Image

ബോര്‍മ്മക്കവലയില്‍ നിന്നും, പടിഞ്ഞാട്ടു കിടക്കുന്ന വഴിയിലെ ആറാമത്തെ വീട്‌ (മീനു എലിസബത്ത്‌)

മീനു എലിസബത്ത്‌ Published on 13 January, 2014
ബോര്‍മ്മക്കവലയില്‍ നിന്നും, പടിഞ്ഞാട്ടു കിടക്കുന്ന വഴിയിലെ ആറാമത്തെ വീട്‌ (മീനു എലിസബത്ത്‌)
കുടിയേറ്റക്കാരായ നമ്മള്‍ ഇടക്കിടെ അന്ന്യോന്ന്യം ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്…

“ഈ വര്‍ഷം നാട്ടിലേക്കുണ്ടോ?
“എന്നാണ് യാത്ര?
എപ്പോളാണ് മടക്കം?

അവരുണ്ടായിരുന്നപ്പോള്‍ എനിക്കീ ചോദ്യങ്ങള്‍ക്കുത്തരം പറയാന്‍ നൂറു നാവായിരുന്നു… ചിലപ്പോള് ചോദിച്ചില്ലെങ്കില്‍ പോലും നാട്ടിലേക്കുള്ള യാത്രയെക്കുറിച്ച് ഞാന്‍ വാചാലയാവുമായിരുന്നു…

ഇന്ന്…

അവരില്ലാത്ത നാട്…
അവരില്ലാതെ ചെന്നിറങ്ങുന്ന എയര്‍പോര്‍ട്ട്!
ഇല്ലന്നറിഞ്ഞുകൊണ്ട് അവരെ തിരയുന്ന കണ്ണുകള്‍!
നാട്ടുക്കാരനായ ടാക്‌സിക്കാരന്റെ കുശലാന്വേഷണം…
രണ്ട് മണിക്കൂര്‍ നീളുന്ന നാട്ടുംപുറത്തെക്കുള്ള യാത്ര

അവിടെ,

എന്നെ കാത്തിരിക്കാനാരുമില്ലാതെ
എന്നെ കാണുമ്പോള്‍ തിളങ്ങുന്നയാ തളര്‍ന്ന കണ്ണുകളില്ലാതെ
തൊലി ചുളിഞ്ഞ, ഞരമ്പ് പിണഞ്ഞു കിടക്കുന്നയാ മെലിഞ്ഞ കൈകളുടെ ആലിംഗനമില്ലാതെ,
കവിളിലും, നെറ്റിയിലും മുത്തം വെയ്ക്കാറുള്ള വിറയ്ക്കുന്ന ചുണ്ടുകളില്ലാതെ,
ന്റെ മോളങ്ങു ക്ഷീണിച്ചു പോയല്ലോ 'യെന്ന ആത്മഗതങ്ങളില്ലാതെ,…
ഏതോ കുറ്റബോധത്തോടെ
ഉള്‍വലിവോടെ
തല കുമ്പിട്ടു നില്‍ക്കുന്നയാ
വിളറിയ മഞ്ഞച്ചായം പൂശിയ ചുവരുകളും,
കരിയിലയടിക്കാതെ
മിറ്റം കാണാതെ കിടക്കുന്ന വീടും,
കാട് കയറിക്കിടക്കുന്ന പറമ്പും,

തുരുമ്പിച്ച താക്കൊല്‍ക്കൂട്ടങ്ങളിലൊന്നെടുത്തു വീട് തുറക്കുമ്പോള് നിലവിളിക്കുന്ന വിജാഗിരികള്‍
മാറാലയലങ്കരിച്ചിരിക്കുന്ന സ്വീകരണമുറി!
ദുഷിച്ച വായുകെട്ടിക്കിടക്കുന്ന അകത്തളങ്ങള്‍
പാറ്റയും പൂച്ചിയും കുടിയിരിക്കുന്നയാ പഴയ അടുക്കള
പൊടി പിടിച്ചു കിടക്കുന്ന അലമാരികള്‍
പഴയ ഷീറ്റുകലാവരണമിട്ടിരിക്കുന്ന ഇരുപ്പുമുറികള്‍

എന്റെ നനഞ്ഞ കണ്ണുകളിലേക്കു നോക്കാന്‍ മടിച്ചു
അവരുടെ ആത്മാവുറങ്ങുന് വീട് ഉറക്കം നടിച്ചു കിടന്നു.

അവരുടെ ആദ്യത്തെയും, അവസാനത്തെയും വീട്… ഡ്രീം ഹൗസ്…
സൊരുക്കൂട്ടിയും, സ്വര്‍ണ്ണം പണയപ്പെടുത്തിയും എഴുപതുകളിലവര്‍ കെട്ടിപ്പടുത്ത സ്വപ്നസൗധം

ഈ വീടിന്റെ മുറ്റത്താണ്,
ആ അനുരാഗവല്ലരിയിലെ ആദ്യത്തെ മലരായാ ഞാന്‍ പിച്ച വെച്ച് നടന്നതും,
വേച്ചു വീണതും, ഓടിക്കളിച്ചതും, 'അയ്യോ കാക്കേ പറ്റിച്ചേ' പാടിയതും,
കളം വരച്ചു ഒറ്റക്കാലില്‍ ചാടി കക്കു കളിച്ചതും,
കൂട്ടുകാരോടൊപ്പം തൊടാന്‍ വരീല്‍ കളിച്ചതും.

കുഞ്ഞനിയനെ കൊണ്ട് വരാന്‍ അമ്മ ആശുപത്രിയില്‍ പോയതു ഈ വീട്ടില്‍ നിന്നായിരുന്നു…
മടങ്ങി വരുമ്പോള്‍, കുഞ്ഞുവാവയെ എന്റെ മടിയില് വെച്ച് തന്നതീ അരഭിത്തിയിലിരുന്നായിരുന്നു.
അമ്മ അവനു അമ്മിഞ്ഞപ്പാല്‍ കൊടുക്കുന്നത്, ഈ പുറകിലത്തെ വരാന്തയിലായിരുന്നു…
അവനും എനിക്കും, ഒരിമിച്ചു കാക്കമുട്ടകള്‍ ഉരുട്ടി വായിലിട്ടു തരുന്നതും…അവിടെയിരുന്നായിരുന്നു.

ആടി നിന്നിരുന്ന എന്റെ പാല്‍പ്പല്ലുകള്‍ വെള്ള നൂലിട്ടു കുരുക്കിപ്പറിച്ചതും ഇവിടെ ഈ വരാന്തയില്‍ തന്നെ…
'ചെങ്ങനാശേരീലെ, ഒരാന പെറ്റൂ' ന്നു തുടങ്ങി, ലോകത്തിലെ, സകല കഥകളും, നുറുങ്ങുകളും,
നെഞ്ഞത്ത് കിടത്തി അപ്പന്‍ പറഞ്ഞു തന്നിരുന്നതീ തിണ്ണയിലെ ചാരുകസേരയിലായിരുന്നു…
ഓണത്തിനൂഞ്ഞാലിട്ടു തന്നിരുന്നതീ മാവിന്റെ ശിഖരത്തിലായിരുന്നു…

പള്ളിപ്പെരുന്നാളിനു റാസ ഇറങ്ങി വരുമ്പോള്‍ വെള്ള വിരിച്ച കൊച്ചു മേശയില്‍ വലിയ നിലവിളക്ക് കത്തിച്ചു വെച്ച് ഞങ്ങള്‍ നേര്‍ച്ച കൊടുക്കുന്നതീ ഗെയ്റ്റിനരികലായിരുന്നു…
ക്രിസ്തുമസിന് കവലയിലെ, ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ചെക്കന്‍മാര്‍,
കൂര്‍ത്ത തൊപ്പി വെച്ച സാന്താക്ലോസ്സുമായി 'ശാന്ത രാത്രി' പാടി വരുന്നതും, ഇവ്‌ടെക്ക് തന്നെ…
കണ്ണ് തിരുമ്മി ഞാനുണര്‍ന്നു വന്നു, കരോള്‍ കേട്ടത്… ഈ വാതിലില്‍ ചാരി നിന്നായിരുന്നു.

കള കയറി, നില്‍ക്കുന്ന പറമ്പിലും ഉണ്ട് എന്തൊക്കെയോ പറയാന്‍…

തൊണ്ടയില്‍ തടഞ്ഞ ഉമ്മിനീരിറക്കി… മിണ്ടാനാവാതെ, പാവം പാമ്പ് ഗത്ഗതപ്പെട്ടു…
ഞാന്‍ നട്ടു വളര്‍ത്തിയ കടുക്കാച്ചിമാവിനും, സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല…
മാവിന്റെ നെഞ്ചിലൂടെ കയറിപ്പോയ വെള്ളിടിയും, ശബ്ദമില്ലാതെ കരയുന്നുണ്ടായിരുന്നു…
പൂക്കാതെയും, കായ്ക്കാതെയും, നിന്നിരുന്ന പേരയും, ചാമ്പയും ലോലൊലിയും അത് കണ്ടെങ്ങലടിച്ചു…
വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്ന രീതി മറന്നു… തേന്‍വരിക്ക ഇനി കായ്ക്കുന്നെ ഇല്ലെന്നുള്ള തീരുമാനത്തിലായിരുന്നു!
അമ്മ ബ്ലോക്കാഫീസില്‍ നിന്നും, കൊണ്ട് വന്നു നട്ട, റ്റി X ഡി തെങ്ങുകളൊന്നു ഒരു വെള്ളക്കാ പോലുമില്ലാതെ, മണ്ടയടച്ചു നിലവിളിക്കുന്നത് കേട്ടു
പുല്ലു കയറിയ മുറ്റത്തേക്ക് വീണ്ടും വരുമ്പോള്‍
അമ്മയുടെ പൂന്തോട്ടത്തിന്റെ അവശിഷ്ടങ്ങള്‍ ഒരനാഥപ്രേതത്തെപ്പോലെ, ആര്‍ക്കും വേണ്ടാതെ കിടന്നിരുന്നു
അവിടവിടെയായി വെള്ള ഓര്‍ക്കിടും. ബ്രയിടല്‍ ബോക്കെചെടികളും…
വിധവകളെപ്പോലെ വെള്ളസാരിയാല്‍ തല മറച്ചു നിന്ന് വിതുമ്പി….
പൂക്കളില്ലാതെ നിന്ന കുറ്റിമുല്ലയതിന്റെ തളിരിലകളാല്‍
എന്റെ കണ്ണുനീര്‍ചാലുകള്‍ തുടക്കുവാന്‍ ഒരു ശ്രമം നടത്തി

എന്റെ കണ്ണുകളുടെ തോരാത്ത പെയ്ത്ത് കണ്ടു,
എവിടെക്കോ പോകാനിറങ്ങിയ ചാറ്റല്‍മഴയും കൂടെക്കൂടി
'പെയ്‌തോഴിന്‌ജോള് കുട്ടിയെ, മനസൊന്നു ശാന്തമാവട്ടെ' എന്നതെന്നെ ഇടക്കിടക്കിടെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു.
വിങ്ങല്‍ നിര്‍ത്തി, മഴത്തുള്ളിക്കൊപ്പം എന്റെ കണ്ണുനീര്‍ത്തുള്ളികളും, വാവിട്ടു നിലവിളിച്ചു.

പല വര്‍ഷങ്ങളായി അപ്പന്‍, അമ്മക്ക് പ്രണയപൂര്‍വ്വം സമ്മാനിച്ച മഞ്ഞറോസച്ചെടികളുടെ കൂര്‍ത്ത മുള്ളുകള്‍ കണ്ടു ഞാന്‍ ഭയന്നോ?
ഇനി ഒരിക്കലും പൂക്കില്ലെന്ന വാശിയില്‍ ഇലകളും, മുള്ളുകളുമായ് നില്‍ക്കുകയാണ് ഒരു കാലാത്തില കാണാതെ പൂത്തിരുന്ന മഞ്ഞറോസച്ചെടി!

വര്‍ഷത്തിലൊന്നു മാത്രം, പൂത്തിരുന്ന കല്ല്യാണസൗഗന്ധികം അകലെയെവിടെക്കോ നോക്കി,
ആരുടെയോ വരവ് കാത്തിരുന്നു…

ഞാനും!


ബോര്‍മ്മക്കവലയില്‍ നിന്നും, പടിഞ്ഞാട്ടു കിടക്കുന്ന വഴിയിലെ ആറാമത്തെ വീട്‌ (മീനു എലിസബത്ത്‌)
Join WhatsApp News
jacobthomas_ak@yahoo.com 2014-02-07 05:58:31
I forwarded this article to our 1978Batch Professional College Alumni Group, and here are a couple of responses: "Thanks for that story. It really captures the essence of some of our fears. As the days go by, things that we treasured will become junk. An eerie feeling will settle in. I sometimes wonder how our house will be in another 50 years! Say our appreciation to Meenu Elizabeth." "What a beutiful piece of writing. It certainly touches some things deep, especially for us 'marunandan malayalees'"
Aniyankunju 2014-04-24 18:22:40
FWD: കുറച്ചു നേരത്തേക്കെങ്കിലും കഥയിലെ നായിക ഞാനായിരുന്നുവോ എന്ന് സംശയിച്ചു പോയ നിമിഷങ്ങള്‍...അന്തരാത്മാവില്‍ കദനത്തിന്റെ തേങ്ങലുകള്‍...."അവര്‍".....എവിടെ? വര്‍ഷങ്ങള്‍ എത്രയോ കടന്നു പോയി...ഇന്നും അതെ ഓര്‍മ്മകള്‍....ജീവിതത്തില്‍ മറക്കാനാവാത്ത മുഖങ്ങളും ബാല്യവും...പിന്നെ പറിച്ചു നടപ്പെടലിനു മുന്‍പുള്ള കൌമാരവും.....ഇങ്ങിനി തിരിച്ചു വരാത്ത നാട്ടിന്‍പുറത്തെ ജീവിതം...കൂടെ പിരിഞ്ഞു പോയവരും.... നല്ല ഒരു കൊച്ചു കഥ....സത്യത്തിന്റെ മുഖം അത് പോലെ തിളങ്ങി നില്‍ക്കുന്നു...ഹൃദയം നിറഞ്ഞ ആശംസകള്‍, മീനു എലിസബത്ത്.... __Anna Varghese
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക