Image

കേരളം വമ്പിച്ച സാമ്പത്തിക തകര്‍ച്ചയില്‍ - ജോസ് കാടാപുറം

ജോസ് കാടാപുറം Published on 24 January, 2014
കേരളം വമ്പിച്ച സാമ്പത്തിക തകര്‍ച്ചയില്‍ - ജോസ് കാടാപുറം
കേരളാ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ ഇനി കൂടി വന്നാല്‍ ഒരു മാസം കൂടി. ഈ 2013-14 ലെ ബഡ്ജറ്റ് വരുന്നതിന് മുമ്പ് കേരളത്തിന്റെ സാമ്പത്തികരംഗം സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ നിരാശരാണ്. ഈ നിരീക്ഷണത്തിന് നമുക്ക് ആശ്രയിക്കാവുന്നത് ഈ കഴിഞ്ഞ ദിവസം ബഹു: മാണി സാര്‍ നിയമസഭയില്‍ അവതരിപ്പിച്ച് സാമ്പത്തിക അവലോകനരേഖ തന്നെ. അതിസൂക്ഷ്മമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക്  കൂപ്പുകുത്തുകയാണ് കേരളം എന്ന നീണ്ട രേഖയാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതിന്റെ രത്‌ന ചുരുക്കം. 2011 മെയ് പതിനെട്ടിനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്, അതിനുശേഷം സംസ്ഥാനത്തുണ്ടായ വലിയ രീതിയിലുള്ള വിലക്കയറ്റം സര്‍ക്കാരിന്റെ രേഖകള്‍ തന്നെ പറയുന്നു. കേരള സര്‍ക്കാരിന്റെ എക്കണോമിക്‌സ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് 2010-ല്‍ പുറത്തിറക്കിയ പ്രൈസ് ബുള്ളറ്റിനും, 2013 ഡിസംബര്‍ 23ന് പുറത്തിറക്കിയ പ്രൈസ് ബുള്ളറ്റിനും താരതമ്യം ചെയ്താല്‍ കേരളത്തിന്റെ വിപണിയില്‍ വില കുതിച്ചുകയറിയതിന്റെ ദൃശ്യം വ്യക്തമാകും. അരി, പഞ്ചസാര, പാല്‍, പാചകവാതകം, വെളിച്ചെണ്ണ ഇവ മാത്രമെടുത്താല്‍ ഈ രണ്ടു വര്‍ഷം കൊണ്ട് ഉണ്ടായ ഭീമമായ വര്‍ദ്ധനവ് കൊണ്ട്, ജനജീവിതം ദുഃസഹമായ കഥ മനസ്സിലാക്കാവുന്നതേയുള്ളൂ… നമ്മള്‍ മുമ്പ് പറഞ്ഞ സാമ്പത്തിക അവലോകന രേഖയിലോട്ട് വന്നാല്‍ റവന്യൂകമ്മി 2008-09 ല്‍ 3711.67 കോടിയായിരുന്നത് 2012-13 ല്‍ 9351 കോടിയായി ഉയര്‍ന്നുയെന്നതു വ്യക്തമാകുമ്പോള്‍ കേരളം എത്തിയിരിക്കുന്ന സാമ്പത്തിക തകര്‍ച്ച ഏതാണ്ട് ഊഹിക്കാവുന്നതേ ഉള്ളൂ… മാത്രമല്ല ധനകമ്മി ഈ ഘട്ടത്തില്‍ 6346 കോടിയില്‍ നിന്ന് 15002 കോടിയിലേക്ക് ഉയര്‍ന്നു. ഇതിനിടയില്‍ സംസ്ഥാനത്തിന്റെ കടഭാരം ഉല്‍ക്കണ്ഠപ്പെടുത്തുന്ന തോതിലായിരിക്കുന്നു. 2009- ല്‍ 63270 കോടിയായിരിരുന്നത് ഒരു ലക്ഷത്തിലധികം കോടി ആയി നിയന്ത്രണ രഹിതമായ കടഭാരം കുത്തനെ വര്‍ദ്ധിക്കുകയാണെന്നര്‍ത്ഥം. വായ്പകളുടെ 80 ശതമാനത്തിലേറെ കടങ്ങളുടെയും പലിശകളും തിരിച്ചടവിലേക്കാണ് പോകുന്നത്. കടമെടുത്ത കടത്തിന്റെ പലിശ അടയ്ക്കുന്ന പരിപാടി കേരളത്തെ എവിടെ കൊണ്ടെത്തിയ്ക്കും. കേന്ദ്ര ധനകാര്യ കമ്മീഷന്‍ കേരളത്തില്‍ വന്നപ്പോള്‍ ഭരണകക്ഷി സരിത, ബിജു, സലിംരാജ് കേസുകള്‍ ഒതുക്കി തീര്‍ക്കാന്‍ തിരക്കിലായിരുന്നു അതുകൊണ്ട് മര്യാദയ്ക്ക് ഒരു നിവേദനം പോലും ധനകമ്മീഷന് നല്‍കാന്‍ കേരളത്തിന് കഴിഞ്ഞില്ലയെന്ന് ധനമന്ത്രി വിലപിക്കുമ്പോള്‍ അതിന്റെ തിക്തഫലം കേരളം അനുഭവിക്കാന്‍ ഇരിക്കുന്നതേ ഉള്ളൂ(സാമ്പത്തികമായി).

വിലവര്‍ദ്ധനവുകൊണ്ട് വീര്‍പ്പുമുട്ടുന്ന കേരളം ജീവിതം കൂടുതല്‍ ദുഃസ്സഹമാക്കി എന്നാല്‍ ഈ വര്‍ദ്ധനവിനെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ കുത്തകകളുടെ സാന്നിദ്ധ്യവും, കൈക്കൂലിപ്പണവുമുണ്ട്. വില വര്‍ദ്ധനവുണ്ടാകുമ്പോള്‍ സ്വഭാവികമായ പ്രതിഷേധ സമരങ്ങള്‍ ഉയരും. പ്രതിഷേധങ്ങള്‍ ഇല്ലാതാക്കാനുള്ള ആധുനിക തന്ത്രങ്ങള്‍ കോര്‍പ്പറേറ്റുകള്‍ ആവിഷ്‌കരിക്കും, സമരങ്ങള്‍ അനാവശ്യമാണെന്നും എല്ലാം പരാജയമാണെന്നും ബോധപൂര്‍വ്വം തെറ്റിധരിപ്പിക്കും. വിലവര്‍ദ്ധനവിന് ഇടവേള ഇല്ലാതാവുമ്പോള്‍ അതൊരു സ്വാഭാവിക കാര്യമാണെന്നും നിലയില്‍ ജനങ്ങളുടെ മനോനില പരുവപ്പെടുത്തും ഇതാണ് പുതിയ തന്ത്രം, ഇതിനിടയില്‍ മനസ്സിലാക്കാവുന്ന പച്ചയായ യാഥാര്‍ത്ഥ്യം 2010- ല്‍ ഒരു കിലോ അരിക്ക് 20 രൂപയായിരുന്നത് 2013 ശരാശരി 36രൂപയാണ്. പഞ്ചസാരയുടെ വില 20 രൂപയായിരുന്നത് ഇപ്പോള്‍ 33 രൂപയായി. 2010-ല്‍ ഒരു ലിറ്റര്‍ പാലിന് 20 രൂപയായിരുന്നത് 2013-ല്‍ 33 രൂപയായി(മില്‍മപാലിന്). 2009 ല്‍ പാചകവാതകത്തിന് 279 ആയിരുന്നത് ഇന്ന് 1290 രൂപയാണ്. വെറും അഞ്ചു കൊല്ലം കൊണ്ടുവന്ന മാറ്റമാണ്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നെ തീവെട്ടികൊള്ളയുടെ ഒരു സാക്ഷി പത്രമാണിതെല്ലാം.

നമ്മുക്ക് വീണ്ടും സാമ്പത്തിക രേഖയിലേക്ക് വന്നാല്‍ കൃഷിവിഹിതം 36.99 ശതമാനമായിരുന്നത് ഇപ്പോള്‍ 8.9 ശതമാനമായി കേരളത്തില്‍ മാറി. വ്യവസായ രംഗമോ 15 ശതമാനത്തില്‍ നിന്ന് രണ്ട് വര്‍ഷം കൊണ്ട് 12% ഇടിഞ്ഞു. വിലസൂചികയുടെ അടിസ്ഥാനത്തില്‍ മുമ്പുപറഞ്ഞതുപോലെ ജനജീവിതം ദുഃസ്സഹമായി. ഇങ്ങനെ ഓരോന്നും പരിശോധിക്കുമ്പോള്‍ പ്രത്യാശയുടെ ഒരു കിരണം പോലും രണ്ടുവര്‍ഷത്തെ ഭരണം കൊണ്ട് ഉണ്ടായില്ല. സാമ്പത്തിക തകര്‍ച്ചയുടെ ഈ ചിത്രം ബഡ്ജറ്റ് കഴിയുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമാകും. ജീവിതം മുമ്പോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്ത ബഹുഭൂരിപക്ഷത്തിന് പരസ്യത്തിലെ തട്ടിപ്പുകളല്ല വേണ്ടത്. നിത്യോപയോഗ സാധനങ്ങളുടെ വിലകുറച്ച് ജനജീവിതം ദുരിതപൂര്‍ണ്ണമല്ലാതാക്കണം.

സാമൂഹ്യപാഠം ഇന്‍ഡ്യയില്‍
സബ്‌സിഡി നല്‍കാന്‍ പണമില്ലെന്ന് പറയുന്ന സര്‍ക്കാര്‍, ദരിദ്രരുടെ പിച്ചച്ചട്ടിയില്‍ അല്ലെങ്കില്‍ അവരുടെ സബ്‌സിഡി നിരോധിക്കുകയല്ലാ വേണ്ടത്, മറിച്ച്, സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്. എന്നാല്‍ നടക്കുന്നതോ നാടിന്റെ സമ്പത്തായ കല്‍ക്കരിപ്പാടം വിറ്റ വകയില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് വരേണ്ട 186000 കോടി രൂപാ നഷ്ടമായി. സ്‌പെക്ട്രം കച്ചവടത്തില്‍ സര്‍ക്കാരിന്റെ വരുമാനനഷ്ടം 176000 കോടി രൂപാ എന്നാല്‍ ഇന്‍ഡ്യന്‍ കോര്‍പ്പറേററുകള്‍ക്ക് അനുവദിച്ച നികുതിയിളവ് 5 ലക്ഷത്തി 33 ആയിരം കോടി.


കേരളം വമ്പിച്ച സാമ്പത്തിക തകര്‍ച്ചയില്‍ - ജോസ് കാടാപുറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക