്മിച്ചു. അഴിമതികള്‍ കുറവുള്ള ഉദ്യോഗസ്ഥരും ഗുജറാത്തിന്റെ വിജയരഹസ്യമായിരുന്നു.

എന്നിരുന്നാലും 2002 ലെ വര്‍ഗീയലഹളമൂലം മോഡിയുടെ രാഷ്ട്രീയഭാവിക്ക്‌ മങ്ങലേറ്റിരുന്നു. ഗുജറാത്തില്‍ ആയിരക്കണക്കിന്‌ ജനം മരിച്ചു. അതില്‍ ഭൂരിഭാഗവും മുസ്ലിങ്ങളായിരുന്നു. അന്ന്‌ ആദ്യത്തെ തവണ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്‌ ഗുരുതരമായ ഈ സംഭവവികാസങ്ങള്‍ നടന്നത്‌.

അഴിമതിക്കെതിരെ `ആം ആദ്‌മി പാര്‍ട്ടിയും' കെജ്രിവാളും:

`ആം ആദ്‌മി ' എന്ന പുതിയ രാഷ്ട്രീയസംഘടന തലസ്ഥാനനഗരിയായ ഡല്‍ഹിയുടെ ഭരണചക്രം നേടിയതോടെ ഭാരതീയ രാഷ്ട്രീയ ചൈതന്യത്തിനുതന്നെ പുത്തനായ ഒരു ഉണര്‍വ്‌ നേടിയിരിക്കുന്നു. പ്രമുഖ പാര്‍ട്ടികളിലെ കൊടികുത്തി വാണിരുന്ന നേതാക്കന്മാരൊന്നാകെ സംസ്ഥാനപദവിയുള്ള ഡല്‍ഹിയിലെ രാഷ്ട്രീയത്തില്‍ നിലംപതിച്ച്‌ പരാജയം സമ്മതിക്കേണ്ടി വന്നു. അവിടെയാണ്‌ സാധാരണക്കാരന്റെ ഹൃദയ സ്‌പന്ദനങ്ങളുമായി പുതിയ രാഷ്ട്രീയപാര്‍ട്ടി മോഹന വാഗ്‌ദാനങ്ങളുമായി ഉദയം ചെയ്‌തിരിക്കുന്നത്‌. അഴിമതിരഹിതമായ ഒരു വ്യവസ്ഥാപിത ഭരണം രാഷ്ട്രത്തില്‍ നടപ്പിലാക്കുകയെന്നതാണ്‌ പാര്‍ട്ടിയുടെ പരമമായ ലക്ഷ്യം. 2012ല്‍ സ്ഥാപിതമായ ഈ പാര്‍ട്ടി ഇന്ന്‌ സാധാരണക്കാരായ ഭാരതീയ ജനങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു

രാഷ്ട്രീയത്തില്‍ ഇടതും വലതുമായി രണ്ട്‌ വലിയ വൈരികളോടാണ്‌ ഒരു വര്‍ഷം താഴെ പ്രായമുള്ള ശിശുവായ `ആം ആദ്‌മി പാര്‍ട്ടിക്ക്‌' നേരിടേണ്ടത്‌. രാഷ്ട്രത്തിന്‍റെ ഉണര്‍വിനായുള്ള അനേകമനേക ലക്ഷ്യബോധങ്ങളാണ്‌ പാര്‍ട്ടിയെ നയിക്കുന്നത്‌. 'അധികാരം' തലമുറകളായി വികേന്ദ്രികരിച്ചുകൊണ്ടുള്ള പേരും പെരുമയും ആര്‍ജിക്കുന്ന പ്രതാപമുള്ള കുടുംബങ്ങളുടെ മാത്രം കുത്തകയല്ലെന്ന്‌ പാര്‍ട്ടി വിശ്വസിക്കുന്നു. അവിടം സാധാരണക്കാരനും അഭിപ്രായം പറയാന്‍ അവസരങ്ങള്‍ ഉണ്ടാകണം. ഐശ്വര്യവും സന്തോഷവും അവര്‍ക്കു വേണം. ആവശ്യമായ ഭക്ഷണവും വസ്‌ത്രവും പാര്‍പ്പിടവും ഓരോ ഭാരതവാസിക്കും ഉറപ്പു വരുത്തണം. ഭരണം കിട്ടിയാല്‍ അഴിമതി രഹിതമായ ഒരു ഭാരതത്തിനായി സ്വപ്‌നം കണ്ട്‌ തയ്യാറാക്കിയ 'ലോകപാല്‍ ബില്‍' മൂന്നാഴ്‌ചയ്‌ക്കുള്ളില്‍ പാസാക്കുമെന്നും വാഗ്‌ദാനങ്ങളില്‍ ഉണ്ട്‌. രാജ്യത്തുള്ള സകലമാന യുവാക്കള്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനം നല്‌കുക, ആകമാന ഭാരതത്തിലെ ഗ്രാമീണ ജനങ്ങളുടെ അവകാശങ്ങളെ അവരില്‍ ബോധവത്‌ക്കരിക്കുക എന്നീ ലക്ഷ്യബോധങ്ങളോടെ കുറ്റിച്ചൂലുമായി പാര്‍ട്ടി മുമ്പോട്ടു നീങ്ങുന്നു.

പുതിയതായി ഉദയം ചെയ്‌ത ഈ പാര്‍ട്ടിയെ നയിക്കാന്‍ ഭാരതത്തിന്റെ തലസ്ഥാനനഗരിയില്‍ സര്‍ദാര്‍ പട്ടേലിനെപ്പോലെ അരവിന്ദ്‌ കെജ്രിവാള്‍ എന്ന ഉരുക്കുമനുഷ്യന്‍ ഉയര്‍ന്നുവന്നിരിക്കുന്നു. ശബ്ദിക്കുന്ന ഈ സിംഹം നാളെയുടെ ഭാരതത്തിന്‌ പ്രതീക്ഷകള്‍ നല്‌കുന്നുണ്ട്‌. അഴിമതിരഹിതമായ ഒരു രാഷ്ട്രമാണ്‌ അദ്ദേഹത്തിന്റെ സ്വപ്‌നം. ചുരുങ്ങിയ കാലത്തെ നേട്ടങ്ങള്‍ രാഷ്ട്രീയ ചരിത്രത്തില്‍ത്തന്നെ എഴുതപ്പെട്ടു. ഇന്ത്യന്‍ ധനകാര്യമന്ത്രിയെന്ന നിലയിലും റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണ്ണര്‍ എന്ന നിലയിലും മന്‍മോഹന്‍ നേടിയ നേട്ടങ്ങള്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം നശിപ്പിച്ചുവെന്നുള്ളതാണ്‌ സത്യം. അഴിമതിരഹിതനായ ഒരു മന്‍മോഹനോ ആന്റണിയോ മാത്രം നല്ലവനായാല്‍ ഇന്ത്യയുടെ അഴിമതി ഭരണത്തിന്‌ പരിഹാരമാവുകയില്ല. അകംമുതല്‍ എവിടെയും സര്‍വ്വതും ചൂലുകൊണ്ടടിച്ച്‌ വൃത്തിയാക്കണം. അതിനായി ഇന്നുള്ള ഭരണത്തിലുള്ളവരെയും കോഴരാഷ്ട്രീയക്കാരെയും ഒന്നായി പുറത്താക്കേണ്ടതുണ്ട്‌.

തികച്ചും വ്യത്യസ്‌തനായ ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ്‌ അരവിന്ദ്‌ കെജ്രിവാള്‍. കേന്ദ്ര ഐ.ഐ.റ്റി. എഞ്ചിനീയറിംഗ്‌ കോളേജില്‍നിന്നും ഡിഗ്രി നേടിയശേഷം സിവില്‍ സര്‍വീസില്‍ പ്രവേശിച്ചു. വിദ്യാസമ്പന്നരായ സ്വന്തം മാതാപിതാക്കളായിരുന്നു എന്നും അദ്ദേഹത്തിന്‌ വഴികാട്ടിയായിരുന്നത്‌. ഈ ചെറുപ്പക്കാരന്‍ അടിത്തട്ടുമുതല്‍ സമൂഹത്തിന്റെ മാറ്റത്തിനായി സമരം ചെയ്യുന്നു. അദ്ദേഹം തുടക്കം കുറിച്ചത്‌ റേഷന്‍കാര്‍ഡിലെ അഴിമതികള്‍ പുറത്താക്കിയതില്‍ക്കൂടിയായിരുന്നു. ചുറ്റുമുള്ള നിരക്ഷരരായ ജനങ്ങള്‍ക്ക്‌ ആദായനികുതിയുടെ കണക്കുകളും ശരിപ്പെടുത്തി കൊടുക്കുമായിരുന്നു. അണ്ണാ ഹസാരയുമൊത്ത്‌ പ്രവര്‍ത്തിച്ചതിന്‌ അറസ്റ്റും ചെയ്‌തിട്ടുണ്ട്‌.

കൗമാരപ്രായംമുതല്‍ അരവിന്ദ്‌ കെജ്രിവാള്‍ പെന്‍സില്‍ കിട്ടിയാല്‍ കണ്ണില്‍ കാണുന്ന എന്തു ചിത്രങ്ങളും വരക്കുമായിരുന്നു. മരങ്ങളുടെയും കെട്ടിടങ്ങളുടെയും മൃഗങ്ങളുടെയും പടങ്ങള്‍ വരക്കലും ഈ ചിത്രകാരന്റെ ഹോബിയാണ്‌. ആതുരസേവനത്തില്‍ക്കൂടി മനുഷ്യസ്‌നേഹം പ്രകടിപ്പിച്ചിരുന്നു. മദര്‍ തെരസായുടെ ആശ്രമത്തിലും അദ്ദേഹം സേവനം ചെയ്‌തിട്ടുണ്ട്‌. പഠിക്കാന്‍ അതിമിടുക്കനായ ഈ സിവില്‍ സര്‍വീസ്‌ സേവകന്‌ വിദേശത്ത്‌ പോകുവാന്‍ അവസരങ്ങള്‍ ലഭിച്ചിട്ടും പണം ഉണ്ടാക്കാന്‍ മാര്‍ഗങ്ങള്‍ തെളിഞ്ഞിട്ടും അതെല്ലാം വേണ്ടെന്ന്‌ വെച്ചു. സ്വന്തം രാജ്യത്തെ സേവിച്ചാല്‍ മതിയെന്ന്‌ എന്നും വാശി പിടിച്ചിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രിയായ ശേഷം ഹൃസ്വവും അര്‍ത്ഥമുള്ളതുമായ പ്രസംഗത്തില്‍ കെജ്രിവാള്‍ പറഞ്ഞു, `സര്‍ക്കാര്‍ കാര്യാലയങ്ങളിലെ ചുവപ്പ്‌ നാടകളാണ്‌ രാജ്യത്തിന്‌ ഇന്ന്‌ അപകടം പിടിച്ചത്‌. കഴിഞ്ഞ കാലങ്ങളിലൊന്നിലും സത്യത്തിനും വിശ്വസ്‌തതക്കും ഒരിക്കലും വില കല്‍പ്പിച്ചിട്ടുണ്ടായിരുന്നില്ല. അഴിമതികള്‍ക്ക്‌ സര്‍ക്കാരും കൂട്ടുനിന്ന്‌ പ്രതിഫലം നേടിയിരുന്നു. എന്നാല്‍ കെജ്രിവാള്‍ യുഗം സത്യത്തിന്റെ വിജയവും അഴിമതികളുടെ നാശവുമായിരിക്കും. ഇന്ന്‌ നിലവിലുള്ള എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അഴിമതിക്കാരെന്ന്‌ വിചാരിക്കരുത്‌. ഭൂരിഭാഗവും നല്ലവരാണ്‌. എങ്കിലും അഴിമതിയില്ലാത്ത ഭരണവാഗ്‌ദാനം ചുവപ്പ്‌ നാടകള്‍ക്ക്‌ വെല്ലുവിളിയാകും. അഴിമതിക്കാരായവര്‍ ഞങ്ങളുടെ ഭരണത്തെ ഭയപ്പെടുന്നു. എന്നാല്‍ ഭയപ്പെടേണ്ടാ. ഇനി മേല്‍ അഴിമതികള്‍ അവസാനിപ്പിച്ച്‌ സത്യവാന്മാരായാല്‍ മതി. അഴിമതിക്കാരെ കുരുക്കിലകപ്പെടുത്താന്‍ ആദ്യം അഴിമതിയോട്‌ സഹകരിക്കൂ. അഴിമതി അവര്‍ക്ക്‌ നിഷേധിക്കരുത്‌. നിങ്ങള്‍ക്ക്‌ ഞങ്ങളൊരു നമ്പര്‍ തരാം. പരാതികിട്ടി രണ്ടു ദിവസത്തിനുള്ളില്‍ അഴിമതിക്കാരെ കയ്യോടെ പിടികൂടി നിയമത്തിന്റെ കയ്യാമം അവരുടെ കൈകളില്‍ വെയ്‌ക്കും. ഇന്നേക്ക്‌ രണ്ടരവര്‍ഷം മുമ്പ്‌ അഴിമതിയില്ലാത്ത ഒരു വ്യവസ്ഥക്കായി; ലോകപാല്‍ ബില്‍ പാസ്സാക്കാനായി അന്നാ ഹസ്സാരെ പതിമൂന്നു ദിവസം നിരാഹാര സത്യാഗ്രഹം ചെയ്‌തു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ സ്വപനങ്ങള്‍ സഫലീകരിക്കാനായി ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്‌തു. ഒപ്പം സത്യാഗ്രഹം ഇരുന്ന്‌ സമരം നടത്തി. ഒന്നും സംഭവിച്ചില്ല. സമൂലമായ ഒരു രാഷ്ട്രീയ പരിവര്‍ത്തനം വരാതെ ഈ രാജ്യത്തൊന്നും സംഭവിക്കില്ലാന്നും അഴിമതി നിവാരണം അസാധ്യമെന്നും ഞങ്ങള്‍ക്ക്‌ മനസിലായി. അഴിമതി രഹിതമായ ഒരു രാഷ്ട്രം സ്വപ്‌നം കാണുന്നുവെങ്കില്‍ ഇന്ന്‌ നിലവിലുള്ള ദുഷിച്ച രാഷ്ട്രീയം ഇല്ലാതാവണമെന്ന്‌ ഞാന്‍ അന്നാ ഹസാരയോട്‌ പറയുമായിരുന്നു. വ്യക്തിപരമായി ഭൂരിഭാഗവും പ്രതിപക്ഷപാര്‍ട്ടികളും നല്ലവരാണ്‌. ഞങ്ങള്‍ നേരായ വഴിയേ പോവുന്നുവെങ്കില്‍ നിങ്ങളുടെ പാര്‍ട്ടികളെ മറക്കൂ. ഞങ്ങളെ പിന്തുണച്ച്‌ ഞങ്ങള്‍ക്ക്‌ ബലം തരുക.`

അരവിന്ദ്‌ കെജ്രിവാള്‍ ഗാന്ധിയുടെ സമാധിയില്‍ പുഷ്‌പാര്‍ച്ചന നടത്തിയശേഷം ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി ചുമതലകള്‍ ഏറ്റെടുത്ത്‌ ചരിത്ര മുഹൂര്‍ത്തത്തിന്‌ സാക്ഷിയായി. ഭാരതത്തിന്‌ സ്വാതന്ത്ര്യം കിട്ടി 21 വര്‍ഷം കഴിഞ്ഞാണ്‌ അദ്ദേഹം ജനിച്ചത്‌. അതും ഒരു ആഗസ്റ്റ്‌ പതിനാറാം തിയതി. ചരിത്രം ഉറങ്ങുന്ന ഡല്‍ഹിയിലെ റെഡ്‌ ഫോര്‍ട്ടില്‍ വരാനിരിക്കുന്ന ഒരു ആഗസ്റ്റ്‌ പതിനഞ്ചാം തിയതി അഴിമതിയില്ലാത്ത ഭാരതത്തിന്റെ ഭരണചക്രം തിരിച്ചുകൊണ്ട്‌ സ്വാതന്ത്ര്യത്തിന്റെ പതാക ഭാവിയിലെ പ്രധാനമന്ത്രിയായി അരവിന്ദ്‌ കെജ്രിവാള്‍ ഉയര്‍ത്തുമെന്നും പ്രതീക്ഷിക്കാം.
ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആര്‌? പ്രതീക്ഷകളും വിലയിരുത്തലുകളും (ജോസഫ്‌ പടന്നമാക്കല്‍)
Join WhatsApp News
murali 2014-01-19 17:36:43
  IIT engineering college ????? what a brillant idea???
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക