Image

എന്താണീ പ്രവാസി സമ്മാന്‍? ഇത് ലഭിക്കുവാന്‍ ഓരോ പ്രവാസിയും എന്തു ചെയ്യണം? എന്ത് ചെയ്യരുത്…..

അനില്‍ പെണ്ണുക്കര Published on 13 January, 2014
എന്താണീ പ്രവാസി സമ്മാന്‍? ഇത് ലഭിക്കുവാന്‍ ഓരോ പ്രവാസിയും എന്തു ചെയ്യണം? എന്ത് ചെയ്യരുത്…..
എന്താണീ ഈ പ്രവാസി സമ്മാന്‍ ?
ഇത് ലഭിക്കുവാന്‍ ഓരോ പ്രവാസിയും എന്തു ചെയ്യണം ?
എന്ത് ചെയ്യരുത്…..



എന്താണ് ഈ പ്രവാസി സമ്മാന്‍ ?ഒറ്റ വാക്കില്‍ പറഞ്ഞാല്‍ വയലാര്‍ രവി തന്റെ ഇഷ്ടക്കാര്‍ക്ക് കൊടുക്കുന്ന അവാര്‍ഡിനെയാണ്  “ പ്രവാസി സമ്മാന്‍ “ എന്നുപറയുന്നത് എന്ന് വേണമെങ്കില്‍ നിര്‍വചിക്കാം.

എന്താണ് ഈ അവാര്‍ഡ് ലഭിക്കാനുള്ള മാനദണ്ഡം ?

നാടന്‍ ഭാഷയില്‍ പറഞ്ഞാന്‍  'കുഴലൂത്ത് '  പഠിക്കണം

പഠിച്ചാന്‍ മാത്രം പോരാ നല്ലതുപോലെ ഊതാനും പഠിക്കണം. എവിടെയൊക്ക പോയി ഊതണം . ആരുടെ മുമ്പില്‍ ഊതണം എന്നൊക്കെ കൃത്യമായി അറിയുകകയും വേണം. ഇത്തവണത്തെ പ്രവാസി സമ്മാന്‍ കോടതി കയറുകയാണ്. ഇതെല്ലാം കണ്ടിട്ട് ജി. ശങ്കരക്കുറുപ്പ് തന്റെ കുഴിമാടത്തില്‍ നിന്ന് എണീറ്റുവന്ന് ജ്ഞാനപീഠം തിരിച്ചു നല്‍കുമോന്നണെന്റെ പേടി.

പല പ്രവാസി അവാര്‍ഡു പരിപാടികളിലും ക്ഷണിക്കാതെയും ക്ഷണിച്ചും പോയിട്ടുള്ള ഒരു ഹതഭാഗ്യനാണ് ഞാന്‍. ഈ പരിപാടിയൊക്കെ കഴിയുമ്പോള്‍ അവാര്‍ഡ് കൊടുത്ത സംഘടനക്കാരും, അവാര്‍ഡ് വാങ്ങിയ കോതണ്ഡനും മാത്രം അവശേഷിക്കും. ഹോട്ടല്‍ ബില്ല്, ഭക്ഷണബില്ല്, ചെക്ക് ബില്ല് , അനൗണ്‍സ്‌മെന്റ്ബില്ല്, ട്രോഫി ബില്ല്, അവതാരകബില്ല്, ഇങ്ങനെ നീണ്ട ഒരു ബില്ല് ഈ കോതണ്ഡന്‍ കെട്ടണം. എറണാകുളത്തും, കോട്ടയത്തും പ്രവാസി പുരസ്‌കാരം നല്‍കി ആദരിച്ച ഒരു സംഘടന  ഒരു പ്രവാസിയുടെ ആഗ്രഹത്തെയും, അമിതാഗ്രഹത്തേയും മാനിച്ച് തിരുവല്ലയിലും വച്ചൊരു അവാര്‍ഡ്‌മേള. ഇത് സംഘടിപ്പിച്ച വിദ്വാനോട് ഞാന്‍ ചോദിച്ചു. ഈ പണി നല്ലതാണോ ?
നിര്‍ബന്ധിച്ചാ പിന്നെ എന്നാ ചെയ്യുക. ഒരു വിസാ തരപ്പെട്ടു. അടുത്തവര്‍ഷം ഭാര്യയ്ക്കും .

ഹാ..ഹി..ഹു..

ഇത്രേയുള്ളൂ ചെറിയ പ്രവാസി സമ്മാന്‍ . ഇനി ഇത്തിരി വലുതുമുണ്ട്- തിരുവനന്തപുരത്ത,് അത് സംഗതി ജോറാണ്. ഒരു ലക്ഷം മുതല്‍ തുടങ്ങും ലേലം വിളി. ഗ്രൂപ്പാണെങ്കില്‍ ആളൊന്നിന് 50000, മതി. ഏതാണ്ട് പ്രവാസി ദിവസിനോടനുബന്ധിച്ച് സംഭവം കിട്ടും.

അല്പം കൂടി മൂത്തതാണ് ഈ പ്രവാസി സമ്മാന്‍. ആകെയുള്ള ഒരു നേട്ടം രാഷ്ട്രപതിയാണ് ഈ സമ്മാനം നല്‍കുന്നതെന്നാണ്. അദ്ദേഹത്തിനറിയില്ലല്ലോ മുമ്പില്‍ വന്നു നില്‍ക്കുന്നവന്റെ ചരിത്രം… കൊടുക്കാന്‍ പറയുന്നു, കൊടുക്കുന്നു. ക്ലിക്ക് . അതുമതി. പടം വീടിന്റെ മുന്‍ഭാഗത്ത് തൂങ്ങും. പത്തു തലമുറ കഴിയുമ്പോല്‍ സമ്മാനം കിട്ടിയവന്റെ കൊച്ചു മക്കള്‍ പറയും ഇന്ത്യയുടെ ഇത്രാമത്തെ രാഷ്ട്രപതിയുടെ കയ്യില്‍ നിന്നും പ്രവാസി സമ്മാന്‍ വാങ്ങിച്ചതാ എന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്‍ എന്ന്.
എടോ എനിക്ക് എ.പി.ജെ അബ്ദുള്‍ കലാമിന്റെ കയ്യില്‍ നിന്നും പ്രവാസി സമ്മാന്‍ വേണമെന്നായിരുന്നു ആഗ്രഹം . ഇനി വേണ്ട.

അതൊരു നല്ല ആഗ്രഹമായിരുന്നു. പത്തോ ഇരുപത്തഞ്ചോ മുടക്കിയാലും വേണ്ടില്ല. ചിലരുടെ ആഗ്രഹം പോകുന്ന പോക്കേ.

എന്തായാലും ഇത്തവണ പലര്‍ക്കും കിട്ടി സമ്മാന്‍ . എല്ലാവര്‍ക്കും ഈയുള്ളവന്റെ അഭിനന്ദനങ്ങള്‍.
എനിക്കറിയാവുന്ന ഒരു കാര്യം കൂടി പറയട്ടെ പ്രവാസി സമ്മാന്‍ ലഭിച്ച പ്രവാസിയാണ്, റസാഖ് കൊട്ടേക്കാട്. നന്മ നിറഞ്ഞ അദ്ദേഹത്തിന്റെ പ്രവാസി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഒന്നു നോക്കാം. സമ്മാന്‍ ലഭിച്ച മറ്റുള്ളവരോടുള്ള സര്‍വ്വ ആദരവും നിലനിര്‍ത്തിയാണ് ഇത് ഇവിടെ കുറിക്കുന്നത്..
ഫോട്ടോഗ്രാഫര്‍ ജലീല്‍ ആലപ്പുവ പറഞ്ഞ അനുഭവകഥ ഇങ്ങനെ , ബതാഹയില്‍ മരിച്ച മലയാളിയുടെ മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് ഷിഹാബ് കൊട്ടുകാടിനെ തേടി അതിരാവിലെ ചെല്ലുമ്പോള്‍ അയാള്‍ ഉറക്കത്തിലായിരുന്നു. രാത്രി വൈകി തിരിച്ചെത്തിയ ക്ഷീണം വകവയ്ക്കാതെ ജലീലിനൊപ്പം ഇറങ്ങിയ ഷിഹാബിനെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ജലീല്‍ തിരികെ കൊണ്ടു വിടുകയും ചെയ്തു. ഷിഹാബ്  പക്ഷേ വീട്ടില്‍ കയറാതെ സഹായം തേടി തന്നെയാണ് പുറത്തുനിന്നിരുന്ന മറ്റൊരു സംഘത്തോടൊപ്പം പുറപ്പെടുകയായിരുന്നു. പിന്നീട് തിരികെയെത്തിയത് രാത്രി രണ്ട് മണിക്ക്. അടുത്ത ദിവസമാണ് ജലീല്‍ ഇതറിയുന്നത്.

ഷിഹാബിനെ ജലീല്‍ വിളിച്ചു കൊണ്ടു പോകുമ്പോള്‍ ഷിഹാബിന്റെ ഭാര്യ റമീസയും മക്കളായ റമീസും, റിഫൈദയും, ഉറക്കത്തിലായിരുന്നു.

അതെല്ലാം തന്നെയാണ് ദിവസങ്ങളോളം വീട്ടില്‍ ഇല്ലായിരുന്ന ഷിഹാബ് തിരിച്ചെത്തിയ ദിവസം നടന്ന സംഭവമാണിത്.

മഴ കോരിച്ചൊരിയുന്ന ഒരു പകല്‍ ഷിഹാബിന്റെ ഫോണ്‍ ചിലച്ചു. ഇക്കാ ഒരു വീട്ടു ജോലിക്കാരി അവശനിലയില്‍ എന്റെ വീട്ടിലുണ്ട് . ഉടനെ ചെന്നെത്തണം. പതിനാറ് കിലോ ഭാരം വരുന്ന മന്ദബുദ്ധിയായ കുട്ടിയെ ദിവസവും മദ്രസയിലേക്ക് കൊണ്ടുപോകാന്‍ കാറില്‍ എടുത്തു കയറ്റുന്ന ജോലി മാസങ്ങളോളം ചെയ്തതിനെ തുടര്‍ന്ന് ഗര്‍ഭപാത്രം പുറത്തേക്ക് തള്ളിയ നിലയില്‍ ആശുപത്രിയിലെത്തിയ കോഴിക്കോട്ടുകാരിയായിരുന്നു അവിടെ ഉണ്ടായിരുന്നത് . അവരെ സ്വന്തം വീട്ടില്‍ എത്തിച്ച് ഷിഫാ അല്‍ ജസീറയിലെ ഗൈനക്കോളജിസ്റ്റ് റീനാ സുരേഷിനെ ക്കൊണ്ട് ചികിത്സിപ്പിച്ച് അവരെ യാത്ര ചെയ്യാവുന്ന നിലയില്‍ എത്തിച്ചു. അവര്‍ക്ക് പുറത്തുനിന്ന് കിട്ടാവുന്ന സഹായം കൂടി ലഭ്യമാക്കിയാണ് ആ സ്ത്രീയെ ഷിഹാബ് നാട്ടിലെത്തിയത്.

ശുമൈസിയിലെ ഒരു ഇടുങ്ങിയ മുറിയില്‍ പെണ്‍ മക്കളോടൊപ്പം കഴിഞ്ഞിരുന്ന മുഹമ്മദ് സഈദിനെ റിയാദിലെ മലയാളികള്‍ക്ക് മറക്കാനാവില്ല. അദ്ദേഹത്തിന്റെ മക്കളായ അമലിനും ഐഷക്കും ഇന്ത്യന്‍ പൗരത്വം പോലുമുണ്ടായിരുന്നില്ല. മാസങ്ങളുടെ ശ്രമത്തിനൊടുവില്‍ അമലും ഐഷയും ഇന്ത്യക്കാരായപ്പേങറ്റ ഷിഹാബിന്റെ കണ്ണുനീര്‍ മാധ്യമപ്രവര്‍ത്തകരും കണ്ടതാണ്. മലയാളിക്ക് ഈജിപ്ഷ്യന്‍ വനിതയില്‍ പിറന്ന മകന് ഇന്ത്യന്‍ പൗരത്വം നേടിയെടുക്കാന്‍ ഷിഹാബ് നടത്തിയ ശ്രമങ്ങള്‍ ഏറെ ചര്‍ച്ച ആയിരുന്നു. ഷിഹാബിന്റെ കഥ നീളുമ്പോള്‍ ഒരു പ്രവാസി എവിടെയാണ് കര്‍മ്മ നിരതനാകേണ്ടതെന്ന് നമുക്ക് വെളിവാകുന്നു.

ഇതുപോലെ പ്രവാസി സമ്മാന്‍ ലഭിച്ചവരുടെ കഥയില്‍ നമുക്ക് ചികയാം, ആരെല്ലാം ഇതിന് അര്‍ഹരാണെന്നും. ആദരവ് കാശ് കൊടുത്ത് വാങ്ങരുത്. അത് നാണക്കേട് സമ്മാനിക്കും. ഇത്രയും കുത്തിക്കുറിച്ചത് ചില് സത്യങ്ങള്‍ വായനക്കാരെങ്കിലും തിരിച്ചറിയാനാണ് ജയ്ഹിന്ദ്.

സാമൂഹ്യപാഠം

പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ടിംഗിനായി നിരാഹാരം കിടക്കുന്ന നമ്മുടെ സുഹൃത്ത് രാജീവ് ജോസഫിനു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. അവസാനം കിട്ടിയ വാര്‍ത്ത ….ദൃശ്യം സിനിമ ഓണ്‍ലൈനില്‍. ടെക്‌നോളജിയുടെ പോക്കേ…..


എന്താണീ പ്രവാസി സമ്മാന്‍? ഇത് ലഭിക്കുവാന്‍ ഓരോ പ്രവാസിയും എന്തു ചെയ്യണം? എന്ത് ചെയ്യരുത്…..എന്താണീ പ്രവാസി സമ്മാന്‍? ഇത് ലഭിക്കുവാന്‍ ഓരോ പ്രവാസിയും എന്തു ചെയ്യണം? എന്ത് ചെയ്യരുത്…..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക