Image

ദൈവത്തിനു തൊട്ടരികത്തു നില്‍ക്കുന്ന മലാല (വായനാനുഭവം: കൊല്ലം തെല്‍മ, ടെക്‌സാസ്‌)

Published on 19 January, 2014
ദൈവത്തിനു തൊട്ടരികത്തു നില്‍ക്കുന്ന മലാല (വായനാനുഭവം: കൊല്ലം തെല്‍മ, ടെക്‌സാസ്‌)
ഈശ്വരചൈതന്യത്തിന്റെ പൂര്‍ണ്ണത നിറഞ്ഞ ഒരു കുടുംബത്തിലാണ്‌ അവള്‍ ജനിച്ചതും വളര്‍ന്നതും. അവളുടെ പേര്‌ മലാല. പക്ഷെ അവളെ മലാലയെന്നല്ല ദൈവത്തിനു തൊട്ടരികത്തു നില്‍ക്കുന്ന, ദൈവത്തിനു ചുറ്റും പാറിപ്പറന്നു നടക്കുന്ന, മനുഷ്യ അനീതിക്കുനേരെ തിളങ്ങുന്ന വാള്‍മൂര്‍ച്ചയുള്ള പേനയുമായി നില്‍കുന്ന മാലാഖയെന്നാണ്‌ വിളിക്കേണ്ടത്‌. താലിബാന്‍ ആക്രമണത്തിനു മുന്നില്‍ അവള്‍ തോറ്റു മുഖം താഴ്‌ത്തിയില്ല. പരാജയപ്പെട്ട്‌ പിന്തിരിഞ്ഞോടിയുമില്ല.

ദു:ഖഭരിത എന്നാണ്‌ പാഷ്‌തോ ഭാഷയില്‍ മലാലയ്‌ക്ക്‌ അര്‍ത്ഥം. സ്വാത്തിന്റെ ദു:ഖഭരിതയാണവള്‍. വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നങ്ങള്‍ ലോകത്തിനു മുന്നില്‍ തുറന്നുകാട്ടി പോരാടിയവള്‍. ദുഖത്തിന്റെ മാലാഖ പോരാട്ടത്തിന്റെ മാലാഖയായി മാറിയ ചരിത്രം.

അവളുടെ പേനയില്‍ നിന്നുതിര്‍ന്ന വാക്കുകള്‍ താലിബാന്‍ ആക്രമണത്തിനും ക്രൂരതയ്‌ക്കുമെതിരേ ചൊരിഞ്ഞ അക്ഷര ബോംബ്‌ സ്‌ഫോടനങ്ങളായിരുന്നു.

മലാലയുടെ പുസ്‌തകം ഈയിടെ മലയാളത്തില്‍ പരിഭാഷപ്പെടുത്തി ഇന്‍സൈറ്റ്‌ പബ്ലിക്ക കോഴിക്കോട്‌. ഈ പുസ്‌തകത്തില്‍ മലാലയുടെ ഡയറിക്കുറിപ്പുകള്‍, ജീവചരിത്രം, അഭിമുഖം, ഡോക്യുമെന്ററി തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ലോകം മലാലയെ വായിച്ചറിഞ്ഞപ്പോള്‍ മീഡിയ അവളെ ഇങ്ങനെ വാഴ്‌ത്തി: `മലാലയെ പാക്കിസ്ഥാനിലെ ആന്‍ ഫ്രാങ്ക്‌ എന്ന്‌ വിളിക്കാം. സ്വാത്തിലെ ഈ പെണ്‍കുട്ടി പാക്കിസ്ഥാനെ പുനര്‍നിര്‍വ്വചിച്ചിരിക്കുന്നു. ഈ ഗ്രന്ഥം ഒരുപക്ഷെ മലാലയെക്കുറിച്ചുള്ള ലോകത്തിലെ തന്നെ ആദ്യ ഗ്രന്ഥമാകാം' THE HINDU, NOV:8

ബര്‍മിംഗ്‌ഹാം ആശുപത്രിയില്‍ മലാല യൂസഫ്‌ സായ്‌ ബോധം വീണ്ടെടുത്ത ഉടന്‍ ആവശ്യപ്പെട്ടത്‌ പുസ്‌തകങ്ങളായിരുന്നു. ആയിരക്കണക്കിന്‌ മയിലുകള്‍ക്കകലെ ഇങ്ങ്‌ ആ പതിനഞ്ചുകാരിക്ക്‌ അവളുടെ ഡയറിക്കുറിപ്പുകള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചുകൊണ്ട്‌ ഒരു പ്രസാധകസംഘം പ്രതികരിച്ചിരിക്കുന്നു. ഇത്തരമൊരു സമകാലീന വിഷയത്തിലുള്ള ഇവരുടെ ഇടപെടല്‍ വലുതും ചെറുതുമായ പ്രസാധകരെ പോലും അമ്പരപ്പിച്ചിരിക്കുകയാണ്‌. TIMES OF INDIA NOV:3

സ്‌ത്രീകള്‍ സദാചാരപ്പോലീസിംഗിനും സവിശേഷ ഡ്രസ്‌ കോഡിംഗിനും വിധേയമാകുന്ന കേരളത്തിലെ സമകാലീന സാഹചര്യത്തില്‍ ഈ പുസ്‌തകം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. INDIA TODAY NOV:9

ഒരു കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ വ്യാഴാഴ്‌ച സന്ധ്യകളോട്‌ അവള്‍ പ്രണയത്തിലായിരുന്നു. വെള്ളിയാഴ്‌ച അവധി ദിവസങ്ങളായിരുന്നതുകൊണ്ട്‌ വ്യാഴാഴ്‌ച സന്ധ്യകള്‍ കഥകളുടെ സമയമായിരുന്നു. ബാപ്പച്ചി അവളെ ചേര്‍ത്തിരുത്തി കഥകള്‍ പറയും. നന്മയുടേയും സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയുമൊക്കെ കഥകള്‍.

അന്നു ബാപ്പച്ചി പറഞ്ഞത്‌ പ്രവാചകന്റെ ജീവിതത്തെപ്പറ്റിയും അള്ളായുടെ സ്‌നേഹത്തെപ്പറ്റിയുമായിരുന്നു.

`ബാപ്പച്ചീ എനിക്ക്‌ അള്ളായെ കാണാന്‍ പറ്റുമോ?'

ബാപ്പച്ചി പൊട്ടിച്ചിരിച്ചിട്ടു പറഞ്ഞു: `എന്റെ പൊന്നു മുത്തിനോട്‌ ഞാനൊരു കഥകൂടി പറയാം.' അന്നായിരുന്നു ആദ്യമായി അവള്‍ അബുബെന്‍ ആഡത്തിന്റെ കഥ കേട്ടത്‌.

അബുബെന്‍ ആഡം കളങ്കമില്ലാതെ എല്ലാവരേയും സ്‌നേഹിച്ച മനുഷ്യനായിരുന്നു. അവന്റെ മനസില്‍ മുഴുവന്‍ നന്മയും സ്‌നേഹവും മാത്രം! ഒരു പാതിരായ്‌ക്ക്‌ മുറിയില്‍ ഒരു വലിയ പ്രകാശം കണ്ട്‌ അദ്ദേഹം ഉറക്കമുണര്‍ന്നെഴുന്നേറ്റു. അബുബെന്‍ ആഡം അത്ഭുതപ്പെട്ടുപോയി. അതാ തന്റെ മുറിയില്‍ ദിവ്യപ്രഭ പരത്തിക്കൊണ്ട്‌ ഒരു മാലാഖ! ഒരു സ്വര്‍ണ്ണപ്പുസ്‌തകത്തില്‍ പൊന്‍ പേനകൊണ്ട്‌ എന്തൊക്കെയോ കുത്തിക്കുറിക്കുകയാണ്‌. അബുബെന്‍ ആഡം അടുത്തു ചെന്നു.

`അങ്ങെന്താണ്‌ എഴുതുന്നത്‌?'

മാലാഖ ചിരിച്ചുകൊണ്ടു പറഞ്ഞു: `ഞാന്‍ സര്‍വ്വശക്തനായ ദൈവത്തെ സ്‌നേഹിക്കുന്നവരുടെ പേരുകള്‍ എഴുതുകയാണ്‌്‌.

കൈകള്‍ കൂപ്പിക്കൊണ്ട്‌ ബെന്‍ ആഡം യാച്ചിച്ചു:

`അങ്ങ്‌ മനുഷ്യരെ സ്‌നേഹിക്കുന്നവരുടെ പേരുകള്‍ എഴുതുമ്പോള്‍ എന്റെ പേരുകൂടി ചേര്‍ക്കുമോ?'

പെട്ടെന്ന്‌ മാലാഖ മറഞ്ഞുപോയി....

അടുത്ത ദിവസം പാതിരാവ്‌. വീണ്ടും ബെന്‍ ആഡത്തിന്റെ മുറിയില്‍ മാലാഖ. ചിരിച്ചുകൊണ്ട്‌ മാലാഖ ബെന്‍ ആഡത്തിനെ അരികിലേക്ക്‌ വിളിച്ചു.

`അബൂ ബെന്‍ ആഡം, ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നവരുടെ പേരുകളെഴുതിക്കഴിഞ്ഞു. നീ നോക്കിക്കോളൂ.'

ബെന്‍ ആഡം പുസ്‌തകത്തിലേക്ക്‌ നോക്കി. ദൈവത്തെ സ്‌നേഹിക്കുന്നവരുടെ പേരില്‍ ഒന്നാമത്‌ അബു ബെന്‍ ആഡം എന്നായിരുന്നു....ബാപ്പച്ചി ആ കഥ പറഞ്ഞു നിര്‍ത്തി. പിന്നെ സാവധാനം പറഞ്ഞു: മോളേ, മനുഷ്യനെ സ്‌നേഹിക്കാത്തവന്‌ ദൈവത്തെ സ്‌നേഹിക്കാനാവില്ല. മനുഷ്യനെ കാണാന്‍ കണ്ണില്ലാത്തവന്‌ ദൈവത്തെ കാണാനാവില്ല.'

അവള്‍ ചിരിച്ചു. എനിക്കു മനസിലായി എന്ന അര്‍ത്ഥത്തില്‍. അവളെ ചേര്‍ത്തിരുത്തി ബാപ്പച്ചി ഈണത്തില്‍ പാടി.

`അടുത്തു നില്‍പ്പോരനുജനെ
കാണ്മാന്‍ അക്ഷികളില്ലാത്തതോ
നരൂപനാശ്വരന്‍ അദൃസ്യനായാല്‍
അതിലെന്തത്ഭുതം..?'

പിന്നെ ഒരുമിച്ചവര്‍ ഈണത്തില്‍ പാടി.

`ബാപ്പച്ചീ, പിന്നെ എന്തിനീ മനുഷ്യര്‍ വെറുക്കുന്നു? പടവെട്ടുന്നു?'

`മോളെ, മനസിന്റെ ഇരുളുമൂലമാണത്‌. പ്രകാശമാണ്‌ അള്ളാ. ഇരുളകലണമെങ്കില്‍ ജ്ഞാനം വേണം. എല്ലാ മനസിലേക്കും ജ്ഞാനം വന്നു നിറയണം.'

ബാപ്പച്ചി പാടിത്തന്ന പാട്ട്‌ പാടിപ്പാടിയാണ്‌ അവള്‍ ഉറങ്ങിയത്‌. അന്നും എന്നും അവള്‍ പ്രാര്‍ത്ഥിച്ചു: റഹ്‌മാനായ തമ്പുരാനെ എല്ലാത്തിനും ഉപരിയായി എനിക്ക്‌ നിന്നെ സ്‌നേഹിക്കണം. എന്റെ സഹോദരങ്ങളെയെല്ലാം സ്‌നേഹിക്കണം. എല്ലാവരിലും ജ്ഞാനം നീ നിറയ്‌ക്കണം. അതിനെന്നെ ഉപകരണമാക്കുകയും വേണം.'

*** *** *** ***

2012 ഒക്‌ടോബറിലെ ന്യൂസ്‌ വീക്ക്‌. കൗമാരം കഴിയാത്ത ഒരു കൊച്ചു പെണ്‍കുട്ടിയുടേതായിരുന്നു മുഖചിത്രം. ലോകമെങ്ങുമുള്ള പെണ്‍കുട്ടികള്‍ അതു നോക്കി ആരാധനയോടെ നിന്നിരിക്കണം. അതുകണ്ട്‌ ഇതുപോലൊരു പെണ്‍കുട്ടിക്കുവേണ്ടി മാതാപിതാക്കള്‍ നേര്‍ച്ചകള്‍ നേര്‍ന്നിട്ടുണ്ടാകാം. ആ ചിത്രത്തിന്റെ അടിക്കുറിപ്പിതായിരുന്നു: മലാല- ലോകത്തെ ഏറ്റവും ധീരയായ പെണ്‍കുട്ടി'.

മനുഷ്യനേയും ജ്ഞാനത്തേയും, സൃഷ്‌ടാവിനേയും സ്‌നേഹിക്കുന്നവര്‍ക്ക്‌ ആരെയാണ്‌ പേടിക്കാനുള്ളത്‌.

*** *** *** ***

പാക്കിസ്ഥാനിലെ സ്വാത്തിലെ സ്‌കൂളില്‍ നിന്നും ഒരു വൈകുന്നേരം പതിവുപോലെ പെണ്‍കുട്ടികള്‍ വീട്ടിലേക്ക്‌ മടങ്ങുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന മലാല ഈണത്തില്‍ പാടി.

`അടുത്തു നില്‍പ്പോരനുജനെ
കാണ്മാന്‍ അക്ഷികളില്ലാത്തതോ
നരൂപനാശ്വരന്‍ അദൃസ്യനായാല്‍
അതിലെന്തത്ഭുതം..?'

മറ്റു കുട്ടികള്‍ അതേറ്റുപാടി. പെട്ടെന്ന്‌ റോഡിലേക്കു വന്ന തോക്കുധാരികള്‍ ബസ്‌ തടഞ്ഞുനിര്‍ത്തി അകത്തേക്ക്‌ ചാടിക്കയറി.

`ആരാണ്‌ മലാല യൂസഫ്‌ സായ്‌'?

അവരിലൊരാള്‍ തന്നെ കൈ ചൂണ്ടി പറഞ്ഞു: ` അതാ അവള്‍ തന്നെ.'

അടുത്ത നിമിഷം വെടിയുണ്ടകളേറ്റ്‌ മലാല താഴേയ്‌ക്ക്‌ വീണു.

`അള്ളാ...'

രക്തത്തില്‍ കുളിച്ച്‌ കൂട്ടുകാരിയുടെ മടിയില്‍ കടിന്ന മലാലയുടെ ചുണ്ടില്‍ നിന്നൊരു വാക്കുമാത്രം ഉതിര്‍ന്നുവീണു. പിന്നെ അവള്‍ അബോധാവസ്ഥയിലായി.

*** *** *** ***

ഇംഗ്ലണ്ടിലെ ബിര്‍മിംഗ്‌ഹാം ക്യൂന്‍ എലിസബത്ത്‌ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കയ്‌ക്കരികെ യൂസഫ്‌ സായ്‌ മകളുടെ മുഖത്തേക്ക്‌ നോക്കിയിരുന്നു. ഒരു ആയുസിന്റെ മുഴുവന്‍ ദുഖവും ദൈന്യവും അയാളുടെ മുഖത്ത്‌ നിഴലിച്ചിരുന്നു. മലാല സാവധാനം കണ്ണുകള്‍ തുറന്നു.

ആശ്വാസത്തോടെ യൂസഫ്‌ സായ്‌ അവളുടെ കൈകള്‍ തഴുകിക്കൊണ്ടിരുന്നു.

`ബാപ്പച്ചി....' അവളുടെ സ്വരം ക്ഷീണിതമായിരുന്നു.

`മോളെ....വേദനിക്കുന്നോ?'

`ഉവ്വ്‌...സാരമില്ല'

`നിനക്ക്‌ ഭയമുണ്ടോ?'

`ഇല്ല'

അവള്‍ യൂസഫ്‌ സായുടെ കൈകളില്‍ പിടിച്ചു. പിന്നെ അയാളുടെ മുഖത്തേക്കു നോക്കി പാടി:

`പലവട്ടം ചാകുന്നു ഭീരു തന്റെ-
ശപ്‌തമാം അന്ത്യത്തില്‍ മുമ്പുതന്നെ
ധീരനോ ഒരുകുറി, ഒരു കുറിമാത്രം
അറിയുന്നു മൃത്യുതന്‍ ആലിംഗനം'

ചെറുതായി അവള്‍ ഒന്നു ചിരിച്ചു. പിന്നെ ബോധം മറഞ്ഞു. താങ്ങാനാവാത്ത ദുഖത്തോടെ യൂസഫ്‌ സായ്‌ കെഞ്ചി `അള്ളാ...ഈ കുരുന്നിന്‌ ഒന്നും സംഭവിക്കാതിരിക്കട്ടെ. ലോകത്തിനവളെ ആവശ്യമുണ്ട്‌. പകരം- ഈ എന്റെ ഉയിരു നീ എടുത്തുകൊള്ളൂ.'

മലാലയേയും യൂസഫ്‌ സായിയേയും ലോകത്തിനാവശ്യമുണ്ടെന്നായിരുന്നു അള്ളായുടെ തിരുഹിതം.

*** *** *** ***

ബി.ബി.സിയുടെ ഉറുദു വെബ്‌സൈറ്റില്‍ മലാലയുടെ ഡയറിക്കുറിപ്പുകള്‍ വരാന്‍ തുടങ്ങിയത്‌ അവളുടെ പതിനൊന്നാം വയസുമുതലായിരുന്നു. താലിബാനെ ഭയന്നു കഴിയുന്ന പാക്കിസ്ഥാന്‍ ജനതയുടെ ദുരവസ്ഥ ലോകം മുഴുവന്‍ മനസിലാക്കിയത്‌ ഈ ഡയറുക്കുറിപ്പിലൂടെയായിരുന്നു. സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നിര്‍ബന്ധിതമായി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതും വ്യക്തിസ്വാതന്ത്ര്യത്തില്‍പ്പോലും ഇടപെട്ട്‌ സാധാരണ ജനങ്ങള്‍ അടിമകളെപ്പോലെ ജീവിക്കാന്‍ വിധിക്കപ്പെട്ടതുമൊക്കെ നിര്‍ഭയം അവള്‍ തുറന്നുകാട്ടി. മലാലയുടെ ബാപ്പ യൂസഫ്‌ സായ്‌ എന്നും അവളുടെ ശക്തിയും പ്രചോദനവുമായിരുന്നു.

`താലിബാന്‍ ചെയ്യുന്നത്‌ മനുഷ്യനോടും അള്ളായോടുമുള്ള പാപമാണ്‌. സ്‌ത്രീയും പുരുഷനും വിദ്യനേടണം. വിദ്യ പ്രകാശമാണ്‌. അജ്ഞത അന്ധകാരവും. ഇതാണ്‌ പ്രവാചകന്‍ പഠിപ്പിക്കുന്നത്‌' യൂസഫ്‌ സായ്‌ എപ്പോഴും പറയുമായിരുന്നു.

ഒരദ്ധ്യാപകനായ അദ്ദേഹം താലിബാന്റെ വിദ്യാഭ്യാസത്തിനെതിരേയുള്ള നിലപാട്‌ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. പാക്കിസ്ഥാനിലെ സ്‌കൂളുകള്‍ താലിബാന്‍ തല്ലിത്തകര്‍ത്തുകൊണ്ടിരുന്നപ്പോഴും യൂസഫ്‌ സായ്‌ തന്റെ സ്‌കൂളിലെ ഒരു ദിവസത്തെ പോലും അദ്ധ്യയനം മുടക്കിയിരുന്നില്ല. അമേരിക്കന്‍ ചാരനായും ഇസ്ലാമിന്റെ ശത്രുവായും അയാള്‍ മുദ്രകുത്തപ്പെട്ടു.

യൂസഫ്‌ സായുടെ പ്രകാശത്തിനായുള്ള ദാഹം മലാല പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിരുന്നു. വൈദ്യശാസ്‌ത്രം പഠിക്കാനാഗ്രഹിച്ച മലാലയോട്‌ അദ്ദേഹം പറഞ്ഞു: `മോളേ നോക്കൂ....നമ്മുടെ രാജ്യത്ത്‌ രണ്ടര കോടിയിലധികം കുട്ടികള്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട്‌ കഴിയുകയാണ്‌. യുവജനസാക്ഷരതയില്‍ നാം ലോകത്തില്‍ ഏറ്റവും പിന്നിലാണ്‌. ഈ സ്ഥിതി മാറാന്‍ നീയാണ്‌ ഉണരേണ്ടത്‌.'

ആ വാക്കുകള്‍ അവളെ ഉണര്‍ത്തുകതന്നെ ചെയ്‌തു. തൂലികയും നാവും ആയുധമാക്കി അന്നുമുതല്‍ അവള്‍ അടരാടാന്‍ തുടങ്ങി.....

വെളിച്ചം നിഷിദ്ധമാക്കാന്‍ മോഹിച്ചവര്‍ക്ക്‌ അവള്‍ കണ്ണിലെ കരടായി മാറി. അവളെ നിശബ്‌ദയാക്കിയാല്‍ എല്ലാം സുഗമമാകുമെന്നവര്‍ വ്യാമോഹിച്ചു. ഇന്ന്‌ ഒരായിരം കുഞ്ഞുങ്ങള്‍ അവളുടെ സ്വരം ഏറ്റുപാടുന്നു. പതിനായിരങ്ങള്‍ അവള്‍ തെളിച്ച പാതയിലൂടെ നീങ്ങുന്നു. `ഞാന്‍ മലാല ' (Iam Malala) എന്ന കുറിപ്പുള്ള ടീഷര്‍ട്ടുകളണിഞ്ഞ്‌ ലക്ഷങ്ങള്‍ പ്രകാശത്തിനുവേണ്ടിയുള്ള ധര്‍മ്മയുദ്ധം തുടങ്ങിക്കഴിഞ്ഞു.

പാക്കിസ്ഥാനിലെ ഏറ്റവും വലിയ സമാധാന പുരസ്‌കാരത്തിന്‌ മലാല അര്‍ഹയായി. സ്വാത്തിലെ ദരിദ്രരായ പെണ്‍കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസത്തിനായി മലാല എജ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ എന്ന പ്രസ്ഥാനം ഇപ്പോള്‍ നടത്തുന്നു. ഐക്യരാഷ്‌ട്രസഭയുടെ ലോക യുവജന കോണ്‍ഫറന്‍സിന്റെ പ്രഭാഷകരില്‍ മലാലയും ഉള്‍പ്പെട്ടിരുന്നു.

*** *** *** ***

കരിപൂശിയ ദിനങ്ങള്‍ക്ക്‌ ഏതാണ്ട്‌ അറുതിയായി. സ്വാത്തിലെ വീടിന്റെ മട്ടുപ്പാവില്‍ ഒരു പൗര്‍ണ്ണമി രാവില്‍ ആകാശത്തേക്ക്‌ നോക്കി മലാല ഇരുന്നു.

`മോളെന്താ മലക്കുകളെ (മാലാഖമാര്‍) കാത്തിരിക്കുകയാണോ?' അടുത്തുവന്ന്‌ യൂസഫ്‌ സായ്‌ ചോദിച്ചു. `ബാപ്പ....എത്രമാത്രം സ്വപ്‌നങ്ങളാണ്‌ നാമൊരുമിച്ച്‌ കാണുന്നത്‌! എല്ലാവരുടേയും ഉള്ളില്‍ ജ്ഞാനത്തിന്റെ വെളിച്ചം നിറയുന്നത്‌....പകയും വെറുപ്പും നീങ്ങി ഹൃദയങ്ങളില്‍ സ്‌നേഹം നിറയുന്നത്‌. എല്ലാവരും അള്ളായ്‌ക്ക്‌ പ്രിയങ്കരരായ്‌ ജീവിക്കുന്നത്‌ അങ്ങനെ മാലാഖയുടെ സ്വര്‍ണ്ണക്കിത്താബില്‍ ദുനിയാവിലെ മനുഷ്യരുടെയെല്ലാം പേരുനിറയുന്നത്‌ ഒക്കെ...

ബാപ്പ....പണ്ടു ഉപ്പാപ്പ എന്നോട്‌ പറഞ്ഞിരുന്നു. കൊള്ളിമീനുകളെ നോക്കി അതെരിഞ്ഞുതീരുംമുമ്പ്‌ ആശിക്കുന്നതൊക്കെ സാധിക്കുമെന്ന്‌. അതിമോഹമാണെന്നറിഞ്ഞിട്ടും കൊള്ളിമീനുകളെ നോക്കി മോഹിക്കാന്‍ ഇന്നൊരു മോഹം.'

യൂസഫ്‌ സായ്‌ ചിരിച്ചു.

`മോളെ...ആര്‍ക്കറിയാം രാവിന്റെ മോഹങ്ങള്‍ പുലരിയുടെ സാഫല്യങ്ങളായേക്കാം.' യൂസഫ്‌ സായും കണ്ണുകളുയര്‍ത്തി.

കൊള്ളിമീനുകളുടെ പ്രയാണപുണ്യങ്ങള്‍ തേടി സ്വാത്തിന്റെ ആകാശത്തില്‍ അന്നു നാലു മിഴികള്‍ ഒഴുകി നടന്നു.

*** *** *** ***

മതഭീകരതയ്‌ക്കെതിരേ, മാനവികതയ്‌ക്കും മനുഷ്യസ്‌നേഹത്തിനും വേണ്ടി നിലകൊള്ളേണ്ടതിന്‌ ഇത്തരം പുസ്‌തകങ്ങള്‍ നമുക്ക്‌ അനിവാര്യമാണ്‌. വിവര്‍ത്തനത്തിലൂടെ അതും കൊച്ചുകുട്ടികളുടെ എഴുത്തിനെപ്പോലും സ്വാധീനിക്കുന്ന തരത്തില്‍ ഈ ഗ്രന്ഥം മാറിയത്‌ മലയാള ഭാഷയ്‌ക്ക്‌ കിട്ടിയ പുണ്യമാണ്‌. സത്യത്തിനുവേണ്ടി വെളിച്ചത്തിന്റെ കവചംധരിച്ച്‌ മൂന്നേറുന്ന ഒരു ബാല്യം നമ്മുടെ സമൂഹത്തില്‍ ചുവടുവെയ്‌പുകള്‍ ആരംഭിച്ചാല്‍ നമ്മുടെ സമൂഹവും നാടും നന്നാകും എന്നൊരു വിരല്‍ചൂണ്ടല്‍ ഈ പുസ്‌തകം സമ്മാനിക്കുന്നു.

മൊഴിമാറ്റം മലയാളത്തിലേക്ക്‌ നടത്തിയ എച്ച്‌.ഷഫീഖ്‌, കെ.ജെ. വിജേഷ്‌, എ. പ്രദീപ്‌ കുമാര്‍, ബാബു വര്‍ഗീസ്‌ എന്നിവരേയും അഭിനന്ദിക്കാതിരിക്കാനാവില്ല. അത്ര മനോഹരമായ പരിഭാഷയും ജീവചരിത്രാഖ്യാനവും അവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു. മലയാളികള്‍ വായിച്ചിരിക്കേണ്ട ഒരപൂര്‍വ്വ ഗ്രന്ഥമാണ്‌ മലാല യൂസഫ്‌ സായ്‌. അതൊരുക്കിയ ഇന്‍സൈറ്റ്‌ പബ്ലിക്കയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
ദൈവത്തിനു തൊട്ടരികത്തു നില്‍ക്കുന്ന മലാല (വായനാനുഭവം: കൊല്ലം തെല്‍മ, ടെക്‌സാസ്‌)ദൈവത്തിനു തൊട്ടരികത്തു നില്‍ക്കുന്ന മലാല (വായനാനുഭവം: കൊല്ലം തെല്‍മ, ടെക്‌സാസ്‌)ദൈവത്തിനു തൊട്ടരികത്തു നില്‍ക്കുന്ന മലാല (വായനാനുഭവം: കൊല്ലം തെല്‍മ, ടെക്‌സാസ്‌)ദൈവത്തിനു തൊട്ടരികത്തു നില്‍ക്കുന്ന മലാല (വായനാനുഭവം: കൊല്ലം തെല്‍മ, ടെക്‌സാസ്‌)ദൈവത്തിനു തൊട്ടരികത്തു നില്‍ക്കുന്ന മലാല (വായനാനുഭവം: കൊല്ലം തെല്‍മ, ടെക്‌സാസ്‌)ദൈവത്തിനു തൊട്ടരികത്തു നില്‍ക്കുന്ന മലാല (വായനാനുഭവം: കൊല്ലം തെല്‍മ, ടെക്‌സാസ്‌)
Join WhatsApp News
വിദ്യാധരൻ 2014-01-19 18:55:14

സ്വന്തം വായനാനുഭത്തെ മറ്റുള്ളവരുടെ അനുഭവമാക്കി മാറ്റിയ എഴുത്തുകാരിക്ക്‌ അഭിനന്ദനം


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക