Image

അഴിമതിരഹിത ഭരണം വരണം (ചാരുംമൂട്‌ ജോസ്‌)

Published on 16 January, 2014
അഴിമതിരഹിത ഭരണം വരണം (ചാരുംമൂട്‌ ജോസ്‌)
സാമ്രാജ്യത്വ ശത്രുക്കളില്‍ നിന്ന്‌ ഭാരതം സ്വാതന്ത്ര്യം നേടിയിട്ട്‌ 67 വര്‍ഷമായി. ഇന്ത്യയെ ലോക രാഷ്‌ട്രങ്ങള്‍ക്കുമുന്നില്‍ ഉയര്‍ത്തിക്കാട്ടാന്‍ പരിശ്രമിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ വന്‍ നേട്ടം അവകാശപ്പെടുന്നതില്‍ ഒരു തെറ്റുമില്ല. മൊട്ടുസൂചി മുതല്‍ ആധുനിക ബഹിരാകാശ പേടകങ്ങള്‍ വരെ ഉത്‌പാദിപ്പിച്ച്‌ ശക്തി തെളിയിച്ചുകഴിഞ്ഞു. എല്ലാവളര്‍ച്ചയിലും നിസ്വാര്‍ത്ഥരായി അഴിമതി രഹിതരായ നേതാക്കള്‍ നിലനിന്നിരുന്നതുകൊണ്ടാണ്‌ സാമ്പത്തിക ശക്തികളില്‍ നാലാം സ്ഥാനത്ത്‌ ഇന്ത്യ നിലയുറപ്പിച്ച്‌ നില്‍ക്കുന്നത്‌.

എത്ര അഴിമതികള്‍ നടന്നാലും എത്ര കൊള്ളമുതല്‍ അഴിമതി രാഷ്‌ട്രീയക്കാര്‍ വിദേശത്തേക്ക്‌ കടത്തിയാലും ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. ബാങ്കുകള്‍ ദേശസാത്‌കരിച്ച ഇന്ദിരാഗാന്ധിയുടെ നടപടിയെ അപലപിച്ച്‌ ബന്ദ്‌ നടത്തിയവര്‍ക്കു പോലും അവരെ കടപ്പാടോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ.

വെല്ലുവിളികളിലും പരാജയത്തിലും തളരാതെ ആറു പതിറ്റാണ്ടോളം പിന്നിട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗസ്‌ ഇന്ന്‌ വളരെ ദുര്‍ബലമാണ്‌. ശക്തമായ നേതൃത്വം കൊടുക്കാനാളില്ലാത്ത നേതൃദാരിദ്ര്യം സംഭവിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ്‌ മാറി. പിളര്‍പ്പാണ്‌ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുന്നത്‌. നിജലിംഗറാവു മുതല്‍ കാമരാജും മമതാ ബാനര്‍ജിയും വരെയുള്ള നേതാക്കള്‍ സ്വാര്‍ത്ഥതയ്‌ക്കുവേണ്ടി പാര്‍ട്ടിയെ ബലിയാടാക്കി. നേതാക്കന്മാര്‍ വളര്‍ന്നു പന്തലിച്ചു. പാര്‍ട്ടി മാത്രം വളര്‍ന്നില്ല. പടിപടിയായി രാജ്യ വികസനത്തിന്റെ പാതയില്‍ മത്സരിച്ച്‌ മുന്നേറിയപ്പോള്‍ ജനദ്രോഹികളായിരുന്നവര്‍ രാജ്യത്തിന്റെ സമ്പത്ത്‌ കാര്‍ന്നുതിന്നുകയായിരുന്നു. ഇതില്‍ രാഷ്‌ട്രീയ വ്യത്യാസമില്ലാതെ ചെകുത്താന്മാരായ പ്രബലര്‍ അഴിമതിയില്‍ മുങ്ങിക്കുളിക്കുകയായിരുന്നു.

അഴിമതി വിരുദ്ധ തരംഗം ഇന്ത്യ മുഴുവന്‍ ആളിക്കത്തട്ടെ; വരും തെരഞ്ഞെടുപ്പുകളില്‍ അഴിമതിക്കാരേയും ക്രിമിനല്‍ കുറ്റം ചെയ്‌ത രാഷ്‌ട്രീയക്കാരേയും മത്സരിപ്പിക്കാന്‍ നിയമപരമായ തടസമുള്ളത്‌ ഏവര്‍ക്കും ആശ്വാസപ്രദമാകട്ടെ. ജനം ഇക്കൂട്ടരെ തൂത്തെറിയട്ടെ!

ഇന്ത്യയുടെ മഹത്തായ മതേതര പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ കോണ്‍ഗ്രസ്‌ സര്‍ക്കാരുകള്‍ ജാഗ്രത കാട്ടിയിരുന്നു. വിവരാവകാശ നിയമവും ഭക്ഷ്യസുരക്ഷാ സംവിധാനവും മറ്റ്‌ ജനക്ഷേമ പദ്ധതികളും ജനങ്ങള്‍ക്ക്‌ പ്രയോജനമുണ്ടായി. രാജ്യം വികസനത്തിന്റെ പാതയില്‍ അതിവേഗം മുന്നോട്ടുപോയി. പക്ഷെ വികസനം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി അമ്പേ പരാജയപ്പെട്ടു. ഇനിയും വികസനമെത്താത്ത ഗ്രാമങ്ങള്‍ അനവധിയാണ്‌. ഗ്രാമങ്ങള്‍ വികസിച്ചാല്‍ മാത്രമേ ഭാരതം വളരൂ എന്ന ഡോ.അബ്‌ദുള്‍ കലാമിന്റെ അതിവേഗം നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു യുവജന മുന്നേറ്റം ഇന്ന്‌ അനിവാര്യമായിരിക്കുന്നു.

രാമക്ഷേത്രം പുതുക്കിപ്പണിയുമെന്ന ഉറപ്പിന്മേലാണ്‌ ശ്രീമാന്‍ നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക്‌ നിര്‍ദേശിച്ചത്‌. അപ്പോള്‍ വീണ്ടുമൊരു ന്യൂനപക്ഷ ധ്വംസനം അനിവാര്യമാകും. ഈ അവസ്ഥ വികസിത രാജ്യങ്ങള്‍ സ്വപ്‌നം കാണുന്നു. അവിടെയാണ്‌ എ.എ.പിയുടെ (ആം ആദ്‌മി പാര്‍ട്ടി) പ്രസക്തി വര്‍ധിക്കുന്നത്‌. വെറുതെ എണ്ണത്തിനുവേണ്ടി ആളെ തിരുകി കയറ്റുന്ന പാര്‍ട്ടിയായി മാറരുത്‌. അഴിമതിക്കെതിരേ നിരന്തരം നടപടിയെടുത്ത്‌, ഉടന്‍ ശിക്ഷ കല്‍പിച്ച്‌ തീരുമാനങ്ങള്‍ എടുക്കാന്‍ സന്നദ്ധതയുള്ള കറതീര്‍ന്ന നേതാക്കന്മാരെയാണ്‌ ഇന്ന്‌ ആവശ്യം. പാര്‍ട്ടി വളര്‍ത്താനും കോര്‍പ്പറേറ്റ്‌ തലവന്മാരുടെ ചെരുപ്പ്‌ നക്കാനും പോകുന്ന പാര്‍ട്ടിയായി അധപതിക്കരുത്‌. കറപുരളാത്ത നേതാക്കന്മാര്‍ കേരളത്തിലും എല്ലാ സംസ്ഥാനങ്ങളിലും ഇതിനു നേതൃത്വം കൊടുക്കണം. ഭരിച്ച്‌ മുടിച്ച്‌, ക്വട്ടേഷന്‍ സംഘത്തലവന്മാരെ ഒക്കെ നിയന്ത്രിക്കുന്ന പാര്‍ട്ടി സെക്രട്ടറിമാരെ കാഴ്‌ചക്കാരായി ഗാലറികളില്‍ ഇരുത്തണം. നല്ല ഭരണം യുവതലമുറ കാഴ്‌ചവെയ്‌ക്കണം. ഇന്ത്യ മുഴുവന്‍ മാറ്റൊലികള്‍ സൃഷ്‌ടിക്കണം. ആ മാറ്റൊലികളില്‍, അതിന്റെ തിരമാലകള്‍ അഴിമതി കൊലപാതക രാഷ്‌ട്രീയക്കാരെ ഉന്മൂലനാശനം വരുത്തുകയും ചെയ്യും.

ജയ്‌ഹിന്ദ്‌....
അഴിമതിരഹിത ഭരണം വരണം (ചാരുംമൂട്‌ ജോസ്‌)
Join WhatsApp News
Ponmelil Abraham 2014-01-17 17:44:16
Excellent analyziz and conclusion. Let us hope that the new Aam Aadmy Party would emerge as the party who can eradicate corruption and bring faith and prospirity to the people.
Chakot Radhakrishnan 2014-06-25 12:27:47
Excellent information Jose 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക