Image

ചുവരെഴുത്തു പഠിക്കുക (കൈരളി ന്യൂയോര്‍ക്ക്)

കൈരളി ന്യൂയോര്‍ക്ക് Published on 16 January, 2014
ചുവരെഴുത്തു പഠിക്കുക (കൈരളി ന്യൂയോര്‍ക്ക്)

വാര്‍ത്ത: രാഹുലിന്റെ തെരഞ്ഞെടുപ്പു ചെലവിലേക്ക് പരസ്യത്തിനും മറ്റുമായി അഞ്ഞൂറു കോടി വകയിരുത്തി. പരസ്യത്തിന്റെ ചെലവിലേക്ക് ഇത്ര വലിയ ഒരു തുക സ്വീകരിക്കുമോ എന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. സ്വീകരിച്ചാല്‍ അമ്മയും മക്കളും തോല്‍വി രുചിച്ചതു തന്നെ. പരസ്യത്തിന്റെ കോണ്‍ട്രാക്ട് ഏതൊ ഒരു ജാപ്പനീസ് കമ്പനിക്കും. എന്താ പറക! ചുവരെഴുത്തു വായിക്കാന്‍ താല്‍പര്യം കാണിക്കാതെ ഒരു പറ്റം  യാഥാസ്ഥിക പൊതു ജനസേവകര്‍!
നേരാണ്, അമേത്തിയിലും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കുന്ന പാര്‍ലമെന്റ് മണ്ഡലങ്ങളിലെല്ലാം ആം ആദ്മി പാര്‍ട്ടിയുടെ കരുത്തരായ സ്ഥാനാര്‍ത്ഥികളെ നേരിടേണ്ടിവരും. അതിനു പേടിച്ചിട്ടു കാര്യമുണ്ടോ? അഞ്ഞൂറുകോടി പരസ്യത്തിനുവേണ്ടി ചെലവഴിക്കുന്നു എന്ന ഒരേ ഒരു വാര്‍ത്ത മാത്രം മതി എതിര്‍സ്ഥാനാര്‍ത്ഥികളുടെ കൂരമ്പുകള്‍ പാര്‍ട്ടിയുടെ നെഞ്ചത്തു തന്നെ പതിക്കാന്‍.

ആം ആദ്മി പാര്‍ട്ടിയുടെ മാനിഫ്‌സ്റ്റോ എല്ലാം നല്ലതാണ്. സാധാരണ ജനങ്ങളുടെ  ഉന്നതി ലക്ഷ്യമിട്ടുകൊണ്ടാണ് എല്ലാ നീക്കങ്ങളും. ഇതുതന്നെയല്ലേ കോണ്‍ഗ്രസിന്റെ തലപ്പത്തിരിക്കുന്ന ഉന്നത നേതാക്കളുടെയും ലക്ഷ്യം. നേട്ടങ്ങളുടെ പട്ടികയില്‍ ഒരു പിടികാര്യങ്ങള്‍ കോണ്‍ഗ്രസിനു നിരത്താനുണ്ട്. അവസാനമായി ശൂന്യാകാശ പര്യവേഷണത്തിനായി ക്രയോജനിക് എഞ്ചിന്‍ സ്വന്തമായി വികസിപ്പിച്ചെടുക്കാനും ഇന്‍ഡ്യക്കു സാധിച്ചു. മാഴ്‌സിലേക്കുള്ള പ്രയാണത്തിലും ഇന്‍ഡ്യ വിജയിച്ചു. അങ്ങനെ സയന്‍സ് & ടെക്‌നോളജിയില്‍ വലിയൊരു കുതിച്ചു ചാട്ടമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തണലില്‍ ഇന്‍ഡ്യ കൈവരിച്ചിരിക്കുന്നത്. അതിലുപരി 1.3 ബില്യന്‍ ടണ്‍ ഭാരവും വലിച്ച് മതേതരത്വം പിടിച്ചു നിര്‍ത്തിക്കൊണ്ട് നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തില്‍ ഉറച്ചു നിന്നുകൊണ്ടാണ് ഇന്‍ഡ്യ ചലിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ അഴിമതിയുടെ കാര്യത്തില്‍ തികഞ്ഞ കുറ്റബോധം കോണ്‍ഗ്രസിന്റെ ഉന്നത ശ്രേണിയിലുള്ളവര്‍ കടിച്ചമര്‍ത്തുന്നു. പരിഹാരം? ക്ലീനായിട്ടുള്ള സ്ഥാനാര്‍ത്ഥികളെ ഗോദയിലിറക്കുക മാത്രമാണെന്നും അവര്‍ വിശ്വസിക്കുന്നു. അതിനു വേണ്ടി ചെറുപ്പക്കാരനായ കോണ്‍ഗ്രസ് വൈസ്പ്രസിഡന്റിനെ ശുദ്ധികലശത്തിനു കയറൂരി വിട്ടിരിക്കുന്നു. എല്ലാം നല്ല ലക്ഷ്യത്തിലേക്ക്. പക്ഷെ അഞ്ഞൂറുകോടി കൈപ്പറ്റുന്ന ജാപ്പനീസ് കമ്പനിയുടെ ആവശ്യം എന്താണെന്ന് മനസ്സിലാകുന്നില്ല.

ഈ അഞ്ഞൂറു കോടി എവിടെ നിന്നു ലഭിച്ചു എന്നു ചോദിച്ചാല്‍, കോര്‍പ്പറേറ്റ് ബ്യൂറോ ക്രാറ്റ്‌സില്‍ നിന്നും ലഭിച്ചു എന്നല്ലേ മനസ്സിലാക്കേണ്ടത്. അപ്പോള്‍, ജയിച്ചു കഴിഞ്ഞാല്‍ ഇന്‍ഡ്യ ഭരിക്കാന്‍ പോകുന്നത് തസ്‌ക്കര വീരന്മാരായ ബ്യൂറോ ക്രാറ്റ്‌സ് തന്നെയാണന്നല്ലേ അതിന് അര്‍ത്ഥം. ഇതു തന്നെയല്ലേ, ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യ വജ്രായുധവും? വടി കൊടുത്ത് അടിവാങ്ങണോ?
അഴിമതിക്കാരെ തുരത്തുക എന്നുള്ളതാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. കോണ്‍ഗ്രസിന്റെ ഉന്നത ശ്രേണിയിലുള്ളവരുടെയും ലക്ഷ്യം മറ്റൊന്നല്ല. പക്ഷേ ശരീരം അനുവദിക്കുന്നില്ല. അങ്ങനെയിരിക്കെ ആം ആദ്മി പാര്‍ട്ടിയുമായി ഏതറ്റം വരെയും ഒന്നിച്ചുപോകാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. അതായിരിക്കട്ടെ കോണ്‍ഗ്രസിന്റെ അടുത്ത തെരഞ്ഞെടുപ്പിലെ നയം.

ഇന്‍ഡ്യയില്‍ ഒറ്റകക്ഷി ഭരണം ഇനിയും അസാധ്യമായിരിക്കെ മതേതരത്തിലും അഴിമതിക്കെതിരെയും പോരാടാന്‍ ദൃഢനിശ്ചയം പാലിക്കുന്നവരോടെല്ലാം യോജിച്ചു പോകുന്ന നയം കോണ്‍ഗ്രസ് അനുവര്‍ത്തിക്കണം.

കോണ്‍ഗ്രസിനു വേരോട്ടമില്ലാത്ത സംസ്ഥാനങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയുമായി പ്രതിച്ഛായ നഷ്ടപ്പെടാത്ത വിധത്തില്‍ യോജിപ്പില്‍ എത്തുന്നതും നല്ലതായിരിക്കും. ഉദാഹരണത്തിന്, തമിഴ്‌നാട്, ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആം ആദ്മിയുമായി കൈകോര്‍ക്കാന്‍ തയ്യാറാകണം.
തെരഞ്ഞെടുപ്പില്‍ ക്രിമിനല്‍സിനോ അവരുടെ ബന്ധുക്കള്‍ക്കോ സീറ്റു കൊടുക്കുന്ന നയം സ്വീകാര്യമല്ലെന്നും. ചെറുപ്പക്കാരെ മത്സര രംഗത്തിറക്കുമെന്നും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കെ ബ്യൂറോക്രാറ്റ്‌സിന്റെ അഞ്ഞൂറു കോടി സ്വീകരിക്കുന്ന നയം പുനഃപരിശോധിക്കണം.

ഡല്‍ഹിയില്‍ ആം ആദ്മിയെ പൂര്‍ണ്ണമായി പിന്തുണക്കുന്നതും മതേതരത്തില്‍ വിശ്വസിക്കാത്തവരെ അകറ്റി നിര്‍ത്താന്‍ സാധിക്കും. ബി.ജെ.പി.യും, ആം ആദ്മിയും തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കെ കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ വൈകാതെ പ്രഖ്യാപിക്കുന്നതും, അദ്ദേഹത്തിന്റെ നയങ്ങള്‍ ശക്തമായി പ്രചരിപ്പിക്കുന്നതും കോണ്‍ഗ്രസിന്റെ വിജയസാധ്യത വര്‍ദ്ധിപ്പിക്കും. അതേസമയം അല്‍പം അഴിമതി മണക്കുന്ന വധേരയെ അകറ്റി നിര്‍ത്തുന്നതും നന്നായിരിക്കും.

ചുരുക്കത്തില്‍ ആം ആദ്മി മാത്രം വിചാരിച്ചാല്‍ ഇന്‍ഡ്യ ഭരിക്കുക അസാധ്യമാണ്. അതുപോലെ കോണ്‍ഗ്രസിനും. എങ്കില്‍ പിന്നെ ഇരുക്കൂട്ടര്‍ക്കും യോജിപ്പിലെത്താവുന്ന ഏകോപന നയമായിരിക്കും അഭികാമ്യം.

അതേപോലെ ആം ആദ്മിയും ഡല്‍ഹിയിലെ വിജയത്തിന്റെ ആഹ്ലാദത്തില്‍ തങ്ങള്‍ ഇന്‍ഡ്യ മുഴുവന്‍ പിടിച്ചടക്കും എന്ന് ദിവാ സ്വപ്നം കണ്ടാല്‍ അവര്‍ കൂപമണ്ഡൂകത്തിനു തുല്യരാകും. പകരം അവരുടെ ലക്ഷ്യം നേര്‍വഴിയാണെങ്കില്‍ യോജിക്കാന്‍ സാധിക്കുന്നവരുമായി യോജിച്ചു പോകുന്ന നയമായിരിക്കണം അവരും കൈക്കൊള്ളേണ്ടത്.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നെഹ്‌റു മുതല്‍ മന്‍മോഹന്‍ സിംഗുവരെയുള്ള ഉന്നത ശ്രേണികളുടെ കറപുരളാത്ത കൈകളാണ് ഇന്‍ഡ്യയെ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിക്കൊണ്ടു വന്നത്. അതിനിടയില്‍ പ്രതീക്ഷിക്കാത്ത അപസ്വരങ്ങളും ഉണ്ടായി അതിനെതിരെ ചെറുത്തു നില്‍ക്കുന്ന നയമാണ് കോണ്‍ഗ്രസ് എന്നും പിന്തുടര്‍ന്നു പോരുന്നത്. അടുത്തുള്ള പാക്കിസ്ഥാന്റെ ഗതി മാത്രം മനസ്സിലാക്കിയാല്‍ മതി, ഇന്‍ഡ്യന്‍ ലീഡേഴ്‌സ് എത്ര സൂക്ഷ്മദ്രുക്കുകളായിരുന്നു എന്ന് അറിയാന്‍. അതേ സമയം അറിഞ്ഞോ അറിയാതെയോ ചിലരെയെല്ലാം വിശ്വസ്തരായി കരുതിയതിന്റെ ഫലമായി വീഴ്ചകള്‍പറ്റി. പക്ഷെ വീഴ്ചകളെ മാത്രം പൊക്കിപ്പിടിച്ച് ഞങ്ങളെ ജയിപ്പിച്ചാല്‍ ഇന്‍ഡ്യയില്‍ തേനും പാലും ഒഴുക്കും എന്ന പൊള്ളവാഗ്ദാനം നല്‍കുന്നവരുടെ ആത്മാര്‍ത്ഥത പരീക്ഷിക്കാന്‍ തയ്യാറായി വേണം ജനങ്ങളും പോളിംഗ് ബൂത്തില്‍ എത്താന്‍.
കോണ്‍ഗ്രസ് ഒരിക്കലും ഈ ഓലപാമ്പിനെ കണ്ട് പേടിക്കേണ്ട കാര്യമില്ല. കോണ്‍ഗ്രസിനെ കൂടാതെ മന്ത്രിക്കസേരകള്‍ വെറും ദിവാ സ്വപ്നങ്ങളാണ് മറ്റുള്ള ഈര്‍ക്കലി പാര്‍ട്ടികള്‍ക്ക്. എന്നാല്‍ അഴിമതി തുടച്ചുമാറ്റും എന്ന ആദര്‍ശത്തില്‍ ഊന്നി നിന്നുകൊണ്ട് സമാനമനസ്സുള്ള പാര്‍ട്ടിക്കാരുമായി യോജിച്ചു പോകാന്‍ കോണ്‍ഗ്രസ് പക്വത കാട്ടണം.

പകരം അമേത്തിയിലും മറ്റു പ്രധാന മണ്ഡലങ്ങളിലും ആം ആദ്മി തങ്ങളുടെ കരുത്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും എന്ന് അറിവിന്റെ പശ്ചാത്തലത്തില്‍, എങ്കില്‍ ഞങ്ങള്‍ അഞ്ഞൂറു കോടി ചിലവഴിച്ചു ജയം ഉറപ്പു വരുത്തും എന്നതാണ് കോണ്‍ഗ്രസിന്റെ നയമെങ്കില്‍ അതു തികഞ്ഞ പരാജയമായിരിക്കും. ഓര്‍ക്കുക, ആരബ് സ്പ്രിംഗ് അറേബ്യയില്‍ മാത്രമല്ല, അത് ഏതു സമയത്തും ഇന്‍ഡ്യയിലും പൊന്തിവരാം. കാരണം അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന രാജ്യത്തിന്റെ നീക്കങ്ങള്‍ കണ്ട് ജനം മടുത്തു. ചുവരെഴുത്തു മനസ്സിലാക്കണം. ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ നോക്കിക്കാണാന്‍ കോണ്‍ഗ്രസിനു കഴിയട്ടെ. ജയ്ഹിന്ദ്…


ചുവരെഴുത്തു പഠിക്കുക (കൈരളി ന്യൂയോര്‍ക്ക്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക